ഉറങ്ങാനായ് കിടന്നപ്പോള്‍ പതിവു പോലെ പൂട്ടിവെച്ച ആ പെട്ടിയില്‍ നിന്നും ഉച്ചത്തിലുള്ള ശബ്‌ദങ്ങള്‍ കേട്ടു തുടങ്ങി. ഏറെ നാളുകളായ് നിദ്രാഭംഗം ഉണ്ടാക്കുന്ന അതെന്താണെന്ന് അറിയാനായ് അതൊന്ന് തുറന്നു നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു .
ആ പെട്ടിക്കുള്ളില്‍ ഞാന്‍ പൊട്ടിച്ച വിവിധ വർണ്ണത്തിലുള്ള വളത്തുണ്ടുകള്‍ ആയിരുന്നു, ഇവയെന്തിനാണ് ഇങ്ങനെ ബഹളം കൂട്ടുന്നതെന്ന് ഞാനോർത്തു.
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് ആ വളപ്പൊട്ടുകളില്‍ പലതിഌം പല ഭാവങ്ങള്‍ , പല ചേഷ്‌ഠകള്‍ . ചില വളത്തുണ്ടുകള്‍ പൊട്ടിക്കരയുകയായിരുന്നു നഷ്‌ടപ്പെട്ട പ്രണയത്തെ ഓർത്തപോലെ , കൂർത്ത വാക്കുകള്‍ തന്‍ ബാണത്താല്‍ പൊട്ടിയവ ആണെന്നു തോന്നുന്നു എന്നെ നോക്കി പുലഭ്യം പറയുന്നുണ്ടായിരുന്നു .
ചില തുണ്ടുകള്‍ ദീർഘ നിശ്വാസമുതിർക്കുന്നു ; അധമനില്‍ നിന്നും മോചനം കിട്ടിയെന്ന പോലെ , ചിലവയാകട്ടെ എന്നെ നോക്കി പരിഹാസ ശരമുതിർക്കുന്നതുമുണ്ട് എന്റെ ബലഹീനതകള്‍ ചൂഷണം ചെയ്‌തെന്ന മട്ടില്‍.
നഷ്‌ടപ്പെട്ട തന്റെ പാതി ഉടലിനായ് കേഴുന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു; പ്രതീക്ഷ ഇപ്പോഴും അവർ ഉപേക്ഷിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി , ചിലരുടെ കണ്ണില്‍ തീക്ഷണമായ കാമമെരിയുന്നുണ്ടായിരുന്നു എന്റെ കഴിവാണോ കഴിവുകേടാണോ ആ കണ്ണുകളില്‍ കാണുന്നതെന്ന് ഞാന്‍ സംശയിച്ചു
ചിലതെന്നെ നോക്കി നഷ്‌ടപ്പെട്ട സ്‌മിതം പൊഴിക്കുവാന്‍ പാഴ്‌ശ്രമം നടത്തുന്നുണ്ട് , എന്നെ കണ്ടില്ലെന്ന് നടിക്കുന്നവരും ആ കൂട്ടത്തിലുണ്ട്
പൊട്ടിയ ആ വളകളൊന്നും ചേർത്തു വയ്‌ക്കാന്‍ ആവില്ലെന്ന് അറിഞ്ഞ ഞാന്‍ ഇരുളിന്‍ ഗർത്തങ്ങളിലേക്ക് അവ വലിച്ചെറിഞ്ഞ് നിദ്രയിലേക്ക് വഴുതാന്‍ തുനിഞ്ഞു..........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക