Slider

സ്നേഹസമ്മാനം

0
"ഇന്നെനിക്ക് ഒരു സ്നേഹസമ്മാനം കിട്ടി.... ഹൃദയത്തിലേക്ക് ചേർത്തുവെക്കാനൊരു സമ്മാനം.......
പതിവുപോലെ മോനെ സ്കൂളിൽ വിട്ട് വരുന്നവഴി സ്ഥിരമായി പച്ചക്കറി വാങ്ങാറുള്ള കടക്കുമുന്നിൽ വണ്ടിനിർത്തി ഇറങ്ങുമ്പോൾ പെട്ടെന്നെന്റെ ഇടതുഭാഗത്തു നിന്ന് അവ്യക്തമായൊരു ശബ്ദം കേട്ടു, തലയുയർത്തി നോക്കിയ ഞാൻ പേടിച്ചു പോയി..... മംഗോളിസം ബാധിച്ചവരുടേതു പോലുള്ള മുഖവുമായി എന്റെ തൊട്ടടുത്ത് ഒരാൾ.... അയാളെന്നോട് ചോദിക്കുകയാണ്,, ഒരു പത്തുരൂപ തരുമോയെന്ന്..... സ്ഥിരമായി അതുവഴി പോകാറുള്ള ഞാൻ ഈ ഒരു മുഖം ഇതുവരെയും അവിടെ കണ്ടിട്ടില്ലായിരുന്നു.... പൈസ കൊടുക്കാൻ എനിക്ക് ഭയമായി.... അയാൾ ഒരുപക്ഷെ അക്രമകാരിയാണെങ്കിലോ ????പൈസ എടുക്കുന്നേനിടയിൽ എന്റെ പേഴ്സ് തട്ടിപ്പറിച്ചു ഓടിയാലോ ???എന്നൊക്കെയുള്ള വിചാരങ്ങൾ മനസ്സിലൂടെ കടന്നുപോയി.. പേടികൊണ്ടുതന്നെ ഞാൻ പെട്ടെന്ന് ആ കടയിലേക്ക് ഓടിക്കയറി.... പക്ഷെ അപ്പഴും ഞാൻ ഓർക്കുകയായിരുന്നു,, ഈ മുഖം എവിടെയോ കണ്ടുമറന്നപോലുണ്ടല്ലോ എന്ന്.... 
കടയിലെ ചേട്ടൻ എനിക്കടുത്തറിയാവുന്ന ഒരാളാണ്.. എന്റെ പരിഭ്രമം കണ്ടപ്പോൾ ആ ചേട്ടനെന്നോടു ചോദിച്ചു, എന്താ അവൻ പറഞ്ഞതെന്ന്..... ഞാൻ പറഞ്ഞു, എന്നോട് പൈസ ചോദിച്ചതാ ചേട്ടാ.... കൊടുത്താൽ കുഴപ്പമാകുമോ എന്ന് ഭയന്ന് ഞാൻ കൊടുത്തില്ലെന്നും പറഞ്ഞു.... അപ്പൊ ആ ചേട്ടൻ പറഞ്ഞു അവൻ കുഴപ്പക്കാരനല്ലാ.... ആ പത്തുരൂപ മാത്രേ അവന് വേണ്ടു... വേറൊന്നും അതിനറിയില്ല,,, ചായകുടിക്കാനാണ് ആ പൈസയെന്ന്.... അതുകേട്ടപ്പോൾ ഞാൻ വേഗം അയാളെ അടുത്തേക്ക് വിളിച്ചു, ആ കയ്യിലേക്ക് പത്തുരൂപ വെച്ചുകൊടുത്തു..... സന്തോഷം കൊണ്ട് ആ മുഖമൊന്നു കാണേണ്ടതായിരുന്നു അപ്പോൾ.... വികൃതമായ പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട് വല്ലാത്തൊരു ചിരി സമ്മാനിച്ചു എനിക്ക്..... കയ്യിലിരുന്ന പേഴ്സിലേക്ക് ആ പത്തുരൂപ വച്ചിട്ട് അയാൾ എന്റെ നേർക്ക് കൈനീട്ടി.... അതുഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു..... . എങ്കിലും സ്വയമറിയാതെ എന്റെ വലതുകൈ അയാൾക്ക്‌ നേരെ നീണ്ടു.... ഒരു ഷേക്ക് ഹാൻഡ് അത്രേ ഞാൻ കരുതിയുള്ളൂ.... പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് അയാളെന്റെ കൈപ്പത്തിയിൽ ഉമ്മവെച്ചു....... ഹൃദയത്തിൽ നിന്നുള്ള സ്നേഹസമ്മാനം...... അതെന്റെ ഹൃദയത്തിലേക്ക് തന്നെയാണ് പതിഞ്ഞത്.... എന്തിനെന്നറിയാതെ എന്റെ മിഴികൾ നിറഞ്ഞുതുളുമ്പി...... 
അയാളെന്നെ വിട്ട് മുന്നിൽ കണ്ട ചായക്കടയിലേക്കോടി കയറുന്ന കണ്ടാണ് ഞാൻ തിരിച്ചു പോരുന്നത്.... അപ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു..... ഭൂമിയിലെ നിഷ്കളങ്കരായ ഇത്തരം ജന്മങ്ങളെ പറ്റി...... ജീവിതത്തിലാദ്യമായി കണ്ട എന്നെ ഒരു നിമിഷം കൊണ്ടാണയാൾ സ്നേഹം കൊണ്ട് തോൽപിച്ചുകളഞ്ഞത്..... വികാരങ്ങളേതുമില്ലാതെ എന്നെ സ്പർശിച്ച ആ ചുണ്ടുകളിലാണ് ഈശ്വരസാന്നിധ്യം ഞാൻ കണ്ടറിഞ്ഞത്.... കൊടുത്ത പൈസയുടെ മൂല്യമെല്ല.... അയാളത് സ്വീകരിച്ച രീതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്..... വികൃതമായ രൂപമെന്നത് കൊണ്ടുമാത്രം നമ്മൾ അകറ്റി നിർത്തുന്ന ഇത്തരം ആളുകളുടെ മുന്നിൽ നമ്മുടെ സൗന്ദര്യത്തിനെന്തു പ്രസക്തി ????
ഒന്നുകൂടി ഞാൻ പറയെട്ടെ..... ഞാനീ പറഞ്ഞവ്യക്തി നമ്മളിൽ ചിലർക്കെങ്കിലും പരിചിതനാണ്.... മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞ ഒരാൾ.... ഏതോ ആശ്രയഭവനിലെ പൊതുപരിപാടിക്കിടെ നമ്മുടെയൊരു പൊതുപ്രവർത്തകൻ തിരിച്ചറിഞ്ഞു സ്വന്തംവീട്ടിലേക്കു തിരിച്ചെത്തിക്കുകയായിരുന്നു അദ്ദേഹത്തെ.... അതുകൊണ്ടാണ് ആ മുഖമെനിക്ക് പരിചയം തോന്നിയത്... ഒന്നോർക്കുമ്പോൾ സങ്കടമുണ്ട്, ഇവരിലെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന സാമൂഹികവിരുദ്ധരിലേക്കു ഇവരെത്തിപ്പെട്ടാൽ.... ഇത്തരക്കാർ ഉപദ്രവകാരികളാകും..... കഞ്ചാവും മയക്കുമരുന്നും മദ്യവുമൊക്കെ ഏതെങ്കിലും പേപിടിച്ച മനസുള്ളൊരാൾ ഇവർക്ക് നൽകിയാൽ ഇവര് പിന്നെ സ്വന്തംവീടിനു പോലും വേണ്ടാത്തവരാകും.... അതുണ്ടാകരുത് ... ബുദ്ധിയുറച്ചിട്ടില്ലാത്ത ഇവർ കുട്ടികളുടെ മനസ്സുമായിത്തന്നെ ഈ ലോകത്തു ജീവിക്കട്ടെ.... സ്നേഹിക്കാൻ മാത്രമറിയുന്നവരായി......

By: Gowry kalyani
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo