Slider

കർമ്മബന്ധം

0
വീട്ടുകാരുടെ എതിർപ്പുകളോടെയുള്ള പ്രണയവിവാഹം കഴിഞ്ഞു ഏതാനും ദിവസ്സങ്ങൾക്കു ശേഷം പ്രിയതമന്റെ കൂടെ ആദ്യമായ് പോയത് അദ്ദേഹത്തിന്റെ അമ്മവീട്ടിലേക്കായിരുന്നു. ഒരു ബന്ധുവിന്റെ വിവാഹത്തലേന്നായതു കൊണ്ട് വീടുനിറയെ ആളുകളുണ്ടായിരുന്നു. ആലോചിച്ചുറപ്പിച്ച വിവാഹമില്ലാത്തതു കൊണ്ട് ബന്ധുക്കളാരെയും എനിക്ക് പരിചയമില്ലായിരുന്നു. ആ വീട്ടിൽ അമ്മൂമ്മ മാത്രേ ഉണ്ടാവൂ എന്നാണ് അദ്ദേഹത്തിൽ നിന്നും പലപ്പോഴായി ഞാൻ മനസ്സിലാക്കിയിരുന്നത്. അവിടെ ചെന്നപ്പോൾ ബന്ധുക്കളെ ഓരോരുത്തരെയായി അദ്ദേഹം പരിചയപ്പെടുത്തി തന്നു. എല്ലാവരെയും പരിചയപെട്ടിട്ടും പ്രതീക്ഷിച്ച ആളെ മാത്രം ഞാൻ കണ്ടില്ല. പുതിയ ആളുകളായതു കൊണ്ട് ചോദിക്കാനും എനിക്ക് മടിതോന്നി. എന്റെ മനസ്സറിഞ്ഞിട്ടെന്നോണം അദ്ദേഹം തന്നെ ചോദിച്ചു..... "അല്ല.... അമ്മൂമ്മ എവിടെ" എന്ന്. അപ്പോഴാണ് എല്ലാവരും ആ കാര്യം ശ്രദ്ധിച്ചത്... നോക്കുമ്പോഴുണ്ട് മൺചുമരുകളുള്ള ആ ചെറിയ വീട്ടിലെ ഒരു മുറിയിൽ പോയിരുന്നു കരയുന്നു പാവം.... എന്തുകൊണ്ടോ എനിക്കതു കണ്ടപ്പോൾ അങ്ങോട്ടു പോയി അമ്മൂമ്മക്കടുത്തു നിൽക്കണം എന്ന് തോന്നി... അതുവരെ തേങ്ങിക്കൊണ്ടു നിൽക്കുകയായിരുന്ന അമ്മൂമ്മ എന്നെ കണ്ടപ്പോൾ മുഖമുയർത്തി നോക്കി, അതോടൊപ്പം കൈകുമ്പിളിൽ എന്റെ മുഖം കോരിയെടുക്കുകയും ചെയ്തു. എനിക്കെന്തോ വല്ലാത്തൊരിഷ്ടം തോന്നി. നല്ല വെളുത്ത സുന്ദരമായ മുഖം.... പല്ലില്ലാത്ത മോണകൾ കാട്ടി എന്നെ നോക്കി ചിരിക്കുന്നു.... രാത്രിയായതു കൊണ്ട് പരിചയപ്പെടൽ പെട്ടെന്ന് തീർത്തു ഞങ്ങൾ തിരിച്ചു പോന്നു. 
പിന്നീട് ഞാൻ അമ്മൂമ്മയെ കാണുന്നത് ഭർതൃവീട്ടിൽ വെച്ചാണ്... ഒരു ദിവസ്സം സന്ധ്യക്ക്‌ വീട്ടിലേക്ക് വന്നുകയറിയ അവർക്കു എൺപതു വയസ്സുണ്ടെന്നു വിശ്വസിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അത്രേം വയസ്സിലും ഒറ്റയ്ക്ക് പതിനഞ്ചു കിലോമീറ്ററോളം ദൂരം ബസ്സിൽ യാത്രചെയ്തു വന്നിട്ടും ഒരല്പം പോലും ക്ഷീണം ഉണ്ടായിരുന്നില്ല ആ മുഖത്ത്... 
പുളിയിലക്കര കസവുമുണ്ടും നെറ്റിയിലൊരു ഭസ്മകുറിയുമായി പതക്കവുമിട്ടു നിറഞ്ഞ ചിരിയോടെ എന്റെ മുന്നിൽ നിന്ന ആ രൂപം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. അന്ന് തൊട്ടേ എന്നോട് പ്രത്യേകിച്ചൊരു സ്നേഹം കാണിച്ചിരുന്നു അമ്മൂമ്മ... എന്താണ് അതിനുകാരണമെന്നു എനിക്കറിയില്ല . ഒരുപക്ഷെ ഒരേയൊരു കൊച്ചുമകൻ സ്നേഹിച്ചു സ്വന്തമാക്കിയ പെണ്ണായതു കൊണ്ടാവാം.... അദ്ദേഹത്തോടുള്ള സ്നേഹം എന്നിലേക്കും ഒഴുകിയെത്തിയത്... ഇന്നും ആ സ്നേഹം അതുപോലെ നിലനിൽക്കുന്നു. 
എന്നാൽ ഇന്ന് ഞാൻകണ്ട അമ്മൂമ്മയുടെ രൂപം എന്നെ ഒരുപാടു നൊമ്പരപ്പെടുത്തി... 96വയസ്സുള്ള ആ അമ്മൂമ്മ ഒരു കൊച്ചുകുഞ്ഞിനെ പോലെ നൂൽബന്ധമില്ലാതെ വാട്ടർബെഡിൽ കിടക്കുന്നു. ശോഷിച്ച ശരീരം.... വെളുത്തു വെഞ്ചാമരം പോലുള്ള മുടി പറ്റെ വെട്ടിയിരിക്കുന്നു.... കുഴിഞ്ഞ കണ്ണുകളിൽ പീള കെട്ടിയിരിക്കുന്നു... കഞ്ഞിമുക്കി ബലപ്പെടുത്തിയ സെറ്റുമുണ്ടിനുള്ളിൽ വെളുത്ത ഒറ്റമുണ്ടുകൊണ്ടു തെറ്റുടുക്കാറുണ്ടായിരുന്ന അമ്മൂമ്മ, ഇന്ന് നാണം മറക്കാൻ സ്വാധീനമില്ലാത്ത തന്റെ ഇടതു കരതലം കൊണ്ട് വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു എപ്പോഴും... അമ്മൂമ്മേ എന്ന എന്റെ വിളി കേട്ടപ്പോൾ അബോധാവസ്ഥയിലും ആ മുഖത്തൊരു ചിരി വിടർന്നു. വിരലുകൾ കൊണ്ട് എന്റെ കൈത്തലം മുറുക്കെ പിടിച്ചു.... വല്ലാത്തൊരു നോട്ടം എന്നെ നോക്കി. എന്റെ അമ്മായിഅമ്മ (അമ്മൂമ്മയുടെ ഒരേയൊരു മകൾ )അമ്മൂമ്മയെ തുടക്കാനുള്ള വെള്ളവുമായി വന്നപ്പോൾ സഹായിക്കാനായി ഞാനും കൂടി. വാട്ടർ ബെഡിൽ ചെരിച്ചു കിടത്തിയപ്പോൾ നടുഭാഗത്തുണ്ടായ ശയ്യാവ്രണം ഞാൻ കണ്ടു. അസഹ്യമായ വേദനയാൽ പുളയുന്നുണ്ടായിരുന്നു അമ്മൂമ്മ... കണ്ടുനിന്ന എനിക്കും സഹിക്കാനായില്ല... ആ ഒരല്പനേരം കൊണ്ട് ആദ്യമായ് അമ്മൂമ്മയെ കണ്ടതുമുതൽ അതുവരെയുള്ള ഓരോ കാര്യവും ഒരു സിനിമയിലെന്നപോലെ എന്റെ മനസ്സിലൂടെ കടന്നുപോയി.... തികട്ടിവന്ന സങ്കടം അടക്കാനാവാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുടുകണ്ണീർക്കങ്ങൾ അമ്മൂമ്മയുടെ മുഖത്തേക്ക് വീണത് അമ്മൂമ്മ അറിഞ്ഞെന്നു തോനുന്നു.... ഞാൻ നോക്കുമ്പോൾ എനിക്കൊപ്പം ആ കണ്ണുകളും നിറഞ്ഞിരിക്കുന്നു.... വൃത്തിയാക്കിയതിനു ശേഷം മുറിവിൽ മരുന്ന് പുരട്ടാൻ എന്റെ അമ്മായിഅമ്മ പറഞ്ഞു. ഞാൻ പെട്ടെന്ന് അത് വാങ്ങി വലതുകൈയുടെ ചൂണ്ടുവിരലുകൾ കൊണ്ട് മരുന്നെടുത്തു അഴുകിത്തുടങ്ങിയ ആ വ്രണത്തിൽ പുരട്ടി.... എനിക്കന്നേരം അറപ്പും വെറുപ്പുമൊന്നും തോന്നിയില്ല, അഴുകിയ മനുഷ്യ ശരീരത്തിന്റെ നാറ്റവും ഓർത്തില്ല...... വേദനിച്ചുപുളയുന്ന ആ മുഖവും നിറമിഴികളും മാത്രമായിരുന്നു മനസ്സിൽ... 
ഇനിയെത്രനാൾ ആ മുഖം കാണാനാവുമെന്നു എനിക്കറിയില്ല... ജന്മം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഒരാൾക്ക് മറ്റൊരാളിൽ സ്ഥാനമുണ്ടാകേണ്ടത്.... അതിനു ഭാഗ്യം ചെയ്യണം.... എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു... ഇല്ലെങ്കിൽ എന്റെ മനസ്സിനോട് അമ്മൂമ്മയുടെ മനസ്സ് പ്രതികരിക്കില്ലായിരുന്നു... എന്റെ സങ്കടം ആ വൃദ്ധമനസ്സു അറിയില്ലായിരുന്നു... 
ആരോഗ്യമുള്ളപ്പോൾ സുഖസൗകര്യങ്ങൾക്കു വേണ്ടി നാമെന്തൊക്കെ ചെയ്യുന്നു.... ഓർക്കണം എല്ലാവരും,,,,, ഇതുപോലൊരവസ്ഥയിൽ കൂടി നമ്മളെല്ലാവരും കടന്നു പോകേണ്ടവരാണെന്നു..... "വേദനിക്കുന്നു എന്ന് പറയാനാകാതെ..... വിശക്കുന്നു എന്ന് പറയാനാകാതെ.... എന്റെ നാണം മറക്കാൻ ഒരുകഷ്ണം തുണി തരൂ എന്ന് പറയാനാകാതെ...... എല്ലാം ഉള്ളിലൊതുക്കി മരണവും കാത്തുകിടക്കുന്ന ഒരവസ്ഥ...... അത് നമ്മളോരോരുത്തരും പ്രതീക്ഷിക്കേണ്ടത് തന്നെ.... 
. എന്റെ കയ്യിലിപ്പോഴും അമ്മൂമ്മയുടെ ശയ്യാവ്രണത്തിന്റെ മണമുണ്ട്.... അതെന്നിൽ അറപ്പുളവാക്കുന്നില്ല... കാരണം അമ്മൂമ്മയെ ഞാനത്രയേറെ ഇഷ്ടപ്പെട്ടിരുന്നു.... ഇപ്പോഴും ആ സ്നേഹം നിലനിൽക്കുന്നു... പിന്നെ എനിക്കെങ്ങനെ അറപ്പോടും വെറുപ്പോടും കൂടി മാറിനിൽക്കാനാവും.... 
ഗൗരികല്യാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo