നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു യാത്ര


ആദ്യമായി വിമാനത്തിൽ കയറിയതാ.പടച്ചോനെ മിന്നിച്ചേക്കണേ..
കേറീട്ടു നോക്കുമ്പോ വേറെ വാതിലൊന്നും കാണുന്നില്ല..ആകെയൊരു പരവേശം..കെട്ട്യോന്റെ കൈയിൽ മുറുക്കെ പിടിച്ചു..സഹായത്തിന് ആരേലുമുണ്ടോ ?
ചുറ്റും നോക്കി.എല്ലാം നല്ല ആത്മവിശ്വാസമുള്ള മുഖങ്ങൾ.ചെക്കനെ നോക്കി..
പത്തു വയസ്സല്ലേയുള്ളു.ഇത്തിരി പേടിയില്ലാതിരിക്കില്ല..
എവിടെ ? നിലാവുദിച്ചതു പോലെ മുഖം..
ഒടുക്കത്തെ ഹാപ്പി..എന്റെ മുത്തപ്പാ കാത്തോണേ..എന്നെ മാത്രം..
വിമാനം ഉയർന്നു തുടങ്ങി അടിവയറ്റിൽ ആരോ
തീ വച്ച പോലെ..ദൈവമേ....വരണ്ടാർന്നു...
കെട്ട്യോനെ തോണ്ടി..അച്ഛനും മോനും
മേഘങ്ങളെ എണ്ണുന്നു..പതുക്കെ ചോയ്ച്ചു..
"വാതിലൊന്നും ഇല്ലാലോ വേറെ.. ഇടക്ക് വല്ല തകരാറും സംഭവിച്ചാൽ എങ്ങനെയാ ഇറങ്ങുക ആൾക്കാരുടെ തിരക്കിൽ ?"
കെട്ടിയോൻ ദയനീയമായി ഒന്നു നോക്കി..
"ഇത് നാഷണൽ ഹൈവെ അല്ല ആകാശമാണ്.
വല്ലതും പറ്റിയാൽ എവിടേം ഇറങ്ങേണ്ട..ഇതിൽ തന്നെ തീർന്നോളും"..ദൈവമേ ശരിയാണല്ലോ..
കുട്ടിക്ക് ആകപ്പാടെ ഒരു ക്ഷീണം..ഏതു നേരത്താണോ താജ്മഹൽ കാണാൻ തോന്നിയതു?..
ചെവി വേദനിക്കുന്നപോലെ..ശരിയാണല്ലോ ശരിക്കും കുട്ടിക്ക് ചെവി വേദനിക്കുന്നുണ്ട്..
ഇതിപ്പോ എല്ലാർക്കും ഉണ്ടോ ആവോ ?ആരുടേയും മുഖത്തു വേദനയുടെ ലക്ഷണമില്ല
കെട്യോനോട് ഇതും കൂടെ എങ്ങനെ ചോയ്ക്കും ?ഇറങ്ങുമ്പോളെ പറഞ്ഞതാ ട്രെയിനിൽ കയറിയ പോലെ ആക്കല്ലേ എന്നു..പട്ടിക്കാട്ടു പെൺകുട്ടിയെ കല്യാണം കഴിച്ചു ആദ്യമായി ട്രെയിനിൽ കയറ്റാൻ കൊണ്ടുപോയ ദയനീയമായ ഒരു ഫ്ലാഷ്ബാക്കാണ് അത്.
സ്ഥലം എത്തി ഇറങ്ങാൻ വേണ്ടി കെട്ട്യോൻ കൈ പിടിച്ചപ്പോ പാവം കുട്ടി പറഞ്ഞു..
"അയ്യോ..ഇറങ്ങല്ലേ ഏട്ടാ ബെല്ലടിച്ചില്ലലോ"
പാവം കുട്ടി അവൾക്കറീല്ലാലോ ബസ് പോലല്ല ട്രെയിൻ എന്നു..അതിന്റെ ക്ഷീണം കുട്ടിക്കൊരു കുട്ടി ആയിട്ടും തീർന്നില്ല..അതോർത്തപ്പോ ചെവി വേദന തന്നെ ഭേദം ..സഹിച്ചേക്കാം ഏതായാലും പ്രസവ വേദനയേക്കാൾ വലുതല്ലലോ ഈ ചെവിവേദന..
ചെറിയ കുട്ടിയോട് ചോയ്ക്കാൻ അവസാനമായി ഒന്നു തോണ്ടി..ചെക്കന്റെ ഇരിപ്പു കണ്ടാൽ അച്ഛൻ സ്വന്തമായി വിമാനം വാങ്ങിയ പോലുണ്ട് ..ഉടനെ കിട്ടി മറുപടി...
"'അമ്മ മര്യാദക്കിരുന്നോ.എന്നെ ഡിസ്റ്റർബ് ചെയ്‌താൽ അച്ഛനോട് പറയും."ഹൌ..
നിന്നെ ഞാൻ പെറ്റതു തന്നെയോ? നീ ഭൂമിയിലേക്ക് ഇറങ്ങിവാടാ എപ്പോളും അച്ഛൻ
കാവലിരിക്കില്ലലോ ശരിയാക്കിത്തരാ..
തനിയെ സഹിച്ചു..ഏതായാലും പതുക്കെ കുറഞ്ഞു വന്നു വേദന..സമാധാനം..
ആദ്യത്തെ യാത്ര അജ്മീറിലേക്കായിരുന്നു
മുസ്ലിംരീതികൾ ഒന്നും അറിയില്ല ആകെ
അറിയാവുന്നത് ഷാൾ തലയിൽ ഇടണം
എന്നത് മാത്രം..അത് ഭംഗിയായി ഇട്ടു
ഒരുപാടൊരുപാട് ജനങ്ങൾ..ആ ഒഴുക്കിൽ
ഈ കൊച്ചു കുടുംബവും ഒഴുകി ഒരുപാട്
റോസാപ്പൂക്കൾ നിറച്ച തളിക കൈകളിൽ
പിടിച്ചു ഞങ്ങളും വരിനിന്നു..ഉള്ളിൽ ചെന്നു
അന്തംവിട്ടുള്ള നിൽപ്പു കണ്ടപ്പോൾ അവർക്കു
കാര്യം മനസിലായിട്ടുണ്ടാവാം പച്ചകുപ്പായവും
വലിയ താടിയും ഉള്ള ഒരാൾ വന്നു എല്ലാ
സഹായവും ചെയ്തുതന്നു..ജാതിയോ
മതമോ ഒന്നുമില്ലാതെ ദൈവത്തിന്റെ
മുന്നിൽ എല്ലാവരും ഒന്നായിവണങ്ങുന്നത്
കാണാൻതന്നെ എന്തൊരു സന്തോഷമാണ്..
ഇനിയാണ് താജ്മഹലിലേക്കു
ബുദ്ധിയുറച്ച കാലം മുതൽ സോഷ്യൽ ടീച്ചർ പീഡിപ്പിച്ചു പഠിപ്പിച്ച താജ്മഹൽ ഇതാ കണ്മുന്നിൽ..എന്താപ്പാ അതിന്റൊരു എടുപ്പ്
ഗൈഡ് എന്തൊക്കെയോ പറയുന്നു..ഹിന്ദി ആയതു കൊണ്ട് ശ്രദ്ധിക്കേണ്ട ആവശ്യമില്ല..
അതുകൊണ്ടു വലിയകുട്ടി മേലേക്ക് നോക്കി അന്തം വിട്ടു നിൽപ്പാണ്..ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരത്തിന്റെ മാതൃകകൾ കാട്ടിത്തരികയാണ് ഗൈഡ് .ഒറിജിനൽ വർഷത്തിൽ ഒരിക്കലേ കാണിക്കു പോലും.
ഡ്യുപ്ളികേറ്റ് ഇഷ്ടല്ലാത്തതിനാൽ കുട്ടി വീണ്ടും
മേലോട്ടു നോക്കി.അപ്പോ കെട്ടിയോൻ ചോയ്ച്ചു
"അവിടെന്താ കുറേനേരയല്ലോ നോക്കുന്നു ?"
സോഷ്യൽ ടീച്ചറെ മനസ്സിൽ ധ്യാനിച്ചങ്ങു തുടങ്ങി
"താജ്മഹൽ നിർമിച്ച ഈസയെ ഷാജഹാൻ
കൈ വെട്ടും എന്നു ഉറപ്പായപ്പോ ഈസ ..കുറച്ചു
മോടി പിടിപ്പിക്കൽ ബാക്കിയുണ്ടെന്ന് പറഞ്ഞു
ഇതിന്റെ മേൽക്കൂരയിൽ കയറി എവിടെയോ
ഒരു ഓട്ട വച്ചത്രേ..അത് നോക്കിയതാ."
"ഇവിടുന്നു നോക്കിയാൽ കാണുമോ ?"
"ചിലപ്പോ കണ്ടാലോ നല്ല വെയിലല്ലേ ?"
താജ്മഹലിന് രാവിലെ പിങ്കും വൈകുന്നേരം
പാൽവെള്ളയും നിറമാണത്രെ..പെണ്ണിന്റെ
മൂഡ് മാറുന്നതിനെ പറ്റിയാണത്രെ അതുകൊണ്ടു
ഉദേശിച്ചത്‌..അതെനിക്കിഷ്ടായി..
ഗൈഡ് ഷാജഹാന്റെ കഷ്ടപ്പാടുകളും ത്യാഗവും വിവരിക്കുകയാണ് കെട്ട്യോന്റെ തർജ്ജിമ കേട്ടാൽ അങ്ങേരാണ് ഉണ്ടാക്കിയതെന്നു തോന്നും.പാവം അടിമകളും ഈസയും
ആനകളും അവർക്കു ചോയ്ക്കാനും
പറയാനും ആരുമില്ലലോ..
ഏതായാലും ഔറങ്ങസീബ് മകൻ അങ്ങേരെ തടവിലാക്കിയത് നന്നായി..അല്ലേൽ ഒരു ബ്ളാക്മഹൽ കൂടി നിർമ്മിക്കാൻ പ്ളാൻ
ഉണ്ടായിരുന്നത്രെ. മറ്റൊരു ഈസ രക്ഷപ്പെട്ടു.
അയാളുടെ ഭാഗ്യം..ഇതൊക്കെ ചെയ്തിട്ടും
മുംതാസിന്റെ മരണശേഷം അങ്ങേരു അവരുടെ അനിയത്തിയെ കെട്ടി എന്നൊരു അപവാദവും കേട്ടിട്ടുണ്ട് .ഉള്ളതാണോ ആവോ ?
ഷാജഹാൻ തടവിൽ കിടന്ന സ്ഥലം കണ്ടപ്പോൾ പാവം തോന്നി.. കുറെ ഭാര്യമാർ ഉണ്ടായിട്ടും അവസാനകാലത്തു വെള്ളം കൊടുക്കാൻ ആരേലും ഉണ്ടായിരുന്നോ ആവോ ?
കുറെ ഫോട്ടോസൊക്കെയെടുത്തു കുട്ടിയും
കുട്ടിയുടെ കുട്ടിയും അവന്റെ അച്ഛനും
അവിടുന്നു അടുത്ത സ്ഥലത്തേക്കു നീങ്ങി
ജയ്‌പൂരിലെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു പിങ്ക് സിറ്റിയുടെ സൗന്ദര്യം ആസ്വദിച്ചു..
റെഡ്ഫോർട്ടും ഉണ്ടാക്കിയത് ഈസ തന്നെയാണ്
പക്ഷെ താജ്മഹലിന്റെ അത്ര പോര കേട്ടോ..
വേറെയും ഒരുപാടു കാഴ്ചകൾ
ഡൽഹിയിൽ കണ്ടു ഇന്ത്യാഗേറ്റ്
കുത്തബ്മിനാർ,ജന്ദർ മന്ദിർ,പാർലമെന്റ്
മന്ദിരം..കൂടുതൽ മനോഹരം ലോട്ടസ്
ടെമ്പിൾ തന്നെ..നല്ലൊരു അന്തരീക്ഷം..
രാജ്ഘട്ടിൽ നിറയെ ആളുകൾ വരിവരി ആയി
കയറിപോകുന്നു..അത്രയും ആളുകൾ ഉണ്ടെങ്കിലും വല്ലാത്തൊരു മൂകത ആണ് അവിടെ
ആ സമാധിക് മുന്നിൽ പ്രകൃതി പോലും നിശബ്ദം
പഠിപ്പിച്ച ടീച്ചറോടുള്ള ഇഷ്ടം കൊണ്ടാണോ അറീല്ല കുട്ടിക്ക് പണ്ടേ ഗാന്ധിജിയെ വല്യ ഇഷ്ടാണ്..സമാധിക്കു മുന്നിൽ തൊഴുതു പിടിച്ചു
കരച്ചിലടക്കാൻ പാടുപെടുന്ന കുട്ടിയെ നോക്കി ചെറിയ കുട്ടി ഉച്ചത്തിൽ പറഞ്ഞു...
"അച്ഛാ..'അമ്മ കരയുന്നു.."
മാനം പോയ വിഷമത്തിൽ കെട്ട്യോൻ വന്നു
ചെവിയിൽ പറഞ്ഞു..
"ഡീ..അങ്ങേരു ചത്തിട്ടു കാലം കുറെ ആയി .
ഇതിന്റെ പാതി സങ്കടം ഞാൻ ചത്താൽ കാണിച്ചാൽ മതി നീ "..
ദേശസ്നേഹമില്ലാത്ത ഇങ്ങേരോടു എന്ത് പറയാൻ എന്നു ആലോചിച്ചു ദുഃഖം
കടിച്ചമർത്തി ഒഴുകിവന്ന മൂക്കൊന്ന് ചീറ്റി.
കർച്ചീഫില്ലാത്തോണ്ട് ഷാളിൽ തുടക്കാൻ
ശ്രമിച്ചതാണ് അപ്പോളേക്കും കെട്ട്യോൻ
കൈ പിടിച്ചു കഴിഞ്ഞു.."ഛീ"..എന്നൊരു
ശബ്ദം കേട്ട്...പിന്നെ ഇന്നുവരെ
അവളുടെ കൈ ദുഖിച്ചിരിക്കുമ്പോൾ
കെട്ട്യോൻ പിടിച്ചിട്ടില്ല .
മൂന്നാം ദിവസം കുട്ടിയും കുട്ടിയുടെ കുട്ടിയും അവന്റെയച്ഛനും വീണ്ടും വിമാനം കയറി നാട്ടിലേക്ക് ..ഈ തവണ കെട്ട്യോൻ... നിറയെ പഞ്ഞി വാങ്ങി വലിയകുട്ടിയുടെ ചെവിയിൽ കുത്തി നിറച്ചു കൊടുത്തു..ചെവി അടഞ്ഞു പോയിട്ടാണോന്നറീല്ല വല്യ വേദന
ഇല്ലായിരുന്നു ചെവിയുടെ ഉള്ളിൽ..
എങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു.."എന്തുകൊണ്ട ഏട്ടാ വിമാനം ഉയരുമ്പോൾ ചെവി വേദനിച്ചതു ?അതും എനിക്കു മാത്രം ?" പതിവ് പോലെ ശാന്തമായി
ഉത്തരം പറഞ്ഞു കെട്ട്യോൻ..
"അതുണ്ടല്ലോ.. എല്ലാ മനുഷ്യരുടെയും തലയിൽ തലച്ചോർ അവരുടെ കൈമുഷ്ടി വലിപ്പത്തിൽ
ഉണ്ടാവുമത്രെ..അതിലും കുറച്ചു ഉള്ളവരുടെ
തലയിൽ കുറെ കാലിസ്ഥലം ഉണ്ടാവും..
വിമാനം ഉയരുമ്പോൾ ഉണ്ടാവുന്ന സമ്മർദ്ദത്തിൽ
കാറ്റു കയറും എല്ലാവരുടെയും ചെവിയിൽ..
തലച്ചോറ് കുറവുള്ളവരുടെ ചെവിയിലൂടെ കുറെ
കാറ്റു കയറുമല്ലോ സ്വാഭാവികമായും..
നിനക്ക് ബുദ്ധി കുറവായതു കൊണ്ട് തലച്ചോറും കുറവായിരിക്കും..അപ്പൊ കാറ്റു അവിടെത്തന്നെ
നില്കും അതാ നിനക്ക് മാത്രം വേദന വന്നത്.."
അതിനുള്ള മറുപടി അറിയാഞ്ഞിട്ടല്ല..എങ്കിലും
ക്ഷമിച്ചു..കാരണം സന്തുഷ്ടമായ കുടുംബ ജീവിതത്തിന് ക്ഷമ അത്യാവശ്യമായ ഒരു ഘടകം ആണെന്ന് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞത് കണ്ടിട്ടുണ്ട്..വല്യ വല്യ ആൾകാർ പറയുമ്പോ അതിൽ എന്തേലും
കാര്യമുണ്ടാവുമല്ലോ..അല്ലെ ?
Vineetha Anil

1 comment:

  1. അടിപൊളി എഴുത്ത് ഇഷ്ടപ്പെട്ടു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot