Slider

അമ്മ (ചെറുകഥ)

4


ഇരുട്ട് കട്ട പിടിച്ച രാത്രിയിൽ ലക്ഷ്യബോധമില്ലാതെ അവൾ നടക്കുകയാണ് . ഇരുട്ടിനെ എന്നും ഭയന്നിരുന്നിട്ടും എത്ര ധൈര്യത്തോടെയാണ് ഇന്നീ രാത്രിയിൽ ഏകയായ് നടക്കുന്നതെന്ന് ഓർത്തപ്പോൾ സ്വയം അത്ഭുതം തോന്നി . പക്ഷെ, അതൊന്നും അവളെ അലട്ടുന്നുണ്ടായിരുന്നില്ല , കാരണം ആ മനസ്സപ്പോൾ തീ ജ്വാല പോലെ ആളികത്തുകയായിരുന്നു.
രാത്രി ഏറെ വൈകിയിരുന്നു, കടകളെല്ലാം അടച്ചു കഴിഞ്ഞിരുന്നു. അപ്പോഴാണ് അവൾ ആ കാഴ്ച്ച കണ്ടത് . പീടിക തിണ്ണയിലിരുന്ന് കുഞ്ഞിനെ പാലൂട്ടുന്നൊരമ്മ. അവർക്കടുത്തായി അവളും ആ തിണ്ണയിൽ ഒരിരിപ്പിടം കണ്ടെത്തി. ആ അമ്മയെയും കുഞ്ഞിനേയും കൗതുകത്തോടെ അവൾ നോക്കിയിരുന്നു, പാലില്ലാഞ്ഞിട്ടാണെന്നു തോന്നുന്നു കുഞ്ഞ് ആ സ്ത്രീയുടെ മടിയിൽ കുഞ്ഞിളം കാലുകൾ കൊണ്ട് ചവിട്ടിയും , കൈകൾ കൊണ്ട് നെഞ്ച് മറച്ച സാരിതലപ്പ്‌ വലിച്ചു മാറ്റിയും കരഞ്ഞു കൊണ്ട് തന്റെ പ്രതിഷേധം അറിയിക്കുന്നുണ്ടായിരുന്നു.
"എന്റെ വയറ്റിൽ വല്ലോം ചെന്നാലല്ലേ നിന്റെ അണ്ണാക്കിലേക്ക് എന്തെങ്കിലും ചുരത്താൻ പറ്റൂ ദാരിദ്ര്യത്തിൽ പിറന്ന നശൂലമേ" എന്നു പ്രാകി കൊണ്ട് ആ സ്ത്രീ കുഞ്ഞിനെ എടുത്തു പൊക്കി തിരിച്ചു വെച്ച് അടുത്ത മുല കുഞ്ഞിന്റെ വായിലേക്ക് തിരുകി വെച്ചു . കുഞ്ഞു വീണ്ടും നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
അവളുടെ മനസ്സ് ദിക്കറിയാതെ വിഹരിയ്ക്കാൻ തുടങ്ങിയിരുന്നു. ഇന്ന് - അതെ ഇന്ന് എന്റെ അമ്മ യാത്രയായിരിക്കുന്നു . തിരിച്ചുവരവില്ലാത്ത യാത്ര......!! അല്ല അമ്മയല്ല "വളർത്തമ്മ ". അതോർത്തപ്പോഴെ അവളുടെ മിഴികളിൽ നനവ് പടർന്നിരുന്നു......
ഇത്രയും നാൾ പെറ്റമ്മ എന്ന് കരുതിയത് പോറ്റമ്മ ആണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വിഷമം. അതവൾക്ക് ഓർക്കാൻ വയ്യ. മരണ മൊഴി പോലെയാണ് അമ്മ ആ സത്യം മരണ കിടക്കയിൽ വെച്ച് അവളോട്‌ പറഞ്ഞത് . കല്യാണിയമ്മ അവളുടെ അമ്മയായ കഥ ..................................;
*********
കെട്ടിയോൻ ഏതോ പെണ്ണിനേം കൊണ്ട് വീട് വിട്ടു പോയപ്പോൾ, കല്യാണിയമ്മയ്ക്ക് ജീവിക്കാനുള്ള ആഗ്രഹവും നശിച്ചിരുന്നു. അതിനായി അവർ തിരഞ്ഞെടുത്തത് വീടിനടുത്തുള്ള പുഴയായിരുന്നു. പുഴയിൽ ചാടാനായി തുടങ്ങുമ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ അവിടെയുള്ള കുറ്റി കാടിനുള്ളിൽ നിന്നാണ് കരച്ചിൽ കേൾക്കുന്നതെന്നു മനസ്സിലായി, കല്യാണിയമ്മ ഓ ഓടിച്ചെന്ന് ചെടികൾ വകുത്തു മാറ്റി നോക്കി...
......... ആ കാഴ്ച്ച അവരെ തളർത്തി കളഞ്ഞു ......ഒരു പൊടി കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്നു, അതിനടുത്തേയ്ക്ക് ഒരു പറ്റം പുളിയൻ ഉറുമ്പുകൾ ജാഥ പോലെ വരുന്നു. അവർ ആ കുഞ്ഞിനെ വാരിയെടുത്തു, നല്ല ഓമനത്തമുള്ള പെണ്‍കുഞ്ഞ്. തന്റെ ജീവിതത്തിനു ഒരു ലക്‌ഷ്യം കൈ വന്നിരിക്കുന്നു എന്ന് കല്യാണിയമ്മയ്ക്ക് തോന്നി. കുഞ്ഞിനെ പുതപ്പിച്ച തുണി കണ്ടാലെ അറിയാം ഏതോ ധനിക കുടുംബത്തിലെ പാപത്തിന്റെ അവശേഷിപ്പ് ആണെന്ന് . പക്ഷെ, കല്യാണിയമ്മയ്ക്ക് ആ കുഞ്ഞൊരു പുണ്യമായിരുന്നു.......
പിന്നീട് അവരുടെ ജീവിത ലക്‌ഷ്യം ആ കുഞ്ഞിനെ നല്ല വിദ്യാഭ്യാസം നൽകി വളർത്തി വലുതാക്കുക എന്നതായിരുന്നു. അതിനായവർ രാപകലില്ലാതെ ഓടിനടന്നു. ആരും ഇല്ലാത്തവർക്ക് ഈശ്വരൻ തുണ എന്ന വിശ്വാസം മുറകെ പിടിച്ചുകൊണ്ട് അവർ ജീവിത നൗക മുൻപോട്ടു തുഴഞ്ഞു. കാലങ്ങൾ കൊഴിഞ്ഞു പോയി.
*********
മകൾ പഠിച്ചു നല്ല മാർക്കോടെ ബിരുദമെടുത്തു. പക്ഷെ അപ്പോഴേക്കും കല്യാണിയമ്മ തളർന്നിരുന്നു. കഠിനാദ്ധ്വാനം ചെയ്ത് അവരുടെ ശരീരം ക്ഷയിച്ചിരുന്നു. കൂട്ടത്തിൽ അസുഖങ്ങളും തലപൊക്കി തുടങ്ങി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവർ കിടപ്പിലാകുകയും ചെയ്തു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി ഉള്ളതെല്ലാം അവൾ വിറ്റു പെറുക്കി. കിടപ്പാടം വരെ നഷ്ടപെട്ടു. എന്തൊക്കെ സംഭവിച്ചാലും അമ്മയ്ക്ക് നല്ല ചികിത്സ ലഭ്യമാക്കണം എന്നു മാത്രമേ അപ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ .
മകൾ വിഷമിക്കുന്നത് കാണാനുള്ള ശക്തി ആ പാവം സ്ത്രീയ്ക്ക് ഉണ്ടായിരുന്നില്ല. അവർ അന്ത്യ യാത്രയ്ക്ക് തയ്യാറായിരുന്നു. അവസാന നിമിഷങ്ങളിൽ ആ സത്യം അവർ മകളോട് വെളിപ്പെടുത്തി. കല്യാണിയമ്മ അവളുടെ ............. "പെറ്റമ്മ അല്ലെന്നുള്ള സത്യം". ..... അത് പറയാനായി മാത്രം കാത്തിരുന്നത് പോലെ അവർ ലോകത്തോട് വിട പറഞ്ഞു യാത്രയായി.
ആ സത്യം അവൾക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്തായിരുന്നു. ആകെയുള്ള ആശ്രയം ആയിരുന്ന തന്റെ അമ്മ പോറ്റമ്മ ആയിരുന്നെന്നുള്ള സത്യം വിശ്വസിക്കാതിരിക്കാൻ അവൾ മനസ്സിനെ പഠിപ്പിച്ചു കൊണ്ടേയിരുന്നു . "അല്ല , അതെന്റെ പോറ്റമ്മയല്ല പെറ്റമ്മ തന്നെയാണ്" അവൾ പിറ്പിറുത്തു കൊണ്ടേയിരുന്നു. കല്യാണിയമ്മയുടെ മരണം അവളെ ഒരു ദിവസം കൊണ്ട് പഴയത് പോലെ അനാഥത്വത്തിലേക്ക് തള്ളിയിട്ടു.
ഒരു പോറ്റമ്മ നൽകുന്നതിനേക്കാൾ സ്നേഹം അവർ തനിക്കു നൽകിയെന്ന് അവളോർത്തു , കൂട്ടുകാരികളെല്ലാം എപ്പോഴും പറയുമായിരുന്നു നീ ഭാഗ്യം ചെയ്തത് കൊണ്ടാണ് നിനക്കിത്രയും നല്ലൊരു അമ്മയെ കിട്ടിയതെന്ന്, " ശരിയാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണ്, അനാഥയാകേണ്ടിയിരുന്ന എനിയ്ക്ക് ഈശ്വരൻ തന്ന നിധി.... സ്നേഹമയിയായ അമ്മ..."
ഇതുവരെ കൂട്ടായി അമ്മയുണ്ടായിരുന്നു, ഇന്ന് പക്ഷെ അമ്മയുമില്ല കിടപ്പാടവുമില്ല, മുൻപോട്ടുള്ള ജീവിതം എങ്ങിനെ കൊണ്ട് പോകണമെന്ന് അവൾക്കു ഒരു ഊഹാപോഹവുമില്ലായിരുന്നു. ബാക്കി വന്ന കുറച്ചു പണവും വസ്ത്രങ്ങളുമല്ലാതെ സ്വന്തമെന്നു പറയാൻ ഇന്നീ ലോകത്തൊന്നുമില്ല .

*********
അവളുടെ ചിന്തകൾക്ക് തടയിട്ടു കൊണ്ട് കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി, കൂട്ടത്തിൽ ആ അമ്മയുടെ ചീത്ത വിളിയും. അവൾ നോക്കുമ്പോൾ കുഞ്ഞ് വിശന്നു കരയുന്നു, കുഞ്ഞിന്റെ വിശപ്പടക്കാൻ സാധിക്കാതെ ആ സ്ത്രീ സങ്കടം ദേഷ്യമായി കുഞ്ഞിനെ വഴക്ക് പറയുന്നു. അവൾ ആ കുഞ്ഞിനെ വാങ്ങി കൈയിലിരുന്ന വെള്ളക്കുപ്പിയിൽ നിന്നും കുറച്ച് അടപ്പിലേക്കൊഴിച്ച് ചെറുതായി കുഞ്ഞിന്റെ ചുണ്ട് നനച്ചു കൊടുത്തു . കുഞ്ഞ് ആർത്തിയോടെ വെള്ളം നൊട്ടി നുണയാൻ തുടങ്ങി. അവളാ കുഞ്ഞിനെ കൈയിൽ വെച്ച് പതുക്കെ ആട്ടി കൊടുത്തു, കൂട്ടത്തിൽ ശബ്ദം താഴ്ത്തി ഒരു താരാട്ടും പാടി. ക്ഷീണം കൊണ്ട് വേഗം തന്നെ ഉറങ്ങി പോയ കുഞ്ഞിനെ അവൾ അമ്മയുടെ കൈകളിലേക്ക് കൊടുത്തു. ആ സ്ത്രീ അവളെ നോക്കി സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു. വീണ്ടും എത്ര നേരം അവിടെയങ്ങിനെ ആലോചിച്ചിരുന്നു എന്ന് അവൾക്കൊർമ്മയില്ല.
നേരം പുലർന്നെന്ന് അവളറിഞ്ഞത് പുലർച്ചെയുള്ള കോഴിയുടെ കൂവൽ കേട്ടാണ്. അവൾ അവിടെ നിന്നുമെഴുന്നേറ്റു മുടിയെല്ലാം കൈ കൊണ്ട് ഒന്നൊതുക്കി ബസ്സ്‌ സ്റ്റാൻഡിലേക്ക് നടക്കാൻ തീരുമാനിച്ചു. അമ്മയും കുഞ്ഞും സുഖമായി കിടന്നുറങ്ങുന്നത് അവളൊരു നിമിഷം നോക്കി നിന്നു. പിന്നീടവൾ സാവധാനം സ്റ്റാൻഡിലേക്ക് നടന്നു തുടങ്ങി , പോകുമ്പോൾ വഴിയോരത്തുള്ള പൈപ്പിൽ നിന്നും വെള്ളമെടുത്തു വായും മുഖവുമെല്ലാം കഴുകി.
സ്റ്റാൻഡിൽ എത്തിയപ്പോൾ നിര നിരയായി ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു പല ദിക്കിലേക്കുമുള്ളവ, ഏതു ബസ്സിൽ കയറണമെന്നറിയാതെ അവൾ കുഴങ്ങി. ആദ്യം കണ്ട ബസ്സിൽ തന്നെ അവൾ കയറി. അവൾ ഒരു ജനലരിക് നോക്കിയിരുന്നു, ബസ്സിൽ അധികമാരും ഉണ്ടായിരുന്നില്ല. അവൾ ചുറ്റുപാടുമൊന്നു നിരീക്ഷിച്ചു. കടകളെല്ലാം തുറന്നു തുടങ്ങുന്നതെയുള്ളു, ചായകടയിൽ മാത്രം തിരക്കുണ്ട്‌. അവിടെ നിന്നും കണ്ണെടുക്കാൻ തുടങ്ങവേ ഒരു വൃദ്ധയായ സ്ത്രീയിൽ അവളുടെ കണ്ണുടക്കി. അവർ ചായക്കടയുടെ മുൻപിൽ കൈ നീട്ടി നിൽക്കുന്നുണ്ട്, ആരും ശ്രദ്ധിക്കുന്നില്ല, നല്ല ഐശ്വര്യമുള്ള മുഖം, പക്ഷെ പ്രായം അവർക്ക് ജരാനരകൾ സമ്മാനിച്ചിട്ടുണ്ട്, അതിന്റെ ഫലമായെന്നോണം ശരീരം വളഞ്ഞിരിക്കുന്നു, പക്ഷെ വടിയുടെ സഹായമൊന്നും വേണ്ട നടക്കാൻ. എഴുന്നേറ്റു പോയി അവർക്കൊരു ചായ വാങ്ങി കൊടുത്താലോ എന്നവൾ ആലോചിക്കവേ ചായക്കടയിലേക്ക് കയറി വന്ന ഒരു പയ്യൻ (ഒരു ഫ്രീക്കൻ ) അവരോടു എന്തോ സംസാരിക്കുന്നതു കണ്ടു. പിന്നീടവൻ കടയ്ക്കു മുൻപിലുള്ള ബെഞ്ചിൽ അവരെയും വിളിച്ചിരുത്തി ചായയും കഴിക്കാനായി പുട്ടും കടലയും വാങ്ങി കൊടുത്തു. അവർ അവന്റെ നേരെ കൈ കൂപ്പി എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അനുഗ്രഹിക്കുകയായിരിക്കുമെന്നു ഊഹിച്ചു.
അവളുടെ മനസ്സ് വീണ്ടും ചിന്തകളിലേക്ക് മുങ്ങാം കുഴിയിട്ടു. ഞാനൊരമ്മയെ നഷ്ട്ടപ്പെട്ടതിൽ വേദനിയ്ക്കുന്നു, ഇവിടെ ഇതാ ഒരമ്മയെ നിഷ്ക്കരുണം ആരോ ഉപേക്ഷിച്ചു പോയിരിക്കുന്നു. സ്വന്തം വയറ്റിൽ പത്തു മാസം ചുമന്നു വിഴുപ്പു പോലെ വലിച്ചെറിയുന്ന ഒരമ്മ, ആരുടെതെന്നു പോലുമറിയാത്ത ചോരക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വളർത്തിയ മറ്റൊരമ്മ , ഇവർ രണ്ടു പേരിൽ അമ്മയെന്ന പദത്തെ അനശ്വരമാക്കുന്നത് ആരാണ്...? കുഞ്ഞിനെ കളയാൻ ഒരു പക്ഷെ ആ അമ്മയുടെ സാഹചര്യങ്ങൾ നിർബന്ധിച്ചതാകാം പക്ഷെ ഒരമ്മയെ എങ്ങിനെയാണ് മക്കൾക്ക്‌ നിഷ്ക്കരുണം കളയാൻ സാധിക്കുന്നത്. ചിന്തകൾ അവളുടെ കണ്ണിൽ നനവ് പടർത്തി.
തന്റെ അമ്മ ഈ കഥകളൊന്നും പറയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നവളോർത്തു. തോളിൽ ആരോ തട്ടുന്നതായി അനുഭവപ്പെട്ടതും അവൾ ചിന്തകളിൽ നിന്നും ഞെട്ടിയുണർന്ന് നോക്കി, കണ്ടക്റ്റർ ആണ്.
"എന്താണ് ടീച്ചറെ, ടിക്കറ്റ് എടുത്തിട്ട് സ്വപ്നം കണ്ടോളു " കണ്ടക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോഴാണവൾ ബസ്സ് എവിടെയ്ക്കാണെന്നു നോക്കിയില്ലല്ലോ എന്നോർത്തത്.
അവൾ പർസിൽ നിന്നും പണം തിരയുന്നത് പോലെ അഭിനയിച്ചു. കണ്ടക്ടർ അടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയ്ക്ക് ടിക്കറ്റ് കൊടുത്തു, അവർ കൽപ്പറ്റ എന്ന് പറയുന്നത് കേട്ടപ്പോഴാണ് വയനാട്ടിലേക്കുള്ള ബസ്സിലാണ് കയറിയാതെന്നു അവൾക്ക് മനസ്സിലായത്. വയനാട്ടിൽ ഒരു കൂട്ടുകാരിയുടെ വീടുണ്ട്, അവർക്കവിടെ എസ്റ്റെറ്റും മറ്റു ബിസിനെസ്സുകളും ഉണ്ട്, അവിടെ എന്തെങ്കിലും ജോലി ശരിയാക്കി തരാൻ പറയാം, ഇല്ലെങ്കിൽ വേറെ എന്തെങ്കിലും നോക്കാം, തൽക്കാലം വേറെ ആരും മനസ്സിലേക്ക് വരുന്നില്ല. കൽപ്പറ്റയിൽ എത്തിയ ശേഷം അവളെ ഫോൺ ചെയ്യാം എന്ന ധാരണയിൽ അവൾ കണ്ടക്ടർക്കു നേരെ പണം നീട്ടി പറഞ്ഞു ഒരു 'കൽപ്പറ്റ'.
രാവിലെ ആയതിനാൽ ബസ്സ്‌ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ നല്ല തണുത്ത കാറ്റ് ബസ്സിനകത്തെയ്ക്ക് ഇരച്ചു കയറാൻ തുടങ്ങി, അവൾ ഷോൾ തലയിലേക്കിട്ടു കൊണ്ട് ചെവിയിൽ കാറ്റ് കയറാത്ത വിധം കെട്ടി. സുഖകരമായ കാറ്റ് അവളെ ഉറക്കത്തിലേക്കു കൂട്ടി കൊണ്ട് പോയി. ഉറക്കത്തിലും അവളുടെ അധരങ്ങൾ "അമ്മ" എന്ന് മന്ത്രിക്കുന്നത് പോലെ തോന്നി.
***********
പെട്ടെന്നെന്തല്ലമൊ ശബ്ദങ്ങൾ കേട്ടവൾ ഞെട്ടിയുണർന്നു. ഇപ്രാവശ്യം ഉണർന്നത് പക്ഷെ ഒരു ഞരക്കത്തോടെയാണെന്നു മാത്രം. തലയിൽ നിന്നും രക്തം ശക്തിയായി ഒഴുകുന്നു. കാലിൽ കരിങ്കല്ല് വീണ പ്രതീതി. ബസ്സ്‌ കൊക്കയിലേക്ക് മറിഞ്ഞിരിക്കുന്നു, എങ്ങും ഞരക്കവും നിലവിളിയും മാത്രം. മരണത്തിന്റെ മണം അടുത്തെത്തുന്നത് അവളറിയുന്നുണ്ടായിരുന്നു, കോടമഞ്ഞിനിടയിലൂടെ അവൾ കണ്ടു അമ്മയുടെ കൈകൾ .... ഞരക്കത്തോടെ ആ കൈ എത്തിപിടിച്ച്‌ കൊണ്ട് അവൾ വിളിച്ചു ,
"അമ്മേ .... ഞാനും വരുന്നു."............
**********
***രേഷ്മ***
4
( Hide )
  1. കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ പറ്റിയ കഥയുണ്ടോ Age 5to 15

    ReplyDelete
  2. വായനാ സുഖം തന്ന ലളിതമനോഹരമായ കഥ.

    ReplyDelete
  3. വായനാ സുഖം തന്ന ലളിതമനോഹരമായ കഥ.

    ReplyDelete
  4. അമ്മ എന്ന പദത്തിന് പകരം വേറെ ഒന്നുമില്ല
    കഥ വായിച്ചപ്പോൾ സങ്കടം വന്നു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo