Slider

സർവ്വംസഹ

0

" എന്തു പറ്റി ടീച്ചർ ആകെ ഒരു വിഷമം പോലെ?" സ്റ്റാഫ് റൂമിലേക്ക് കയറി കൊണ്ട് സുകന്യ ടീച്ചർ ചോദിച്ചു.
" നാളത്തെ പ്രഭാഷണത്തെ കുറിച്ചോർത്തപ്പോൾ... "
"ങേ, ഏതു വിഷയമായാലും മാളവിക ടീച്ചറുടെ പ്രഭാഷണം കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. പിന്നെന്തേ?"
"നമ്മുടെ അമ്മ പെങ്ങൻമാരെ സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് സ്കൂളിലെ മുതിർന്ന ആൺ കുട്ടികൾക്ക് ഒരു ക്ലാസ്സ് . എന്തൊക്കെ സംസാരിക്കണമെന്ന് ആകെ ഒരു ആശയക്കുഴപ്പം."
"ടീച്ചർ ധൈര്യമായിട്ട് ചെയ്യു" സുകന്യ ടീച്ചർ ധൈര്യം പകർന്നു.
അടുത്ത ദിവസം പതിവിലും നേരത്തെ എത്തി. പറയേണ്ട കാര്യങ്ങൾ മനസ്സിൽ അക്കമിട്ടു നിരത്തി. പിന്നീട് നേരെ വേദിയിലേക്ക്‌. എത്ര വേദികൾ കയറിയാലും, ഓരോ വേദിയിൽ കയറുമ്പോഴും ഒരു അങ്കലാപ്പുണ്ട്. ഒന്നു രണ്ടു വാക്കുകളിൽ ധൈര്യം വീണ്ടു കിട്ടും. പിന്നീട് വാക്കുകൾ ഒഴുകുകയായി.
വേദിക്കു മുന്നിലെ കസേരകളിൽ കുട്ടികൾ ഇടം പിടിച്ചു കഴിഞ്ഞു. അവിടെ ശബ്ദമുഖരിതമായിരുന്നു. പ്രധാന അദ്ധ്യാപകൻ എത്തിയതോടെ കുട്ടികൾ ശാന്തരായി. അദ്ദേഹം ഒന്നു രണ്ടു വാക്കുകളിൽ തൻ്റെ പ്രസംഗം അവസാനിപ്പിച്ച് എന്നെ പ്രഭാഷണത്തിന് ക്ഷണിച്ചു കഴിഞ്ഞു.
സദസ്സിനെ അഭിസംബോധന ചെയ്തതിനു ശേഷം ഞാൻ മുഖ്യ പ്രസംഗത്തിലേക്ക് തിരിഞ്ഞു.
"കുഞ്ഞുങ്ങളെ... " കുട്ടികൾ ചിരിച്ചു കൊണ്ട് അന്യോന്യം നോക്കുന്നുണ്ട്.
" സീനിയർ ബോയ്സ് സ്കൂളിലെ നിങ്ങളെ ഞാൻ കുഞ്ഞുങ്ങളെ എന്ന് വിളിച്ചപ്പോൾ നിങ്ങൾക്ക് പരിഹാസം തോന്നിയോ? നിങ്ങളെനിക്ക് പിറക്കാതെ പോയ മക്കൾ തന്നെയാണ്. ഒരു ആൺകുട്ടിയെ തരാഞ്ഞിട്ടു ദൈവത്തോടുള്ള എൻ്റെ പരാതി തീർന്നത്, എനിക്ക് നിങ്ങളെ കിട്ടിയപ്പോഴാണ്. നിങ്ങളുടെ അമ്മമാരുടെ പ്രായം എനിക്കില്ലെങ്കിലും ഞാൻ നിങ്ങൾക്ക് അമ്മ തന്നെയാണ്. അവിടെയാണ് സ്ഥാനത്തിൻ്റെ മഹത്വം."
" എനിക്കു തോന്നുന്നു ഏതൊരമ്മയുടേയും കടമ, തൻ്റെ മക്കളെ ഉയർന്ന സാമൂഹ്യബോധവും, പരസ്പര ബഹുമാനത്തിലും വളർത്തണം എന്നാവണം. എൻ്റെയും ആഗ്രഹവും അതു തന്നെയാണ്. ഇവിടെയിരിക്കുന്ന എൻ്റെ ഓരോ മക്കളും അങ്ങനെയാവണം. പെണ്ണിനും ആണിനും ഈ ലോകത്ത് ജീവിക്കാനും വളരാനും ഒരേ ചുറ്റുപാടുണ്ടാവണം. അത് ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്കേ ഇനി ആകൂ. നോക്കൂ, നിങ്ങളുടെ ചുറ്റിൽ ഒരു പാടു സ്ത്രീ കഥാപാത്രങ്ങളുണ്ട്, പുരുഷ കഥാപാത്രങ്ങളുണ്ട്. അവരെ അമ്മ, അച്ഛൻ, ചേച്ചി, ചേട്ടൻ, അമ്മാവൻ, അമ്മായി അങ്ങനെ പല പേരിൽ നിങ്ങൾ വിളിക്കുന്നു. ഈ വിളിക്കുന്ന സ്ഥാനത്തിൻ്റെ ശരിയായ അർത്ഥത്തിൽ അവരെ നിങ്ങൾ കാണുമ്പോൾ അവിടെ നിങ്ങൾക്ക് തന്നെ മൂല്യം ഉണ്ടാകുന്നു. ഒരമ്മയുടെ കർത്തവ്യം അവിടെ സഫലമാകുന്നു." കുട്ടികൾ ഉപദേശത്തിൽ അക്ഷമരാകാൻ തുടങ്ങിയിരുന്നു.
" ഞാൻ നിങ്ങളോട് ഒരു കഥ പറയാം. മണിക്കുട്ടിയുടെ കഥ. ഒരു സംഭവ കഥ." കുട്ടികൾ വീണ്ടും നിശ്ശബ്ദരായി. "അഞ്ചിൽ പഠിക്കുന്ന മണിക്കുട്ടി. കണ്ടാൽ രണ്ടിലാണെന്നേ തോന്നു, അത്ര കുഞ്ഞു കുട്ടി. നല്ല ഐശ്വര്യമുള്ള മിടുക്കി കുട്ടി. സാമാന്യം സാമ്പത്തികമൊക്കെയുണ്ട്. സിറ്റിയുടെ ഹൃദയത്തിലായിരുന്നു അവരുടെ വീട്. അടുത്തടുത്തായി വീടുകൾ. അവൾ അച്ഛനമ്മമാരുടെ ഒറ്റ മകൾ. അടുത്തു തന്നെ അവളുടെ അമ്മാവൻ്റെ വീട്. അമ്മാവനും അമ്മായിക്കും ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും. "
"മണിക്കുട്ടിയെ കുഞ്ഞിലേ മുതൽ എടുത്തു കളിച്ചു നടന്നത് ആ ചേട്ടനും ചേച്ചിയുമായിരുന്നു. അവർ അവളെ വിളിച്ചിരുന്നത് അനി എന്നായിരുന്നു. ഒരിക്കൽ അച്ഛനുമമ്മയും പുറത്തു പോയപ്പോൾ അമ്മായീടെ വീട്ടിൽ പോയി നിൽക്കാൻ മണിക്കുട്ടിയോട് പറഞ്ഞു. അവൾ സന്തോഷത്തോടെ ചാടിയോടി അമ്മായീടെ വീട്ടിലെത്തി. "
"അവിടെ ചേട്ടൻ മാത്രമേ ഉണ്ടായുള്ളൂ, ടി.വി. കണ്ടു കൊണ്ടിരുക്കുകയായിരുന്നു ചേട്ടൻ. അവളും നിലത്തിരുന്നു ടി വി കാണാൻ തുടങ്ങി. ചേട്ടൻ പറഞ്ഞു: "അനി, നീയെന്തിനാ നിലത്തിരിക്കണെ, വാ ചേട്ടൻ്റെ മടിയിലിരുന്നോ." അവൾ ഓടി ചെന്ന് ചേട്ടൻ്റെ മടിയിലിരുന്നു. അവൻ്റെ കൈകൾ അവളുടെ കുഞ്ഞു കവിളിൽ ഒരുമി കൊണ്ടിരുന്നു. പെട്ടെന്നവൾക്ക് ഒരു അസ്വസ്ഥത തോന്നി. അവൾ മടിയിൽ നിന്ന് ചാടിയിറങ്ങി, അയാളെ രൂക്ഷമായി നോക്കി. വാ, ഇരുന്നോ, എന്തു പറ്റി അനി? അവൾ അവിടെ നിന്ന് ഇറങ്ങിയോടി. അവൾ അത് ആരോടും പറഞ്ഞില്ല, നല്ല രീതിയിൽ യോജിച്ചു പോകുന്ന കുടുംബങ്ങൾ തമ്മിൽ വിള്ളൽ ഉണ്ടാകാൻ അവൾ ആഗ്രഹിച്ചില്ല. പക്ഷെ ആ ചെറു പ്രായത്തിലും ചേട്ടൻ അവളോട് അരുതാത്തതാണ് ചെയ്യാൻ തുടങ്ങിയത് എന്നവൾ മനസ്സിലാക്കി. "
" ഒരു നിമിഷത്തെ അവൻ്റെ പ്രവർത്തിയിൽ നിന്ന് അവൾ ഒട്ടേറെ നിഗമനങ്ങളിൽ എത്തി ചേർന്നു. അവൻ പല പേരുകളിൽ വിളിക്കുന്നെങ്കിലും, അതിന് വില കൽപ്പിക്കുന്നില്ല. അവരുടെ സ്നേഹത്തിന് മറ്റൊരു അർത്ഥമാണ്. പെൺശരീരത്തെയാണ് അവൻ സ്നേഹിക്കുന്നത്, അവളെയല്ല. അവളുടെ നിഗമനങ്ങൾ തെറ്റായിരുന്നെന്ന് പറയാൻ പറ്റുമോ? പിന്നീട് ആ ചേട്ടൻ അനിയത്തിയോട് സംസാരിക്കാൻ പലപ്പോഴും ശ്രമിച്ചു, പക്ഷെ അയാളോട് ക്ഷമിക്കാനവൾ തയാറായില്ല. കാലം കുറേ കഴിഞ്ഞു, അവനും അവളും ജീവിതത്തിൻ്റെ ഒഴുക്കു പാച്ചിലിൽ വെവ്വേറെ സ്ഥലങ്ങളിൽ എത്തപ്പെട്ടു. ഒരു പക്ഷെ അവൻ ആ സംഭവം, അപ്പാടെ മറന്നിരിക്കാം, പക്ഷെ അവളിന്നും അതോർക്കുന്നു. അടുപ്പമുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത പ്രഹരത്തിൻ്റെ മുറിപ്പാടിൻ്റെ വേദന ഒരു പക്ഷെ ഒരു ജീവിതകാലം ഒടുങ്ങില്ല."
' സഭ്യമല്ലാത്ത ഒരു ചെറിയ പ്രവൃത്തി പോലും കുഞ്ഞു മനസ്സുകളെ എന്തു മാത്രം ബാധിക്കുന്നു. അപ്പോൾ കൊടും (കൂര തകൾക്ക് പാത്രമായി മരിക്കുന്ന, അല്ലെങ്കിൽ മരിച്ചു ജീവിക്കുന്ന, കുഞ്ഞുങ്ങളെ, സ്ത്രീകളെ, മുത്തശ്ശിമാരെ കുറിച്ചോർത്തു നോക്കൂ. ബാല്യം മുതൽ മരണാവസാനം വരെ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന തരം തിരിവുകളുടെ അപമാനങ്ങളുടെ കഥകൾ കേസാക്കുകയാണെങ്കിൽ ഓരോ സ്ത്രീക്കും ഓരോ കോടതി വേണ്ടി വരും. പലപ്പോഴും സ്വജനങ്ങളിൽ നിന്നുള്ള പീഡന കഥകൾ സംസ്കാരത്തിൻ്റേയും അഭിമാനത്തിൻ്റേയും പേരിൽ കുഴിയിട്ടുമൂടാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നു. ലജ്ജ തോന്നുന്നു ഇത്രയും ദുഷിച്ച ഒരു സമൂഹത്തിൻ്റെ ഭാഗമാണ് ഞാനും, എന്നോർക്കുമ്പോൾ. സ്വന്തം വീട്ടിൽ പോലും അവൾ സുരക്ഷിതമല്ലെങ്കിൽ പിന്നെ അവൾ എവിടെയാണ് അഭയം കൊള്ളേണ്ടത് ? അച്ഛനേയും ചേട്ടനേയും മുത്തച്ഛനേയുമെല്ലാം അവൾ അകമഴിഞ്ഞ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ആ വിശ്വാസം നിങ്ങൾ കാത്തു സൂക്ഷിക്കില്ലേ? ആ സ്നേഹവും സംരക്ഷണവും കരുതലും അവൾ അർഹിക്കുന്നില്ലേ? ഓരോ കുഞ്ഞിൻ്റേയും ഓരോ അമ്മയുടേയും ഓരോ പെങ്ങളുടേയും സംരക്ഷണത്തിൻ്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുക. ഒരു അപഹാസ്യ നോട്ടത്തിനു പോലും പാത്രമാകാതെ, ശരിയായ , സത്യമായ, സ്നേഹവാനത്തിൽ അവൾക്ക് നിശ്ചിന്ത്യം വിഹരിക്കാൻ കഴിയട്ടെ. നിയമത്തിൻ്റെ നൂൽ കെട്ടുകളിൽ കുരുങ്ങി ഇനിയും ഒരു സ്ത്രീയുടെ മാനവും ഞെരിഞ്ഞു മരണപ്പെടാതിരിക്കട്ടെ."
" എൻ്റെ മക്കളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരു കറയും കൊണ്ട് കളങ്കിതമാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ചെറുപ്പത്തിൻ്റെ ചോര തിളപ്പിൽ അരുതാത്തത് ചെയ്ത് മനസ്സിൽ കുറ്റബോധത്തിൻ്റെ മാറാപ്പു മായി ജീവിക്കുന്ന ഒട്ടനവധി പേരെ എനിക്കറിയാം. അവരിൽ ഒരാളാകാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? "
" എൻ്റെ കുട്ടികൾ അങ്ങനാവില്ലെന്ന് എനിക്കറിയാം. ഒരമ്മയുടെ ഈ വിശ്വാസത്തെ നിങ്ങൾ തകർക്കില്ലെന്ന് വിശ്വസിച്ചു കൊണ്ട്, പ്രാർത്ഥനകളോടെ നിറുത്തട്ടെ മക്കളെ... " ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അവിടെ കരഘോഷം കൊണ്ടു നിറഞ്ഞു.
അതൊന്നും ഞാൻ കേൾക്കുന്നുണ്ടായില്ല. പറയാനുദ്ദേശിച്ചതൊന്നുമല്ല ഞാൻ പറഞ്ഞതെന്ന് തിരിച്ചറിഞ്ഞു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് യാന്ത്രികമായി നടക്കുകയായിരുന്നു. കയ്യിൽ പിടിച്ചിരുന്ന ഫോൺ ശബ്ദിക്കുന്നുണ്ടെന്ന് അപ്പോഴാണ് ശ്രദ്ധിച്ചത്. അമ്മയാണ്. വിളിച്ചിട്ടു രണ്ടു നാളായേ, പരിഭവമായിരിക്കും.
" എന്താ അമ്മേ..."
"മോളേ, അപ്പു വന്നിട്ടുണ്ട് അമേരിക്കയിൽ നിന്ന്. നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. അവന് ഫോൺ കൊടുക്കാം "
"അനി.. ,അപ്പു ചേട്ടനാ, ഞാൻ ഇന്നലെ എത്തി, എൻ്റെ കയ്യിൽ നിൻ്റെ നമ്പർ ഉണ്ടായില്ല. അതാ ഞാൻ... മോൾക്ക് സുഖമല്ലേ? എനിക്കു രണ്ടു പെൺകുട്ടികളാ, നീ എന്താ ഒന്നും മിണ്ടാത്തെ? ഇപ്പോഴും ചേട്ടനോട്......" ആ ശബ്ദം ഇടറി.
പഴകിയ മുറിവിൽ നിന്ന് കിനിയുന്ന ചോര സർവ്വംസഹയുടെ മുഖം മൂടി കൊണ്ട് ഒപ്പി, ഞാൻ പറഞ്ഞു: "സുഖം ചേട്ടാ.. "
ഇന്ദു പ്രവീൺ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo