ഒരു ചെറിയ അനുഭവ കഥ.
ഒരു പരീക്ഷയും കഴിഞ്ഞു രാത്രി വീട്ടിലേക്കുള്ള യാത്രയിലാണ് സംഭവം. ആറ്റിങ്ങൽ വരെ സർക്കാർ വാഹനത്തിലും പിന്നീട് ഒരു മുതലാളി ബസിലും കയറി. ബസിൽ കയറി മധ്യഭാഗത്തായുള്ള സീറ്റിൽ തന്നെ ഇരുന്നു. ആ സീറ്റ് ആണുങ്ങൾക്ക് ഏറെ ഇഷ്ട്ടപെട്ട സീറ്റാണ്. സീറ്റും കിട്ടി ടിക്കറ്റും എടുത്തു എന്നാലും കണ്ണുകൾക്കു മാത്രം ഒരു നിരാശ. കാണാൻ കൊള്ളാവുന്ന ഒരു പെണ്ണും ബസിൽ ഇല്ല. രാത്രി ആയതിനാൽ ആയിരിക്കും എന്ന് കരുതി ഇരിക്കെ ദാ വരുന്നു ഒരു കിടിലൻ സാധനം. ബാഗും തൂക്കി ഓടി കിതച്ചു വന്നു ബസിൽ കയറി നേരെ എന്റെ മുന്നിലത്തെ സീറ്റിൽ ഇരുന്നു
ബസ് എടുത്തു. അവളുടെ വരവ് എന്നെപ്പോലെ ആ ബസിലെ ഒരുപാട് കണ്ണുകൾക്ക് ആശ്വാസമായി കാണും. അര മണിക്കൂർ കഴിഞ്ഞു ബസ് എനിക്കിറങ്ങേണ്ട സ്റ്റോപ്പ് എത്താറായി. അപ്പോഴേക്കും ആ ബസിലെ ഒരുപാട് കണ്ണുകൾ കൊഴിഞ്ഞുപോയി. ബാക്കി യാത്രക്കാരായി ഞാനും ആ പെണ്ണും പിന്നെ ഒരു അപ്പൂപ്പനും.
കഥയിലെ ട്വിസ്റ്റ് തുടങ്ങി. അടുത്ത സ്റ്റോപ്പിൽ നിന്നും മറ്റൊരു ബസിൽ ജോലി ചെയ്യുന്ന രണ്ടു ജീവനക്കാർ നമ്മുടെ ബസിൽ കയറി. അവർ മദ്യപിച്ചിരുന്നു, സംസാരം വളരെ ഉച്ചത്തിലും അല്പം അശ്ലീലം കലർന്നതുമായിരുന്നു.
എനിക്കുള്ള സ്റ്റോപ്പ് അടുത്തു പെട്ടെന്ന് എന്റെ മനസിലെ എം. ജി. ആർ. ഉണർന്നു. ഞാൻ ഇറങ്ങിയാൽ പിന്നീട് ആ ബസിൽ ആപെണ്ണും അപ്പൂപ്പനും പിന്നെ ആ മദ്യപാനികളായവരും. ഞാൻ ഇറങ്ങുന്ന സ്റ്റോപ്പിൽ നിന്നും ആരെങ്കിലും കയറണമെ എന്ന് പ്രാർത്ഥിച്ചു.
ബസ് ഞാൻ ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി. ബസിലേക്ക് കയറാൻ ആരും ഇല്ല.ഞാൻ സീറ്റിൽ തന്നെ ഇരുന്നു എന്നിട്ടു വർക്കലയിലേക്കു ഒരു ടിക്കറ്റ് അങ്ങ് എടുത്തു. അവിടെയാണ് ആ പെണ്ണും ഇറങ്ങേണ്ടത്. ടിക്കറ്റെടുക്കുമ്പോൾ കണ്ടക്ടർ എന്നെ രൂക്ഷമായി നോക്കിയെങ്കിലും ഒന്നും ചോദിച്ചില്ല ആ പെണ്ണും എന്നെ ഒന്ന് തിരിഞ്ഞു നോക്കി.
ബസ് വർക്കലയിൽ എത്തി. അവൾ പുറത്തേക്കിറങ്ങി. അവളുടെ പുറകെ ഞാനും ഇറങ്ങി. ഒരുപാടു സമയം 99ൽ നിന്ന ശേഷം സെഞ്ചുറി അടിച്ച സച്ചിന്റെ മുഖഭാവമായിയുന്നു എനിക്ക്. ഒരു ജേതാവിനെ പോലെ ബസിന്റെ അവസാന പടിയും കടന്നപ്പോൾ ദാ വരുന്നു ഒരു ബൗൺസർ കണ്ടക്ടറുടെ വായിൽ നിന്നും.
ഇവിടും വരെ വന്നിട്ടും വളഞ്ഞില്ല അല്ലേ..........
ആ ബൗൺസറിൽ നിന്നും ഒരുവിധം രക്ഷപ്പെട്ടെങ്കിലും ദാ വരുന്നു അടുത്തത്
ആ ഗോവിന്ദച്ചാമിയെ ശിക്ഷിച്ചെങ്കിൽ ഇവനൊക്കെ ഒരു പാഠം പടിച്ചേനെ......... ഇത് വന്നത് കണ്ടക്ടറുടെ വായിൽ നിന്നല്ല.
ഞാൻ എട്ട് രൂപ അധികം ചിലവാക്കി സുരക്ഷിതയാക്കി കൊണ്ടുവന്നു എന്ന് ഞാൻ കരുതുന്ന അവളുടെ വായിൽ നിന്നും.
തളർന്നു പോയി എന്നിലെ എം. ജി. ആർ അവൾ അവളെ കാത്തു നിന്ന ചേച്ചിയുടെ സ്‌കൂട്ടിയിൽ കയറി പാഞ്ഞു. ആസമയം ഞാൻ ഒൻപതു മണിക്ക് പോയ അവസാന ബസിനെയും ആലോചിച്ചു അവിടെ നിന്നു
ഇനി എങ്ങനെ............ വീട്ടിലെത്തും
അവൾ ഒരുപക്ഷെ നല്ലെഴുത്തിൽ ഉണ്ടെങ്കിൽ ഇത് വായിച്ചെങ്കിൽ പിന്നെയും ട്വിസ്റ്റ് ആയേനെ...........
ശ്രീജിത്ത്ചന്ദ്രൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക