അനുസരണക്കേടിന് റഫറിയുടെ
കീശയിൽ നിന്ന് പുറത്തെടുക്കുന്നു
മഞ്ഞക്കാർഡ്.
വീണ്ടുംആവർത്തിച്ചാൽ
ചുവപ്പുകാർഡ്.
പുഴുത്തരിയും മണ്ണെണ്ണയും വാങ്ങാൻ
നീലയും ചോപ്പും റേഷൻ കാർഡ്.
ഗ്യാസ് സിലിണ്ടറിനും
ബാങ്ക് അക്കൗണ്ടിനും
കണ്ണും കയ്യും പകർത്തി
ചുരുക്കിയെഴുതിയ ആധാർ കാർഡ്.
ചെലവ് കാണാത്തവരുമാനത്തിന്
ആദായ വകുപ്പിന്റെ പാൻ കാർഡ്.
ചായ കുടിക്കാനും തക്കാളി വാങ്ങാനും
വിസയും മാസ്റ്ററും
മുദ്രണം ചെയ്ത ഡെബിറ്റ് കാർഡ്.
വോട്ടുപിടിക്കാൻ
ജാതിയുടെയും മതത്തിന്റെയും
അദൃശ്യമായ കാർഡ്.
കലാപത്തീയിൽ
എണ്ണയൊഴിക്കാൻ വർഗ്ഗീയക്കാർഡ്.
അണികളെ പിടിച്ച് നിർത്താൻ
സമുദായക്കാർഡ്.
രാജ്യം വിട്ടു പോവാൻ
വീസ കാർഡ്.
വോട്ടു ചെയ്യാനും വിരലിൽ മഷി പുരട്ടാനും
തിരിച്ചറിയൽ കാർഡ്.
രണ്ട് ചക്രം കൊണ്ട്
എട്ടിന്റെ പണിയൊപ്പിച്ചാൽ
ലൈസൻസ് കാർഡ്.
കാർഡുകളുടെ പേരുകളെല്ലാം
ഓർത്തുവെക്കാനായ്
പുറത്തിറക്കുന്നുണ്ടത്രേ
പുതിയൊരു കാർഡ്.
By: Shabnam Siddiqui
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക