നേരം ഇരുട്ടിയത് കൊണ്ട് ചാറ്റൽ മഴയിൽ വഴി മനസ്സിലാക്കാൻ അല്പം പാട് പെട്ടു.രണ്ട് വർഷത്തോളമായെങ്കിലും ചുറ്റുപാടുകൾക്ക് വലിയ മാറ്റമൊന്നുമില്ല. പാതി തുറന്ന ഗെയിറ്റിലൂടെ അകത്ത് കടന്നു. വിടിന്റെ അകത്ത് ലൈറ്റിട്ടുണ്ടെങ്കിലും വരാന്തയിൽ വെട്ടമില്ല. താനുണ്ടായിരുന്നപ്പോൾ വരാന്തയിൽ ലൈറ്റ് അണക്കാറില്ലായിരുന്നു. ഇപ്പോൾ എന്ത് പറ്റി? ഇതിൽ കൂടുതൽ എന്ത് പറ്റാൻ ? നദീറയും മക്കളും ജീവിക്കുന്നത് തന്നെ അൽഭുതം. ഞാനില്ലാതെ അവർക്കെന്ത് ജീവിതം.കരഞ്ഞ് എല്ലും തോലുമായി കാണും നദീറ.അഫ്സൽ പ്ലസ്ടു കഴിഞ്ഞ് കാണും. കൂടുതൽ സുഹൃത്തുക്കളില്ലാത്തതിനാൽ ഞാൻ തന്നെയായിരുന്നു അവന്റെ പ്രധാന കൂട്ട് .എന്റെ മരണ ശേഷം ആകെ ഒറ്റപ്പെട്ട കാണും അവൻ.മകൾ ഫായിസ എന്റെ നെഞ്ചിൽ കിടന്ന് മാത്രമുറങ്ങിയവൾ.അവളുടെ അവസ്ഥ എന്തായിരിക്കും. വെള്ളിയാഴ്ച രാവായതിനാൽ എല്ലാവരും യാസിൻ ഓതി പ്രാർത്ഥിക്കുകയായിരിക്കും എനിക്ക് വേണ്ടി. വീടിനോട് ചേർന്ന് ഒരു കാർ നിർത്തിയിട്ടത് കാണാം. ആരുടേതായിരിക്കും? എനിക്കാകെ ഉണ്ടായിരുന്നത് ഒരു സ്കൂട്ടർ മാത്രമായിരുന്നു.
വരാന്തയിൽ രണ്ട് പേർ ചിരിയും വർത്തമാനവുമൊക്കെയായി അടുത്തടുത്തായിരിക്കുന്നുണ്ട്.അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒന്ന് തന്റെ പ്രിയപ്പെട്ട നദീറയാണെന്ന് മനസ്സിലായി.അടുത്തിരിക്കുന്നത് ഗൾഫുകാരന്റെ ലുക്കുള്ള ഒരു മദ്ധ്യവയസ്കനും. കാര്യങ്ങൾ മനസ്സിലായപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി. എന്റെ മരണത്തിന് ശേഷം നദീറ വീണ്ടും വിവാഹിതയായിരിക്കുന്നു. അവൾ ഇന്ന് ഗൾഫുകാരന്റെ ഭാര്യയാണ്.വീടിന്റെ അകത്ത് കയറി മക്കളെ കാണാൻ കൊതിയായി. സിറ്റിംഗ് റൂമിൽ വലിയ LCD ഫിക്സ് ചെയ്തിട്ടുണ്ട്. കുഷ്യനിൽ ഇരുന്ന് അഫ്സലും കൂടെ സുന്ദരിയായ ഒരു പെൺകുട്ടിയും ഹിന്ദി ഫിലിം കാണുന്നു. പെൺകുട്ടിയുടെ അടുത്ത് തന്നെ ഫായിസ ടാബ്ലറ്റിൽ ഗെയിമും കളിച്ചിരിക്കുന്നു. മുഖ സാദൃശ്യം കൊണ്ട് പെൺ കുട്ടി ഗൾഫുകാരന്റെ മകളാണെന്ന് മനസ്സിലായി. ഫായിസാക്ക് പുതിയ ഇത്തത്താനെ കിട്ടിയിരിക്കുന്നു. അഫ്സലിന് കൂട്ടായി പുതിയ പെങ്ങളെയും. എല്ലാം കണ്ട് കഴിഞ്ഞപ്പോൾ സന്തോഷമാണോ സങ്കടമാണോ എനിക്ക്? മനസ്സിലാകുന്നില്ല.
പെട്ടെന്ന് തിരിച്ച് പള്ളിക്കാട്ടിലേക്കെത്തണമെന്ന് മാത്രം തോന്നി. തന്നെ മാത്രം ഓർമിച്ച് നെടുവീർപ്പിട്ട് ജീവിതം തള്ളി നീക്കുന്ന തന്റെ പ്രിയപ്പെട്ടവരെയൊക്കെ കാണണമെന്നത് എന്റെ അതിമോഹമായിരുന്നെന്ന് മനസ്സിലായി. തിരിച്ച് വീടിന്റെ പടി ഇറങ്ങുമ്പോൾ ഒന്നു വേച്ച് പോയോ എന്ന് സംശയം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക