കോഴിക്കോടു നിന്നും മീനങ്ങാടി വഴി സുൽത്താൻ ബത്തേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസിൽ കയറവേ ഞാനോർത്തു. ഇനിയങ്ങോട്ട് ഈ യാത്ര വേണ്ടല്ലോ?ഇനി തിരിച്ചുള്ള യാത്ര റിലീവിംഗ് ഓഡറുമായിട്ടാണല്ലോ? എത്ര ശ്രമിച്ചിട്ടാണ് കിഴക്കഞ്ചേരി പഞ്ചായത്തിലേക്കുള്ള ട്രാൻസ്ഫർ ഓഡർ ഒപ്പിച്ചത്? ട്രാൻസ്ഫറിനു വേണ്ടി ഏതൊക്കെ എം.എൽ.എമാരെയും മന്ത്രിമാരെയും കണ്ടു? വീടിനടുത്തല്ലെങ്കിലും ഒരു മണിക്കൂർ ബസ് യാത്ര ചെയ്താൽ ഓഫീസിൽ പോകാം.അങ്ങനെ രണ്ടു വർഷം നീളുന്ന വയനാട് ജീവിതത്തിന് തൽക്കാലം വിട.......................
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയെങ്കിലും ആവും സുൽത്താൻ ബത്തേരിയെത്താൻ. അവിടെ നിന്ന് മുക്കാൽ മണിക്കൂറെങ്കിലും വേണം മുള്ളൻകൊല്ലി പഞ്ചായത്തിൽ എത്താൻ. ഈ ആഴ്ച തന്നെ പുതിയ എ.ഇ. വരും. കുറച്ചു വർക്ക് പെൻഡിംഗ് ഉണ്ട്.അതു പൂർത്തിയാക്കണം. ചാർജ് ഹാൻഡ് ഓവർ ചെയ്യണം. യാത്രാ ക്ഷീണമൊക്കെ മാറ്റിവയ്ക്കണം.
മുള്ളൻകൊല്ലി പഞ്ചായത്തിൽ അസിസ്റ്റൻറ് എഞ്ചിനീയറായി പോസ്റ്റിംഗ് ഓഡർ കിട്ടിയപ്പോൾ സത്യത്തിൽ വിഷമമാണ് തോന്നിയത്.സർക്കാർ ജോലി എന്ന സന്തോഷത്തിന്റെ അമ്പത് ശതമാനവും മുളളൻ കൊല്ലിയിലാണ് പോസ്റ്റിംഗ് എന്ന അറിവു കുറച്ചു കളഞ്ഞു .ലാലേട്ടന്റെ സൂപ്പർ ഹിറ്റായ "നരനി "ലെ മുള്ളൻകൊല്ലി വേലായുധനെ ഓർമിപ്പിക്കുന്ന പേര്.ആ സിനിമയിൽ ഉള്ളതു പോലെയുള്ള സ്ഥലങ്ങളായിരിക്കുമോ ?എന്ന സംശയമുണ്ടായിരുന്നു.
ബസിൽ നല്ല തിരക്ക്.പൊള്ളുന്ന വെയിൽ മുഖത്തടിക്കുന്നു. കോഴിക്കോട് ടൗണിലെ ട്രാഫിക്കിൽ നിന്നും രക്ഷപ്പെട്ട് ബസ് കുന്ദമംഗലത്തെത്താറായി. ഞാൻ മൊബൈൽ ഫോൺ എടുത്തു ഹെഡ്സെറ്റും ചെവിയിൽ വച്ചിരിപ്പായി. ഒറ്റയ്ക്കുള്ള യാത്ര ബോറടിക്കുന്നു.
ഒലിപ്പാറയിൽ നിന്നും ഒലവക്കോടു വരെ ബസിൽ വരും.മൂന്നു ബസിൽ കയറണം.ഒലവക്കോടു നിന്നും കോഴിക്കോട്ടേക്ക് ടെയിനിൽ. അതിനു ശേഷം വീണ്ടും ബസിൽ. ദീർഘദൂര ബസ് യാത്രയിലുള്ള ബുദ്ധിമുട്ടാലോചിച്ചിട്ടാണ് ട്രെയിൻ യാത്ര കൂടി ഉൾപ്പെടുന്ന ഈ റൂട്ടിൽ ഞാൻ സഞ്ചരിക്കുന്നത്. അല്ലെങ്കിൽ പാലക്കാടു നിന്നും പെരിന്തൽമണ്ണയിലെത്തി അവിടെ നിന്നും നിലമ്പൂർ വഴി നാടുകാണിച്ചുരത്തിലൂടെ സുൽത്താൻ ബത്തേരിയിലെത്താം. അതുമല്ലെങ്കിൽ പെരിന്തൽമണ്ണയിൽ നിന്നും അരീക്കോട് മുക്കം വഴി താമരശ്ശേരി ചുരത്തിലൂടെ പോവാം. ഏതു വഴിയായാലും ചുരം കയറൽ നിർബന്ധമാണ്.
ബസ് കൊടുവള്ളിയും താമരശ്ശേരിയും കഴിഞ്ഞ് അടിവാരത്തിലെത്തി.മുന്നിൽ നിവർന്നു നിൽക്കുന്ന വയനാടൻ മലനിരകൾ. 'അടി വാരത്ത് കുറച്ചു സമയം ബസ് നിർത്തിയിട്ടു.അഞ്ചു മിനിട്ടുകൾക്കു ശേഷം ഡ്രൈവർ ബസ് സ്റ്റാർട്ടു ചെയ്തു. കുതിരവട്ടം പപ്പു വിശ്വവിഖ്യാതമാക്കിയ താമരശ്ശേരി ചുരത്തിന്റെ ഹെയർ പിൻ വളവുകൾ ഒന്നൊന്നായി ബസ് പിന്നിട്ടു കൊണ്ടിരുന്നു. അതോടൊപ്പം തണുപ്പ് കാറ്റടിക്കാൻ തുടങ്ങി.
ഒമ്പതാമത്തെ വളവിലെത്തിയതും ആരോ ഛർദിക്കുന്ന ശബ്ദം കേട്ടു .അതു കേട്ടതും ഞാനും ഛർദിക്കാൻ തുടങ്ങി. എല്ലാ വയനാട് യാത്രയിലും ചുരം കയറുമ്പോഴും ഇറങ്ങുവോഴും ഛർദ്ദിക്കലൊരു പതിവാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഓകെയായി. എങ്കിലും ഒമ്പതാമത്തെ വളവു കഴിഞ്ഞ് വയനാടിന്റെ കവാടമായ ലക്കിടിയിലേക്ക് അടുക്കുമ്പോൾ തിരിഞ്ഞൊന്നു നോക്കണം. അപ്പോൾ കാണുന്ന കാഴ്ച.... ഇതിലും മനോഹരമായ കാഴ്ചകൾ സ്വപ്നങ്ങളിൽ മാത്രം ......... താഴെ മുഴുവൻ കോടമഞ്ഞു കിടക്കുന്നു. അതു കാണാൻ ടൂറിസ്റ്റുകൾ ഒരുപാടു പേർ വ്യൂ പോയിന്റിൽ നിൽക്കുന്നുണ്ട്. നട്ടുച്ചയ്ക്കാണ് ഈ മനോഹര ദൃശ്യമെന്നോർക്കണം.
ബസ് ലക്കിടിയോടടുത്തതും ചാറ്റൽ മഴ പെയ്യുന്നതു കണ്ടു.ചുരം കയറി വരുന്നവർക്ക് സ്വാഗതമരുളിയിട്ടെന്നോണം. എപ്പോഴും ഇങ്ങനെ തന്നെയാണ്.പാലക്കാടിന്റെയും കോഴിക്കോടിന്റെയും കൊടുംചൂടിൽ നിന്ന് വരുന്നവർക്ക് നല്ല ഒരു വരവേൽപ്.
നൂൽമഴകൾക്ക് പ്രശസ്തമായ ജില്ലയാണ് വയനാട് .ചന്നം പിന്നം മഴ പെയ്യാറില്ല.എന്നാൽ എപ്പോഴും ചെറുതായി മഴ പെയ്തു കൊണ്ടിരിക്കും... ഏതു കൊടും വേനൽക്കാലത്തും...
ബസ് "കരിന്തണ്ട "നെ ആവാഹിച്ച ചങ്ങല മരവും വൈത്തിരിയിലെയും ചുണ്ടേലിലെയും ചായത്തോട്ടങ്ങളും കഴിഞ്ഞ് പോയ്ക്കൊണ്ടിരിക്കുമ്പോൾ എന്തിനെന്നറിയാതെ എന്റെ മനസ്സിൽ വല്ലാത്ത നഷ്ടബോധം തോന്നി.രണ്ടു വശങ്ങളിലുമായി കാണുന്ന മലകൾ.വൈത്തിരി ഹിൽസും ബാണാസുരൻ മലയും .പൂക്കോട്ടുതടാകത്തിലും ബാണാസുര സാഗർ ഡാമിലും അതിനടുത്തുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിലും എത്ര തവണ ഞങ്ങൾ ഹോസ്റ്റലിൽ നിന്നും പോയിരിക്കുന്നു? മേപ്പാടി ഭാഗത്തുള്ള വലിയ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഭാഗം വനം വകുപ്പ് അടച്ചിരിക്കുന്നതിനാൽ ഇതു വരെ കാണാൻ പറ്റിയിട്ടില്ല. അതൊരു നഷ്ടമായിരിക്കും. സൂചിപ്പാറ വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ അട്ട കടിച്ചത് ഇന്നലെയെന്നതു പോലെ തോന്നി. ചെമ്പ്ര പീക്കിലെ ഹൃദയ തടാകം, എടക്കൽഗുഹ, മുത്തങ്ങ, തിരുനെല്ലിക്ഷേത്രം, അമ്പലവയൽ, കരാപ്പുഴ ഡാം ,കരലാട് തടാകത്തിലെ ശാന്തത, സുൽത്താൻ ബത്തേരിയിലെ ജൈനക്ഷേത്രം, പഴശി സ്മാരകം ,കുറുവ ദ്വീപിലെ ചങ്ങാടത്തിലൂടെയുള്ള യാത്ര, തോൽപ്പെട്ടി വന്യ ജീവി സങ്കേതം........... ഇവയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടവ തന്നെ. ഇതൊന്നും കൂടാതെ തൊട്ടടുത്തുള്ള കൊട്ടിയൂർ ക്ഷേത്രം, ആറളം ഫാം, സൂര്യകാന്തികളും ചെണ്ടുമല്ലികളും വിരിഞ്ഞു നിൽക്കുന്ന ഗുണ്ടൽപേട്ട്, മസനഗുഡി, ഊട്ടി, കൊടൈക്കനാൽ, കുടക് എന്നിവിടങ്ങളിലൊക്കെ ഞങ്ങൾ സംഘം ചേർന്ന് പോയിട്ടുണ്ട്...... കൊട്ടിയൂർ ചുരം വഴിയുള്ള കണ്ണൂർ യാത്ര ഏറെ ദുർഘടം പിടിച്ചതു തന്നെ.
ഈ സുന്ദരക്കാഴ്ചകളൊക്കെ ഇനി എനിക്ക് കാണാൻ സാധിക്കില്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം. സർവീസ് കാലയളവിൽ ഇനിയും ഇവിടെ ജോലി ചെയ്യണം. ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്ന, എവിടെ നോക്കിയാലും പച്ചപ്പു മാത്രം കാണുന്ന, പ്രകൃതി ഭംഗി ആവോളമുള്ള,നിഷ് കളങ്കരായ മനുഷ്യരുള്ള നമ്മുടെ സ്വന്തം വയനാട്ടിൽ......
രജിത കൃഷ്ണൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക