Slider

കട്ടപ്പനയിലെ ഋത്വിക് റോഷൻ - സിനിമാ നിരൂപണം

0

കട്ടപ്പനയിലെ പൊട്ടിച്ചിരി....
-------------------------------------------------
മലയാള ടെലിവിഷൻ രംഗത് ഇന്ന് ഹാസ്യ പരമ്പരകളുടെ കുത്തൊഴുക്കാണ്. മിക്ക ചാനലുകളിലും അനുകരണവും ആക്ഷേപ ഹാസ്യവുമായി കോമഡി പരിപാടികൾ അരങ്ങ് തകർക്കുന്നു. മലയാളത്തിൽ ചാനലുകളുടെ ബാഹുല്യം ഇത്രയും വർദ്ധിക്കുന്നതിനും മുൻപ് ഹാസ്യ പരിപാടികൾക്ക് ഇത്രയും പ്രാധാന്യം ലഭിക്കുന്നതിനും മുൻപ് പാരഡി കാസറ്റുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ നല്ല നർമത്തിലൂടെ ചിരിപ്പിച് നമ്മുടെ മനസ്സിൽ സ്ഥാനം നേടിയ കലാകാരനാണ് നാദിർഷ. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. ആദ്യ ചിത്രമായ അമർ അക്ബർ അന്തോണിയിൽ എന്ന പോലെ തന്നെ ഈ ചിത്രവും ഹാസ്യത്തിൽ പൊതിഞ്ഞെടുത്താണ് സംവിധായകൻ നമുക്ക് മുൻപിലേക്ക് വച്ച് നീട്ടുന്നത്. ഒരു വ്യത്യാസം ഉള്ളത് ആദ്യ സിനിമയിൽ എന്നത് പോലെ മിന്നി തിളങ്ങുന്ന താര ബാഹുല്യം ഇതിൽ ഇല്ല എന്നതാണ്.
സിനിമ ആത്യന്തികമായി ഒരു ബിസിനസ് ആണ്. അതിനാൽ തന്നെ ഏറ്റവും സേഫ് സോണിൽ ലാഭം ലക്‌ഷ്യം വച്ചായിരിക്കും സിനിമ തിരഞ്ഞെടുക്കുന്നതും അവതരിപ്പിക്കുന്നതും. നാദിർഷയെ പോലെ ഒരു സംവിധായകന് നായക കഥാപാത്രം അവതരിപ്പിക്കാൻ അറിയപ്പെടുന്ന ഒരു താരത്തെ ലഭിക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നിട്ടും സ്വന്തം കഴിവിലും തിരക്കഥയിലും വിശ്വസിച് ക്ളീഷേ നായക സങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തും വിധം ഒരു പുതുമുഖ നടനെ നായകനാക്കിയ സംവിധായകനെയും അത് അംഗീകരിച് ചിത്രം നിർമിക്കാൻ മനസ്സ് കാണിച്ച ദിലീപ് എന്ന നിർമാതാവിനെയും ആദ്യമേ അഭിനന്ദിക്കേണ്ടിയിരിക്കുന്നു,
നമ്മൾ കാലങ്ങളായി കണ്ടു ശീലിച്ച നായക സവിശേഷതകൾ ഇല്ലാത്ത ഒരാൾ നായക നടാനാകാനായി പരിശ്രമിക്കുന്നതും അതിനിടയിൽ അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ പേര് കൊണ്ട് തന്നെ ചിത്രത്തിന്റെ സ്വഭാവ സവിശേഷത എന്താണെന്നു സംവിധായകൻ വ്യക്തമാക്കി തരുന്നുണ്ട്. ഒരു കഥക്കുള്ളിൽ മറ്റൊരു കഥ നടക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകനെ ഏറ്റവും എളുപ്പം ചിത്രത്തിലേക്ക് കൈ പിടിച്ചു കയറ്റുന്നതിൽ സംവിധായകനും, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും പൂർണമായും വിജയിച്ചില്ല. തുടക്കത്തിലെ കഥയിൽ നിന്നും കേന്ദ്ര കഥയിലേക്കുള്ള മാറ്റം, അതിൽ തുടക്കത്തിൽ തന്നെ ഒരു ഫ്ലാഷ് ബാക്ക്, ഫ്ലാഷ് ബാക്കിനുള്ളിൽ ഒരു ഫ്ലാഷ് ബാക്ക് എന്നിവയായി ഒരല്പം മുഷിപ്പിച് കൊണ്ടാണ് തുടക്കം. പക്ഷെ അതിനു ശേഷം ചിരിക്കാനുള്ള അവസരങ്ങൾ ഏറെ ഒരുക്കി ചിത്രം പ്രേക്ഷകനെ ഒപ്പം കൂട്ടുകയാണ് .
ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ ജീവനാഡി. ഹാസ്യത്തിനൊപ്പം പ്രണയം, സസ്പെൻസ്, സെന്റിമെന്റ്സ് തുടങ്ങിയ ജനപ്രിയ ചേരുവകളും കഥയിൽ ആവശ്യാനുസരണം ലയിപ്പിച്ചു ചേർത്തിരിക്കുന്നു. മലയാളിക്ക് ചിരിക്കാൻ ദ്വയാർത്ഥ പ്രയോഗങ്ങൾ വേണം എന്ന സിബി-ഉദയകൃഷ്ണയെ പോലുള്ള തിരക്കഥാകൃത്തുക്കളുടെ ആശയം വിഷ്ണുവും ബിബിനും തിരക്കഥയിൽ ഒരിടത്തും പ്രയോഗിച്ചില്ല എന്നത് ആശ്വാസകരവും അഭിനന്ദനീയവുമാണ്. കഥക്ക് അനുയോജ്യമായ സന്ദർഭങ്ങളിലൂടെയും കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെയും സംഭാഷണ പ്രയോഗങ്ങളിലൂടെയും ചില ബാക് ഗ്രൗണ്ട് മ്യൂസിക്കുകളിലൂടെയും പ്രേക്ഷകരിൽ ചിരി ഉണർത്താൻ സംവിധായകനും തിരക്കഥകൃത്തുക്കൾക്കും കഴിഞ്ഞു.
കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം സലിം കുമാറിന്റെ തിരിച്ചു വരവ് കൂടെയായിരുന്നു ഈ ചിത്രം. ജോലി ചെയ്യാതിരിക്കുന്നതിന്റെ കരണമെന്തെന്നതിനു കൂട്ടുകാരന് കൊടുക്കുന്ന മറുപടിയിലൊക്കെ അദ്ദേഹത്തിലെ പഴയ നടനെ കാണാമായിരുന്നു.. പക്ഷെ പൂർണമായും പഴയ പ്രതിഭയിലേക്ക് അദ്ദേഹം ഉയരാതിരുന്നപ്പോൾ ധർമജൻ എന്ന നടൻ തന്റെ മിന്നുന്ന പ്രകടനത്തിലൂടെ ഉയർന്നു വരുന്ന കാഴ്ചയും ഈ ചിത്രം സമ്മാനിച്ചു. പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകൻ, മായാവിയിലെ സലിം കുമാർ എന്നിവരെ പോലെ ഹാസ്യം കൊണ്ട് നായക നടനെ കവച്ചു വെക്കുന്ന പ്രകടനമായിരുന്നു ധർമജന്റെത്. തുടക്കത്തിലെ പരീക്ഷ എഴുതുന്ന രംഗം, ഹോട്ടെലിൽ നിന്നും പഴം പൊരി കഴിക്കുന്ന രംഗം എന്നിവ പ്രേക്ഷകരുടെ കയ്യടികൾ വാരിക്കൂട്ടി. ഹാസ്യത്തിനൊപ്പം സെന്റിമെന്റ്സ് രംഗങ്ങളും തനിക്ക് ഭംഗിയാക്കാൻ കഴിയും എന്ന് അവസാന രംഗങ്ങളിലെ പ്രകടനങ്ങളിലൂടെ ധർമജൻ തെളിയിച്ചു.
നായകനായ കിച്ചുവിനെ അവതരിപ്പിച്ചത് തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണനായിരുന്നു.എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു നായക നടാനായി ഈ ചിത്രത്തിൽ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചു. ഇടക്കെപ്പോഴോ സംഭാഷണ ശൈലി മണിച്ചേട്ടന്റെ സംഭാഷണ ശൈലിയുമായി സാമ്യം പുലർത്തുന്നതായി തോന്നി. പക്വതയാർന്ന പ്രകടനത്തിലൂടെ സിജു വിൽസണും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സിദ്ധിക്കും ശ്രദ്ധ നേടി. 2 നായികമാർ ഉണ്ടായിരുന്ന ചിത്രത്തിൽ അഭിനയത്തിലെ മിതത്വം കൊണ്ട് കനി എന്ന കഥാപാത്രം അവതരിപ്പിച്ച ലിജോമോൾ പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റി. മേക് അപ്പിന്റെ അതിപ്രസരം പ്രയാഗ മാർട്ടിൻ അവതരിപ്പിച്ച ആന്മരിയ എന്ന കഥാപാത്രത്തിന്റെ മാറ്റ് ഒരല്പം കുറച്ചു.
ഇടുക്കി ലൊക്കേഷൻ ആകുന്ന മിക്ക ചിത്രങ്ങളും നയനാനന്ദകരമായ പ്രകൃതി രംഗങ്ങളാൽ സമ്പന്നമാകാറുണ്ട്. പ്രകൃതി തന്നെ പലപ്പോഴും ഒരു കഥാപാത്രമായി മാറാറുണ്ട് . പക്ഷെ ഈ ചിത്രത്തിൽ ചുരുക്കം ചില രംഗങ്ങൾ ഒഴിച്ചാൽ പ്രകൃതി ഭംഗിയെ പൂർണമായും ഉപയോഗപ്പെടുത്താൻ ക്യാമറാമാൻ ഷാംദത്തിനോ സംവിധായകൻ നാദിർഷക്കോ സാധിച്ചിട്ടില്ല. നാദിർഷായുടെ ഗാനങ്ങളും ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ആണ് വേറൊരു പോരായ്മ. ആദ്യ ഗാനം മാത്രമേ അല്പമെങ്കിലും കേൾക്കാൻ സുഖം നൽകുന്നുള്ളൂ . പ്രണയ രംഗങ്ങളും പ്രണയ ഗാനവും കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. സെന്റിമെൻറ് രംഗങ്ങളിലെ പശ്ചാത്തല സംഗീതം പഴയ നാടകങ്ങളെ അനുസ്മരിപ്പിച്ചു. മലയാള സിനിമയിലെ ചില ക്ളീഷേ രംഗങ്ങളെ ചിത്രത്തിൽ ഒരിടത് വിമർശിക്കുന്നെങ്കിലും നായകന്റെ വാൽ ആയ ഒരു കഥാപാത്രം, സെന്റിമെൻറ് രംഗങ്ങളിൽ കൂട്ടായെത്തുന്ന മഴ തുടങ്ങിയ ക്ളീഷേകൾ ഈ ചിത്രത്തിലും ആവർത്തിക്കപ്പെടുന്നു. അമർ അക്ബർ ആന്റണിയിലെ "പങ്കാളി" എന്ന പ്രയോഗം പോലെ ഈ ചിത്രത്തിലെ "സഹോ" എന്ന പ്രയോഗവും പുതുമയുള്ളതും സൗഹൃദത്തെ അടയാളപ്പെടുത്തുന്നതുമായിരുന്നു
തുടങ്ങിയ സ്ഥലത്തു നിന്നും വഴി മാറിയാണ് സഞ്ചരിക്കുന്നതെങ്കിലും ഒടുക്കം അവിടേക്ക് തന്നെ തിരിച്ചെത്തി കഥ അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ ചിത്രത്തിന് ഒരു പൂർണത ലഭിക്കുന്നുണ്ട്. ചില മേഖലകളിൽ ചിത്രത്തിന് പോരായ്മയുണ്ടെങ്കിലും കൃത്യമായ സന്ദർഭങ്ങളിൽ വരുന്ന ഹാസ്യം ആ പോരായ്മകളെ മറികടക്കാൻ സഹായിക്കുന്നുണ്ട്. ചില്ലറ ക്ഷാമം മൂലം മനസ്സ് മടുത്ത സാധാരണ പ്രേക്ഷകന് രണ്ടേ മുക്കാൽ മണിക്കൂർ എല്ലാം മറന്നു മനസ്സറിഞ്ഞു ചിരിക്കാനുള്ള അവസരമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ നൽകുന്നതെന്ന് വീതശങ്കം പറയാം. അതിനാൽ തന്നെ ചിരിക്കാൻ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കും ധൈര്യമായി ഒരു നോക്ക് കാണാവുന്നതാണ് ഈ കട്ടപ്പനയിലെ ഋത്വിക് റോഷനെ.

By: Rahul raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo