Slider

മുഹ്സിൻ (ചെറുകഥ)

0

19 മത്തെ വയസ്സിൽ നിക്കാഹ്, 21 മത്തെ വയസ്സിൽ വിവാഹ മോചിത. ഭർത്താവിന്റെ വീട്ടിൽ നിന്നും അവൾ പടിയിറങ്ങുമ്പോൾ ഒക്കത്ത് ഒന്നര വയസ്സുള്ള ഒരു പെൺ കുട്ടിയും, 3 മാസം ഗർഭിണിയും. ആയിഷ എന്ന എന്റെ കഥ വായിച്ച് എന്നോട് സംസാരിച്ച ആ സാധുവായ സ്ത്രീക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു.
കരിവളകൾ കിലുക്കി ഓത്തിനു പോകുമ്പോൾ കൂടെയുണ്ടായിരുന്ന കളിക്കൂട്ടുകാരൻ നിയാസ്. അവനു മുഹ്സിനേയും അവൾക്ക് അവനേയും പെരുത്തിഷ്ടായിരുന്നു.
മുഹ്സിനും നിയാസും വളർന്നു. അവരുടെ പ്രണയവും വളർന്നു. ആരുമറിയാത്ത ആ പ്രണയം അവരുടെ മനസ്സിൽ മാത്രം നിറഞ്ഞു നിന്നു.
മുഹ്സിനു താഴെ രണ്ടു അനിയത്തിമാർ.
**************************
മുഹ്സിൻ.. യ്യ് എവിടാ ഇബടെ ബാ, അന്നൊടൊരു കാര്യം ഉപ്പാക്ക് പറയാനുണ്ട്.
എന്താ ഉപ്പാ?
നാളെ അന്നെ കാണാൻ ചെക്കൻ വരുന്നുണ്ട്.
എനിക്കിപ്പോ നിക്കാഹ് വേണ്ടുപ്പാ. ഞാൻ പഠിക്കുവല്ലേ.
ഓൾടെ ഒരു പഠിത്തം. പഠിത്തോക്കെ ഇനി നിക്കാഹ് കഴിഞ്ഞും ആവാലോ. അന്റെ താഴെ രണ്ട് പെൺകുട്ട്യോളാ. അന്റെ കഴിഞ്ഞിട്ട് ബേണം അവറ്റകൾടെ കാര്യം നോക്കാൻ.
മുഹ്സിൻ ഓടി ഉമ്മേടെ അടുത്തേക്ക്
ഉമ്മാ, ഉപ്പയോടു പറ, എനിക്കിപ്പോ നിക്കാഹ് ബേണ്ടാന്ന്. ഞാൻ പഠിക്കട്ടെ ഉമ്മാ. അവൾ കെഞ്ചി പറഞ്ഞു
നീ മുണ്ടാണ്ടിരിക്കണുണ്ടോ മുഹ്സിൻ, ഇനി മൂക്കിൽ പല്ല് മുളച്ചിട്ടാ നിക്കാഹ് . ഉമ്മ ദേഷ്യത്തിൽ പറഞ്ഞു
ചെക്കന്റെ വീട്ടാരുമായി സംസാരിച്ചിരിക്കണ്. അവര് നിക്കാഹ് കഴിഞ്ഞും പഠിക്കാൻ ബിടാന്ന് സമ്മതിച്ച്. ഉമ്മേടെ കുട്ടി ബേജാറാവണ്ട.
പുയ്യാപ്ല കാണാൻ നല്ല ചേല് വിദേശത്ത് ജോലി. ഒരു വിധം നല്ല കായ് ഉണ്ട്. നിക്കാഹ് ഉഷാറായി നടന്നു.
എല്ലാവരും സന്തോഷിക്കുമ്പോൾ നിയാസിന്റെയും മുഹ്സിന്റെയും മനസ്സ് മാത്രം സന്തോഷിച്ചില്ല. സമൂഹത്തെയും വീട്ടുകാരെയും ഭയന്നിട്ടും മുഹ്സിന്റെ അനിയത്തിമാരെ ഓർത്തിട്ടും ഒരു പ്രണയം അവിടെ മൗനമായി ഇതൾ പൊഴിച്ചു.
എങ്കിലും അല്പം പ്രതീക്ഷകൾ മനസ്സിൽ തളിരിട്ടു കൊണ്ടാണ് മുഹ്സിൻ ഭർത്യ വീട്ടിലേക്കു പോയത്.
ആദ്യ രാത്രി തന്നെ ഒരു സ്ത്രീ തന്റെ സ്വപ്നങ്ങൾക്ക് അവസാനമിടുകയെന്നു വച്ചാൽ വല്ലാത്തൊരവസ്ഥയാണ്. അതാണ് മുഹ്‌സിന്റെ ജീവിതം.
പുതുമണവാട്ടിയായി അത്തറ് മണക്കുന്ന കട്ടിലിലിരിക്കുന്ന മുഹ്സിന് കിട്ടേണ്ടത് പ്രണയത്തിൽ ചാലിച്ച ഒരിക്കലും മറക്കുവാൻ പറ്റാത്ത പ്രണയാനുഭൂതികളുടെ നിമിഷങ്ങളാണ്. മുഹ്സിന് മാത്രമല്ല ഏതൊരു പെണ്ണിനും അത് തന്നെയാണ് കിട്ടേണ്ടത്.
എന്നാൽ, പുതിയൊരു ജീവിതത്തിന്റെ ആരംഭത്തിൽ പ്രണയത്തിനു പകരം അവൾക്കു പുതുമാരൻ സമ്മാനിച്ചത് ഒരു പെണ്ണും ഒരിക്കലും കേൾക്കുവാനിഷ്ടപ്പെടാത്ത കാര്യങ്ങളാണ്.
സുന്ദരിയായ മുഹ്സിന്റെ ഉടലിലേക്കു നോക്കി പുതുമാരൻ വഹീദ് പുഞ്ചിരി തൂകി, വശ്യമായ പുഞ്ചിരി.
മുഹ്സിൻ, എനിക്ക് നിന്നോടൊന്നും ഒളിക്കാനില്ല, ഞാനെല്ലാം തുറന്നു പറയാം.
അവൾ തെല്ലൊരാശങ്കയോടെ അവനെയൊന്നു നോക്കി
വിവാഹത്തിന് മുന്നേ വഹീദിന്റെ എല്ലാ ജീവിതവും നടപ്പും അവളോട് വിവരിച്ചു. വിദേശത്ത് ജോലി ചെയ്യുമ്പോൾ കിടന്നിട്ടുള്ള സ്ത്രീകളുടെ എണ്ണമടക്കം. ചിലരുമായി കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങളടക്കം കാണിച്ച് അറപ്പുളവാക്കാകുന്ന രതി വൈകൃതങ്ങൾ ചെയ്ത കാര്യം വരെ ഓരോന്നും അവൻ വിവരിച്ചു.
പിന്നെ, പഠിപ്പിക്കാൻ വിടാമെന്ന് പറഞ്ഞെങ്കിലും , നീ ഇനി എങ്ങും പോണില്ല. പഠനം എന്ന ആ പൂതിയങ്ങു ഉപേക്ഷിച്ചേക്ക്
മുഹ്‌സിൻ അകെ ഞെട്ടിത്തരിച്ചു പോയി
സാധാരണ കുടുംബത്തിൽപിറന്ന ഒരു പെണ്ണിന്റെ ആദ്യരാത്രി സ്വപ്നങ്ങൾ തകർന്നടിയുന്ന പോലെ. നെഞ്ചിലൊരു നീറ്റൽ, അകെ ഒരു അസ്വസ്ഥത. മണിയറയിൽ നിന്നും ഇറങ്ങിയോടിയാലോ എന്നവൾക്ക് തോന്നിപ്പോയി.
എങ്കിലും അമ്മേടെ വാക്കുകളവളോർത്ത് മൗനം പാലിച്ചിരുന്നു.
"പുയ്യാപ്ലക്ക് പല പല ബന്ധങ്ങളും ഉണ്ടാവും മുഹ്സിൻ , അവർ ആണുങ്ങളാണ്. ഇയ്യ് , അതൊക്കെ ക്ഷമിക്കണം. നിക്കാഹിനു ശേഷം നല്ലോനായി ജീവിച്ചാൽ അതാണ് നല്ലത്. തുടങ്ങിയ ഉപദേശങ്ങൾ ഓർത്തവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
അവൾ ചിന്തിച്ചു, നിക്കാഹിനു മുൻപ് അല്ലെ, ഇനി ഇക്ക നന്നായിക്കോളും. നല്ലൊരു ജീവിതം പടുത്തുയർത്താനവൾ മനസ്സിൽ ധൈര്യം പൂണ്ടു.
മനസ്സുകൊണ്ട് താല്പര്യം തോന്നിയില്ലെങ്കിലും ആദ്യ രാത്രി തന്നെ അവൻ അവളുടെ ശരീരം പുൽകി. അവനതൊന്നും ഒരു പുത്തരിയല്ലെന്ന ഭാവത്തിൽ.
അവൾക്കൊരു നോവിന്റെ അനുഭവവും.
ഇതാണോ, ഏറ്റവും മനോഹര സുഖമെന്ന് കരുതുന്ന ലൈംഗീകത. അവൾ ആകെ ആകുലയായി?
തുടർന്നുള്ള ദിവങ്ങളിൽ വഹീദ് നന്നാവുമെന്നു മുഹ്‌സിൻ കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. വഹീദ്അവളെ കാര്യമായി പരിഗണിച്ചില്ല.
നിക്കാഹ് കഴിഞ്ഞു രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും, വഹീദിന്റെ തനി സ്വഭാവം പുറത്തറിയാൻ തുടങ്ങി. വിദേശത്ത് മാത്രമല്ല നാട്ടിലും പല പല പരസ്ത്രീ ബന്ധമുണ്ടെന്ന് അവളെ അറിയാവുന്ന ഒരാൾ പറഞ്ഞപ്പോൾ, അത് നേരെയാവല്ലേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചു .
മുഹ്സിൻ ആകെ തളർന്നു പോയി. ജീവിതത്തിലെ ആശകളൊക്കെ തകർന്ന് പോണ പോലെ.
വൈകിട്ട് വന്ന വഹീദിനോട് മുഹ്സിൻ ആരാഞ്ഞു.
ഇക്ക, ഞാൻ ചിലതൊക്കെ കേക്കണ് ശരിയാണോ?
നീ എന്ത് കേട്ടുന്നാ പറയണത് മുഹ്സിൻ?
ഇക്കാക്ക് അടുത്ത വീട്ടിലെ ഒരു സ്ത്രീയുമായി ബന്ധമുണ്ടനെന്നും ഇപ്പോഴും കൂടെ കിടക്കാറുണ്ടെന്നും കേട്ട്.
ഇയ്യ് പറഞ്ഞത് നേരാ , ഞാൻ അങ്ങനാ. ജീവിതം ആസ്വദിക്കാനുള്ളതാ. ഞാൻ ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഒരു സ്ത്രീ മാത്രമല്ല പലരുമായും എനിക്കടുപ്പമുണ്ട് മുഹ്സിൻ.
അനക്ക് ഇഷ്ടമുണ്ടെങ്കിൽ എന്റെ ഒപ്പം താമസിക്കാം ഇല്ലേൽ പോവാം. പിന്നെ അനക്ക് മൊഞ്ച് തീരെ കുറവാ. വഹീദ് തുറന്നടിച്ചു പറഞ്ഞു .
നിക്കാഹ് കഴിഞ്ഞു ഒരു മാസം ആയിട്ടില്ല അപ്പോഴേക്കും പറയുവാ മൊഞ്ച് പോയിന്ന്.
എനിക്ക് മൊഞ്ച് കുറവാണെന്നു നിക്കാഹിനു മുന്നേ ഇക്കാക്ക് മനസ്സിലായതല്ലേ, പഠിപ്പിക്കാനും വീടാന്ന് പറഞ്ഞതല്ലേ.പിന്നെ എന്തിനാ അറിഞ്ഞോണ്ട് എന്നെ ചതിച്ചത്, ഞാനൊരു പാവമാണ് ഇക്ക. എന്നോടിങ്ങനെ ചെയ്യല്ലേ പിന്നെ എന്തിനാ എന്നെ നിക്കാഹ് ചെയ്തേ? മുഹ്‌സിൻ കരഞ്ഞു കൊണ്ട് ചോദിച്ചു.
വഹീദ് അതിനൊന്നും മറുപടി പറഞ്ഞില്ല. അത് കേൾക്കാത്തതായി ഭാവിച്ചു.
പാവം മുഹ്സിൻ, കരയുവാനല്ലാതെ എന്ത് ചെയ്യും . വീട്ടിൽ പോണമെന്നുണ്ട്. എന്നാൽ തന്റെ അനിയത്തിമാർ, താൻ പോയാൽ അനിയത്തിമാരുടെ നിക്കാഹ് നടക്കില്ല. പടച്ചോനെ, എന്ത് ചെയ്യും. ചെകുത്താനും കടലിനും ഇടയിൽ നിന്ന് വിമ്മിഷ്ടപ്പെടുന്നവളെ പോലെയായല്ലോ ഞാൻ.
മുഹ്സിൻ ഇരുന്നു കരഞ്ഞു
പിന്നീടങ്ങോട്ട് ദുരന്തത്തിന്റെ നാളുകളായിരുന്നു.
ഇനി അവൾ അനുഭവിച്ചത് പറഞ്ഞാൽ ഇത് വായിക്കുന്നവർ ചിലപ്പോ വിശ്വസിച്ചെന്നു വരികയില്ല , എങ്കിലും ഒരു സാധുവായ സ്ത്രീക്ക് സഹിക്കുന്നതിലപ്പുറം അവൾ സഹിച്ചു. സ്വന്തം സഹോദരിമാർക്ക് വേണ്ടി.
അടുത്ത വീട്ടിലെ സ്ത്രീയുമായി കിടപ്പറ പങ്കിട്ടു വീട്ടിൽ വന്ന ഉടനെ, വിവസ്ത്രനായി, മുഹ്സിനോട് ഇന്ന സ്ത്രീ ആയി ബന്ധപ്പെട്ടുവെന്നും, അവൾ കിടപ്പറയിൽ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്തു കൊടുത്തെന്നും അത് പോലെ തന്നെ മുഹ്സിനോട് ചെയ്യണമെന്നും പറയുന്നത് വഹീദ് സ്ഥിരമാക്കി.
തന്നെ ദയവു ചെയ്തു ഉപദ്രവിക്കരുതെന്നും. ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഹ്സിൻ കരഞ്ഞു കൊണ്ട് പറയുമ്പോൾ ആട്ടും, തുപ്പും, പരിഹാസവും, ഉപദ്രവവുമായിരുന്നു മറുപടി.
അവൾ അവന്റെ മുട്ടാളത്തരം എതിർക്കുന്നതിന്റെ ഫലമായി അവളെ ഒരുമിച്ച് കിടത്താൻ കൂട്ടാക്കാതെ , തറയിലേക്ക് തള്ളിയിടുകയും, അന്ന് മുതൽ ടൈൽസിട്ട തണുത്ത തറയിൽ ഒരു കിടക്ക വിരിപോലുമില്ലാതെ അവളെ കിടത്തലായിരുന്നു അവന്റെ പ്രതികാര നടപടി.
ടൈൽസിന്റെ തണുപ്പ് സഹിക്കാൻ വയ്യാതെ കുറെ രാത്രികൾ ഇരുന്നുറങ്ങിയിട്ടുണെന്നു അവൾ പറഞ്ഞപ്പോൾ ഈ എഴുത്തുകാരന്റെ മനസ്സിൽ ചെറിയൊരു മുള്ളു തറച്ച പോലെ.
അതിനിടക്ക് അമ്മായിയമ്മയുടെ വക പരിഹാസ വാക്കുകളും കുത്തും കോളും വച്ചുള്ള സംസാരവും. ഒരു മാസം കഴിഞ്ഞപ്പോൾ മുഹ്സിൻ ഗർഭിണിയാവാത്തതിൽ അവൾ മച്ചിയാണെന്നും പ്രസിവിക്കില്ലാനും വഹീദും വീട്ടുകാരും പറഞ്ഞു അവളെ കളിയാക്കി.
അപ്പോഴൊക്കെ മുഹ്‌സിന്റെ ചങ്ക് തകരുകയായിരുന്നു തൻറെ അനിയത്തിമാർക്കു വേണ്ടി സഹിക്കുക തന്നെ. അല്ലാതെന്ത് ചെയ്യും ചെയ്യും.
വീണ്ടും വഹീദിന്റെ രതി വൈകൃതങ്ങൾക്കു അടിമപ്പെടേണ്ടി വന്ന മുഹ്സിൻ ആ മാസം ഗർഭിണിയാവുകയും, ഇഷ്ടമില്ലാത്തവന്റെ കുഞ്ഞിനെ വഹിക്കേണ്ടതായും വന്നു.
അവളുടെ ഗർഭാവസ്ഥയിൽ അവൾക്ക് കിട്ടേണ്ടുന്ന ഒരു പരിഗണനയും കിട്ടിയില്ല. അത് മാത്രമല്ല പ്രസവത്തിനു വീട്ടിൽ പോയതിനു ശേഷം അവനോ അവന്റെ വീട്ടുകാരോ തിരിഞ്ഞു നോക്കുകയോ, കുഞ്ഞിനെ കാണാൻ വരുകയോ ചെയ്തില്ല.
നാട്ടുകാരെയും വീട്ടുകാരെയും ഒന്നും അറിയിക്കേണ്ട എന്ന് കരുതിയും അനിയത്തിമാരുടെ നിക്കാഹിന്റെ കാര്യമോർത്തും അവൾ വീണ്ടും വഹീദിന്റെ വീട്ടിൽ പോയി.
അവിടെ ചെന്നതിനു ശേഷവും വഹീദിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. വഹീദിന്റെ വീട്ടിൽ സന്ദർശരായിരുന്ന അവന്റ കൂട്ടുകാർക്ക് മുഹ്സിനെ കാഴ്ചവെക്കണമെന്ന ചിന്തയും വഹീദിനുണ്ടായിരുന്നു എന്ന് മുഹ്സിന് മനസിലായത്, വഹീദുള്ളപ്പോൾ തന്റെ കിടപ്പു മുറിയിൽ കയറി വരുന്ന കൂട്ടുകാരെ കണ്ടപ്പോഴാണ്.
ഇക്ക കൂട്ടുകാർ നമ്മുടെ കിടപ്പറയിൽ കയറി വരുന്നു എന്ന് പറഞ്ഞപ്പോൾ, "അതിനെന്താ, അവർക്ക് കിടന്നു കൊടുത്താൽ, അതിലൊന്നും ഒരു പ്രശ്നവുമില്ല. പിന്നെ ഒച്ച വെച്ച് നീ ആളുകളെ അറിയിക്കണ്ട" എന്ന മറുപടിയാണ് കിട്ടിയത്.
എങ്കിലും കൂട്ടുകാർ മുറിയിൽ വരുമ്പോൾ മുഹ്സിൻ ഒച്ച വെച്ച് കരഞ്ഞു അവരെ പുറത്താക്കുമായിരുന്നു.
ഇതോട് കൂടി ആകെ തളർന്നു പോയ മുഹ്സിന് കരയാൻ കണ്ണുനീരുണ്ടായിരുന്നില്ല.
ഇപ്പോൾ തോന്നുന്നു തന്റെ എല്ലാമായ നിയാസിന്റെയൊപ്പം ഒളിച്ചോടുന്നതായിരുന്നു ഇതിലും നല്ലതെന്ന് . മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കു വേണ്ടി ബലിയാടാവുന്ന അനേകരിൽ ഒരാൾ കൂടി, അതെ ഈ ഞാൻ, മുഹ്‌സിന്റെ ദേഹം വിറയ്ക്കാൻ തുടങ്ങി.
ദിവസങ്ങളങ്ങനെ കുറച്ച് കഴിഞ്ഞു. അപ്പോഴേക്കും അവളുടെ അനിയത്തിമാരുടെ നിക്കാഹ് കഴിഞ്ഞിരുന്നു.
വീണ്ടും വഹീദ് പരസ്ത്രീ ബന്ധം തുടരുകയും, അവനവളെ അടിമയെക്കാൾ താഴെയുള്ള സ്ഥാനം കൊടുത്ത് പെരുമാറുകയും ചെയ്തു. അവൻ മാത്രമല്ല അമ്മായിയമ്മയും പീഡനം തുടർന്നപ്പോൾ ഒരു നിമിഷം പിടിച്ച് നിലക്കാൻ സാധിക്കില്ലാന്നു കണ്ട അവൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ഒരിക്കൽ വേശ്യയുടെ അടുക്കൽ പോയി ബന്ധപെട്ടു, തിരികെ വന്നു അവൾക്കിഷ്ടമില്ലാത്ത രതി രീതികൾ അവളിൽ അടിച്ചേൽപ്പിച്ചപ്പോൾ, അവളതു നിരസിക്കുകയും എതിർക്കുകയും ചെയ്തപ്പോൾ അവളെ പൊതിരെ തല്ലി അവശയാക്കുകയും ചെയ്തു. ആകെ അവശനിലയിലായ മുഹ്‌സിൻ സഹായത്തിനായി കേഴുകയും,
അപ്പോൾ വഹീദ് മുഹ്സിന്റെ മാതാപിതാക്കളെ വിളിച്ച് ഇപ്രകാരം പറയുകയും പറയുകയും ചെയ്തു.
നിങ്ങളുടെ മോളെ ഞാൻ തല്ലി അവശയാക്കിയിട്ടുണ്ട്. അവളെ ജീവനോടെ വേണമെങ്കിൽ വന്നു കൊണ്ട് പൊയ്ക്കോണം"
പേടിച്ചരണ്ട അവളുടെ മാതാപിതാക്കൾ അപ്പോ തന്നെ വരികയും മുഹ്സിനെ കൂട്ടി പോവുകയും ചെയ്തു.
അവൾ അവിടുന്നു പടിയിറങ്ങുമ്പോൾ ഒരു പെൺകുട്ടി അവളുടെ ഒക്കത്തും വേറൊരു ജീവൻ അവളുടെ വയറ്റിലും വളരുന്നുണ്ടായിരുന്നു.
മൂന്ന് മാസം ഗർഭിണിയായ അവളെയാണ് ആ വഹീദ് ഇബിലീസ് തല്ലി ചതച്ചത്.
വഹീദെന്ന കാട്ടാളന്റെ രണ്ടാമത്തെ സന്തതിയെ അലസിപ്പിച്ച് കളയണമെന്നു അവൾക്കാഗ്രഹമുണ്ടായിരുന്നെങ്കിലും മനസാക്ഷി നിമിത്തം അവളത് ചെയ്തില്ല.
പിന്നീട് രണ്ടു മക്കളെയും അവൾ വളർത്തുവാൻ തീരുമാനിച്ചു.
അവളുടെ ഇഷ്ടങ്ങൾ, അവളുടെ ആഗ്രഹങ്ങൾ, അവളുടെ വികാരങ്ങൾ, അവളുടെ സ്നേഹം, അവളുടെ പ്രണയം, ആരോടും പറയാൻ കഴിയാതെ അതിലുപരി അവളെ അവളാക്കിയ അവളുടേതായ ലോകം അവൾക്കു മുന്നിൽ തുറന്നു.
വിവാഹ മോചിതയായ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ജീവിത നേർകാഴ്ചയുടെ മുഖങ്ങൾ. രാത്രിയും പകലും ഫോണിലേക്കു കൂടെ കിടക്കാൻ വരുന്നോണ് ചോദിക്കുന്ന, പരസ്പരം അറിയാവുന്നവരുടെ, മേലുദ്ദോഗസ്ഥരുടെ കോളുകൾ.
വിവാഹ മോചിതയായ സ്ത്രീകൾ കാമ ശമനത്തിനാഗ്രഹിക്കുന്നുവെന്ന സമൂഹത്തിന്റെ വികല ചിന്തകൾ. അവൾ വീണ്ടും പരീക്ഷിക്കപ്പെടുന്നു.
ആരുമറിയാതെ കണ്ണുനീർ ഇടക്കിടെ അറിയാതെ മിഴികളിൽ നിന്ന് വീഴുമെങ്കിലും ഒന്നിലും പതറാതെ ജീവിത വിജയം കൈവരിച്ച മറ്റൊരു ധീര വനിത. വിവാഹ മോചനം ഒരു പെണ്ണിന്റെ അവസാനമല്ല എന്ന് തെളിയിച്ച ആദർശ വനിതാ.
വിവാഹ മോചനം നേടിയ അവളിന്ന് സ്വന്തമായി ഒരു വ്യവസായ സ്ഥാപനം നടത്തുന്നു.
അവൾ ഇന്നത്തെ ധീര മുഹ്സിനായതിന്റെ കഥ ഇതിലും വെല്ലുവിളി നിറഞ്ഞതാണ്. മറ്റൊരവസരത്തിൽ, ഒരു സ്ത്രീക്ക് സ്വന്തം കാലിൽ നില്ക്കാൻ പറ്റുമെന്ന് തെളിയിച്ച മുഹ്‌സിന്റെ അനുഭവം എഴുതാൻ ശ്രമിക്കുന്നതാണ്.
ഒരു ആശ്ചര്യമെന്നു പറയാവുന്ന കാര്യം , അവൾ അന്ന് സ്നേഹിച്ച നിയാസ് ഇന്നും വിവാഹം കഴിക്കാതെ അവൾക്കായി കാത്തിരിക്കുന്നു എന്നതാണ്. എന്നാൽ മുഹ്‌സിൻ വേറൊരു വിവാഹത്തിന് ഇനിയൊട്ടു തയ്യാറല്ല താനും.
ജീവിതം പച്ച പിടിച്ചെങ്കിലും സ്ത്രീമനസ്സിന്റെ മൃദു ഭാവം അവൾ അറിയുന്നു. കണ്ണുനീരിന്റെ ചാലുകളിൽ.
.....................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo