Slider

നിലയ്ക്കാത്ത യാത്രകൾ ...(കഥ )

0

നിർവ്വികാരത ഞാൻ ഏറ്റവും വെറുത്തിരുന്ന ഭാവമായിരുന്നു, എങ്കിലും ചില അവസരങ്ങളിൽ എന്നെയുമത് കീഴ്പ്പെടുത്തിയിരുന്നു.
ഓർമ്മകളിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ പോലെ പുറത്തെ കാഴ്ചകളും . ഭ്രാന്തനെപ്പോലെ നിലവിളിച്ചു കൊണ്ട് പായുന്ന തീവണ്ടിക്കുള്ളിലെ എനിക്കനുഭവപ്പെട്ട വീർപ്പുമുട്ടൽ എനിക്കായ് ഞാൻ തീർത്ത തടവറയിലേതു തന്നെയാണ്.....
ബറോഡയിലുള്ള എന്റെ ജോലി സ്ഥലത്തെത്തിച്ചേരാൻ ഇനിയും ഒരു ദിനം ബാക്കിയാണ് .....
എന്റെ സീറ്റ് ജനലിനോട് ചേർന്നായിരുന്നതിനാൽ ഒപ്പം യാത്ര ചെയ്തിരുന്നവരെ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കും നോക്കി ഞാനിരുന്നു ... എനിക്കഭിമുഖമായിരുന്ന വേണുവേട്ടൻ എന്തൊക്കെയോ എന്നോട് സംസാരിച്ചുകൊണ്ടേ യിരുന്നു...
അമ്പത്തഞ്ച് വയസ്സിനു മുകളിൽ പ്രായം തോന്നുന്ന അയാൾ കയറി വന്ന ഉടൻ തന്നെ എന്നോട് ചങ്ങാത്തത്തിലാവാൻ ശ്രമിച്ചുവെങ്കിലും ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകി ഞാൻ തടവറക്കുള്ളിൽത്തന്നെ കഴിഞ്ഞു...
വേണുവേട്ടൻ മുംബൈയിലാണ് താമസം.. ഇടക്കിടക്ക് നാട്ടിൽ വന്നു പോകും... രണ്ടു പെൺമക്കളെയും വിവാഹം കഴിച്ചയച്ചതിനു ശേഷം തന്റെ അല്ലറ ചില്ലറ ബിസിനസ്സുകൾ നോക്കി നടത്തി ഏതാണ്ട് വിശ്രമജീവിതം നയിക്കുന്നു..
അലക്ഷ്യമായ ചിന്തകളുടെ നിഴലാട്ടങ്ങൾക്കിടയിലും അയാൾ പറഞ്ഞ ഒരു കാര്യം ഓർമ്മിക്കാതിരിക്കാൻ കഴിയില്ല..
ഞങ്ങൾ യാത്ര ചെയ്തിരുന്ന തീവണ്ടിക്ക് അര മണിക്കൂർ മുൻപേ അതേ പാതയിൽ പോയ വണ്ടിയിലാണ് അയാളുടെ ശ്രീമതിയുടെ യാത്ര....
എന്തുകൊണ്ട് ഒരേ വണ്ടിയിൽ യാത്ര ചെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു....
"അവർക്ക് ട്രാവലിംഗ് ആവേശമാണ് ..... മഹാനഗരത്തിലെ തിരക്കേറിയ യാത്രകൾ അവരിഷ്ടപ്പെടുന്നു..
എൻ ജോയ് ചെയ്യുന്നു.... "
ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാൻ മുതിർന്നില്ല..
ഇടക്ക് അയാൾ ശ്രീമതിയെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ അവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല .. നല്ല സുഹൃത്തുക്കളെപ്പോലെയാണ് എന്നെനിക്കു മനസ്സിലായി .....
കണ്ണുകൾ അറിയാതെ അടഞ്ഞപ്പോൾ എനിക്കും എന്റെ പ്രിയപ്പെട്ടവളെ ഓർമ്മ വന്നു..
എന്നായിരുന്നു ജീവിതത്തിലെ താളപ്പിഴകൾ തുടങ്ങിയത്.. അധികകാലം നീളാത്ത ദാമ്പത്യത്തിനൊടുവിൽ യാത്ര പറഞ്ഞ് പോകുമ്പോളും ഞാനവളെ ജീവനു തുല്യം സ്നേഹിച്ചിരുന്നു...
പ്രേമത്തിന് കണ്ണും കാതുമൊന്നുമില്ലെങ്കിലും സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നു വീണ ഒരുവൾക്ക് ഒരു സാധാരണക്കാരന്റെയൊപ്പം ജീവിക്കേണ്ടി വരുമ്പോൾ നേരിടേണ്ടി വരുന്ന അവസ്ഥകളെ അതിജീവിക്കാൻ കഴിയാതെ വന്നാൽ പിരിയുന്നതാണ് നല്ലതെ ന്നെനിക്കും തോന്നി......
തീവണ്ടി ചൂളം വിളിയോടെ ഏതോ സ്റ്റേഷനിൽ വന്നു നിന്നു.. പ്ലാറ്റ് ഫോമിലെ കച്ചവടക്കാരുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്.....
വേണുവേട്ടൻ സീറ്റിലുണ്ടായിരുന്നില്ല.. ഒരു പക്ഷെ പുറത്തിറങ്ങി ശ്രീമതിയെ കാൾ ചെയ്യുകയാവും... ക്യാബിനിൽ ആളുകൾ നിറയാൻ തുടങ്ങി....
പെട്ടെന്നാണ് പരിചിതമായ ഒരു മുഖം കണ്ണിൽപ്പെടുന്നത്... എനിക്ക് എന്റെ കോളേജ് സഹപാഠികളെ ഓർമ്മ വന്നു....
അതേ ,ഇത് രോഹിത് തന്നെയല്ലേ .?
ഇരുപത് വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച ... മുഖത്തിന് രൂപമാറ്റം സംഭവിച്ചു എങ്കിലും താഴെ നിരയിലുള്ള പല്ലുകളുടെ ആകൃതി അവനെ ഒറ്റ നോട്ടത്തിൽത്തന്നെ തിരിച്ചറിയാൻ എനിക്ക് പര്യാപ്തമായിരുന്നു..
ഇടക്കിടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു എങ്കിലും പരിചയത്തിന്റെ ലാഞ്ഛന ലേശമില്ല...
അല്പനേരം കഴിഞ്ഞപ്പോൾ ഞാൻ മൃദുസ്വരത്തിൽ അയാളോട് ചോദിച്ചു...
"താങ്കളുടെ പേര് രോഹിത് എന്നാണോ ?"
"ഹേയ് അല്ല "...അയാളുടെ മറുപടി..
ഞാൻ പിന്നീട് കൂടുതലൊന്നും സംസാരിക്കാൻ മുതിർന്നില്ല ..
ഒരാളെപ്പോലെ ലോകത്ത് ഏഴു പേരുണ്ടാകും എന്നാണല്ലോ പറയപ്പെടുന്നത് .. എനിക്ക് തെറ്റുപറ്റിയതാവാം ഞാൻ ആശ്വസിച്ചു.....
വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് വേണുവേട്ടൻ കയറിയത്... എന്റെ സംസാരത്തിലുള്ള വിമുഖതയാവാം മറ്റു യാത്രക്കാരോടിഴ പഴകുവാൻ അയാളെ പ്രേരിപ്പിച്ചത് .....
എനിക്കെന്റെ കോളേജ് പഠനകാലം ഓർമ്മ വന്നു..ഒപ്പം എന്റെ പ്രിയപ്പെട്ടവളെയും സഹപാഠികളെയും...
രോഹിത് എന്റെ ക്ലാസ്സിലായിരുന്നു... താമസം ഹോസ്റ്റലിലെ അടുത്തടുത്ത മുറികളിലും ..... കോളേജ് കാലം അവസാനവർഷമായപ്പോഴാണ് ഏതോ നിസ്സാര കാര്യത്തിന് ഞങ്ങൾ പിണങ്ങിയത്.... പിന്നീടുള്ള ദിനങ്ങളിലെല്ലാം കാണുമ്പോൾ ഒഴിഞ്ഞുമാറുമായിരുന്നു ..പക്ഷെ എന്തിനാണ് പിണങ്ങിയത് എന്ന് മാത്രം ഓർമ്മ കിട്ടുന്നില്ല.....
അവന്റെ വെളുത്ത നിറവും ജൻമദേശമായ പാലക്കാടും ചേർത്ത് ഞങ്ങൾ അവനൊരു പേര് നല്കി
 "പട്ടര് "....
കോളേജ് ഇടനാഴികളും ,ക്ലാസ്സ് മുറിയും ,പുറത്തെ വാകമരങ്ങളും ,ലൈബ്രറിയും ,അദ്ധ്യാപകരും പിന്നെ എന്റെ പ്രണയവും എല്ലാം മനസ്സിൽ നിന്നടർത്തി മാറ്റി നിർവികാരതയോടെ ഞാൻ വീണ്ടും കണ്ണടച്ചു...
വേണുവേട്ടനും രോഹിതിനെപ്പോലെ എനിക്ക് തോന്നുന്നയാളും പെട്ടെന്ന് തന്നെ കമ്പനിയായിരിക്കുന്നു.... അവരുടെ ഉച്ചത്തിലുള്ള ആനുകാലിക ചർച്ചകൾ എന്റെ കാതുകളിൽ അലയടിച്ചു കൊണ്ടേ യിരുന്നു .......
ഞാൻ വീണ്ടും മെല്ലെ ഉറക്കത്തിലേക്ക് ....
തീവണ്ടി വടക്കോട്ടുള്ള പ്രയാണത്തിൽ കേരളവും ,കർണ്ണാടകയും, ഗോവയും താണ്ടി മഹാരാഷ്ട്രയിലെത്തി .... എന്റെ യാത്ര തുടങ്ങിയിട്ട് ഒരു നാൾ പിന്നിട്ടിരിക്കുന്നു...
ക്യാബിനിൽ ഇപ്പോൾ തിരക്ക് കുറവാണ് ....വേണുവേട്ടൻ ഒരു യോഗി വര്യനെപ്പോലെ ഇടക്ക് താടിയിലെ വെള്ളി രോമങ്ങൾ തഴുകി എന്റെ മുൻപിലിരുന്ന് സംസാരിക്കുകയാണ് ....
" അടുത്ത സ്റ്റേഷനിൽ ഞാനിറങ്ങുകയാണ് .. പിന്നീടവിടുന്ന് ലോക്കൽ ട്രെയിൻ പിടിക്കണം ... "
അവിടെയും ശ്രീമതി അയാൾക്കായ് കാത്തുനിൽക്കില്ല എന്നറിഞ്ഞപ്പോൾ എനിക്കവരോട് ദേഷ്യം തോന്നി...
വേണുവേട്ടൻ തന്റെ ബാഗുകളുമെടുത്ത് വാതിലിലേക്കു നീങ്ങുമ്പോൾ ഒരെണ്ണം ഞാനുമെടുത്ത് അയാളെ അനുഗമിച്ചു .... ട്രെയിൻ ഒരു ഞരക്കത്തോടെ സ്റ്റേഷനിലെത്തി കിതച്ച് നിന്നു ....
വേണുവേട്ടൻ എന്റെ കൈകൾ പിടിച്ചു കുലുക്കി ദൈവാനുഗ്രഹമുണ്ടെങ്കിൽ ഇനിയും കാണാമെന്ന് പറഞ്ഞ് യാത്ര ചോദിച്ചപ്പോൾ ഞാൻ വെറുതെ തിരക്കി ...
"താങ്കൾക്കൊപ്പം ഇന്നലെ വൈകുന്നേരം സംസാരിച്ചുകൊണ്ടിരുന്ന ,ഒരാളുണ്ടായിരുന്നല്ലോ ...ആളുടെ പേരെന്താണ് ... ഓർമ്മയുണ്ടോ ..?
"ഓ അയാൾ രോഹിത് ... പാലക്കാട്ട് നിന്നും കയറി കണ്ണൂർ ഇറങ്ങിയിരുന്നു .... എന്താ ചോദിച്ചത്?"
"ഹേയ് ഒന്നുമില്ല .... "
വേണുവേട്ടൻ തിരക്കിനുള്ളിൽ മറഞ്ഞു ....
എനിക്ക് രോഹിതി നോട് പിണക്കമൊന്നും തോന്നിയില്ല .അവനിന്നും എന്നെ ഇഷ്ടപ്പെടുന്നില്ലായിരിക്കാം ....
വീണ്ടും നിർവികാരതയോടെ ട്രെയിനിനുള്ളിലേക്ക് കയറാൻ തുടങ്ങവേ , പിന്നിൽ നിന്നൊരു വിളി .... കഴിഞ്ഞ സംഭവങ്ങൾ എന്റെ ഓർമ്മകളിൽ നിന്നടർത്തി മാറ്റാൻ ശ്രമിക്കുകയായിരുന്നു ഞാൻ ...
ഞാൻ തിരിഞ്ഞു നോക്കി ...
"ഹലോ ,എനിക്ക് താങ്കളെ നല്ല പരിചയം തോന്നുന്നു .. എവിടെയെന്നറിയില്ല ... എന്താണ് പേര് ...? "
" ക്ഷമിക്കണം സുഹൃത്തേ ,നിങ്ങൾ കരുതുന്ന ആൾ ഞാനാവില്ല...ആളു തെറ്റിയതാവും .....
എനിക്കിനിയും ഏറെ ദൂരം പോകേണ്ടതുണ്ട് ..... ഞാൻ കയറുമ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.......
കൃഷ്ണ കുമാർ .കെ (16. 12 .2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo