മനുവേട്ടാ മോളോടൊന്ന് അടങ്ങി കിടക്കാൻ പറഞ്ഞേ,എന്തൊരു ചവിട്ടാ ഈ പെണ്ണ് ചവിട്ടുന്നതെന്ന് അറിയോ!അതു പിന്നെ എങ്ങിനാ അച്ഛൻ്റെയല്ലേ മോൾ,ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്ന് ഇടിക്കാൻ വരണ അച്ഛൻ്റെ മോൾ വയറ്റിൽ കിടന്ന് ചവിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ" മീരയുടെ പരാതി പറച്ചിൽ കേട്ടാണ് മനു ലാപ്ടോപ്പിൽ നിന്ന് കണ്ണുകൾ ഉയർത്തിയത്.ഇനിയും ഇതിനുമുൻപിലിരുന്നാൽ പരാതിയുടെ അളവ് കൂടിക്കൊണ്ടിരിക്കുമെന്ന് മനസിലോർത്തുകൊണ്ട് മനു ലാപ്ടോപ്പ് ഓഫ് ചെയ്ത് മീരയുടെ അരികിൽ കട്ടിലിലിരുന്നു.അവളുടെ വലതുകെെ തൻ്റെ കെെക്കുള്ളിലാക്കി മെല്ലെ തലോടിക്കൊണ്ട് മനു അവളെ വാൽസല്യപൂർവ്വം നോക്കി.നന്നേ വെളുത്തുമെലിഞ്ഞ അവളുടെ മുഖത്ത് വല്ലാത്ത വിളർച്ച ബാധിച്ചിരുന്നു.മനു തൻ്റെ ഇടതുകെെക്കുള്ളിൽ അവളുടെ കെെചേർത്തുപിടിച്ചുകൊണ്ടുതന്നെ അവളുടെ വയറ്റിൽ തൻ്റെ വലതുകെെചേർത്തു തലോടി."അച്ഛൻ്റെ മോളെന്തിനാ അമ്മയെ ചവിട്ടി വേദനിപ്പിക്കുന്നത്, അമ്മ പാവമല്ലേ,നല്ല കുട്ടിയായിട്ടു അമ്മയെ ശല്യപ്പെടുത്താതെ കിടന്നുറങ്ങിയേ,പാവം അമ്മ ഇന്നെങ്കിലും ഒന്നു ഉറങ്ങട്ടേ,"എന്നു പറഞ്ഞുകൊണ്ടു മനു അവളുടെ വയറ്റിൽ മൃദുവായി ചുംബിച്ചു.
"മോളേ വഴക്കു പറയല്ലേ മനുവേട്ടാ,അവൾക്കെന്തറിയാം,അവളു ചവിട്ടിക്കോട്ടേ,അവളുടെ ഓരോ ചവിട്ടേൽക്കുമ്പോഴും എൻ്റെയുള്ളിൽ സന്തോഷമാ"മനുവിൻ്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ടു മീര മെല്ലെ പറഞ്ഞു.അവളുടെ ശബ്ദമിടറുന്നതു കേട്ടാണ് മനു മുഖമുയർത്തിയത്.അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പികഴിഞ്ഞിരുന്നു."എന്താ മോളേ നീ ഇങ്ങനെ,കുഞ്ഞിനെക്കാൾ കഷ്ടമാണല്ലോ അമ്മ,അവൾക്ക് എല്ലാം മനസിലായി നല്ല കുട്ടിയായി ഉറങ്ങുന്നതു കണ്ടില്ലേ,പിന്നെ നീയെന്തിനാ സങ്കടപ്പെടുന്നത്" മീരയെ തൻ്റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി മനു പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.അവൾ ഒക്കെയും മൂളിക്കേട്ടു കിടന്നു."ഞാനുറങ്ങിപ്പോയാൽ മോളെ ശ്രദ്ധിച്ചോളണേ മനുവേട്ടാ" ഇടയ്ക്കിടെ മയക്കത്തിൽ നിന്നും ഞെട്ടിയുണരുമ്പോളൊക്കെ അവൾ മനുവിനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
രാത്രി ഏറെ വെെകിയിട്ടും മനുവിന് ഉറങ്ങാനേ കഴിഞ്ഞില്ല.തൻ്റെ നെഞ്ചിൽ മുഖംചേർത്ത്, ഇടതുകെെകൊണ്ട് വയറ്റിനുള്ളിലുറങ്ങുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് മയങ്ങുന്ന മീരയെ നോക്കി കിടന്നപ്പോൾ മനുവിൻ്റെ കണ്ണുകൾ അവൻപോലുമറിയാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
ഇതിപ്പോൾ പതിവാണ്,ഉറക്കത്തിനുമുൻപുള്ള ഈ പരാതി പറച്ചിലും പിണക്കവും.പകലുമുഴുവൻ കേൾക്കുന്ന സഹതാപവാക്കുകളോടുള്ള പ്രതിഷേധമാണ് മോളോടുള്ള ഈ പിണക്കം.കരഞ്ഞുകരഞ്ഞു തളരാൻ വയ്യാത്തതുകൊണ്ടാണോ കരഞ്ഞാൽ മനസുകെെവിട്ടുപോകുമെന്ന് പേടിച്ചിട്ടാണോ എന്നറിയില്ല അവളിതുവരെ കരയാത്തത്.
ലേബർറൂമിൽ നിന്ന് കുഞ്ഞില്ലാതെ അവളുമാത്രം പുറത്തേക്കുവരുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ പേടിച്ച് നിൽക്കയായിരുന്നു മനു.പക്ഷേ വീൽചെയറിൽ പുറത്തേക്കു വരുമ്പോൾ അവൾ മനുവിനെ നോക്കി ചിരിക്കയാണു ചെയ്തത്.കരയുന്ന തൻ്റെ അമ്മയെയും അച്ഛനെയും അവൾ ആശ്വസിപ്പിക്കുന്നതുകേട്ട് അടുത്ത ബെഡ്ഡിലെ സ്ത്രീ അടക്കം പറയുന്നതുകേട്ടു" ഇപ്പഴത്തെ പിള്ളേർക്ക് പത്തുമാസം ചുമന്നുപെറ്റ കൊച്ച് ചത്താൽ പോലും ഒരു സങ്കടോം ഇല്ല,രണ്ടു ദിവസമായി,ആ പെണ്ണിൻ്റെ കണ്ണിന്ന് ഇതുവരെ ഒരുതുള്ളി കണ്ണീരു വന്നു ഞാൻ കണ്ടില്ല,കലികാലം അല്ലാതെന്തു പറയാനാ"അവരുടെ അടക്കം പറച്ചിൽ കേട്ടിട്ടെന്നോണം അവൾ തെല്ലുറക്കെ ചിരിച്ചു.ഡിസ്ചാർജ്ജ് ആകുന്ന ദിവസം മാത്രം അവളുടെ കണ്ണുനിറയുന്നതു മനു കണ്ടു.അന്ന് അടുത്ത ബെഡ്ഡിലെ പെൺകുട്ടിക്ക് മുലപ്പാൽ ഇല്ലാത്തതു കാരണം വിശന്നു കരയുന്ന കുഞ്ഞിനെ വാങ്ങി മുലയൂട്ടിയപ്പോൾ തൻ്റെ കണ്ണുനിറയുന്നത് ആരും കാണാതിരിക്കാനെന്നോണം അവൾ ബെഡ്ഡിനുസെെഡിലെ കർട്ടൻ വലിച്ചിട്ടിരുന്നു.കുഞ്ഞിനെ തിരിച്ചുകൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കാണരുതെന്ന് ആഗ്രഹിച്ചിട്ടെന്നവണ്ണം മനു അവളെ തൻ്റെ നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു.
തിരികെവീട്ടിലെത്തിയതു മുതൽ തുടങ്ങിയതാണ് അയൽക്കാരുടെയും ബന്ധുക്കളുടെയും സന്ദർശനവും സഹതാപം പറച്ചിലും.ആദ്യത്തെ ഒരാഴ്ച ലീവെടുത്ത് മനു അവൾക്ക് കാവലിരുന്നു,കണ്ണുകൾ നിറഞ്ഞില്ലെങ്കിലും ആ മനസ് നീറുന്നത് മനു അറിയുന്നുണ്ടായിരുന്നു,ആദ്യമൊക്കെ എല്ലാരെയും പോലെ അവനും ആശിച്ചിരുന്നു അവളൊന്നു കരഞ്ഞിരുന്നെങ്കിലെന്ന്,പക്ഷേ ഇപ്പോൾ അവനറിയാം കരഞ്ഞുതുടങ്ങിയാൽ പിന്നെ തനിക്ക് തൻ്റെ മീരയെ ഒരിക്കലും തിരികെ കിട്ടില്ലെന്ന്.ആ തിരിച്ചറിവാണ് തൻ്റെ കണ്ണീരും അവളുടെ മുൻപിൽ മറച്ചുവയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നത്.
ഇപ്പോൾ മീരയെ ചേർത്തുപിടിച്ച് ഇങ്ങനെ കിടക്കുമ്പോൾ അവളെപ്പോലെതന്നെ അവനും തോന്നി അവളുടെ വയറ്റിൽ തൻ്റെ കുഞ്ഞുറങ്ങുന്നുണ്ടെന്ന്.തൻ്റെ കെെകൾ മീരയുടെ കെെകൾക്ക് മീതേ വച്ച് ആ വയറ്റിൽ ചേർത്തുപിടിച്ചപ്പോൾ അവനും തോന്നി മോളൊന്നു ചവിട്ടിയപോലെ.
തിരികെവീട്ടിലെത്തിയതു മുതൽ തുടങ്ങിയതാണ് അയൽക്കാരുടെയും ബന്ധുക്കളുടെയും സന്ദർശനവും സഹതാപം പറച്ചിലും.ആദ്യത്തെ ഒരാഴ്ച ലീവെടുത്ത് മനു അവൾക്ക് കാവലിരുന്നു,കണ്ണുകൾ നിറഞ്ഞില്ലെങ്കിലും ആ മനസ് നീറുന്നത് മനു അറിയുന്നുണ്ടായിരുന്നു,ആദ്യമൊക്കെ എല്ലാരെയും പോലെ അവനും ആശിച്ചിരുന്നു അവളൊന്നു കരഞ്ഞിരുന്നെങ്കിലെന്ന്,പക്ഷേ ഇപ്പോൾ അവനറിയാം കരഞ്ഞുതുടങ്ങിയാൽ പിന്നെ തനിക്ക് തൻ്റെ മീരയെ ഒരിക്കലും തിരികെ കിട്ടില്ലെന്ന്.ആ തിരിച്ചറിവാണ് തൻ്റെ കണ്ണീരും അവളുടെ മുൻപിൽ മറച്ചുവയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നത്.
ഇപ്പോൾ മീരയെ ചേർത്തുപിടിച്ച് ഇങ്ങനെ കിടക്കുമ്പോൾ അവളെപ്പോലെതന്നെ അവനും തോന്നി അവളുടെ വയറ്റിൽ തൻ്റെ കുഞ്ഞുറങ്ങുന്നുണ്ടെന്ന്.തൻ്റെ കെെകൾ മീരയുടെ കെെകൾക്ക് മീതേ വച്ച് ആ വയറ്റിൽ ചേർത്തുപിടിച്ചപ്പോൾ അവനും തോന്നി മോളൊന്നു ചവിട്ടിയപോലെ.
കരഞ്ഞാൽ മാത്രമേ സങ്കടമുള്ളൂ എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു മുൻപിൽ എൻ്റെ മീര ചിലപ്പോളൊരു അപവാദമായേക്കാം.എങ്കിലും ഇങ്ങനെയും ചില മീരമാർ നമുക്കുചുറ്റുമുണ്ടെന്ന് ഒരോർമ്മപ്പെടുത്തൽ മാത്രമാണിത്.
വിജിത വിജയകുമാർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക