Slider

കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം - 1

1

കുഞ്ചൻ നമ്പ്യാരുടെ "പതിന്നാലു വൃത്തം"
-- ഒരു സാമാന്യ പഠനം
- എം. എം. ദിവാകരൻ, പുനെ
=================================
ആമുഖം:
*************
തുള്ളൽ കൃതിയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ അന്നത്തെ എല്ലാ കാവ്യശാഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നീതിശാസ്ത്രമായ പഞ്ചതന്ത്രം, മണിപ്രവാള കാവ്യമായ ശ്രീകൃഷ്ണ ചരിതം, സ്തോത്രകാവ്യമായ പതിന്നാലു വൃത്തം തുടങ്ങിയവ നമ്പ്യാരുടെ ശ്രദ്ധേയമായ കൃതികളാണ്. ഇതൊക്കെ തന്റെ കാവ്യസരണിയെ തുള്ളൽ കവിതകളിലേയ്ക്ക് തിരിച്ചു വിടുന്നതിനു മുൻപ് എഴുതിയിട്ടുള്ളവയാണ്.
പതിന്നാലു വൃത്തം വൃത്തങ്ങൾ കൊണ്ടുള്ള ഒരു കീർത്തന മാലയാണ്.
ഇതിലെ കഥാവസ്തു എടുത്തിട്ടുള്ളത് മഹാ ഭാരതത്തിൽ നിന്നുമാണ്.
കുരുക്ഷേത്രയുദ്ധം എങ്ങനെയെങ്കിലും ഒഴിവാക്കി സമാധാനം സ്ഥാപിക്കുവാൻ പാണ്ഡവന്മാർ പ്രത്യേകിച്ച് ധർമ്മപുത്രർ ആഗ്രഹിച്ചു.
ദുര്യോധനാദികളിൽ നിന്ന് സമാധാനമായി തങ്ങളുടെ രാജ്യം തിരിച്ചു കിട്ടുവാൻ ഭഗവാൻ കൃഷ്ണനെ ഒരു ദൂതനായി പറഞ്ഞയക്കുന്നു.
ദൂതനായ ശ്രീകൃഷ്ണനെ ദുഷ്ടരായ കൗരവരും കൂട്ടരും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.. ഒടുവിൽ ഭഗവാൻ കൃഷ്ണന്റെ വിശ്വരൂപം പ്രത്യക്ഷപ്പെടുകയും കൗരവന്മാർ ഭയാകുലരാകുകയും ചെയ്യുന്നു.
ഭഗവദ് ദൂതിലൂടെ ഭാരത കഥയുടെ രൂപരേഖ ധന്യാത്മകമായി അവതരിപ്പിക്കുവാൻ കുഞ്ചൻ നമ്പ്യാർക്കു കഴിഞ്ഞിട്ടുണ്ട്. ഗാനാത്മകവും താളപ്രധാനവുമായ സംസ്കൃത ദ്രാവിഡ വൃത്തങ്ങൾ തെരെഞ്ഞെടുത്തു പതിന്നാലു വൃത്തത്തിലൂടെ ഒരു കീർത്തന മാല കോർത്തിണക്കിയിരിക്കുകയാണ് കുഞ്ചൻ നമ്പ്യാർ ഇതിലൂടെ.
പതിനാലു വൃത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പതിമൂന്നു വൃത്തങ്ങൾ മാത്രമേ ഈ കീർത്തന മാലയിൽ കാണുന്നുള്ളൂ.
തരംഗിണി, ഇന്ദുവദന, മല്ലിക, സമ്പുടിതം , സ്വാഗത, കളകാഞ്ചി, ഉപസർപ്പിണി, അജഗരഗമന , മല്ലിക, കല്യാണി, തോടകം, മദനാർത്ത, സ്തിമിത, ഭുജംഗപ്രയാതം എന്നീ വൃത്തങ്ങളാണ് യഥാക്രമം ഉപയോഗിച്ചിട്ടുള്ളത്.
മൂന്നാം വൃത്തത്തിലും ഒമ്പതാം വൃത്തത്തിലും ഉപയോഗിച്ചിട്ടുള്ളത് മല്ലികാവൃത്തം തന്നെയാണ്.
കുഞ്ചൻ നമ്പ്യാരുടെ കാവ്യ പ്രതിഭ പൊട്ടിവിടരാൻ തുടങ്ങുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട ഒരു സ്തോത്രകാവ്യമാണെങ്കിലും കവിയുടെ കാവ്യ ഭാവന ചിലങ്കകെട്ടി രംഗത്ത് വരുവാൻ വെമ്പൽ കൊള്ളുന്ന കാഴ്ച നമുക്ക് പതിന്നാലു വൃത്തത്തിൽ കാണാൻ കഴിയും.
*************************
പതിന്നാലു വൃത്തം
-----------------------------
പ്രഥമ വൃത്തം : തരംഗിണി
"ദ്വിമാത്രം ഗണമെട്ടെണ്ണം
യതിമദ്ധ്യം തരംഗിണി"
[രണ്ടു മാത്രകളോട് കൂടി എട്ടു ഗണവും മദ്ധ്യത്തിൽ യതിയുമുള്ള
വൃത്തം തരംഗിണി. ]
"ഗുണഗണമിയലും ഗണനായകനും
പ്രണതശിവങ്കരി കവിമാതാവും
ഫണിപതി ശയനം മധുസൂദനനും
തുണചെയ്തീടുക നാരായണ ജയ" (1 )
(ഗുണഗണം = ഗുണസമൂഹം, ഇയലും = ഉള്ള, പ്രണതശിവങ്കരി = പ്രണമിക്കുന്നവർക്കു മംഗളം നൽകുന്ന, കാവ്യമാതാവ് = സരസ്വതി,
ഫണിപതി = അനന്തൻ, ശയനൻ = ശയിക്കുന്നവൻ, മധുസൂദനൻ = ശ്രീകൃഷ്ണൻ)
പ്രഥമ വൃത്തത്തിൽ മൊത്തം 53 ശ്ലോകങ്ങൾ അടങ്ങിയിട്ടുണ്ട്.
=================
തുടരും....
എം. എം. ദിവാകരൻ,
08-12-2016
1
( Hide )
  1. ഇതിന് ശേഷം ഇതിൻ്റെ തുടർച്ച പോസ്റ്റ് ചെയ്തില്ലെ?
    പതിനാല് വൃത്തം വായിക്കാൻ എവിടെ കിട്ടും?

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo