Slider

ഇന്നലെയുടെ മരണം

0

ഇത് ഒരു അത്ഭുതലോകം .അതേ സന്തോഷ ലോകം . സൂര്യനും ചന്ദ്രനും അനേകം താരകങ്ങളും ഒന്നുപോലെ വിളങ്ങി നിന്നിരുന്ന ഒരു പഴയ കാലം . സൂര്യൻ ചന്ദ്രനേയും ചന്ദ്രൻ സൂര്യനേയും കുഞ്ഞു താരകങ്ങൾ സൂര്യചന്ദ്രന്മാരെ ഒരു പോലെയും നെഞ്ചിലേറ്റി സ്നേഹിച്ചിരുന്ന കാലം . അന്ന് ഇന്നു കാണുന്ന സൂര്യനും ചന്ദ്രനും ആയിരുന്നില്ല .
രണ്ടു പേരുടേയും പ്രകാശ ശോഭയ്ക്ക്
മാറ്റുവ്യത്യാസവും ഉണ്ടായിരുന്നില്ല . രണ്ടു പേരും ഒരേ പോലെ ആകാശത്തിലെയും ഭൂമിയിലെയും കുഞ്ഞു താരകങ്ങളേയും മറ്റനവധി ചരാചരങ്ങളേയും തങ്ങളുടെ മാസ്മരിക ശക്തിയാൽ സന്തോഷിപ്പിച്ചിരുന്ന കാലം .അന്ന് രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഏവരും ഒന്നുപോലെ സ്വർഗ്ഗീയാനുഭൂതിയിലാറാടിക്കഴിഞ്ഞിരുന്നു .
സൂര്യനു ചുറ്റും പ്രകാശമല്ലാതെ കടുത്ത ചൂടും ഉണ്ടായിരുന്നില്ല .സൂര്യകിരണങ്ങൾ എല്ലാ ദിവസവും തന്റെ ഭാജനങ്ങളെ സന്ദർശിച്ച് സായൂജ്യമടഞ്ഞു പോന്നു . തങ്ങളുടെ പ്രിയപ്പെട്ട സൂര്യതേജസ്സേറ്റുവാങ്ങി സകല ചരാചരങ്ങളും ആനന്ദത്തിലുമാറാടിയിരുന്ന ആ നല്ലകാലം. ഇടയ്ക്കിടയ്ക്ക് സൂര്യനൊന്നു വിശ്രമിക്കാനായി ചന്ദ്രൻ ആ ദൗത്യം ഏറ്റെടുക്കുകയായി .സൂര്യകിരണങ്ങൾ എങ്ങനെ ലോകത്തെങ്ങും സഞ്ചരിച്ച് തന്റെ ആരാധകവൃന്ദത്തെയൊന്നാകെ സന്തോഷിപ്പിച്ച്
അവരുടെ ക്ഷേമമന്വേഷിച്ച് പോന്നിരുന്നുവോ അതിലൊട്ടും കുറവു വരാതെ തന്നെ ചന്ദ്രകിരണങ്ങളും തന്റെ ദൗത്യം നിർവ്വഹിച്ചു പോന്നു . അക്കാലത്ത് കളകളോ കീടങ്ങളോ
കേട്ടുകേൾവികൂടിയില്ല .നൂറുമേനി വിളവു തരുന്ന
പാടങ്ങളും ,തെങ്ങിൻ തോപ്പുകളും മാന്തോപ്പുകളും മാത്രം എവിടെയും . കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ചകൾ കാണുമ്പോൾ മാരുതനും ഒപ്പമുണ്ടാവും . പൂന്തോപ്പുകൾ കണ്ണെത്താനാവത്തത്ര ദൂരത്തിൽ
നീണ്ടുകിടക്കുന്ന കാഴ്ചകൾ , അവയെ തലോടി വരുന്ന കാറ്റിന്റെ സുഗന്ധം ഏറ്റുവാങ്ങി ചന്ദ്രകിരണങ്ങളും.ഫലവൃക്ഷങ്ങൾ കായ്ച്ചു കിടക്കുന്ന ഭംഗി തന്നെ ആരേയും ആകർഷിക്കാൻ പര്യാപ്തമായിരുന്നു . അവയുടെ രുചിയോ പറയുകയും വേണ്ട . വനഭംഗിയും അപാരം തന്നെ. വനത്തിൽ ആനയും സിംഹവും കടുവ പുലി മാൻപേടകൾ, മുയലുകൾ എന്നു വേണ്ട സകല മൃഗങ്ങളും കൂട്ടുകൂടി നടന്നിരുന്ന ആ അത്ഭുത കാലം . സിംഹക്കുട്ടികളും മാൻകുട്ടികളും ഒരുമിച്ചു കളിച്ചുല്ലസിച്ചു നടന്നിരുന്നു അന്ന് .
അന്നൊന്നും ഈ കാണുന്ന റോഡോ വാഹനങ്ങളോ പുകയോ പൊടിപടലങ്ങളോ റോഡപകടങ്ങളോ ഉണ്ടായിരുന്നില്ല . മനസ്സെന്ന വാഹനത്തിൽ ഇഷ്ടമുള്ളിടത്തേക്ക് സ്വന്തം ചിറകിൽ സഞ്ചരിക്കാം . സമയം വേണ്ട . വിചാരിച്ചാൽ ക്ഷണം എത്തുന്ന അവസ്ഥ . ഭാരമില്ലാതെ സ്വന്തം ചിറകിൽ പറന്ന് ലക്ഷ്യസ്ഥാനത്തേക്ക് . ഹാ എവിടെയും സ്വർഗ്ഗതുല്യമായ അന്തരീക്ഷം മാത്രം . സ്വർഗ്ഗീയ ഗാനങ്ങൾ മാത്രം . (തുടരും)
സൂര്യനു ചന്ദ്രനോടും ,ചന്ദ്രനു സൂര്യനോടും സ്നേഹം മാത്രം .പരസ്പരം തന്നേക്കാളധികം മറ്റേയാളെ കരുതുകയും ബഹുമാനിക്കയും ചെയ്തു പോന്നിരുന്ന , ഇവരുടെ പ്രേമം കണ്ടിട്ട് ആർക്കും അസൂയതോന്നുമാറ്
അവസ്ഥ .ആരാധകരിൽ ചിലരാകട്ടെ ചന്ദ്രന്റെ സ്ഥാനം തങ്ങൾക്കു കിട്ടിയിരുന്നെങ്കിലെന്നു മോഹിച്ചു പോലും തുടങ്ങി .അതിന്റെ ഭാഗമായി ചിലർ സൂര്യനും ചന്ദ്രനുമിടയിൽ തങ്ങളുടെ ഈ ലക്ഷ്യത്തോടെ കഠിനപ്രയത്നം ആരംഭിച്ചു. സൂര്യനോ ചന്ദ്രനോ ഇതൊട്ടു മനസ്സിലായതുമില്ല .
അങ്ങനെയിരിക്കെ ക്രമേണ സൂര്യനും ചന്ദ്രനുമിടയിലേക്ക് അവരുടെ വരവായി . ഇവരുടെ പ്രേമം കണ്ട് അസൂയ മൂത്ത അവർ ദാ രണ്ടു പേരേയും തെറ്റിക്കാനുള്ള ശ്രമമാരംഭിച്ചു . സൂര്യശോഭയ്ക്കു ഭംഗി പോരാ . ആ താപം ഒരു ശാപമല്ലേ ? അതേറ്റാൽ ഏതു ശക്തിയും വെന്തുരുകിപ്പോകില്ലേ ? അതു കൊണ്ടു നിന്റെ ഭംഗിയും മാസ്മരികതയും നശിക്കാതിരിക്കണമെങ്കിൽ നീ സൂര്യനിൽ നിന്നു മാറി നടക്കണം . നിന്നെ ആരാധിക്കുന്ന അനേകായിരം താരകങ്ങൾ ദാ എത്ര പ്രണയമാണവയ്ക്ക് നിന്നോട്, എന്നിങ്ങനെ നിരന്തരമുള്ള വേദോപദേശങ്ങൾ ചന്ദ്രനോടും, നിന്റെ സൗന്ദര്യവും ഭംഗിയും ചന്ദ്രനില്ല എന്നിട്ടും താരകങ്ങളിൽ പ്രധാനികൾക്കെല്ലാം ചന്ദ്രനോടാണല്ലോ കൂറും പ്രേമവും എന്നു തുടങ്ങി സൂര്യനോടും ഓതിക്കൊണ്ട് അവർ തന്റെ ജോലി തുടർന്നു കൊണ്ടേയിരുന്നു .ഈ ചിന്തകൾ ക്രമേണ രണ്ടു പേരിലും രൂഢമൂലമാകാൻ അധികനാൾ വേണ്ടി വന്നില്ല . ഇതിന്റെ ഫലമായി ആരാണ് കൂടുതൽ ശ്രേഷ്ഠരെന്ന ചിന്ത രണ്ടു പേരിലും ഉടലെടുത്തു തുടങ്ങി . സൂര്യന്റെ പ്രൗഢഗാംഭീര്യവും പ്രതാപവും
ചന്ദ്രനേയും ചന്ദ്രന്റെ വശ്യതയും മനോഹാരിതയും സൂര്യനേയും കുറേശ്ശേ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു .ഇതിന്റെ പേരിൽ ചില്ലറ ശണ്ഠകളും ഉണ്ടായിത്തുടങ്ങി .ഇവരെ പരസ്പരമകറ്റാനും ഇതു പര്യാപ്തമായിരുന്നു .ഇതോടെ സ്വർഗ്ഗതുല്യമായിരുന്ന അന്തരീക്ഷം മെല്ലെ അയഞ്ഞു തുടങ്ങി .ഇതിന്റെ അനന്തരഫലമായി സൂര്യൻ ചന്ദ്രനെ ഒഴിവാക്കിത്തുടങ്ങി . പകരം പുതിയ ആരാധികമാരോടൊത്ത് സല്ലപിച്ച് രസിക്കാനും തുടങ്ങി . ഇതു കണ്ട് ചന്ദ്രികയും ദുഃഖഭാരത്താൽ വഴി മാറി നടന്നു തുടങ്ങി . എങ്കിലും ചന്ദ്രന് തന്റെ പ്രാണപ്രിയനെ മറക്കുവാൻ കഴിയുമായിരുന്നില്ല . അവനെ നഷ്ടപ്പെട്ട സങ്കടത്തിൽ മനമുരുകി അവളുടെ ശോഭ ക്രമേണ മങ്ങിത്തുടങ്ങി . അങ്ങനെ സൂര്യനിരിക്കുന്നിടം പ്രകാശപൂരിതവും. സൂര്യനെക്കണ്ടാൽ ചന്ദ്രനും ,ചന്ദ്രനെക്കണ്ടാൽ നൂര്യനും വഴിമാറിപ്പോകുക വഴി ,ചന്ദ്രനിരിക്കുന്നിടം പ്രകാശരഹിതവുമായി .
അങ്ങനെയാണ് ഇന്നു കാണുന്ന പകലും രാത്രിയുമായി ,സൂര്യനും ചന്ദ്രനും പരസ്പരം കാണാതാവേണ്ടി വന്നത് .
എങ്കിലും സൂര്യന് തന്റെ ആത്മാർത്ഥ സഖിയെ നഷ്ടപ്പെടേണ്ടി വന്നതിൽ പിന്നീട് ഖേദമുണ്ടായി . ചന്ദ്രനെ തിരികെ വിളിക്കുകയും പഴയ നല്ല കാലം വീണ്ടെടുക്കാനാഗ്രഹിക്കുകയും ചെയ്തു .എങ്കിലും ഒരിക്കൽ അപമാനിതയായ ചന്ദ്രൻ , വിങ്ങുന്ന മനസ്സോടെയെങ്കിലും ,ആ അപേക്ഷ നിഷ്കരുണം നിരസിക്കുകയാണുണ്ടായത് .എങ്കിലും പിൻമാറാതെ സൂര്യൻ തന്റെ പ്രാണപ്രേയസിയോട് മാപ്പപേക്ഷിച്ച് വീണ്ടും തിരികെ വരാനപേക്ഷിച്ചതിനാൽ , നിശ്ചിത ദിവസം ത്തേക്ക് താൻ സൂര്യപ്രഭയേറ്റു വാങ്ങിക്കൊള്ളാമെന്നും ,ഒരു കാരണവശാലും പഴയതുപോലെ ഒരുമിച്ചു ജീവിക്കാനില്ലെന്നും പറഞ്ഞ് ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു .ആ ദുഃഖത്തിന്റെ പ്രതീകമായി ഇന്നും ചന്ദ്രനിൽ കാണാം ഒരു കറുത്ത പാട് . നിലാവുള്ള രാത്രികളിൽ സൂര്യപ്രഭയേറ്റു വാങ്ങി ചന്ദ്രൻ സൂര്യനെ സ്നേഹിക്കാമെന്ന വാക്കും പാലിച്ചു പോരുന്നു ഇന്നും .
സുജ്
30/11/2016
Copy Right Reserved .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo