Slider

നകാര

0

സ്‌കൂള്‍ജീവിതസമയത്ത്‌ മനസിലേറ്റവും സന്തോഷം നല്‍കുന്ന ഒന്നായിരുന്നു മുണ്ടപ്പെട്ടിയിലേക്കുള്ള യാത്ര.
നിലമ്പൂരില്‍ നിന്നും കിേലോമീറ്ററുകള്‍ ദൂരെയാണെങ്കിലും മുണ്ടപ്പെട്ടി ഞങ്ങള്‍ക്കിന്നും നിലമ്പൂർ തന്നെയാണ്‌.
സ്‌കൂള്‍ വെക്കേഷന്‍ കാലത്ത്‌ കുടുംബാംഗങ്ങളെല്ലാം കൂടിയുള്ള നിലമ്പൂർ യാത്രകള്‍ ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്‌.
അന്നൊക്കെ അവിടെയെത്താന്‍ ചുരുങ്ങിയത്‌ നാല്‌ മണിക്കൂറെടുക്കും.നേരിട്ടുള്ള ബസില്ല.ബസുകള്‍ വരുന്നതാകട്ടെ വലിയ ഇടവേളകള്‍ക്ക്‌ ശേഷവുമാവും.
പാലേമാടി ല്‍ പാലമില്ലാതിരുന്നത്‌ കാരണം അവിടുന്നങ്ങോട്ട്‌ നടക്കണം.ഒരിക്കല്‍ നേരമേറെ കാത്തിരുന്നിട്ടും ബസ്‌ കിട്ടാതെ ബാപ്പയോടൊപ്പം എടക്കരയില്‍ നിന്നും നാരേക്കാവ്‌ വരെ ലോറിയുടെ പിന്‍ഭാഗത്ത്‌ കയറിപ്പോയിട്ടുണ്ട്‌.
സ്‌കൂള്‍ അവധിക്കാലങ്ങളില്‍ ഞാഌം എന്റെ അമ്മായിയുടെ മകന്‍ ഫിറോസും കൂടിയായിരിക്കും മിക്കവാറും യാത്ര പോകുന്നത്‌.ഉപ്പ അരീക്കോട്‌ സ്‌റ്റാന്റില്‍ വന്ന്‌ ബസ്‌ കയറ്റിവിടും.
വല്ലിമ്മയെയും വല്ല്യാപ്പയെയും കാണാമെന്നതിലുപരി മുണ്ടപ്പെട്ടിയിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം ഞങ്ങളുടെ ചെറിയ എളാപ്പയായ അബ്‌ദു എന്ന കുഞ്ഞാണിയെ കാണലാണ്‌.
എളാപ്പയാണെങ്കിലും അതിലേറെ കുഞ്ഞാണി ഞങ്ങള്‍ക്കൊരു സുഹൃത്ത്‌ പോലെയായിരുന്നു.മറ്റുള്ള എളാപ്പമാർ ഞങ്ങളെ കാണുന്നത്‌ മക്കളെപ്പോലെയായിരുന്നുവെങ്കില്‍ കുഞ്ഞാണിക്ക്‌ ഞങ്ങളോടുള്ള സമീപനം പലപ്പോഴും ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്‌.
ഫോണുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്‌ ഏതെങ്കിലും ആളുകള്‍ വഴി ഞങ്ങള്‍ വീട്ടിലെത്തി യെന്നറിഞ്ഞാല്‍ ഏത്‌ തിരക്കിനിടയിലും അതെല്ലാം മാറ്റിവെച്ച്‌ അടുത്ത നിമിഷത്തില്‍ തന്നെ കുഞ്ഞാണി ഞങ്ങളുടെയടുത്തെത്തുമായിരുന്നു.
കുസൃതി നിറഞ്ഞ ഒരു തമാശയും പറഞ്ഞ്‌ ഞങ്ങളെക്കണ്ട സന്തോഷത്തില്‍ ഊരക്ക്‌ കൈയും കൊടുത്ത്‌ ഞങ്ങളെത്തന്നെ നോക്കി നില്‍ക്കുന്ന ആ തിളങ്ങുന്ന മുഖം ഇപ്പോഴും മനസില്‍ മായാതെ കിടപ്പുണ്ട്‌.പിന്നെയങ്ങോട്ട്‌ ഒരിറക്കമാണ്‌ ഞങ്ങളെയും കുട്ടി.
മൂന്തിയാകുന്നതിന്‌ മുമ്പെ ഇങ്ങോട്ടെത്തിക്കോളണമെന്ന വല്ല്യാപ്പയുടെ കല്‍പന വരുമ്പോഴേക്കും ഞങ്ങള്‍ പറമ്പ്‌ കഴിഞ്ഞുള്ള പാടവരമ്പിലെത്തിയിട്ടുണ്ടാവുംപിന്നെ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം ഞങ്ങളെക്കൊണ്ടുപോകും.അറിയാത്തവർക്കൊക്കെ ഞങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കും.കറക്കം കഴിഞ്ഞ്‌ തിരിച്ച്‌ കുടിയിലെത്തുമ്പോള്‍ വല്ല്യാപ്പ പറഞ്ഞ മൂന്തിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും. വല്ലിപ്പാക്ക്‌ ഞങ്ങള്‍ ചെറിയ കുട്ടികളാണ്‌.അതുകൊണ്ട്‌തന്നെ കുട്ടികളെയും കൊണ്ട്‌ രാത്രി കറങ്ങിനടന്നതിഌള്ള ശകാരം
കുഞ്ഞാണിയെ കാണുമ്പോഴേക്കേ തുടങ്ങിയിട്ടുണ്ടാവും.ഞങ്ങളൈ സന്തോഷിപ്പിക്കാന്‍ വേണ്ടി പുറത്ത്‌പോയതിനാണല്ലോ കുഞ്ഞാണി ഇതെല്ലാം കേള്‍ക്കേണ്ടി വരുന്നതെന്നത്‌ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ അതിയായ സങ്കടം തോന്നും.എങ്കിലും പിറ്റെ ദിവസവും വിസ്‌മയകരമായ എന്തെങ്കിലും കാഴ്‌ചകള്‍ കാണിക്കാനായി കുഞ്ഞാണി വല്ല്യാപ്പയറിയാതെ ഞങ്ങളെയും കൊങ്ങിറങ്ങും.
അങ്ങനെയാണ്‌ ഒരു ദിവസം ഞങ്ങളെയും കൊണ്ട്‌ മാമാങ്കരയിലുള്ള എളാമ്മയുടെ വീട്ടിലേക്ക്‌ പോയത്‌.വീടിനിടതു വശത്ത്‌ അന്ന്‌ വിശാലമായ പാടമായിരുന്നു.പാടവരമ്പിലൂടെ കുറെ ദൂരം നടന്നുവേണം മരുതയിലെത്താന്‍.അവിടെ റോഡ്‌ അവസാനിക്കുന്നു.പിന്നെ കലക്കന്‍ പുഴ.പുഴകടന്നും കുറെ നടക്കണം എളാമ്മയുടെ വീട്ടിലേക്ക്‌.കുഞ്ഞാണിയുടെ ഓരോ കുസൃതിത്തരങ്ങളും തമാശകളും കേട്ട്‌ നടക്കുന്നത്‌ കൊണ്ട്‌ പിന്നിടുന്ന ദൂരങ്ങള്‍ ഞങ്ങളെയൊരിക്കലും തളർത്തിയിരുന്നില്ല.
എളാമ്മയുടെ വീടിന്‌ മുന്നിലും പറമ്പിലുമെല്ലാം നിറയെ പഴുത്ത മാമ്പഴങ്ങളുമായി നില്‍ക്കുന്ന മാവുകള്‍ കണ്‍കുളിർപ്പിക്കുന്ന കാഴ്‌ചയായിരുന്നു.വയറുനിറയെ മാങ്ങയും കഴിച്ചാണ്‌ പിന്നെ മടക്കം.മടങ്ങും വഴി കലക്കന്‍ പുഴയെക്കുറിച്ച്‌ കുറെ പറഞ്ഞു.പറഞ്ഞുപറഞ്ഞു ഒടുവില്‍ കലക്കം പുഴയിലെത്തി.ആളുകള്‍ പുഴയില്‍ സ്വർണമരിക്കുന്നത്‌ കൊണ്ട്‌ പുഴയെപ്പോഴും കലങ്ങിയാണൊഴുകുകയെന്നും ഒരുപാട്‌ കുടുംബങ്ങള്‍ക്ക്‌ കലക്കന്‍പുഴ ഉപജീവനമാർഗമാണെന്നുമൊക്കെ കുഞ്ഞാണി പറഞ്ഞു.കുറെയാളുകള്‍ മരവി ഉപയോഗിച്ച്‌ സ്വർണമരിക്കുന്നതും കാണാമായിരുന്നു.
ഒടുവില്‍ ഞങ്ങള്‍ മരുതയിലെത്തി.സംസാരത്തിന്നിടയിലാണ്‌ ജുമാമസ്‌ജിദിലെ നകാരയെക്കുറിച്ച്‌ പറഞ്ഞത്‌.നകാര കാണാന്‍ പള്ളിയുടെ മുകള്‍നിലയിലെത്തി.ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒരു ഉപകരണം.നിസ്‌കാരത്തിന്റെ സമയമായിയെന്ന്‌ ആളുകളെ അറിയിച്ചിരുന്നത്‌ നകാരയില്‍ ഉച്ചത്തില്‍ കൊട്ടിയായിരുന്നത്രെ!
എനിക്കതെല്ലാം കൗതുകമുണർത്തുന്ന പുതിയ അറിവുകളായിരുന്നു.
റോഡില്‍ നിന്നും പാടവരമ്പിലേക്കിറങ്ങിയപ്പോഴേക്കും ഇരുട്ട്‌ പരന്നുകഴിഞ്ഞിരുന്നു.കുടിയിലെത്തിയപ്പോഴേക്കും ഇരുട്ടുകനത്തിരുന്നു.രാത്രി വൈകിയാല്‍ ശകരിക്കുമായിരുന്ന വല്ല്യാപ്പ അന്നത്തെ ഞങ്ങളുടെ സന്തോഷം കണ്ടിട്ടാവണം ഒന്നും പറഞ്ഞില്ലെന്നതിനപ്പുറം ഞങ്ങളോട്‌ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു.
മിക്കവാറും രാത്രികളില്‍ പിന്‍വശത്തുള്ള വീട്ടില്‍ നിന്നും കൊല്ലപ്പണിക്കാരന്‍ കൃഷ്‌ണന്‍കുട്ടിയുടെ നല്ല ഈണത്തിലുള്ള പാട്ടു കേള്‍ക്കാം.മദ്യപിച്ചു കഴിഞ്ഞാല്‍ അയാള്‍ അങ്ങിനെയാണ്‌.കൃഷ്‌ണന്‍ കുട്ടിയുടെ പാട്ടിന്റെ കൂടെ കുഞ്ഞാണിയും പാടും,ഞങ്ങള്‍ മാത്രം കേള്‍ക്കെ.ദിവസവും കേട്ടുകേട്ട്‌ കുഞ്ഞാണിക്കതെല്ലാം കാണാപ്പാഠമാണ്‌.നിലാവുള്ള രാത്രികളില്‍ ചിലപ്പോള്‍ പാടത്ത്‌ കെട്ടിയുണ്ടാക്കിയ ചെറിയ ഏറുമാടത്തില്‍ പോയിരിക്കും ഞങ്ങള്‍.വല്ല്യാപ്പക്ക്‌ ഏറുമാടത്തില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ കൃഷിയിടത്തില്‍ പന്നികളൊ മറ്റൊ ഇറങ്ങിയാല്‍ അവയെ ഓടിക്കാനായി വീട്ടിലൊരു കയർ കെട്ടിയിട്ടുണ്ട്‌.അതിന്റെ ഒരറ്റം ഏറുമാടത്തിലാണ്‌.അതിന്റെയറ്റത്ത്‌ ഒരു തപ്പും കെട്ടിയിട്ടുണ്ടാവും.വീട്ടിലിരുന്ന്‌ കയറിളക്കിയാല്‍ തപ്പില്‍ ശബ്‌ദമുണ്ടാകും.ശബ്‌ദം കേട്ട്‌ പന്നികള്‍ ഓടിയകലും.ഒടുവില്‍" അബ്‌ദൂ.....''എന്ന വല്ലിമ്മായുടെ ഈണത്തിലുള്ള വിളി കേട്ടാണ്‌ ഞങ്ങള്‍ സൊറപറച്ചില്‍ തല്‍ക്കാലത്തേക്ക്‌ നിർത്തി വീട്ടിലേക്ക്‌ തിരിക്കുന്നത്‌.
നാലോ അഞ്ചോ ദിവസങ്ങള്‍ നീണ്ടുനിന്ന വിരുന്ന്‌ പോക്ക്‌ കഴിഞ്ഞ്‌ തിരിച്ച്‌ പോരുമ്പോള്‍ അടുത്ത വെക്കേഷനില്‍ തീർച്ചയായും വരണമെന്ന കുഞ്ഞാണിയുടെ നിർബന്ഥത്തിന്ന്‌ സമ്മതം മൂളും.പലപ്പോഴും പോകാന്‍ കഴിയാറില്ല.
കുഞ്ഞാണി അരീക്കോട്ടേക്ക്‌ വരുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ചാലിയാറിന്റെ വിശാലമായ മണല്‍പരപ്പില്‍ ഒരുമിച്ചുകൂടും,പറഞ്ഞു മുഴുമിപ്പിക്കാത്ത കഥകളുടെ തുടർച്ചകള്‍ക്ക്‌ ചെവിയോർത്ത്‌ .
കാലം കുറെ കടന്നുപോയി. കലക്കന്‍പുഴയും ചാലിയാറും കലങ്ങിയും തെളിഞ്ഞുമങ്ങനെ കുറെയൊഴുകി.ഉപ്പ ഗള്‍ഫിലായിരുന്നത്‌ കൊണ്ട്‌ ഞങ്ങള്‍ ഉമ്മയുടെ വീട്ടിലാണ്‌ രാത്രി അന്ന്‌ കിടന്നിരുന്നത്‌.ഒരു ദിവസം രാത്രി ഞങ്ങളെത്തേടി ഒരു ജീപ്പെത്തി.എന്തോ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയുമായാണവർ വന്നതെന്ന്‌ മനസിലായെങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്തതും താങ്ങാനാവാത്തതുമായ ആ വിവരമറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അയാള്‍ വല്ലിപ്പയെ കുറച്ചകലേക്ക്‌ മാറ്റിനിർത്തി എന്തോ പറയുന്നതും വല്ലിപ്പയുടെ മുഖം വല്ലാതാകുന്നതും ഞാന്‍കണ്ടു.
പക്ഷെ വല്ലിപ്പ ഉമ്മയോട്‌ പറയുന്നത്‌ ഞാന്‍ കേട്ടു.
"നിങ്ങള്‍ എത്രയും പെട്ടന്ന്‌ പോകാന്‍ റെഡിയായിക്കൊള്ളൂ.കുഞ്ഞാണി മരിച്ചു....''
ആ ഞെട്ടലില്‍ നിന്ന്‌ മുക്തമാവാന്‍ ഏറെ സമയമെടുത്തു.അവരോടൊപ്പം വാഹനത്തില്‍ കയറുമ്പോഴേക്കും അമ്മായിയും ഫിറോസും സഹോദരിമാരുമൊക്കെ എത്തി.
എല്ലാവരെയും കൊണ്ട്‌ ഇരുട്ടിനെ കീറിമുറിച്ച്‌ ജീപ്പ്‌ കുതിച്ചുപാഞ്ഞു.ജീപ്പിഌള്ളില്‍ പലരുടെയും കരച്ചിലുകള്‍ കേള്‍ക്കാമായിരുന്നു.ഇരുട്ടില്‍ ആരാരും കേള്‍ക്കാതെ ഞാഌം ആവോളം കരഞ്ഞു.പരസ്‌പരം ആശ്വസിപ്പിക്കാനാവാതെ എല്ലാവരും തങ്ങളുടെ സങ്കടങ്ങള്‍ കരഞ്ഞുതീർക്കുകയായിരുന്നു.കളിച്ചും ചിരിച്ചും നടന്ന മണ്ണിലേക്ക്‌ കരഞ്ഞുകരളുരുകിയുള്ള ഒരു യാത്ര,അതും മുണ്ടപ്പെട്ടി എന്ന ഗ്രാമത്തെ മനസില്‍ കുടിയിരുത്താന്‍ കാരണക്കാരനായ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കാണാന്‍.
ഹൃദയം പൊട്ടിപ്പോവരുതേയെന്ന പ്രാർത്ഥനയോടെയാണ്‌ ജീപ്പില്‍ നിന്നുമിറങ്ങിയത്‌.മനസിനെ പണിപ്പെട്ട്‌ നിയന്ത്രിച്ച്‌ ഒരൊറ്റ നോട്ടം നോക്കി ഞാന്‍ പെട്ടെന്ന്‌ പുറത്തേക്കിറങ്ങി.ഇരുട്ടില്‍ ആരും കാണാതെ ഇഷ്‌ടം പോലെ കരഞ്ഞു,ഒരു മുന്നറിയിപ്പും തരാതെ പെട്ടെന്നിങ്ങനെ യാത്രയായതിന്‌ കുഞ്ഞാണിയോട്‌ കുറെ പരാതി പറഞ്ഞു.വേർപിരിയലിന്റെ വേദന എനിക്ക്‌ താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ വേർപിരിയലിന്‌ വേണ്ടി കുഞ്ഞാണി എത്രത്തോളം വേദനയഌഭവിച്ചിട്ടുണ്ടാവുമെന്ന ചിന്ത എന്റെ സങ്കടം ഇരട്ടിപ്പിച്ചതേയുള്ളൂ.
മാമാങ്കരയും കലക്കന്‍പുഴയും നകാരയുമൊക്കെ കാണിച്ചുതരാന്‍ വേണ്ടി ഞങ്ങളെ കൊണ്ടുപോയ അതേ പാടവരമ്പിലൂടെ ഞങ്ങള്‍ കുഞ്ഞാണിയെയും കൊണ്ട്‌ പോകുകയാണ്‌.എപ്പോഴും ഞങ്ങളോട്‌ കുസൃതികള്‍ കാണിച്ചിരുന്നയാള്‍ ഒന്നും മിണ്ടാതെ കിടക്കുന്നു. സദാ പുഞ്ചിരിച്ചുകൊണ്ടിരുന്ന ആ മുഖം ആരൊക്കെയോ കൂടി കെട്ടിപ്പൊതിഞ്ഞ്‌ വെച്ചിരിക്കുന്നു. പലപ്പോഴും കണ്ണീർ കഴ്‌ചകളെ മറച്ചു.""ലാ ഇലാഹ ഇല്ലള്ളാ'' എന്ന തഹ്‌ലീലും ചൊല്ലി മയ്യിത്ത്‌കട്ടിലില്‍ കൊണ്ട്‌ പോകുമ്പോഴും കുഞ്ഞാണി ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ മനസ്‌ തയാറാവുന്നുമില്ല.കുസൃതി നിറഞ്ഞ ചിരിയുമായി എവിടെയോ മറഞ്ഞിരിക്കുകയാണ്‌ ആ പ്രിയപ്പെട്ടവന്‍ എന്നൊരു തോന്നല്‍.
ഒടുവില്‍,കുഞ്ഞാണി ഇനിയൊരു ഓർമ മാത്രമാണെന്ന സത്യം ബോധമനസിനംഗീകരിക്കേണ്ടിവന്നു.മയ്യിത്തെടുത്ത്‌ ആളുകള്‍ ഖബറിലേക്കെടുത്തുവെക്കുന്നു.പിന്നീടുള്ള കാഴ്‌ചകള്‍ കാണാന്‍ കണ്ണീർ തടസമായി.മൂന്നുപിടി മണ്ണ്‌വാരിയിട്ട്‌ ഞാന്‍ കുറച്ച്‌ പിന്നാക്കം നിന്നു.കരച്ചില്‍ മറ്റാരും കാണാതിരിക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു.കുഞ്ഞാണിയെ തനിച്ചാക്കി എല്ലാവരും നടന്നകലവെ ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി.
കലക്കന്‍ പുഴക്കും ചാലിയാറിഌമൊക്കെ കാലം പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും കുഞ്ഞാണിയെക്കുറിച്ചുള്ള എന്റെ ഓർമകള്‍ക്ക്‌ മങ്ങലേല്‍പിക്കാന്‍ കാലത്തിന്നിതുവരെ സാധിച്ചിട്ടില്ല.പരസ്‌പരം അത്രത്തോളം സ്‌നേഹം ഹൃദയത്തിലുണ്ടായിരുന്നത്‌ കൊണ്ടായിരിക്കാം കുഞ്ഞാണിയെക്കുറിച്ചുള്ള ഓർമകള്‍ ഇന്നും എന്റെയുള്ളില്‍ ഒരു നകാരയുടെ അലയൊലി പോലെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്‌....

By: sakeer hussain
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo