Slider

കഥ : ആപ്‌കീ നസറോൺ നെ സംജാ

0


By: Jaya Rajan - Admin Nallezhuth

മഴ തോർന്ന് കാർമേഘങ്ങൾ മൂടിയ ആകാശത്തിനുക്കീഴേ എങ്ങും ചാരനിറം പരന്ന് കിടക്കുന്നു. പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത നിറങ്ങളിൽ ഒന്നാണ് ചാരം. വിഷാദത്തിൻ്റെ നിറം. മടുപ്പിൻ്റെ നിറം.ആലസ്യത്തിൻ്റെ നിറം.
ബാൽക്കണിയിൽ കൂടി പുറത്തേക്ക് നോക്കി നിന്നപ്പോൾ ഞാൻ ഓർത്തു , "മൂന്ന് മാസം കഴിഞ്ഞിട്ടും ഈ നഗരം എനിക്കിപ്പോഴും അപരിചിതം തന്നെ. യാതൊരുവിധത്തിലുള്ള അനുബന്ധവും എനിക്ക് ഇതിനോട് തോന്നുന്നില്ലല്ലോ. ഈ ഫ്ളാറ്റിലെ ഒന്നിനോടും .........ശരത്തിനോട് പോലും......."
ഇന്നും അമ്മ വിളിച്ചിരുന്നു. മനസ്സിൽ ഇല്ലാത്ത ഉല്ലാസം വാക്കുകളിൽ വരുത്തി ഞാൻ അമ്മയെ പറ്റിച്ചു. പറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും നിരത്താനില്ലാത്തിടത്തോളം കാലം എനിക്ക് അമ്മയേ ഇനിയും പറ്റിക്കേണ്ടി വരും. സന്തോഷമില്ലായിമയുടെ കാരണം തിരക്കിയാൽ എന്താ ഞാൻ പറയേണ്ടത്? ശരത്തിന് എന്നോട് സ്നേഹമില്ലെന്നോ ? എന്നെ കെയർ ചെയ്യുന്നില്ലെന്നോ? എൻ്റെ കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നോ?
പാവം ശരത്. എന്നെയൊന്ന് സന്തോഷിപ്പിക്കാൻ ആവുന്നതൊക്കെ ചെയ്യുന്നുണ്ട് . എന്നിട്ടും എന്തുകൊണ്ടോ അവനെ സ്നേഹിച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. പുസ്തകങ്ങൾ വായിക്കുമെന്ന് പറഞ്ഞപ്പോൾ പിറ്റേന്ന് തന്നെ ലൈബ്രറിയിൽ അംഗത്വം. സിനിമ കാണാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആഴ്ച്ചതോറുമുള്ള പുതിയ റീലീസിൻ്റെ ടിക്കറ്റ്‌സ്. ഇഷ്ടനിറങ്ങളായ മഞ്ഞയിലും പച്ചയിലും ഫ്ലാറ്റിൻ്റെ ഇൻറ്റിറീർസിൻ്റെ റീഡിസൈൻ.
ശ്രമിക്കാഞ്ഞിട്ടല്ല .....പക്ഷെ പറ്റുന്നില്ല. അകാരണമായൊരു ശങ്ക. അദൃശ്യമായൊരു വേലി. അത് മറിക്കടക്കാൻ മനസ്സ് എന്തുകൊണ്ടോ സന്നദ്ധമാവുന്നില്ല.
ഇത്രയും നേരത്തെ ഒരു കല്യാണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. കുടുബജീവിതത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റടുക്കാൻ മനസ്സ് ഒരുക്കമായിരുന്നില്ല. വേറെ എന്ത് ചെയ്യണമെന്ന് നിശ്ചയവുമില്ലായിരുന്നു. എന്നാൽ എനിക്ക് എൻ്റെതായി കുറച്ചു സമയം വേണമെന്ന് മാത്രമറിയാമായിരുന്നു. അച്ഛൻ്റെ നിർബന്ധം. ശരത്തിൻ്റെ ആലോചന വന്നപ്പോൾ എതിർക്കാൻ കാരണങ്ങൾ ഇല്ലായിരുന്നു. ജോലി, വിദ്യാഭാസം, സൗന്ദര്യം, കുടുംബപശ്ചാത്തലം ഒക്കെ എൻ്റെ പക്ഷം ദുര്‍ബ്ബലമാക്കി.
എത്രനാൾ ഇങ്ങനെ അഭിനയിക്കാൻ പറ്റുമെന്നറിയില്ല. ഇന്നലെ പാർക്കിൽ നടക്കാൻ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ശരത്തിൻ്റെ മുഖം വാടിയതു ശ്രദ്ധിച്ചില്ലെന്ന് നടിച്ചു. അത് ഓർത്തപ്പോൾ പെട്ടന്ന് കണ്ണുകൾ നിറഞ്ഞു. ഞാൻ എന്താ ഇങ്ങനെ? അച്ഛനോടുള്ള വാശിയാണോ? ഇത്രയും സ്വാര്‍ത്ഥ പാടുണ്ടോ?
ചുമ കേട്ടവശത്തേക്കു തിരിഞ്ഞു നോക്കിയപ്പോളാണ് കണ്ടത്. അടുത്ത ഫ്ളാറ്റിലെ ബാൽക്കണിയിൽ അവൻ......കൈയും കെട്ടി എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു . ആദ്യം നീരസം തോന്നി. അവനൊരു മഞ്ഞ പന്ത് എനിക്ക് നേരെ തിരിച്ചു കാണിച്ചു - ഒരു പുഞ്ചിരിക്കുന്ന സ്മൈലിയുടെ ചിത്രമുള്ള പന്ത്. ഞാൻ അറിയാതെ ചിരിച്ചു പോയി.
"മച്ച് ബെറ്റർ. ഞാൻ കിരൺ."
"രേഖ...."
"പറഞ്ഞോളു"
"എന്ത്?"
"എന്തുതന്നെയായാലും. കേട്ടിട്ടില്ലേ....... പങ്കുവെക്കുമ്പോൾ ദുഃഖങ്ങൾ പകുതിയാക്കുമെന്ന്"
"ഞാൻ ചെല്ലട്ടെ ....ശരത് വരാറായി."
ഒട്ടും പരിചയമില്ലാത്ത ഒരാളോട് എന്ത് പറയാൻ? പക്ഷെ........ ഒന്നാലോചിച്ചപ്പോൾ ശരിയല്ലേ? വൈകാരികമായ അടുപ്പമില്ലാത്തവരോടാണ് നമ്മൾ മനസ്സുതുറക്കാൻ സാദ്ധ്യത കൂടുതലെന്ന് തോന്നുന്നു. അവരിൽ നിന്നും മുന്‍വിധികളില്ലാത്ത പ്രതികരണങ്ങൾ പ്രതീക്ഷിക്കാമെല്ലോ.
ആ മഞ്ഞ പന്ത് ഓർക്കുമ്പോഴൊക്കെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അന്ന് അത്താഴത്തിന്, ശരത്തിനിഷ്ടമുള്ള ഗ്രീൻ പീസ് കറിയുണ്ടാക്കി.
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ഞങ്ങൾ ബാൽക്കണിയിൽ കണ്ടുമുട്ടി. സുന്ദരമായ ഒരു അടുപ്പത്തിൻ്റെ തുടക്കമായിരുന്നു അത്. അവൻ വളരെ സീരിയസ്സായിട്ടു തമാശകൾ പറയും ...... കേട്ടാൽ ചിരിക്കാതിരിക്കാൻ കഴിയില്ല. പിന്നെ അസ്സലായിട്ട് പാടും. അന്താക്ഷരി ഞങ്ങളുടെ പ്രിയപ്പെട്ട വിനോദമായി. എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം , "ആപ്‌കീ നസറോൺ നെ സംജാ, പ്യാർ കേ കാബിൽ മുജ്ഹേ ......" അവൻ എത്ര ഇമ്പത്തോടെയാണ് പാടുന്നതെന്നറിയുമോ.
ശരത്തുമായിട്ടുള്ള സിനിമകൾ ഞാൻ ആസ്വദിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു സായാഹ്നങ്ങളിൽ നടക്കാൻ പോയി. ശരത്തിനിഷ്ടമുള്ള കറികൾ ഞാൻ ഉണ്ടാക്കി. എൻ്റെ ജീവിതത്തിൽ ഞാനായിട്ട് രചിച്ച ശിശിരം ഞാൻ പോലും അറിയാതെ വസന്തമായി മാറുകയായിരുന്നു.
എൻ്റെയുള്ളില്ലേ പുതുജീവൻ്റെ തുടിപ്പിനെ പറ്റി ഞാൻ ആദ്യം പറഞ്ഞതും അവനോടാണ്. അന്ന് അവനെ കൊണ്ട് ഞാൻ എൻ്റെ പ്രിയപ്പെട്ട ഗാനം വീണ്ടും വീണ്ടും പാടിപ്പിച്ചു. വളരെ ആഹ്ലാദകരമായ മൂന്ന് മാസങ്ങൾ അതിവേഗം കടന്നു പോയി.
ഒരു ദിവസം കണ്ടപ്പോൾ അവൻ വളരെ ഗൗരവത്തിൽ കാണപ്പെട്ടു. ഞാൻ കാര്യം തിരക്കി .
"രേഖാ .....നമ്മൾ ഇത്രയും നല്ല കൂട്ടുകാരായ സ്ഥിതിക്ക് , എനിക്ക് തന്നോടൊന്നും മറച്ചുവയ്ക്കാൻ ഇഷ്ട്ടമല്ല.
കുറെ നാളായി വിചാരിക്കുന്നു തന്നോട് ഒരു കാര്യം പറയണമെന്ന്. പക്ഷേ, താൻ അതെങ്ങനെ ഉൾകൊള്ളുമെണെനിക്കറിയില്ല. അറിഞ്ഞാൽ താൻ എന്നെ വെറുക്കുമോയെന്നു ഞാൻ ഭയക്കുന്നു."
"നിന്നെ വെറുക്കാണോ? നീ കാര്യം പറഞ്ഞേ .......വെറുതേ എന്നെ റ്റെൻഷനടിപ്പിക്കാതെ."
"രേഖാ ...ഐ ആം ഗേ."
ഞാൻ പൊട്ടിച്ചിരിച്ചു. "ഇത്രയേയുള്ളൂ ....ഇതാന്നോ ഇപ്പൊ ഇത്രവലിയ കാര്യം. ആക്ച്വലി ഒരുകണക്കിന് അത് നന്നായി .....ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ ഒരിക്കലും തെറ്റിദ്ധരിക്കില്ലല്ലോ.......എനിക്ക് നിന്നോട് എന്ത് ഫ്രീഡം വേണമെങ്കിലും എടുക്കാമെല്ലോ."
അവൻ ചിരിക്കുമെന്നു പ്രതീക്ഷിച്ചയെനിക്ക് തെറ്റി. അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഏയ് കിരൺ, ലുക്ക് ഹിയർ . ഇത് നമ്മുടെ സൗഹൃദത്തെ ഒരു രീതിയിലും ബാധിക്കുന്ന കാര്യമല്ല. യു ആർ മൈ ഫ്രണ്ട് . ഐ വിൽ ഓൾവേസ് ലവ് യു , നോ മാറ്റർ വാട്ട്." ഞാൻ അവൻ്റെ കൈകൾ കൂട്ടിപ്പിടിച്ചു.
"ഐ ആം HIV പോസിറ്റീവ്............"
അതെന്നെ ശരിക്കും ഞെട്ടിച്ചു. അനിച്ഛാപൂര്‍വമായി ഞാൻ എൻ്റെ കൈകൾ പിൻവലിച്ചു. അവൻ്റെ കണ്ണുകളിൽ പടർന്ന നോവിൻ്റെ വേരുകൾ ഞാൻ കണ്ടതേയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഒന്നും പറയാതെ ഞാൻ അകത്തേക്ക് പോയി.
പിന്നെ ഒരാഴ്ചയോളം ഞാൻ ബാൽക്കണിയിലേക്ക് പോയില്ല. ശരത്തിൻ്റെ മുന്നിൽ കഴിവതും സാധാരണ നിലയിൽ പെരുമാറി. എൻ്റെ ചിന്തകള്‍ ക്രമീകരിക്കാൻ എനിക്ക് സമയം വേണമായിരുന്നു. ആദ്യത്തെ ഞെട്ടൽ മാറിയപ്പോലുള്ള പുനരവലോകനത്തിൽ ഞാൻ തിരിച്ചറിഞ്ഞു , എന്ത് വലിയ തെറ്റാണ് ഞാൻ കാട്ടിയതെന്ന്.........അവൻ്റെ മനസ്സ് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജീവിത നിമിഷങ്ങൾക്ക് അർത്ഥവും ദിശയും നൽകിയത് അവനാണ് , അവൻ്റെ സാന്നിദ്ധ്യമാണ്. എൻ്റെയും ശരത്തിൻ്റെയും ജീവിതത്തിലെ ഉത്പ്രേരകം, ഞാനും അവനും തമ്മിലുള്ള സൗഹൃദമല്ലേ? അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഉത്പ്രേരകം ഇല്ലാതെ എന്ത് രാസപ്രവർത്തനം?
അവന് ഏറെ ഇഷ്ട്ടമുള്ള ചോക്ലേറ്റ് കേക്കുണ്ടാക്കി അതിൽ തൂവെള്ള ഐസിങ് കൊണ്ട് ഞാനെഴുതി , "മനഃപൂർവ്വമല്ല ...... എന്നോട് ക്ഷമിക്കില്ലേ?".
ബാൽക്കണിയിൽ വെച്ചു മാത്രമേ ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. അവൻ്റെ ഫ്ലാറ്റിൽ ഇത് ആദ്യമാണ്. വാതിൽ തുറന്ന അവനെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല . ഉറങ്ങിയിട്ട് ദിവസങ്ങൾ ആയതു പോലെ. കണ്ണുകൾ ഒക്കെ കലങ്ങി, മുടി ഒക്കെ ഉലഞ്ഞ്........
"രേഖാ ...... ഞാൻ .....എനിക്ക് ......"
"ഒന്നും പറയണ്ട .....തെറ്റ് ചെയ്തത് ഞാനല്ലേ.....നോക്ക് .....നിനക്ക് ഏറ്റവും ഇഷ്ടമുള്ള കേക്ക് ...."
എൻ്റെയും അവൻ്റെയും കണ്ണുകൾ ഒരുമിച്ചു നിറഞ്ഞൊഴുകി. ഞാൻ അവൻ്റെ നെറ്റിയിൽ മെല്ലെ ഉമ്മ വെച്ചു.
"ഈ പ്രപഞ്ചത്തിൽ എവിടെയോയുണ്ട് നിങ്ങളുടെ ആ ഉറ്റമിത്രം. ആ വ്യക്തിയെ കണ്ടുപിടിക്കൂ......". ഒമർ ഖയ്യാമിൻ്റെ വാക്കുകൾ.
ഞങ്ങളുടെ അന്വേഷണം ഞങ്ങളിൽ അവസാനിച്ചിരിക്കുന്നു.

By: 
Jaya Rajan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo