Slider

സംക്രമണം

0

റോസ് ഇതള്‍‍ പോലെയുള്ള മേനിക്കടലാസ്സില്‍ നീലത്താമരമൊട്ടുകള്‍ അടുക്കി വച്ചിരിക്കുന്ന ചേലിലാണ്
എഴുത്ത്.
എവിടെയോ തെറ്റിയിട്ടുണ്ടാവും.അതാണ് ഈ താള് കീറിക്കളഞ്ഞത്.
ചെറുതിലേ മുതല്‍ക്ക് അങ്ങനെതന്നെ!
.........ഈ പുരുഷന്‍ ഇത്ര സ്വാര്‍ത്ഥനായതെങ്ങനെയാണ്?
സ്ത്രീയില്‍ നിന്നു വരുന്നവനല്ലേ?
സ്ത്രീയല്ലേ മുലയൂട്ടി വളര്‍ത്തുന്നത്?
അമ്മയുടെയും പെങ്ങളുടെയും ഭാര്യയുടെയുമൊക്കെ
സ്നേഹം സദാ പിന്നാലെയുണ്ടായിട്ടും...
അദൃശ്യമായ സ്നേഹത്തിന്‍റെ നനുത്ത പുതപ്പുകളല്ല അവനു
വേണ്ടത്.ശരീരം നല്‍കുന്ന നൈമിഷിക......
അത്രയുമെഴുതി നിര്‍ത്തിയിരിക്കുന്നു..തുടര്‍ന്നുവന്ന ഒന്നു രണ്ട് വാക്കുകള്‍ തലങ്ങും വിലങ്ങും വരച്ചിട്ടിരിക്കുകയാണ്.
അയാള്‍ വല്ലാതെ അസ്വസ്ഥനായി.മോളുടെ ഡയറിക്കുറിപ്പാണ്.......
ഇരുപത്തൊന്നു വര്‍ഷം മുമ്പുള്ള ഒരു ഇടവ മാസ രാത്രി ഓര്‍മയിലേക്ക് വരുന്നു. നനഞ്ഞിരുണ്ടു നിന്ന ഒരു കാലവര്‍ഷരാത്രി!
സന്ധ്യയ്ക്കാണ് നോവ് തുടങ്ങിയത്.അവള്‍ മൂളുകയും ഞരങ്ങുകയും ദ്വേഷ്യത്തോടെ
നിലവിളിക്കുകയും ചെയ്തു.
നെറ്റിയില്‍ തലോടാനൊരുങ്ങിയ തന്‍റെ കൈ എത്ര വെറുപ്പോടെയാണ് അവള്‍ തട്ടിമാറ്റിയത്!
അവളുടെ അമ്മയുടെ മുഖത്ത് പുച്ഛവും വെറുപ്പും കരിപൂശിയിരുന്നു.
അവരുടെ സ്റ്റാറ്റസിനനുസരിച്ചുള്ള ഒരു ആശുപത്രിയായിരുന്നില്ല അത്.
മരുമകന്‍റെ ബുദ്ധിമുട്ടുകള്‍ അവരുടെ നെറ്റി ചുളിച്ചതല്ലാതെ
ഹൃദയത്തെ തെല്ലും ചലിപ്പിച്ചില്ല.
- അനുഭവിക്കട്ടെ...
ഭാര്യവീട്ടുകാരുടെ സ്വകാര്യ സംഭാഷണങ്ങള്‍ എന്നും ഇങ്ങനെ ഉപസംഹരിക്കപ്പെട്ടു.
- അനുഭവിക്കട്ടെ...
കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍ കേട്ട് ഹൃദയം തുടികൊട്ടുകയായിരുന്നു.അതു കേട്ട് അവരുടെ മുത്തശ്ശി ചിരിച്ച് തലയാട്ടിക്കൊണ്ട്പറഞ്ഞു.
- ചെക്കനാ...ചെക്കനാ ..കരച്ചല് കേട്ടാലറിയാം!
രണ്ടാംമാസം മുതല്‍ അവര്‍ ഇടയ്ക്കിടെ പറയുമായിരുന്നു.
- ചെക്കന്‍ തന്നെയാ...വയറു കണ്ടാലറിയാം.
നഴ്സിന്‍റെ കൈയിലിരുന്ന ആ ഓമന മുഖം ആദ്യമായി കണ്ടപ്പോളുണ്ടായ വികാരമെ ന്തെന്ന് നിര്‍വചിക്കാന്‍ വയ്യ.പൊന്നു മോളുടെ മുഖം എത്ര ശാന്തമായിരുന്നു!
ഒന്നു നോക്കിയിട്ട് മുഖം തിരിച്ചു അമ്മാവിയമ്മയും മുത്തശ്ശിയും!
താടിക്ക് കൈ താങ്ങി യിരിക്കു ന്ന ആ സ്ത്രീകളുടെ മുഖം അത്രയും വികൃതമായി അതിനു മുമ്പ് കണ്ടിട്ടില്ല.
കുഞ്ഞിനെ കുളിപ്പിച്ചിരുന്നത് മുത്തശ്ശിയാണ്.
വളരെ ക്രൂരമായിട്ടാണ് അവര്‍
ആ കര്‍മം നിര്‍വഹിച്ചത്.
കുഞ്ഞ് വേദനിച്ച് കരയുമ്പോള്‍
മുത്തശ്ശി പറയും
- നീയേ പെണ്ണാ പെണ്ണ് ...കേട്ടോ...കൊറച്ചങ്ങ്ട് നെലോളിച്ച് വേണം വളരാന്‍
ഒരു കുഞ്ഞിന്‍റെ അമ്മയായാല്‍ സ്വഭാവം മയപ്പെടുമെന്ന തന്‍റെ
പ്രതീക്ഷ തകര്‍ത്തു കൊണ്ട് ഭാര്യയുടെ ഈഗോ ഒരു പടു മരം പോലെ വളര്‍ന്നു വന്നു. തൊട്ടതിനും പിടിച്ചതീനുമൊക്കെ അവള്‍ ക്ഷോഭിച്ചു.
പൊതുസ്ഥലങ്ങളില്‍ വച്ചു പോലും ആക്ഷേപിച്ചു.
കുഞ്ഞിനെ പലപ്പോഴും കണ്ട തായി പോലും ഭാവിച്ചില്ല.
മില്‍ക് ബോട്ടിലുകള്‍ വൃത്തിയാക്കി നിറച്ച് മോള്‍ക്ക് നല്‍കുന്ന ജോലി വരെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് അവള്‍ തന്‍റെ ഉന്നത സാമൂഹ്യ വൃത്തങ്ങളില്‍ ചുറ്റിനടന്നു.
സ്ത്രീ ശക്തിയെന്തെന്ന് സദസ്സുകള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
ഒരു വീട്ടിലെ മുറികള്‍ക്കിടയിലുള്ള ദൂരം കൂ ടിക്കൂടിവരികയായിരുന്നു.
എന്നാല്‍ ഈ കുട്ടിയിങ്ങനെ...
കൈയിലിരിക്കുന്ന ഡയറിയുടെ കീറിയ താള്‍ തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതയാള്‍ തിരിച്ചറിഞ്ഞു..

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo