Slider

തുഷാരഗിരിയിലെ മണിയാശാൻ

0


Visit http://www.nallezhuth.com for more

അറിവ് വെച്ച കാലം മുതലേ യാത്രയോട് എന്തെന്നില്ലാത്ത കൊതിയാണ്. ഉപ്പയും ഒരു യാത്രാക്കൊതിയനായിരുന്നെന്ന് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഉപ്പയോടൊപ്പം അധികം യാത്രകൾ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. എന്റെ പത്താമത്തെ വയസ്സിൽ, ചുമലിലെ ഭാരം ഇക്കാക്കയുടെ ചുമലിൽ ഇറക്കിവെച്ച് ഉപ്പ തിരികെ വരാത്ത ആ യാത്ര പോയിക്കളഞ്ഞു.
കുട്ടിയായിരുന്നപ്പോൾ ,ഉപ്പയും ഉമ്മയും ഇക്കാക്കയും ഞാനും ഒരുമിച്ച് ചില യാത്രകൾ പോയിട്ടുണ്ടെന്ന് ഉമ്മ പറയാറുണ്ട്. ഉപ്പ മരിക്കുന്നതിന് ഒരു വർഷം മുമ്പ് ഊട്ടിയിൽ പോയതേ എന്റെ ഓർമ്മയിൽ കുറച്ചെങ്കിലും തെളിയുന്നുള്ളൂ. പിന്നീട് സ്ട്രോക്ക് വന്ന് ഒരു വർഷത്തോളം ഉപ്പ കിടപ്പിലായിരുന്നല്ലോ...
ഞാനും ഇക്കാക്കയും തമ്മിൽ പത്ത് വയസ്സിന്റെ അന്തരമുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ്, ഉപ്പ നടത്തിയിരുന്ന മസാലക്കട നടത്തുകയായിരുന്നു ഉപ്പ മരിക്കുമ്പോൾ ഇക്കാക്ക. ഉപ്പയോടൊപ്പം നടത്തിയ പല യാത്രകളും അവന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. അവനും ഒരു യാത്രാക്കൊതിയൻ തന്നെ.സ്കൂളിലെ എല്ലാ ടൂറുകൾക്കും ഇക്കാക്ക എന്നെ കാശ് തന്ന് പറഞ്ഞയക്കുമായിരുന്നു.
പഠിക്കാൻ അത്ര മിടുക്കനല്ലാതിരുന്ന ഞാൻ എസ് .എസ് .എൽ .സി തോറ്റതോടെ ഇക്കാക്കയുടെ കടയിൽ സഹായത്തിന് നിന്നു.ഞാൻ കച്ചവടത്തെക്കുറിച്ചൊക്കെ മനസ്സിലാക്കിയപ്പോൾ കട എന്നെ ഏൽപ്പിച്ച്, ഒരു വിസ സംഘടിപ്പിച്ച് ഇക്കാക്ക വിദേശത്തേക്ക് പറന്നു.
ആദ്യ ലീവിന് വന്നപ്പോഴായിരുന്നു ഇക്കാക്കയുടെ വിവാഹം. ഇപ്പോൾ അവന് രണ്ടാൺകുട്ടികളുണ്ട്. എന്റെ വിവാഹം കഴിഞ്ഞിട്ട് എട്ടുവർഷമായി.ആറു വയസ്സുകാരൻ മകനുമുണ്ട്. ഞങ്ങളുടെ മസാലക്കട ഇപ്പോൾ ഒരു ചെറിയ സൂപ്പർ മാർക്കറ്റായി ഉയർന്നിരിക്കുന്നു.
ഇക്കാക്ക ലീവിന് വരുമ്പോഴൊക്കെ അവന്റെ ഫേമിലിയും എന്റെ ഫേമിലിയും ഒരുമിച്ചൊരു യാത്ര പതിവാണ്. അതല്ലാതെ വർഷത്തിൽ ,എന്റെ ഫേമിലിയെയും അവന്റെ കുട്ടികളെയും കൂട്ടി എനിക്കു മുണ്ട് രണ്ട് യാത്രയെങ്കിലും .
കുടുംബം ഒന്നിച്ചുള്ള യാത്രകളിൽ തുറന്നു പറച്ചിലിനുള്ള അവസരങ്ങൾ ധാരാളം. അത് കുടുംബത്തിന്റെ കെട്ടുറപ്പിനും, സ്നേഹക്കൂടുതലിനും, സന്തോഷക്കൂടുതലിനും, മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഏറെ പ്രധാനം ചെയ്യുന്നതോടൊപ്പം അറിവുകളുടെ ഒരു വാതായനം തന്നെ തുറന്ന് കിട്ടുകയും ചെയ്യുന്നു.
ഊട്ടി, മൈസൂർ, കൊടുക്, ഗോവ, കന്യാകുമാരി, ബാംഗ്ലൂർ, ഹൈദ്രാബാദ്, കുട്ടനാട്, അതിരപ്പള്ളി, ഗവി...... തുടങ്ങി അയൽ സംസ്ഥാനങ്ങളിലും നമ്മുടെ സംസ്ഥാനത്തും കുറെ യാത്രകൾ പോയെങ്കിലും കോഴിക്കോട്ടുകാരായ ഞങ്ങൾ വീട്ടിൽ നിന്നും നാൽപത് കിലോമീറ്റർ മാത്രം ദൂരമുള്ള തുഷാരഗിരി വെള്ളച്ചാട്ടം കാണാൻ ഇതുവരെ പോയിട്ടില്ല എന്നത് ഒരു സത്യം മാത്രം.
ഞായറാഴ്ചകളിൽ ബീച്ചിലോ മാളുകളിലോ ആണ് പോകാറ് . കുറച്ച് നാളുകളായി ഇക്കാക്കയുടെ മക്കളും എന്റെ ഭാര്യയും തുഷാരഗിരിയിൽ പോകണമെന്ന് നിർബന്ധിക്കുന്നു.
അങ്ങിനെ കഴിഞ്ഞ ഞായറാഴ്ച കാറുമെടുത്ത് തുഷാരഗിരിയിലേക്ക് യാത്ര തിരിച്ചു.
എവിടേക്ക് യാത്ര പുറപ്പെടുമ്പോഴും ഞങ്ങൾ ഉമ്മയെയും നിർബന്ധിക്കും.
"ഉമ്മ ഉപ്പയുടെ കൂടെ കുറെ പോയതല്ലേ... ഇനി മക്കൾ പോയിട്ടു വാ..."
എന്ന് പറഞ്ഞ് ഉമ്മ ഒഴിയും.എന്നാൽ ചെറു യാത്രയെങ്കിലും തുഷാരഗിരി യാത്രക്ക് മറ്റെല്ലാ യാത്രകളെക്കാളും സന്തോഷമുണ്ട്.
ഇത്താത്തയുടെയും കുട്ടികളുടെയും എന്റെയും ഭാര്യയുടെയുംനിർബന്ധത്തിനു വഴങ്ങി, ഉപ്പ മരിച്ചതിൽ പിന്നെ ആദ്യമായി ഉമ്മ ഞങ്ങളോടൊപ്പം യാത്രക്ക് തയ്യാറായിരിക്കുന്നു.
ഇക്കാക്കയെ അപ്പോൾ തന്നെ സന്തോഷ വിവരം ഫോൺ വിളിച്ചു പറഞ്ഞു.
"ഉമ്മ പോന്നോ.... "എന്തായിരുന്നു അവന്റെ സന്തോഷം.
"ഇപ്രാവശ്യം നാട്ടിൽ വന്നാൽ ഉമ്മയെയും കൂട്ടി നമുക്കെല്ലാവർക്കും താജ് മഹൽ കാണാൻ പോകണം... " അവന്റെ സന്തോഷം പിന്നെയും എന്റെ കാതിലെത്തി.
വർത്തമാനം പറഞ്ഞ്, ചിരിച്ച്, സന്തോഷിച്ച്... ഞങ്ങൾ പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന, "മഞ്ഞണിഞ്ഞ മലകൾ " എന്നർത്ഥം വരുന്ന തുഷാരഗിരിയിൽ എത്തി.
" ഇലപൊഴിയും ശിശിരത്തിൽ...
ചെറുകിളികൾ വരവായി...."
കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആ അതിമനോഹര ഗാനം കാതിലെത്തുന്നുണ്ടായിരുന്നു. കടക്കാരോ മറ്റോ സെറ്റിൽ പാട്ടു വെച്ചതായിരിക്കുമെന്ന് കരുതി.
പശ്ചിമഘട്ടത്തിൽ നിന്നും ഉൽഭവിക്കുന്ന രണ്ടരുവികൾ ഇവിടെ കൂടിച്ചേർന്ന് 'ചാലിപ്പുഴ' എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞു പോലത്തെ ജലധാരയാവുന്നു.
വെള്ളച്ചാട്ടങ്ങൾ കാണാനുള്ള ടിക്കറ്റുകൾ എടുത്ത് കവാടത്തിനടുത്തേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച ശ്രദ്ധയിൽ പെട്ടത്.നേരത്തെ കേട്ട പാട്ട് സെറ്റിലല്ല, ഒരു വയസ്സായ മനുഷ്യൻ അടഞ്ഞുകിടക്കുന്ന പീടിക ക്കോലായിലിരുന്ന് കരോക്കെ മ്യൂസിക്കിൽ പാടുകയാണ്. ഓർജിനലിന്റെ അതേ ഈണത്തിൽ.
യാത്രയോടുള്ള കൊതിപോലെ പാട്ടുകളോടും ഒരു കൊതിയുണ്ട്. പ്രത്യേകിച്ച് പഴയ കാല മലയാള സിനിമാ ഗാനങ്ങളോട്. പാട്ടുകാരന്റെ മുന്നിൽ അൽപ നേരം നിന്നു. അപ്പോൾ അടഞ്ഞ ഷട്ടറിൽ തൂക്കിയിട്ട ഒരു ഫ്ലക്സ് ബോർഡ് കണ്ടു:
"പ്രിയരേ....
വർഷങ്ങൾക്ക് മുൻപ് ഒരപകടത്തിൽ
അരയുടെ താഴോട്ട് തളർന്നു പോയ
ഒരു പാവം മനുഷ്യൻ.
ദയാലുക്കളേ.....
ഞാൻ നിങ്ങളിൽ അഭയം പ്രാപിക്കുന്നു
എന്നെ ഉപേക്ഷിക്കരുതേ....
എന്ന്
മണി ആശാൻ തുഷാരഗിരി.
98 47 95 46 27.
കോടഞ്ചേരി. "
അന്ധഗായകരും മറ്റുമൊക്കെയായി ഇതേപോലെ എത്രയോ കണ്ടിരിക്കുന്നു. ചെറിയ സഹായങ്ങളൊക്കെ ചെയ്യാറുമുണ്ട്. എന്നാൽ എന്തോ മണിയാശാനോടും പാട്ടിനോടും ഒരധിക ഇഷ്ടം തോന്നി.അത്ര മനോഹരമായിട്ടാണ് അയാൾ പാട്ടു പാടുന്നത് .വളരെ വിനീതനായി സ്റ്റൂളിൽ വെറുതെ ഇരുന്ന് ... പാടുകയാണെന്ന് തോന്നുകയേയില്ല..
ഞാൻ എല്ലാം മറന്ന് പാട്ടിൽ ലയിച്ചു.
"ഷാനുക്കാ.... ങ്ങള്.. പോരുന്നില്ലേ.... "
അവളുടെ വിളിയാണ് എന്നെ ഉണർത്തിയത്. അവരെല്ലാം കവാടത്തിനടുത്തെത്തിയിരിക്കുന്നു.
തൂക്കുപാലം കടന്ന് ആദ്യം ഒന്നാമത്തെ വെള്ളച്ചാട്ടം. കുറെ സഞ്ചാരികൾ വെള്ളച്ചാട്ടത്തിനടിയിൽ കുളിക്കുന്നത് കണ്ടപ്പോൾ കുട്ടികൾക്കും കുളിക്കണമെന്ന് വാശി. 'അവരുടെ സന്തോഷമാണല്ലോ നമ്മുടെ സന്തോഷം '
ഞാൻ വെള്ളച്ചാട്ടത്തിനടിയിലേക്ക് അവരെയുമായി നടന്നു.പാറയുടെ മുകളിൽ നിന്നും ശക്തിയായ ഒരു ഷവറിൽ നിന്നെന്ന പോലെ ആ തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ "ഹാ.... " പറഞ്ഞറിയിക്കാൻ കഴിയില്ല ആ സുഖവും ഉൻമേഷവും. കുളിച്ചില്ലായിരുന്നുവെങ്കിൽ അതൊരു തീരാനഷ്ടമായേനെ.
പിന്നെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്തേക്ക്.ഏറ്റവും ഉയരം കൂടിയ (75 മീറ്ററോളം) മൂന്നാമത്തെ വെള്ളച്ചാട്ടം കാണാൻ കുത്തനെയുള്ള മലകയറണമെന്നതിനാൽ, ഉമ്മാക്ക് ബുദ്ധിമുട്ടാവും അതൊഴിവാക്കി മറ്റൊരു കാഴ്ചയായ 'താന്നിമുത്തശ്ശി'യുടെ അരികിലേക്ക് നടന്നു ഞങ്ങൾ.
120 വർഷത്തോളം പഴക്കമുണ്ടത്രെ താന്നിമുത്തശ്ശിക്ക്. ഉള്ള് മുഴുവൻ പൊള്ളയാണ് ഈ മരം. അടിഭാഗത്ത് മരത്തിനുള്ളിലേക്ക് കയറി നിന്ന് മേലോട്ട് നോക്കിയാൽ ഒരു തുരങ്കം പോലെ... മുകളിൽ നിന്നും ഒരു പൊത്തിലൂടെ പ്രകാശം താഴോട്ട് അരിച്ചിറങ്ങുന്നു .നല്ല ഒന്നാന്തരം കാഴ്ച.മൂന്ന് പേർക്ക് ഒരുമിച്ച് കയറി നിൽക്കാനാവും താന്നിമുത്തശ്ശിയുടെ അടിഭാഗത്ത്.
താന്നിമുത്തശ്ശിക്കടുത്ത് മുളം കാടുകൾ പന്തലിട്ട സിമന്റ് ബെഞ്ചിൽ ഇരിക്കുമ്പോഴും എന്റെ കാതുകൾ, വെള്ളച്ചാട്ടങ്ങളുടെ ആരവങ്ങളെയും ആ തണുപ്പിനെയും ആവാഹിച്ചെത്തുന്ന ചെറുകാറ്റ് മണിയാശാന്റെ പാട്ടിനെയും ആവാഹിച്ചിട്ടുണ്ടോ...? എന്നൊരു വിഫല ശ്രമം നടത്തുന്നുണ്ടായിരുന്നു.
കുറച്ച് സമയം അവിടെ ചിലവാക്കിയതിന് ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. മണിയാശാൻ പാടുന്നതിന്റെ എതിർ സൈഡിൽ ഐസ് ക്രീം വണ്ടി കണ്ടതും കുട്ടികൾ അതിനടുത്തേക്ക് നടന്നു.
"അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം...
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം..."
എന്റെ കാതിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നായ ഈ പാട്ട് മണിയാശാന്റെ മനോഹര ശബ്ദത്തിൽ കേട്ടുകൊണ്ട് ഐസ്ക്രീം നുണയുമ്പോൾ മറ്റെപ്പൊഴത്തേക്കാളും രുചി തോന്നി ഐസ് ക്രീമിന്.
ഐസ് ക്രീം തിന്നു കഴിഞ്ഞ്, മടങ്ങാൻ നേരം ഞാൻ പേഴ്സെടുത്ത് 100 രൂപയുടെ ഒരു നോട്ടെടുത്ത് ഇക്കാക്കയുടെ മൂത്ത മകന്റെ കൈയ്യിൽ കൊടുത്തു.
"ഇത് ആ ബക്കറ്റിൽ കൊണ്ടുപോയിട്ടോ... "
"കുഞ്ഞാപ്പ ആ പേഴ്സ് ഇങ്ങ് താ..."
അവൻ കൈ നീട്ടി.
"എന്തിനാ.... " ഞാൻ പേഴ്സ് അവനു നേരെ നീട്ടി. അവൻ അത് വാങ്ങി 100 രൂപയുടെ നോട്ട് അതിൽ വെച്ച് 500 രൂപയുടെ ഒരു നോട്ട് കൈയ്യിലെടുത്ത് പേഴ്സ് മടക്കി എന്നെ ഏൽപ്പിച്ചു.
എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് ഉമ്മ അവനെ പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്ത് കൊണ്ട് പറഞ്ഞു:
"മോൻ കൊണ്ടുചെന്ന് കൊടുക്ക്.... "
അവൻ അതുമായി മണിയാശാന്റെ ബക്കറ്റിനടുത്തേക്ക് നടന്നു. രൂപ ബക്കറ്റിലിട്ട അവനെ മണിയാശാൻ പാട്ടു നിർത്തി അരികിലേക്ക് വിളിച്ചു. എന്നിട്ടവന്റെ തലയിൽ കൈ വെച്ച് എന്തോ പറയാൻ ശ്രമിച്ചെങ്കിലും വിതുമ്പിപ്പോയി മണിയാശാൻ. അപ്പോൾ അയാളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
*********************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo