For more - Visit http://www.nallezhuth.com
========================================
റൂമിൻ്റെ വാതിലു തുറന്ന് ചാരുലത ടീച്ചർ കാലെടുത്തു വച്ചത് ഛോട്ടാഭീമിൻ്റെ നെഞ്ചത്തേക്കായിരുന്നു."ഈ അമ്മുവിൻ്റെ ഒരു കാര്യം,ഒന്നും എടുത്താൽ തിരിച്ച് എടുത്തിടത്ത് വയ്ക്കില്ല".ടീച്ചർ കുനിഞ്ഞ് നിലത്തുകിടന്ന കളിപ്പാട്ടങ്ങൾ പെറുക്കി മേശപ്പുറത്ത് അടുക്കിവച്ചു.പെട്ടെന്നായിരുന്നു ഇടി വെട്ടിയത്."ഈശ്വരാ ശബ്ദംകേട്ട് മോളു പേടിച്ചുണരുമോ!"
ടീച്ചർ മെല്ലെ മോളുടെ അടുത്ത് കട്ടിലിൽ ഇരുന്നു.പുതപ്പുകൊണ്ട് അവളെ മൂടുമ്പോൾ അവൾ മെല്ലെയൊന്നു പുഞ്ചിരിച്ചുവോ!ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടുകാണും.മോളെയും ചേർത്തുപിടിച്ച് ടീച്ചർ കിടന്നപ്പോഴേക്കും മഴതിമിർത്തു പെയ്യാൻ തുടങ്ങിയിരുന്നു.എന്നാൽ പുറത്തെ ആ മഴയ്ക്ക് കാതോർത്തുകിടന്നപ്പോൾ ടീച്ചറുടെ മനസ്സിൽ മറ്റൊരു മഴ പെയ്യുന്നുണ്ടായിരുന്നു,അഞ്ചു വർഷം മുൻപുള്ള ഒരു തുലാവർഷമഴ.
അന്നും ഇതുപോലെ കോരിച്ചൊരിയുന്ന മഴയായിരുന്നു.പത്താംക്ലാസുകാരുടെ ഈവനിംഗ് ക്ലാസും കഴിഞ്ഞ് സ്കൂളിൽ നിന്നും ഇറങ്ങിയപ്പോഴേ പതിവിലും വെെകിയിരുന്നു.ജംഗ്ക്ഷനിൽ ബസിറങ്ങുമ്പോഴേക്ക് ഇരുട്ടായിരുന്നു. പകലു മുഴുവൻ പെയ്ത ക്ഷീണം തീർക്കാനെന്നപോൽ മഴ തെല്ലൊന്നു തോർന്നിരുന്നെങ്കിലും കാർമേഘം മൂടിയ ആകാശം സന്ധ്യയെ കുറേക്കൂടി ഇരുണ്ടതാക്കിയിരുന്നു.നേരം ഇരുട്ടിയ വെപ്രാളത്തിൽ വീട്ടിലേക്കു നടക്കുമ്പോളും മനസ്സു നിറയെ തലേന്നു രാത്രി കണ്ട സ്വപ്നമായിരുന്നു.ഒരിക്കലും സ്വപ്നങ്ങളുടെ അർത്ഥം തേടി അലയാൻ തോന്നിയിട്ടില്ല.പക്ഷേ ഈ സ്വപ്നം അതു മനസ്സിനെ വല്ലാതെ ഉലച്ചിരിക്കുന്നു.എന്തിനായിരുന്നു അങ്ങനൊരു സ്വപ്നം!അതും എല്ലാ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വയം മറന്നുതുടങ്ങിയ ഈ സമയത്തുതന്നെ.തന്നോടു ചേർന്ന് തൻ്റെ ഉടലിൻ്റെ ചൂടുപറ്റി കിടക്കുന്ന ഒരു കുഞ്ഞ്,അത്രയേ ഉണ്ടായിരുന്നുള്ളു ആ സ്വപ്നം.പക്ഷേ ആ സ്വപ്നം മനസ്സിലെവിടെയോ കുഴിച്ചുമൂടിയ പലതും തിരികെ കൊണ്ടുവരാൻ പോന്നതായിരുന്നു.
കുഞ്ഞുങ്ങൾ അവരെന്നും തനിക്കും രവിയേട്ടനും പ്രിയപ്പെട്ടവരായിരുന്നല്ലോ.വിവാഹം കഴിഞ്ഞു ഏഴുവർഷമായിട്ടും കുഞ്ഞുങ്ങളുണ്ടാവാതിരുന്നപ്പോൾ തന്നെക്കാളേറെ വേദനിച്ചതും രവിയേട്ടനായിരുന്നു.ചികിത്സയും പ്രാർത്ഥനയും മുറപോലെ നടന്നിട്ടും ഞങ്ങളുടെ സങ്കടത്തിനുമാത്രം പരിഹാരമുണ്ടായില്ല.രവിയേട്ടൻ്റെ സങ്കടം കാണാൻ വയ്യാതെ പലപ്പോഴും ഭഗവാനോടു നെഞ്ചുപൊട്ടി പ്രാർത്ഥിച്ചു പോയിട്ടുണ്ട് ഞങ്ങളുടെ സകല സൗഭാഗ്യങ്ങളും തിരിച്ചെടുത്തിട്ടാണെങ്കിലും ഞങ്ങൾക്കൊരു കുഞ്ഞിനെ തരണേ എന്ന്.മനസ്സുനീറിയുള്ള പ്രാർത്ഥന ഭഗവാൻ കേട്ടു,പക്ഷേ അതിനു പകരം തിരിച്ചെടുത്തതോ പാവം എൻ്റെ രവിയേട്ടനെയും.ഒരു പക്ഷേ ഭഗവാനു തോന്നിക്കാണും എൻ്റെ സകല സൗഭാഗ്യങ്ങളും ആ പാവം മനുഷ്യനായിരുന്നെന്ന്.താനൊരു അച്ഛനാകാൻ പോകുന്ന വാർത്തകേട്ട സന്തോഷത്തിൽ കുഴഞ്ഞുവീണതാ അദ്ദേഹം.പിന്നെ ഉണർന്നില്ല.പിന്നീട് ആരൊക്കെയോ പറയുന്നതു കേട്ടു ഒരുപാടു സന്തോഷിച്ചാലും അറ്റാക്കു വരുമെന്ന്. അതെനിക്കൊരു ഷോക്കായിരുന്നു.പിന്നെക്കുറേ നാൾ വിഷാദത്തിനു ചികിൽസയിലായിരുന്നു.അതിനിടയിലെപ്പോഴോ വയറ്റിൽ തളിർത്തുവന്ന ജീവൻ്റെയും വേരറ്റു പോയിരുന്നു.അതുകൂടി ആയപ്പോൾ ആകെ തകർന്നുപൊയി ഞാൻ.പിന്നെ അതിൽനിന്നൊക്കെയൊന്നു തിരികെവരാൻ കാലം കുറേയെടുത്തു.പിന്നീടെപ്പോഴൊ മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ മനസിൻ്റെ അടിത്തട്ടിൽ കുഴിച്ചുമൂടി ജീവിതത്തിലേക്കു തിരിച്ചു വരികയായിരുന്നു ഞാൻ.
അന്നത്തെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ കടന്നുപോയിട്ടു നാളെത്രയായി.പിന്നെന്തേ ഇപ്പോൾ ഇങ്ങനൊരു സ്വപ്നം.ഓ! അതു വെറുമൊരു സ്വപ്നം,അതിനെക്കുറിച്ച് ഇത്രയുമൊക്കെ ഓർക്കേണ്ടതുണ്ടോ.ഇങ്ങനെ സ്വയം ആശ്വസിച്ചുകൊണ്ട് ടീച്ചർ നടത്തത്തിനു വേഗത കൂട്ടി.ടീച്ചറുടെ നടത്തത്തിനൊപ്പം മഴയും വീണ്ടും പെയ്യാൻ തുടങ്ങി.
ശങ്കരേട്ടൻ മരിച്ചിട്ട് നാളേറെയായി.ശങ്കരേട്ടൻ്റെ സ്മാരകം പോലെ നിൽക്കുന്ന പെട്ടിക്കടയും നിലം പതിക്കാറായി.എങ്കിലും റോഡിലെ വളവുതിരിയുമ്പോൾ,അടുത്ത വളവിലായി ആ പഴയ കട കാണുമ്പോൾ ടീച്ചറുടെ മനസ്സിൽ ശങ്കരേട്ടൻ്റെ മുഖം ഓടിയെത്തും.പ്രായാധിക്യംകൊണ്ടു വളഞ്ഞുപോയ മുതുകുമായി വടിയൂന്നി പുറകിലെ ആറ്റിൽനിന്നും വെള്ളമെടുക്കാൻ പോകുന്ന ശങ്കരേട്ടൻ.ടീച്ചർ സ്കൂളിൽ പഠിക്കുമ്പോഴേ ശങ്കരേട്ടന് ഇതേ രൂപമാണ് പലപ്പോഴും അത്ഭുതത്തോടെ ഓർത്തിട്ടുണ്ട് ഈ മനുഷ്യന് എത്ര പ്രായം കാണുമെന്ന്.എങ്കിലും ശങ്കരേട്ടൻ്റെ മരണം മനസ്സിനൊരു വേദനയായിരുന്നു.അന്നും പതിവുപോലെ ശങ്കരേട്ടനെക്കുറിച്ചോർത്ത് നടക്കുവായിരുന്നു.അപ്പോഴാണ് മഴയുടെ ശബ്ദത്തിനിടയിലൂടെ ഒരു കുഞ്ഞിൻ്റെ കരച്ചിൽ ടീച്ചർ കേട്ടത്.അടുത്തെങ്ങും ഒരു മനുഷ്യജീവിയുമില്ല.ആൾപ്പാർപ്പുള്ള സ്ഥലമെത്തണമെങ്കിൽ ഇനിയും കുറേക്കൂടി മുന്നോട്ടു പോകണം.വലതുവശത്തുകൂടി കുതിച്ചൊഴുകുന്ന പുഴയും ഇടതുവശത്തെ കാടുംപടർപ്പും നിറഞ്ഞ പറമ്പും സ്കൂളിൽ പഠിക്കുമ്പോഴേ ടീച്ചറുടെ പേടി സ്വപ്നമാണ്.ഈ വഴിയിലെ ഏകധെെര്യം ഏതുമഴയിലും വെയിലിലും കൂനിപ്പിടിച്ചിരിക്കുന്ന ശങ്കരേട്ടനായിരുന്നു.ഇപ്പോഴും ഇവിടെത്തുമ്പോൾ ശങ്കരേട്ടനെ ഓർക്കുന്നതുതന്നെ മനസ്സിനൊരു ധെെര്യത്തിനുവേണ്ടിയാണ്.ഇവിടെ പിന്നെങ്ങനെയൊരു കുഞ്ഞു കരയാൻ!ഇന്നലത്തെ സ്വപ്നം മനസ്സിൽ കിടക്കുന്നതുകൊണ്ടു തോന്നുന്നതാവും.ടീച്ചർ മുന്നോട്ടു നടന്നു.പക്ഷേ കരച്ചിൽ വീണ്ടും കേട്ടു, പഴയതിലും ഉച്ചത്തിലായിരുന്നു ഇത്തവണ കരച്ചിൽ.ടീച്ചർ ശങ്കരേട്ടൻ്റെ കടയിലേക്കു നോക്കി.അവിടെ ഇളകിവീഴാറായ കടയുടെ തട്ടിൽ ഒരു പട്ടി ചുരുണ്ടു കിടന്നുറങ്ങുന്നു.പിന്നിതെവിടുന്നാ ഈ കരച്ചിൽ!ടീച്ചർ നടപ്പുനിർത്തി കടയുടെ ഭാഗത്തേക്ക് സൂക്ഷിച്ചുനോക്കി.അഴികൾ ഇളകി തൂങ്ങിയ തട്ടിൻ്റെ അടിഭാഗത്ത് ഒരനക്കം.ടീച്ചർ ധെെര്യപൂർവ്വം അതിനടുത്തേക്കു നീങ്ങി.അവിടെ മുഷിച്ചുകീറിയ തുണിയിൽ ഒരു കുഞ്ഞ് നനഞ്ഞുവിറച്ചു കിടക്കുന്നു.തട്ടിൻ്റെ മുകളിലെ പട്ടിയല്ലാതെ പരിസരത്തെങ്ങും ആരുമില്ല.പിന്നെ ഈ കുഞ്ഞെങ്ങനെ ഇവിടെ വന്നു.ടീച്ചർ ഭയന്നു ചുറ്റിനും നോക്കി.ടീച്ചർ മെല്ലെ കുനിഞ്ഞ് കുഞ്ഞിനെ എടുത്തു.ഒരുമാസം പോലും വളർച്ചയെത്താത്ത ഒരു പെൺകുഞ്ഞ്.കുഞ്ഞു വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.കരഞ്ഞുകരഞ്ഞ് അതിൻ്റെ ശബ്ദം പോലും അടഞ്ഞിരുന്നു.ടീച്ചർ തൻ്റെ സാരിത്തലപ്പുകൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചു.മനസ്സിൽ തോന്നിയ ഭയം മാറ്റാനായി ടീച്ചർ ചുറ്റിനും ഒന്നുകൂടി നോക്കി.എന്നാൽ ഇത്തവണ ടീച്ചർ ഒന്നുകൂടി ഞെട്ടി.ആറ്റിൻ്റെ കരയിൽ ആരോ ഉപേക്ഷിച്ച ഒരു ജോഡി ലേഡീസ് ചെരുപ്പ്.ടീച്ചറുടെ ഉള്ളിലൊരു മിന്നലാളി.പിന്നെ കുഞ്ഞിനെയും കൊണ്ട് ഒരോട്ടമായിരുന്നു.ഓടിച്ചെന്നു കയറിയത് വഴിയിൽ ആദ്യം കണ്ട ഗോപാലൻ മാഷിൻ്റെ വീട്ടിലേക്കായിരുന്നു.കിതച്ചുകൊണ്ട് എങ്ങിനെയൊക്കെയോ മാഷിനോടു കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.പിന്നെ തളർന്ന് ആ വീടിൻ്റെ തിണ്ണയിലിരുന്നു.അപ്പോഴേക്കും ആ കുഞ്ഞ് ടീച്ചറുടെ ദേഹത്തിൻ്റെ ചൂടേറ്റ് മയങ്ങാൻ തുടങ്ങിയിരുന്നു.
ഓർമ്മകൾക്കിപ്പുറം മടങ്ങിയെത്തുമ്പോഴും അമ്മുമോൾ ടീച്ചറോടു ചേർന്നുകിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.പുറത്ത് മഴ അപ്പോഴും തിമിർത്തുപെയ്യുന്നുണ്ടായിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക