Slider

ഓർമയിൽ അച്ചുട്ടി

0


===========================================

ഗൾഫിൽ നിന്നും ലീവിനു വന്ന് വിശ്രമിക്കുന്നതിനിടെയാണ് അമ്മ
പറഞ്ഞത്, "അച്ചുട്ടി മരിച്ചെന്ന് " .ഉറക്കത്തിന്റെ ആലസ്യത്തിൽ എന്തോ
കേട്ടിട്ടെന്നവണ്ണം ഞാൻ തിരിഞ്ഞു.
ക്രാസറിക്കരികിൽ സാന്ത്വന രൂപത്തിൽ
അമ്മ ഇരിക്കുന്നു. കേട്ടത് സത്യമാണോ
എന്ന മട്ടിൽ ഞാൻ അമ്മയെ നോക്കി.
ശരിയാണെന്ന് അമ്മ തലയാട്ടുകയും
ചെയ്തു. ദിനംപ്രതി ഞാൻ അമ്മയെ ഫോൺ ചെയ്യാറുള്ളതാണ്. എന്നിട്ടും അച്ചുട്ടി മരിച്ച വിവരം അമ്മ സൂചിപ്പിച്ചില്ലല്ലോ?
അല്ലെങ്കിലും വിഷമം ഉണ്ടാക്കുന്ന ഒരു
കാര്യവും അമ്മ എന്നെ അറിയിക്കില്ല.
ചെറിയ കാര്യത്തിനു പോലും ഞാൻ
വിഷമിക്കുo എന്ന് അമ്മയ്ക്കറിയാം.
പ്രത്യേകിച്ചും അച്ചുട്ടിയുടെ കാര്യത്തിൽ. ഞാനും അച്ചുട്ടിയും രക്തബന്ധമൊന്നു
മില്ലെങ്കിലും അതിനെക്കാൾ വലിയ
ബന്ധം ഞങ്ങൾക്കിടയിലുണ്ട്.ഞാൻ
നിമിത്തം അച്ചുട്ടി ഒരുപാടു നരകയാതന അനുഭവിച്ചിട്ടുണ്ട്.
അമ്മയുടെ മടിയിലേക്ക് ഞാൻ തല വെച്ചു. മുടിയിഴയിലൂടെ അമ്മ കൈവിരലോടിച്ചു. വാത്സല്യത്തോടെയുള്ള ആ സ്പർശം
എനിക്ക് തെല്ലൊരാശ്വാസമുണ്ടായി. തന്റെ കണ്ണുകൾ ഈറനണിയുന്നുണ്ട്. അമ്മയുടെ നേര്യതുകൊണ്ട് ഞാൻ കണ്ണുകൾ തുടച്ചു.
കുറ്റിപ്പുറം സ്ക്കൂളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് അച്ചുട്ടിയെ ആദ്യമായി കാണുന്നത്.
ചീകിയൊതുക്കാത്ത നരച്ച ചുരുളൻ മുടി, ചുവന്നു കലങ്ങിയ കണ്ണുകൾ,
കറുത്ത ചുണ്ടുകൾക്കിടയിൽ എപ്പോഴും പുകയുന്ന കാജാ ബീഡി .അമ്പതു വയസ് പ്രായo വരുമെങ്കിലും
എപ്പോഴും താങ്ങായി ഒരു വടി കൈയിൽ ഉണ്ടാകും. മുഷിഞ്ഞ ഷർട്ടും
നിറം മങ്ങിയ ഒരു കാവിമുണ്ടും. ഷർട്ടിന്റെ പിറകിൽ എപ്പോഴും തൂക്കിയിട്ടിരിക്കുന്ന ഒരു ശീലകുടയും,
ഓർമയിൽ അച്ചുട്ടിയുടെ രൂപം ഇങ്ങനെയായിരുന്നു.
ഞാൻ ഇവിടം വിട്ടിട്ട് അഞ്ചു കൊല്ലം
കഴിഞ്ഞിരിക്കുന്നു. അതിനിടെ എന്തെല്ലാം മാറ്റങ്ങൾ. അക്കൂട്ടത്തിൽ പരിചയമുള്ളവരുടെ വിയോഗം, അൽപ്പം വേദന ഉണ്ടാക്കുന്നു. അല്ലെങ്കിലും പ്രവാസ ജീവിതം നയിക്കുന്നവർ നാട്ടിൽ നടക്കുന്ന പല
കാര്യങ്ങളുംഅറിയാറെയില്ല. സന്തോഷമുള്ള കാര്യങ്ങൾ മാത്രം അമ്മയെ വിളിക്കുമ്പോൾ പറയും.
കുളിച്ചു ഫ്രഷായി പുറത്തേക്കിറങ്ങി.
ഇറങ്ങുമ്പോൾ തന്നെ അമ്മ ഓർമപ്പെടുത്തി, ഉണ്ണാറാവുമ്പോഴെയ്ക്കും മനു ,നീ വരില്ലേ ......?
"ഉടനെ തിരിച്ചെത്താം " -
ഞാൻ പറഞ്ഞു.
കൂടെ പഠിച്ച നവാസിന് കുറ്റിപ്പുറത്ത് ഒരു സ്‌റ്റേഷനറി കടയുണ്ട്. അത് ലക്ഷ്യമാക്കിയാണ് എന്റെ യാത്ര ,അവൻ കടയിൽ ഉണ്ടാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.പ്രതീക്ഷിച്ചതുപോലെ അവൻ അവിടെയുണ്ട്.ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിനിടയിൽ തടസം
സൃഷ്ടിക്കുവാനെന്ന പോലെ ഒരു ഭിക്ഷക്കാരൻ വന്നു.
"നാനുമെൻ കൊളന്തകളും യതാവതു
ശാപ്പാട്ടിച്ചു റുമ്പ നാളാച്ച് "
ഭിക്ഷക്കാരന്റെ ദയനീയ സ്വരം, ഞാൻ പോക്കറ്റിലെ പേഴ്സിൽ നിന്നും അമ്പതു രൂപ യാചകനു നേരെ നീട്ടി. അയാൾ സന്തോഷത്തോടെ ,ആ പണം വാങ്ങിച്ചു. എന്നിട്ട്,വേച്ചു വേച്ചു നടന്നകന്നു.
"എന്താ ചെങ്ങാതി അനക്ക് പിരാന്തുണ്ടോ? അവൻ എന്നെ
കുറ്റപ്പെടുത്തി. അപ്പോഴാണ്
യാദൃശ്ചികമായി എന്റെ ശ്രദ്ധ അവന്റെ
മേശമേൽ വെച്ചിട്ടുള്ള ഗ്ലാസിലേയ്ക്കു
പതിഞ്ഞത്.അതിനടിയിൽ ഒരു പഴയ
ഫോട്ടോ, ജനത ഹോട്ടലിൽ ചായ
കുടിക്കുന്നതിനിടെ ജയിംസ് പറ്റിച്ച പണിയാണത്.വിനുവും ജാഫറും രമേഷും ഞാനും ചായ കുടിക്കുന്ന ദൃശ്യം. ഫോട്ടോ നിറം മങ്ങിയിട്ടുണ്ട്. ദൃശ്യത്തിൽ ,എനിക്ക് പിന്നിലായി , ബക്കറ്റിൽ വെള്ളം നിറയ്ക്കുന്ന ഒരു മങ്ങിയ രൂപം.
ഇതാരാണെന്ന് മനസ്സിലായോ?
നവാസിന്റെ ചോദ്യം.
ഞാൻ ആ ചിത്രത്തിലേക്ക് നോക്കി.
തന്റെ ചുണ്ടുകൾ വിറപൂണ്ടു.
പതിഞ്ഞ സ്വരത്തിൽ എന്റെ നാവ്
മന്ത്രിച്ചു "അച്ചുട്ടി'.
" ദീനായിരുന്നു....കൊടലിൽ, മൂന്നു മാസം കെടന്നിട്ടുണ്ടാകും. ഒരു തുള്ളി
വെള്ളം ഇറക്കാനാവാതെ ... ", നവാസ് പറഞ്ഞു.
മൊബൈൽ ഫോണിൽ അമ്മയുടെ രണ്ടു മിസ്ഡ് കോൾ വന്നു കിടപ്പുണ്ട്. ഫോൺ സൈലന്റിലായതു കൊണ്ട് അറിഞ്ഞില്ല
ഞങ്ങൾക്കിടയിൽ അച്ചുട്ടിയായിരുന്നു സംസാരവിഷയം.
ചാവക്കാട് ആണ് അച്ചുട്ടീടെ വീട്.പണ്ടൊരിക്കൽ വിനോദ് പറഞ്ഞ കാര്യം
ഓർമയിൽ വന്നു. കോടികണക്കിന് സ്വത്തുള്ള ആളാണത്രെ അച്ചുട്ടി.
മൂന്ന് സഹോദരിമാരുടെ ഏക സഹോദരൻ.ചെറുപ്പത്തിൽ അപസ്മാരത്തിന്റെ അസുഖം ഉണ്ടായിരുന്നു. അച്ഛനും അമ്മയും മരിച്ചതോടെ മാനസിക നില തെറ്റി. ഭ്രാന്താണെന്നും പറഞ്ഞ് ബന്ധുക്കൾ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തി
ൽ ആക്കി.അസുഖം മാറിയതിനു ശേഷം അച്ചുട്ടി സ്വന്തം വീട്ടിൽ പോയില്ല.കുറ്റിപ്പുറത്തങ്ങാടിയിൽ എത്തി. ചാവക്കാട്ടുകാരുടെ അച്ചുതൻ നായർ കുറ്റിപ്പുറത്തങ്ങാടിക്കാർക്ക്
അച്ചുട്ടിയായി മാറി. എന്തിനും ഏതിനും അച്ചുട്ടി വേണമെന്ന സ്ഥിതിയായി.
ഏത് ജോലിയും മടി കൂടാതെ ചെയ്യും.
സ്ക്കൂൾ കുട്ടികൾക്കെല്ലാം അയാളെ
പേടിയായിരുന്നു. എപ്പോഴും മുഖത്ത്
വിരിയുന്ന ക്രൂരഭാവം, നീളൻ വടിയും.
ഇതൊക്കെ കുട്ടികളെ ഭയപ്പെടുത്തി.
ദൂരെ നിന്നു തന്നെ അച്ചുട്ടിയെ കാണുമ്പോൾ ഞാനുൾപ്പെടെ എല്ലാ
കുട്ടികളും ഭയന്നോടും.
അച്ചൂട്ടിയെ കൊണ്ടുപോകാൻ ചിലർ
വന്നിരുന്നത്രെ....
നവാസ് പറഞ്ഞു.
"ഈ അങ്ങാടി വിട്ട് അയാൾ എങ്ങോട്ട്
പോകാൻ....:
ഞാൻ പറഞ്ഞു.
................ '..................
അന്നത്തെ ആ കരിദിനം ഇടിമിന്നൽ
പോലെ തെളിഞ്ഞു വന്നു. മറക്കാൻ
പറ്റാത്ത ദിവസം. സ്വപ്നത്തിൽ ഇപ്പോഴും കേൾക്കാം കൂകി പാഞ്ഞു വരുന്ന തീവണ്ടിയുടെ ശബ്ദം.
അന്ന് സെക്കൻഡ് സാറ്റർഡേ ആയിരുന്നു. രാവിലെ ക്ലാസ്സില്ലായിരുന്നു. പക്ഷെ, രണ്ടു മണിക്ക് ശേഷം ട്യൂഷൻ ഉണ്ട്. റെയിൽവേ പാളം കടന്നു വേണം പോകാൻ .ഓവർ ബ്രിഡ്ജിന്റെ പണി നടക്കുന്നതെയുള്ളൂ.
വാച്ചിൽ നോക്കിയപ്പോൾ സമയം 1:50 ആയിരിക്കുന്നു. ഫസ്റ്റ് ഹവർ ലേഖ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസാണ്.പൊതുവെ
ദേഷ്യമുള്ള ആളാണ്. നേരം വൈകിയാൽ അടി ഉറപ്പ്. ധൃതിയിൽ നടന്നു.ചെറുതായി മഴ പെയ്യുന്നുണ്ട്.
മഴയുടെ കാഠിന്യം കൂടുന്നുണ്ട്.
നേരം വൈകിയതിന്റെ ടെൻഷൻ മൂലം
നടത്തം ധൃതിയിലായി. മഴയുടെ ശക്തി
കുറഞ്ഞു.
വേഗത്തിൽ കടക്കുന്നതിനിടെയാണ് തന്റെ കാല് പാളത്തിലുള്ള വിള്ളലിൽ
ഉടക്കിയത്. എത്ര പണിപ്പെട്ടിട്ടും കാല് വലിച്ചെടുക്കാൻ സാധിച്ചില്ല.
ഞാനാകെ വെപ്രാളത്തിലായി.
ഈശ്വരാ ട്രെയിൻ ഇപ്പോൾ വരും ...
ഏതു നിമിഷവും എന്തും സംഭവിക്കും.
ദൂരെ നിന്നും കൂകി പാഞ്ഞു വരുന്ന തീവണ്ടിയുടെ ശബ്ദം കേൾക്കാം,
ഞാൻ ഉറക്കെ കരയാൻ തുടങ്ങി.
"അമ്മേ.... അമ്മേ....
അപ്പോഴെയ്ക്കും അവിടെ ആളുകൾ കൂടിയിരിക്കുന്നു.
" മക്കളെ ... ആരെങ്കിലും, ആ കൊച്ചിനെ രക്ഷിക്കെടാ ... :
പ്രായം ചെന്ന ഒരു വല്യമ്മയുടെ ശബ്ദം കേൾക്കാമായിരുന്നു.
പടച്ചോനെ, എന്ന് വിളിച്ചലറുന്ന ശബ്ദവും കേൾക്കാം. രക്ഷപ്പെടുത്താൻ
ചിലർ ശ്രമിച്ചെങ്കിലും വിഫലമായി '.
വണ്ടിയുടെ ശബ്ദം കേൾക്കുന്തോറും
തന്റെ സകല നാഡീഞരമ്പും തളർന്നു പോയിരുന്നു.
ഇല്ല, തനിക്ക് രക്ഷപ്പെടാനാവില്ല.
മനസ്സ് പൂർണമായും ഞാൻ സജ്ജമാക്കി.
കാലിൽ നിന്നും ചോര പൊടിഞ്ഞിട്ടുണ്ട്.
അസഹ്യമായ വേദന'
ആർക്കും തന്നെ രക്ഷപ്പെടുത്താൻ
കഴിയുന്നില്ല.
അപ്പോഴും ഞാൻ " അമ്മേ..... യെന്ന് വിളിച്ചിട്ട് കരയുന്നുണ്ടായിരുന്നു. മരണം
തന്റെ അടുത്തെത്തിയിരിക്കുന്നു.
അലറി പാഞ്ഞു തന്റെ ശരീരം ചതച്ചരയ്ക്കാൻ മുന്നോട്ടു വരുന്ന തീവണ്ടി, കൺമുന്നിലെത്താൻ സെക്കൻഡുകൾ മാത്രം.
എല്ലാം അവസാനിക്കുന്നു....
അപ്പോഴാണ് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് ഒരാൾ വന്നത്. ഞാനുൾപ്പെടെ കുട്ടികൾ എല്ലാവരും
പേടിയോടെ കണ്ടിരുന്ന ഭീകര സത്വം
" അച്ചുട്ടി "
അയാൾ ഓടി വന്നിട്ട് ശക്തിയായി കുടുങ്ങിയിരിക്കുന്ന കാല് വലിച്ചൂരി.
പിന്നെ, എന്നെ പൊന്തിച്ചെടുത്തു. ട്രാക്കിൽ നിന്നും മാറ്റി. പക്ഷെ, അച്ചുട്ടി മാറും മുൻപ്, ആ പാളത്തിലൂടെ നോൺ സ്‌റ്റോപ്പ് വണ്ടി കടന്നു പോയി.അച്ചുട്ടിയുടെ കാല് പൂർണമായും ചതഞ്ഞരഞ്ഞു. അവിടെ രക്തക്കളം.
അച്ചുട്ടിയുടെ നിലവിളി ഉറക്കെ കേൾക്കാം. ആ കാഴ്ചയിൽ എന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടു.
...... ..... ..... ....
നേഴ്സ് സൂചി കുത്തിയ വേദനയറിഞ്ഞാണ് ഞാൻ ഉണർന്നത്.
ഉറക്കത്തിൽ പല തവണ അച്ചുട്ടിയുടെ പേര് പറയുന്നുണ്ടായിരുന്നു.
"ആരാ, അച്ചുട്ടി?
നേഴ്സിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴെയ്ക്കും അമ്മയും അച്ഛനും വന്നു.
" അച്ചുട്ടിക്ക് ...കുഴപ്പം... ഒന്നുല്യാലോ... അമ്മേ...
"ഏയ് ഇല്യ ''
അമ്മ ആശ്വസിപ്പിക്കാൻ പറഞ്ഞു.'
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ്
ആയി വീട്ടിലെത്തി.അച്ചുട്ടിയെ കാണണം. അമ്മയോട് ഞാൻ വാശി പിടിച്ചു. എന്റെ ആഗ്രഹം അവർ സാധിപ്പിച്ചു തന്നു. തൃശൂർ അമല ഹോസ്പിറ്റലിലാണ് അച്ചുട്ടിയെ അഡ്മിറ്റ് ആക്കിയിട്ടുള്ളത്. അച്ചുട്ടിയുടെ വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരിക്കുന്നു.
" ഞാൻ, കാരണമല്ലേ.... അച്ചുട്ടീടെ കാല് "
ഞാൻ കരയുന്നുണ്ടായിരുന്നു.
അച്ചുട്ടിയുടെ അടുത്തെത്തിയപ്പോൾ,
ഉറക്കത്തിലായിരുന്നു.
അന്നുവരെ പേടിയോടെ കണ്ടിരുന്ന എനിക്ക് പേടി തീരെ തോന്നിയില്ല.
പാവം മനുഷ്യൻ''
ആ മുഖത്ത് ദയനീയ ഭാവം
അയാൾ മെല്ലെ കണ്ണുകൾ തുറന്നു. ഞങ്ങളുടെ മുഖത്തേക്ക് അപരിചിത ഭാവത്തോടെ നോക്കി.
അമ്മ അപ്പോഴെയ്ക്കും കാൽക്കീഴിൽ
വീണു കരയുകയായിരുന്നു.
അച്ഛൻ അമ്മയെ സമാധാനപ്പെടുത്തുന്നുണ്ട്. അപ്പോഴും അച്ചുട്ടിയുടെ മുഖത്ത് വേദന
കടിച്ചമർത്തിയ ചിരി.
"ഇതെന്റെ വിധിയാ.... സാരമില്ല ...''
വളരെ ബുദ്ധിമുട്ടിയാ അച്ചുട്ടി അത്രയും
പറഞ്ഞൊപ്പിച്ചത്.
അച്ഛൻ പേഴ്സിൽ നിന്നും കുറച്ചു രൂപ
കൈയിൽ വെച്ചു കൊടുത്തു.
അച്ഛൻ ഡോക്ടറെ കണ്ട് കാര്യങ്ങൾ
സംസാരിച്ചു.
ഞങ്ങൾ ആശുപത്രിയിൽ നിന്നും മടങ്ങി .
ഒരാഴ്ചയ്ക്കുശേഷം ഞങ്ങൾ ആശുപത്രിയിൽ വീണ്ടും എത്തി.
ചില ബന്ധുക്കൾ വന്ന് കൊണ്ടുപോയി
എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പിന്നീട് ഞങ്ങളാരും അച്ചുട്ടിയെ കണ്ടിട്ടില്ല.
ഓർമകൾ പലതും ഹൃദയത്തെ നൊമ്പരപ്പെടുത്തി.
നവാസിന്റെ കടയിൽ നിന്നും ഇറങ്ങിയപ്പോഴെയ്ക്കും കനത്ത മഴ പെയ്തു.മഴ കുറയാൻ വേണ്ടി കുറച്ചു നേരം നിന്നു.
മഴയുടെ ശക്തി കുറഞ്ഞു.
തന്റെ കണ്ണുകൾ നാലുപാടും പരതി.
അതാ ദൂരെ ഒരാൾ മുടന്തി നടക്കുന്നു.
ഒരൊറ്റ കാലുള്ള ആൾ
അതെ, അത് തന്റെ അച്ചുട്ടി തന്നെ
തന്റെ ജീവൻ രക്ഷിച്ച അച്ചുട്ടി.
ഞാൻ അയാൾക്കു പിന്നിലായി ഓടി.
" അച്ചുട്ടീ..... ഉറക്കെ വിളിച്ചു.
പക്ഷെ, അയാൾ അപ്രത്യക്ഷനായി
എവിടെ, ?
എങ്ങും കണ്ടെത്താനായില്ല
കാണാലോകത്തേയ്ക്കു പോയ അച്ചുട്ടിക്ക് പകരം കുറ്റിപ്പുറത്തങ്ങാടിയിൽ മറ്റൊരു അച്ചുട്ടി പിറവിയെടുത്തതായിരിക്കുമോ?
സുമേഷ് കൗസ്തുഭം
2.10.2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo