Slider

തൊമ്മിച്ചന്റെ ദർശനങ്ങൾ .

0

അക്വേഷ്യ മരങ്ങളുടെ ഇളം പച്ചപുതക്കുന്നതിനു മുമ്പ് മുഞ്ഞിനാട്ടു കുന്നിനും കാടിന്റെ നിറവും മണവുമായിരുന്നു . കുടിയൊഴിഞ്ഞുപോയ ഒരു ജനതയുടെ സ്വപ്നങ്ങളും വേവലാതികളും കാടുപിച്ച് ഇരുണ്ട മുഞ്ഞിനാട്ടു കുന്നിലേക്കു നോക്കിയിരിക്കെയാണ് , അന്നാദ്യമായി തൊമ്മിച്ചൻ
കന്യാമറിയത്തെ കാണുന്നതു .
അപ്പന്റെ വെറ്റില തോട്ടത്തിലേക്കു രണ്ടുമൂന്നു മുളങ്കമ്പുകൾ വെട്ടിയെടുക്കാനായാണ് രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു ഇളംതിണ്ണയിലിരിക്കുന്ന അപ്പനോട് വാക്കത്തിയും വാങ്ങി തൊമ്മി ഇറങ്ങിയത് . . ഇറങ്ങുന്നതിനു മുമ്പേ റേഡിയോ തുറന്നു ബാറ്ററികൾ ഊരി വാതിൽ പടിക്കു മുകളിൽ വെച്ചിരുന്നു . ഇന്ദിരാ ഗാന്ധിക്കു എന്തോ അപകടം പറ്റിയെന്ന വാർത്തയെ തുടർന്നു തലേന്നു രാത്രിമുതൽ ആൾ ഇന്ത്യാ റേഡിയോയിൽ ദീനമായൊരു മൂളിച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ .
വെയിൽ പോകുന്ന വഴിയിലേക്കു മുറ്റത്ത് ഉണങ്ങാനിട്ടിരുന്ന കപ്പ ചിക്കിയ പനമ്പ് വലിച്ചിട്ട ശേഷം അവൻ നടക്കല്ലിറങ്ങി . . .
ബണ്ടുകയറിയിറങ്ങി പുഴയിറമ്പിലെ തണലിലിരുന്നു മുറുക്കാൻ പൊതിയഴിച്ചു . മുന്നിലെ പുഴയും കുന്നുകളും കാടും നോക്കിയിരുന്നു മുറുക്കാൻ നല്ല രസമാണ്
മുറുക്കാൻ ചവച്ചിരിക്കേ തലക്കൊരു വല്ലാത്ത പെരുക്കം പോലെ തോന്നി . എന്തെന്നില്ലാത്ത സങ്കടം കണ്ണുകൾ നിറയ്ക്കുന്നു .
വല്യമ്മച്ചിയുടെ മരണവും പഠിപ്പു വരാതെ സ്കൂള്‍ വിടേണ്ടിവന്നതും മോളിയുടെ വിവാഹം കഴിഞ്ഞതും അങ്ങിനെ തന്നെ സങ്കടപ്പെടുത്തിയ ഒാരോ കാര്യങ്ങളും കരച്ചിലായി കണ്ണുകളിലൂടെ ഒഴുകുന്നു . ആൾത്താരയ്കു താഴെ , വെട്ടിച്ചിറയ്ക്കൽ കുര്യന്റെ മകന്‍ സേവ്യറിനെ വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന അച്ഛന്റെ ചോദ്യത്തിന് അതേ എന്നു തലതാഴ്തി പറയുന്ന മോളിക്കുട്ടിയുടെ മുഖം മുന്നിൽ തെളിഞ്ഞു വരുന്നു .തന്റെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീരിലൂടെ കാണുമ്പോൾ അവളുടെ മുഖം പതിവിലും തിളങ്ങുന്നുണ്ടെന്ന് അവനു തോന്നി . വല്യമ്മച്ചിക്കു അന്ത്യ കുദാശകൊടുക്കാൻ സിസ്റ്റർമാരോടൊപ്പം വന്ന മോളിക്കുട്ടിയുടെ മണം ഇപ്പോഴും മൂക്കിൽ നിറയുന്നതായി തോന്നുന്നു . കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകുന്നു . കാഴ്ചയിൽ നിന്നും മായാതെ അവള്‍ മുന്നില്‍ തന്നെെ നിൽക്കുന്നു . വിശുദ്ധ തോമാസ്ലീഹയുടെ തിരുനാൾ കൊടിയേറ്റത്തിനു കണ്ട വേഷത്തിൽ . . തൊമ്മിച്ചൻ മെല്ല പുഴയിലിറങ്ങി . കണ്ണുകളടച്ചു . കൈ നിറയെ വെള്ളമെടുത്തു മുഖത്തേക്കൊഴിച്ചു .മെല്ല കണ്ണു തുറന്നു . . മുന്നിൽ മുഞ്ഞിനാട്ടു കുന്നിന്റെ പച്ചപ്പ് . . വീണ്ടും വീണ്ടും വെള്ളം മുഖത്തേക്കൊഴിച്ചു. മൂന്നാമത്തെ തവണ ഒലിച്ചിറങ്ങുന്ന വെള്ളത്തിനും കൈവിരലുകൾക്കും ഇടയിലൂടെ കണ്ണിലേക്കൊരു വെളിച്ചം കയറുന്നത് അവനറിഞ്ഞു . . . മുന്നിലെ ശക്തിയായ വെളിച്ചത്തിലേക്കു അവൻ കണ്ണുതുറന്നു .
തന്റെ മുന്നിൽ മൂന്നു മാലാഖ മാരുടെ നടുവിൽ
പരിശുദ്ധ മാതാവ് ചിരിച്ചു കൊണ്ടു നിൽക്കുന്നു .
അവനപ്പോൾ അത്ഭുതമോ പേടിയോ തോന്നിയില്ല . തന്റെ കണ്ണുകള്‍ കരയുന്നില്ല എന്നും സങ്കടങ്ങളുടെ കനം കുറഞ്ഞു പോകുന്നുണ്ടെന്നും അവനറിഞ്ഞു . ' നന്മ നിറഞ്ഞ മറിയമേ സ്വസ്തി . . . . . ' ചൊല്ലിക്കൊണ്ട് അവൻ മാതാവിനെ നോക്കിനിന്നു മാതാവ് അത്ഭുതകരമായ ശാന്തതയോടെ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു .
അവൻ വെള്ളത്തിലേക്കു മുട്ടുകുത്തി . ഒരു നിമിഷം അവനെന്തോ കുഴപ്പം പോലെ തോന്നി മാതാവിനനോപ്പം കണ്ട മാലാഖമാരിൽ ഒരാൾക്കു ഇന്ദിരാ ഗാന്ധിയുടെ ച്ഛായ . അവൻ സൂക്ഷിച്ചു നോക്കി . . ഇല്ല അവർക്കു ചിറകുകളും ഇല്ല അവന്‍ മാതാവിനെ നോക്കി . മാതാവ് പഴയനിയമത്തിലെ ഏദനിലെ നിലാവുപോലെ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു . 'അവരിങ്ങു പോന്നു കുഞ്ഞേ . . . ' തന്റെ കാതുകളിലൂടെ ഒരു കുളിരു കടന്നു പോകുന്ന പോലെ . . മാതാവിന്റെ ശബ്ദം !!!ആശബ്ദത്തിന്റെ മധുരം വീണ്ടും ഓർത്തെടുക്കാനുള്ള ശ്രമത്തിൽ അറിയാതെ അവന്റെ കണ്ണുകളടഞ്ഞു . അതെ . .ആശബ്ദം തന്റെ ആത്മാവിലുണ്ട് . അവൻ കണ്ണുതുറന്നു . മുന്നിൽ മുഞ്ഞിനാട്ടു കുന്നും അതിനു പിന്നിൽ കറുത്തിരുണ്ട മേമലയും . . . മേലെ മേഘങ്ങളിലേക്കു കയറിപോകുന്ന വെളിച്ചവും . അവനു വല്ലാത്ത നിരാശ തോന്നി . മെല്ലെ എഴുന്നേറ്റു തിരിഞ്ഞു നടന്നു . ബണ്ടിറങ്ങി റോഡിലേക്കു മറയുന്ന നാരായണന്റെ വിധവയായ പെങ്ങൾ കാർത്ത്യായനിയെ അവൻ കണ്ടില്ല
കൈയ്യിലിരുന്ന വാക്കത്തി ബണ്ടിൽ നിന്നും തിരിഞ്ഞുനിന്നു പുഴയിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ നടന്നു . അവനപ്പോൾ പതിവിലും വേഗമുണ്ടായിരുന്നു . വീട്ടിൽ വന്നു കയറിയ ഉടനെ അവൻ വാതിൽ പടിയിലിരുന്ന ബാറ്ററികളെടുത്ത് റേഡിയോയിലിട്ടു . . കരകര ശബ്ദത്തോടെ റേഡിയോ പ്രവര്‍ത്തിച്ചു . . ശോകമായ ശബ്ദത്തോടെ ഇന്ദിരയുടെ മരണം സ്ഥിതീകരിച്ച വാർത്ത കേട്ടതും തൊമ്മിച്ചൻ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി . രാവേറെ ചെന്നിട്ടും അവന്റെ ചിരിയടങ്ങിയിരുന്നില്ല പിന്നീടെന്നും അയൽക്കാർ ആ പൊട്ടിച്ചിരികേൾക്കാറുണ്ട് . .
അക്വേഷ്യകളുടെ ഇളം പച്ച നിറം സ്വത്വം നഷ്ടപ്പെടുത്തുന്നതുവരെ മുഞ്ഞിനാട്ടുകുന്നിനടുത്ത് അസമയങ്ങളിൽ പോലും തൊമ്മിച്ചനെ കണ്ടവരുണ്ട് . 

By: Moosa eravath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo