നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെരുവുകളിൽ ഉറങ്ങുന്ന ദൈവങ്ങൾ



'എക്സ്ക്യൂസ്മി, തൃശൂർ ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്സ്
കറക്ട് ടൈമാണോ ??'.
എന്റെ ചോദ്യം കേട്ട് ഡസ്കിൽ തലവെച്ച് അന്വേഷണ കൗണ്ടറിൽ ഉറങ്ങുകയായിരുന്ന ടൈംകീപ്പർ എന്നെ രൂക്ഷമായൊന്നു നോക്കി. ഉറക്കം നഷ്ടപ്പെട്ടതിലാവണം ആളുടെ മുഖത്ത് നീരസം നിഴലിക്കുന്നു.
'ക്യാ ഭായ്'????.
ഓഹോ, ഹിന്ദിക്കാരനായിരുന്നോ.
''നേത്രോവതി എക്സ്പ്രസ്സ് കിതനാ ബജേമേം?? ഓ ഗാഡി കറക്റ്റ് ടൈംമിഗേ ?".
നാലു വർഷത്തെ ഗർഫ് പ്രവാസത്തിലെ മുറിയൻ ഹിന്ദി എന്നിൽ നിന്ന് എന്നോട് പോലും ചോദിക്കാതെ അനർഗനിർഗളം ഒഴുകി .
''അരേ ഭായി നേത്രാവതി ചാലിസ്മിനിട്ട് ലേറ്റ് ,
ഇസ്കാ പഹലേ പരശുറാം ആയേഗാ ,തും ഒ ഗാഡിമേം ജാവോ ''.
ഹിന്ദിക്കാരന്റെ ശബ്ദം അൽപം കൂടി ഉച്ചത്തിലായി.
ഇവൻ ചൂടാവുന്നതെന്തിനാണ്. ഇവന്റെ ഡൂട്ടിയല്ലേ അന്വേഷകരോട് കൃത്യമായും മാന്യമായും പെരുമാറുക എന്നുള്ളത്.
'രാവിലെ തന്നെ കച്ചറക്ക് നിൽക്കേണ്ട'
മനസ്സ് പറയുന്നു.
"നിന്റെയൊക്കെ നാട്ടിൽ നിന്ന് കമ്പിളിയും കുടയുമൊക്കെ വിൽക്കാൻ വരുന്നവരോട് ഞങ്ങളെന്ത് ഡീസന്റായാണ് പെരുമാറുന്നത് എന്നറിയോ എരപ്പേ... നിനക്കുള്ളത് എപ്പോഴെങ്കിലും വഴിയെ തന്നോളാം .
നിന്റെ കേസ് തോമ അവധിക്ക് വച്ചിരിക്കുന്നു ''.
ഞാൻ നടന്ന് സ്റ്റേഷനിലെ കസേരയിൽ ചെന്നിരുന്നു. വണ്ടി വരാൻ ഇനിയും അരമണിക്കൂർ സമയമുണ്ട്. വണ്ടിക്കോ ബസിനോ കാത്തു നിൽക്കുന്നതും ഇലയിട്ട് ചോറിന് കാത്തുനിൽക്കുന്നതും എതാണ്ടൊരു പോലെയാണെനിക്ക് .ക്ഷമയെന്ന കാര്യം നോക്കുകയേ വേണ്ട. മൊബൈൽ ഡാറ്റ ഓൺ ചെയ്തു.വാട്സാപ്പ് മെസ്സേജുകൾ കർക്കിടക മഴപ്പൊലെ ചറപറാന്ന് വരാൻ തുടങ്ങി.കൂട്ടത്തിൽ ആബിദിന്റെ മെസ്സേജും
"ഡാ ,സുധി നീയെന്റെ പെങ്ങൾടെ കല്യാണത്തിന് വരില്ലേ....?? പറ്റിക്കരുത് ..ഞാൻ നിന്നെ പ്രതീക്ഷിക്കും '' എന്ന് .
''എടാ വടക്കാഞ്ചേരിക്കാരൻ ആബിദ് മാപ്ലേ, ഞാനിതാ അങ്ങോട്ട് തന്നെയാ വരുന്നത് .
നിന്റെ പെങ്ങളെന്നാൽ എന്റെയും പെങ്ങളല്ലേടാ.ഞാൻ വരാതിരിക്വോ??.''
തിരിച്ചൊരു മെസ്സേജ് അയക്കാം. അല്ലെങ്കിൽ വേണ്ട. ദൂരക്കുടുതൽ കാരണം ഞാൻ വരില്ലെന്ന് വിചാരിച്ചു കാണും. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്റെ പ്രസൻസ്,അവനും പെങ്ങളൂട്ടി പ്രിയപ്പെട്ട ഷാനിബക്കും.
സ്റ്റേഷനിലെ മൈക്ക് സുന്ദരമായ സ്ത്രീ ശബ്ദത്തിൽ മൊഴിയുന്നു. 'ട്രെയിൻ വരുന്നുണ്ട് പോലും, റെഡിയായി നിന്നോളാൻ'.
വലിയൊരു അലർച്ചയൊടെ വരുന്ന പരശുറാം എക്സ്പ്രസ്സ് ട്രെയിൻ അനാക്കൊണ്ട സിനിമയിലെ പാമ്പിനെ ഓർമിപ്പിക്കുന്നു.തിരക്ക് ഒട്ടും ഇല്ല.എല്ലാ സീററും ഒഴിഞ്ഞുകിടക്കുന്നു.
'മിസ്ററർ പരശുരാമൻ, താങ്ക്സ്ണ്ട് ബ്രോ. സീറ്റുകൾ ഇങ്ങനെ ഒഴിച്ചു തന്നതിനാൽ താങ്കളോട് ഞാൻ നന്ദി പ്രകടിപ്പിക്കുന്നു'.
ഇനി ഉറക്കം വരില്ല. അല്ലെങ്കിലും യാത്രാവേളകൾ ഉറങ്ങിക്കളയുവാനുള്ളതല്ല. അവ ഓർമകൾ അയവിറക്കാനും ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ കാണാനുള്ളതുമാണ്.നല്ല പാട്ടുകൾ കേൾക്കാനുള്ളതാണ്. ഇഷ്ടമുള്ള പാട്ടുകൾ കേട്ട് യാത്രകൾ പോവുന്നതിന്റെ സുഖം മറ്റെന്തിനാണ് കിട്ടാറ്.സ്റ്റേഷനുകൾ മാറിക്കൊണ്ടിരുന്നു. യാത്രക്കാരും.ഈ ബോഗിയിൽ തിരക്ക് കുറവാണ്. അപ്പുറത്ത് രണ്ട് വയസ്സായ ദമ്പതികൾ ഇരുന്നിട്ടുണ്ട്.ഏതോ ദൂരയാത്രയാണ്. കുത്തിനിറച്ച ബാഗുകൾ അത് തെളിയിക്കുന്നു. അതിനിപ്പറുത്തെ സീറ്റിൽ വേറെ മൂന്ന് യാത്രക്കാർ.മുവരും അപരിചിതരാണ്. ഒന്നും സംസാരിക്കുന്നില്ല. എനിക്ക് നേരെ മുന്നിലൊരു മനുഷ്യൻ ഈ ഭൂമി മൊത്തം തന്റെ വായ്ക്കുള്ളിലാക്കും എന്ന മാത്രയിൽ വായും പൊളിച്ചൊറങ്ങുന്നു. ഭാഗ്യവാൻ.ഒരുതരത്തിൽ ഇങ്ങനെ നന്നായി ഉറങ്ങുവാനും ഭാഗ്യം ചെയ്യണം.
ട്രെയിൻ വലിയൊരലർച്ചയോടെ കണ്ണൂർ സ്റ്റേഷനിൽ നിന്നു.രാവിലെത്തെ ചായ കുടിക്കാത്തതിന്റെ ആലസ്യം വല്ലാതെയുണ്ട്. ആഹാ വിചാരിച്ചതേയുള്ളു ചായക്കാരനിതാ വിളിച്ചപ്പോലെ മുന്നിൽ.
''ചേട്ടാ, ഒരു ചായ '.ചായക്കാരൻ പകർന്ന് തന്ന ചായ ആർത്തിയോടെ ഞാൻ ചുണ്ടോടടുപ്പിച്ചു. ചായ എന്നുമെന്റെ വീക്ക്നസ്സായിരുന്നു. ഏത് പാതിരാത്രിയിൽ കിട്ടിയാലും ചായ ഞാൻ കുടിക്കും. വീട്ടിലാവുമ്പോ ഇടയ്ക്കിടെ ചായാ ചോദിക്കുമ്പോ അമ്മ കളിയാക്കി പറയാറുണ്ട്' '"ഇവനാരോ ചായയിൽ കൂടോത്രം ചെയ്ത് കൊടുത്തിന് ,ഇങ്ങനൊരു ചായ പ്രാന്തൻ '"
ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങി. ബാഗിലിരുന്ന് പ്രിയപ്പെട എഴുത്തുകാരന്റെ പുസ്തകം എന്നെ നോക്കിച്ചിരിക്കുന്നു. ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ'. എപ്പോഴെങ്കിലും നേരിൽ കാണുമ്പോൾ അദ്ദേഹത്തോട് ചോദിക്കണം " എങ്ങനെയാണ് മറ്റുള്ളവരുടെ വേദനയും സ്വപ്നങ്ങും അനുഭവങ്ങളും സ്വന്തമെന്നപ്പോലെ എഴുതുവാൻ സാധിക്കുന്നതെന്ന് ". പ്രവാസ ജീവിതത്തിനിടയിൽ നിന്ന് വായിച്ചെടുത്ത ആടുജീവിതം എന്ന നോവൽകാരണം ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടത് ഇന്നുമോർക്കുന്നു. വല്ലാത്തൊരു നോവലാണ് ബെന്യാമിൻ അത്.
കണ്ണുകൾ വീണ്ടും മഞ്ഞവെയിൽ മരണങ്ങളിലേക്ക് തിരിഞ്ഞു. ഡീഗോ ഗാർഷ്യയിലെ തെരുവുകളിലൂടെ 'അന്ത്രെപേർ' ന്റെ കൂടെ ഞാനും അലയുവാൻ തുടങ്ങി. 'മുന്നിൽ കണ്ട കൊലപാതകത്തിന്റെ പുറകെ പോകാതെ നിനക്ക് നിന്റെ കാര്യം നോക്കി പോയ്ക്കൂടെ അന്ത്രെപേറേ?' എന്ന് പലപ്പോഴും അവനെ ഉപദേശിക്കാൻ തോന്നി.
" ഇത് നിങ്ങളുടെ ബാഗാണോ ???
എന്റെ വായനയെ കീറി മുറിച്ചു കൊണ്ട് എവിടെ നിന്നാണ് ഒരു ചോദ്യം. പുസ്തകത്തിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ മുന്നിലൊരാൾ എന്റെ ബാഗും പിടിച്ചു നിൽക്കുന്നു. കുടെയൊരു സ്ത്രിയും ഒരു പെൺകുട്ടിയും.
"ഇതെടുത്താൽ ഞങ്ങൾക്കിവിടെ ഇരിക്കാരുന്നു." അയാൾ പിന്നെയും പറഞ്ഞു.
''ഓ, സോറി ഞാൻ ശ്രദ്ധിച്ചില്ല. ഇരുന്നോളൂ
ബാഗ് തരൂ'' ...
ഞാനെന്റെ ബാഗ് വാങ്ങി മടിയിൽ വച്ചു. ട്രെയിൻ കോഴിക്കോടും കഴിഞ്ഞ് ക്കുതിക്കുകയാണ്. ഞാൻ വീണ്ടും മഞ്ഞ വെയിലേക്ക് മരണത്തിലേക്ക് തിരിഞ്ഞു .
ശരിക്കും ഡിഗോ ഗാർഷ്യ എന്നൊരു ദ്വീപ് ഉണ്ടോ??അതൊ എഴുത്തുകാരന്റെ ഭാവന മാത്രമായിരിക്കുമോ ഡീഗോ ഗാർഷ്യ ?? ചിന്തകൾ കാടുകയറുകയാണ്. അത്രമേൽ മനോഹരമായി ബെന്യാമിൻ ഡിഗോ ഗാർഷ്യയെന്ന ദ്വീപിനെ നോവലിൽ വർണിച്ചിരിക്കുന്നു.
"എങ്ങോട്ടേക്കാ.?
ചോദ്യം എന്നോടാണ്. ചോദ്യകർത്താവ് നേരത്തെ കയറി വന്ന സഹയാത്രികനായ കുടുംബനാഥൻ. കാണുമ്പോഴേ അറിയാം, പണക്കാരനാണ്. സ്വർണക്കസവുള്ള മുണ്ട് വെള്ള ഷർട് കൈയ്യിൽ റാഡോ വാച്ച് മറുകൈയ്യിൽ സ്വർണ ചെയിൻ കഴുത്തിൽ നല്ലൊരു സ്വർണമാല കുടവയർ കൊമ്പൻ മീശ. നെറ്റിയിലെ വലിയ ചന്ദനക്കുറിയിൽ ശിവന്റെ മൂന്നാം കണ്ണ് അടയാളപ്പെടുത്തിയപ്പോലെ ചുവന്നൊരു പൊട്ടും. ഭക്തനാണ്.ചുരുക്കത്തിൽ പറഞ്ഞാൽ ഓണക്കാലത്ത് മവേലിയെ കെട്ടാൻ പറ്റിയ ആൾ.
"ഞാൻ വടക്കാഞ്ചേരിക്കാണ്.'' ഞാൻ പറഞ്ഞു.
"അവിടെയാണോ വീട് ''???
''അല്ല, വീട് കാസർഗോഡ്. വടക്കാഞ്ചേരിയിൽ ഒരു കല്യാണത്തിനു പോകുന്നു ''.
"ആരുടെ കല്യാണം.. ഫ്രണ്ടിന്റെതാ???".
''ഉം''.
നീരസത്തോടെയെങ്കിലും മറുപടി ഒരു
മുളലിലൊതുക്കി ഞാൻ.എന്തൊരു കഷ്ടമാണെന്ന് നോക്കണെ ആരുടെ കല്യാണമായാലും ഇയാൾക്കെന്താ ??? നല്ല യാത്രകളുടെ രസം കളയുവാൻ ഒരോന്നിറങ്ങിക്കോളം രാവിലെത്തന്നെ. പകുതിക്ക് വച്ച് വായനയുടെ ഒഴുക്ക് നിശ്ചലമായതിന്റെ ദേഷ്യം മനസ്സിലിരുന്ന് മുരളുന്നു.
"എന്റെ പേര് വിശ്വനാഥൻ നമ്പ്യാർ.ഞങ്ങള് കണ്ണൂര്കാരാ.. തില്ലങ്കേരി.. ഇതെന്റെ ഭാര്യ പ്രസന്നയും മകൾ അജ്ഞലിയും.''
അയാൾ പേരിന്റെ വാലറ്റം ഒന്നമർത്തി ഉച്ചത്തിൽ പുറത്തു.ഞാൻ രണ്ടു പേരെയും നോക്കി. അദ്ദേഹത്തിന്റെ ഭാര്യ ഇതിനോടകം ചാരിയിരുന്ന് ഉറക്കം തുടങ്ങിയിരുന്നു. മകൾ മനോഹരമായി പുഞ്ചിരിച്ചു. സുന്ദരിയാണ്.പൂച്ചക്കണ്ണുകളുള്ള സുന്ദരി.
"ഇവളെന്താ ഉറക്കഗുളിക കഴിച്ചു വന്നതാണോ? സീറ്റ് കിട്ടിയാൽ അപ്പൊ ഉറങ്ങിക്കൊള്ളും. ശവം കണക്കെ ''.
അയാൾ ഭാര്യയെ നോക്കി മകളോടായി പിറുപിറുത്തു. 'മീശമാധവൻ ' സിനിമയിലെ സീൻ ഓർമ്മ വരുന്നു. എന്റെ മനസ്സിലുരുന്ന് ഒരു കൊച്ചിൻ ഹനീഫ വിളിച്ചു പറഞ്ഞു
'പിള്ളേച്ചാ, ശവത്തിൽ കുത്തരുത് ''.
"ഉറങ്ങിക്കോട്ടെച്ഛാ. അമ്മയ്ക്ക് ക്ഷീണം കാണും.പുലർച്ചെ വീട്ടീന്ന് ഇറങ്ങിയതല്ലെ ''.
മകൾ മധുര ശബ്ദത്തിൽ മൊഴിഞ്ഞു. കിളിനാദം.സുന്ദരമായ മുഖം മാത്രമല്ല, മനോഹരമായ ശബ്ദവുമുള്ള പൂച്ചക്കണ്ണി സുന്ദരി.
ഞാൻ വീണ്ടും പുസ്തകത്തിലേക്ക് തല കുമ്പിട്ടു.
"എന്താ പേര് ????"'. നമ്പ്യാര് ചേട്ടൻ വിടാൻ ഭാവമില്ല.
''സുധി ''
''സുധിയോ, വെറും സുധിയെന്നണോ ?????''
"വെറും സുധിയല്ല. സുധി. എന്തെ???''
'' ക്രിസ്ത്യനാണോ???''.
നമ്പ്യാർ ചേട്ടന്റെ മുഖത്തിലൊരു പുച്ഛഭാവം നിഴലിക്കുന്നു.
"എങ്ങനെ മനസ്സിലായി?".
ഉള്ളിൽ തികട്ടി വന്ന ചിരിയമർത്തി ഞാൻ ചോദിച്ചു.
''സാധാരണ ഇത്തരം പേരുകൾ ഉള്ളത് നിങ്ങൾ നസ്രാണികൾക്കാണ്. എബി, ഫ്രഡി, അബി, എന്നിങ്ങനെ ചെറിയ പേരുകൾ ".
നോക്കണെ, നായരെന്ന ഉന്നതകുലജാതിയിൽപ്പെട്ട ശ്രീരാമ നക്ഷത്രമായ പുണർതത്തിൽ പിറന്ന എന്നെ എത്ര പെട്ടെന്നാണ് ഇയാൾ നസ്രാണിയാക്കിയത്. പേര് കേട്ട് മതം പറയുവാൻ ഇയാളാര് കാണിപ്പയ്യൂരോ????? എനിക്ക് ചിരിയടക്കുവാൻ കഴിയുന്നില്ല.
''അങ്ങനെയൊക്കെയുണ്ടോ?. ഉണ്ടെങ്കിൽ നിങ്ങർക്ക് തെറ്റി. ഞാൻ ക്രിസ്ത്യനല്ല. മുഴുവൻ പേര് സുധീഷ് ചന്ദ്രൻ എന്നാണ്. ജാതിപ്പേര് പറയുവാൻ മനസ്സില്ല. പറ്റുമെങ്കിൽ കണ്ടു പിടിച്ചോളൂ''.
ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടി അയാൾക്കത്ര പിടിച്ചില്ല. ഞാനയാളെ പരിഹസിച്ചതായി തോന്നിക്കാണും.
"ജാതിപ്പറയുന്നത് അത്ര വലിയ വഴി
പാപമൊന്നുമല്ല".
ആള് തർക്കത്തിനുള്ള വഴി തേടുകയാണ്.
"മററുള്ളവരുടെ ജാതി ചോദിക്കുന്നത് അത്ര നല്ലതായിട്ട് എനിക്കും തോന്നിയിട്ടില്ല''.
ഞാനും വിട്ടു കൊടുത്തില്ല.
''ഞങ്ങളുടെ നാട്ടിലൊക്കെ നായർ, നമ്പ്യാർ എന്നൊക്കെ പറഞ്ഞാൽ അതൊരു അഭിമാനമാണ് " . നമ്പ്യാരു ചേട്ടൻ ഞെളിഞ്ഞാമർന്നിരുന്നു.
"ഞങ്ങളുടെ നാട്ടിൽ നായരും നമ്പ്യാരും ബാക്കി എല്ലാ ജാതിക്കാരും ഒരുപോലെയാണ്.പിന്നെ നായരെന്നും നമ്പ്യാരെന്നും പറഞ്ഞാൽ കിട്ടുന്ന ആകെയുള്ള ആനുകൂല്യം തെയ്യം കാണാൻ പോയാൽ തെയ്യം ഇല്ലപ്പേരു വിളിച്ച് സംസാരിക്കും എന്നു മാത്രമാണ്. അല്ലാതെ ജാതിയിൽ അഭിമാനിക്കാൻ തക്കതായിട്ട് ഞാനൊന്നും കാണുന്നില്ല. മാത്രവുമല്ല നായരെന്നോ നമ്പ്യാരെന്നോ പറഞ്ഞാൽ ചിലപ്പോ കിട്ടാവുന്ന ജോലി സംവരണവൽക്കരണം കാരണം നഷ്ടമാവാനും സാധ്യതയുണ്ട്. ഇപ്പോഴിതാ കല്യാണം കഴിക്കുവാൻ പെങ്കുട്ടിയോളുമില്ല''.
തർക്കിക്കുവാൻ ഞാനും റെഡിയായി നിൽക്കുന്നു എന്ന് കരുതിയാവണം ഇത്തവണ അയാൾ ഒന്നും പറഞ്ഞില്ല. അയാളുടെ വായടപ്പിക്കുവാൻ കഴിഞ്ഞ സന്തോഷത്തിൽ ഞാൻ ട്രെയിൻ ജനാലയിലൂടെ പുറം കാഴ്ച്ചകളിൽ മയങ്ങി.
"ഏതാ കയ്യിലുള്ള പുസ്തകം''?
ഇത്തവണ ചോദ്യം നമ്മുടെ പൂച്ചക്കണ്ണി സുന്ദരിയുടേതാണ്.
''മഞ്ഞവെയിൽ മരണങ്ങൾ. ബെന്യാമിന്റേതാ.''
"ഓ. ബെന്യാമിന്റെ ആടുജിവിതം പകുതി വരെ ഞാൻ വായിച്ചിട്ടുണ്ട്. മുഴുവനാക്കിയിട്ടില്ല.പകുതി വായിക്കുമ്പോഴെ സങ്കടം തോന്നി. "
അവളുടെ വാക്കുകളിൽ അറിയാതെ തന്നെയൊരു സങ്കടം കയറി വന്നു.
"ഏയ്, അത് കഷ്ടമായിപ്പോയി.ആടുജീവിതം അവസാനിക്കുന്നത് ശുഭപര്യവസാനമായിട്ടു തന്നെയാണ്. മുഴുവൻ വായിക്കാത്തത് നഷ്ടം തന്നെയാണ്. പറ്റുമെങ്കിൽ എട്ത്തു വായിച്ചോളൂ."
'' ഉം. നോക്കട്ടെ''.
അജ്ഞലിയെന്ന പൂച്ചക്കണ്ണി സുന്ദരി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ട്രെയിനിന്റെ വേഗത കൂടുന്നു.പുറം കാഴ്ച്ചകൾ മാറികൊണ്ടേയിരിക്കുന്നു. വററി വരണ്ട ഒരു പുഴയ്ക്ക് കുറുകെയാണിപ്പോൾ യാത്ര. കാണുമ്പോഴേ അറിയാം മണലൂറ്റ്കാരാൽ ഇല്ലാതായ ഒരു പുഴ .. എന്തൊരു ദയനീയമായ കാഴ്ച്ചയാണിത്. മണൽ കടത്തുകാരാൽ പലകുറി ബലാൽസംഗം ചെയ്യപ്പെട്ട മൃതപ്രായമായൊരു പുഴ. ഉള്ളിന്റെയുള്ളിൽ ഒരു ഒ എൻ വി
കവിത മുഴങ്ങുന്നുണ്ട്
"അറിയാതെ ജനനിയെ പരിണയിച്ചൊരു
യവന തരുണന്റെ കഥയെത്ര പഴകി
പുതിയ കഥ രചിക്കുന്നു വസുധയുടെ
മക്കളവർ, വസുധയുടെ വസ്ത്രമുരിയുന്നു''.
ഇനിയൊരിക്കലും ഈ പുഴയ്ക്ക് പഴയത് പോലൊഴുകുവാൻ കഴിയില്ല. ഈ പുഴ മരിച്ചിരിക്കുന്നു .അല്ല കൊല്ലപ്പെട്ടിരിക്കുന്നു.
''എന്താണിത്ര കാര്യമായിട്ടാലോചിക്കുന്നത് ''?
നമ്പ്യാര് ചേട്ടന്റെതാണ് ചോദ്യം.'ശ്ശെടാ, ഇതൊരു അലമ്പു മനുഷ്യനാണല്ലോ ,ഒരാളെ സ്വസ്ഥമായിട്ട് ഇരിക്കാനും അനുവദിക്കില്ലേ '.
"ഏയ് ഒന്നുമില്ല.'' മുഖം കറുപ്പിക്കാതൊരു മറുപടി ഞാനും പറഞ്ഞു.
''ഞങ്ങൾക്ക്,ഗുരുവായൂരമ്പലത്തിലേക്കാണ് പോകേണ്ടത്. കുറിപ്പുറത്തിറങ്ങി പോകുന്നതാണോ അതോ തൃശ്ശൂരിലിറങ്ങി പോകുന്നതാണോ നല്ലത് ?സുധിക്കറിയാമോ???''. ഇത്തവണ സംശയമാണ് നമ്പ്യാര് ചേട്ടന്.
"കുറ്റിപ്പുറത്തിറങ്ങിയാൽ ദൂരക്കുറവുണ്ട് എന്നാൽ ബസ്സിൽ തിരക്കായിരിക്കും ,ചിലപ്പോൾ ഇരിക്കാനും നിൽക്കാനും വയ്യാത്ത തിരക്കായിരിക്കും .തൃശ്ശൂരിലിറങ്ങിയാൽ അടുത്ത് തന്നെ KSRTC ബസ്സ് സ്റ്റാന്റുണ്ട് .സീറ്റ് കിട്ടും. ''
കേട്ടുകേൾവി ,അനുഭവിച്ചറിഞ്ഞവനെപ്പോലെ ഞാനും പറഞ്ഞു.
''ആ ... മകൾക്കൊരു തുലാഭാരമുണ്ട് നാളെ. കല്യാണാലോചനകൾ വരാൻ തൊടങ്ങീട്ടുണ്ട്. എഞ്ചിനിയറിംഗ് കഴിഞ്ഞു.ജാതകത്തിൽ ചെറിയൊരു കൊഴപ്പം .അതൊന്ന് മാറിക്കിട്ടാൽ കൽക്കണ്ടി കൊണ്ടൊരു തുലാഭാരം നേർന്നു.''
ചിരിയാണ് വന്നതെനിക്ക് .'ജാതകദോഷം, തേങ്ങാക്കൊല'.
" മകൾക്ക് എന്ത് തൂക്കം വരും''?
''54''. ഇത്തവണ ഉത്തരം പറഞ്ഞത് തുലാഭാരക്കാരിയാണ്.
"ഇപ്പോ ഒരു കിലോ കൽക്കണ്ടിക്ക് എത്രയാവിലയെന്ന് അറിയോ നിങ്ങൾക്ക് ???'' ഞാൻ ചോദിച്ചു.
"അത്, കൃത്യമായ വിലയറിയില്ല. പത്തെഴുപത് രൂപ കാണില്ലേ ??.'' നമ്പ്യാരു ചേട്ടന് സംശയമാണ്.
''പത്തെഴുപത് അല്ല .കൃത്യം പറഞാൽ 60 രൂപ വരും. അപ്പൊ 54 x 60 = 3240 രൂപ വരും.പിന്നെ കൗണ്ടർ ഫീ, പ്രസാദം, റൂം ,ഭക്ഷണം, യാത്ര എന്നിവയെല്ലാം കൂടി നല്ലൊരു തുകയാകുമല്ലോ ചേട്ടാ ''.
'' ആ എല്ലാം കൂടി പത്ത് പതിനഞ്ചായിരം ചെലവാകും, എന്നാലും ഭഗവാൻ കൃഷ്ണനെ കാണാനാണ് പോകുന്നത്. സാരമില്ല ''.
നമ്പ്യാരു ചേട്ടന്റെ വാക്കുകളിൽ കൃഷ്ണഭക്തി നിറഞ്ഞൊഴുകുന്നു.
"ഭക്തി നല്ലത് തന്നെ. എങ്കിലും ഇതൊക്കെയൊരു പാഴ്ചെലവല്ലേ ചേട്ടാ.ഒന്നാലോചിച്ചു നോക്കൂ ഭഗവാനെന്തിനാണ് കൽക്കണ്ടിയും കാണിയ്ക്കയുമൊക്കെ??''.
എന്റെ ചോദ്യം കേട്ട് നമ്പാരു ചേട്ടൻ എന്നെയൊന്ന് തുറിച്ചു നോക്കി. നല്ലൊരു സംവാദത്തിനുള്ള വിഷയമാണിതെന്ന് മനസ്സിലായിക്കാണും.
" നോക്കൂ ദൈവങ്ങളെ ചോദ്യം ചെയ്യാൻ പാടില്ല. ദൈവദോഷം കിട്ടും.സുധി വിശ്വസിക്കുന്നില്ലേ ദൈവങ്ങളിൽ ???.
" പിന്നേ ദൈവദോഷം.... ഉവ്വ് ഞാൻ വിശ്വസിക്കുന്നുണ്ട്, എന്റെ ദൈവങ്ങളിൽ. അതൊരു പക്ഷേ നിങ്ങളു വിശ്വസിക്കുന്ന പോലൊരു കരിങ്കൽ പ്രതിമയിലല്ല ''.
''പിന്നെ??.. ഏത് ദൈവത്തിലാണ് സുധി വിശ്വസിക്കുന്നത്.?? അല്ലെങ്കിലും ഇപ്പോഴെത്തെ ചെറുപ്പക്കാരെല്ലാം കണക്കാണ്. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരാണ് എല്ലാവരും ''.
നമ്പ്യാരു ചേട്ടൻ വാക്കുകൾ കടുപ്പിക്കുകയാണല്ലോ.
" ഞാൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവങ്ങൾ എന്റെ അച്ഛനും അമ്മയും മാത്രമാണ്. അല്ലാതൊരു നോക്കുക്കുത്തിയായൊരു കരിങ്കൽ പ്രതിമയിലും ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ ചേട്ടൻ പറഞ്ഞല്ലോ ഇപ്പോഴത്തെ ചെറുപ്പക്കാരെല്ലാം കണക്കാണെന്ന് ,ഞങ്ങളാരുടെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരല്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് ഞങ്ങൾ എതിർക്കുന്നത്. മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ തമ്മിൽ തല്ലുകയും കലഹിക്കുകയും കൊല്ലുകയും ചെയ്യുന്ന ആൾക്കാരോട് ഞങ്ങൾക്ക് പുച്ഛമാണ്. അത് ഏത് മതക്കാരനായിരുന്നാലും ഞങ്ങളെതിർക്കുക തന്നെ ചെയ്യും."
ഞാനെന്റെ നിലപാട് വ്യക്തമാക്കി.
"ഉവ്വ്. നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല''.
നമ്പ്യാര് ചേട്ടൻ.
ട്രെയിൻ വലിയൊരലർച്ചയോടെ ഷോർണൂർ സ്റ്റേഷനിൽ വലിഞ്ഞു നിന്നു. ആളുകൾ കൂട്ടം കൂട്ടമായി വണ്ടിയിൽ നിന്ന് ഇറങ്ങുകയാണ്. അര മണിക്കൂറോളം ഈ വണ്ടിയിവിടെ നിൽക്കും .വല്ലാതെ വിശക്കുന്നുണ്ട്. രാവിലെയൊന്നും കഴിച്ചതുമില്ല. ആകെയുള്ളത് ഒരു കാലിച്ചായ മാത്രമാണ്. വയറിനുള്ളിൽ നിന്ന് വിശപ്പിന്റെ ബാങ്ക് വിളികൾ മുഴങ്ങുന്നുണ്ട്. വല്ലതും കഴിക്കണം. സമയം 11:55 ആയി. കണ്ണുകൾ ചായ വിൽപ്പനക്കാരനെ തിരയുകയായി.
''ചായ ചായേ ... കാപ്പി കാപ്പി .. ഉഴുന്നുവട .. ചായ ചായേയ് ''.
ആഹാ.. നല്ലോണം വിശക്കുന്നത് കൊണ്ടോവണം ചായച്ചേട്ടന്റെ ശബ്ദത്തിന് യേശുദാസിന്റെ മാധുര്യം.
നമ്പ്യാര് ചേട്ടൻ എന്നോ ഗാഢമായ ആലോചനയിലാണ്. അമ്മയും മകളും മൽസരിച്ചുറങ്ങുന്നു.
"ചേട്ടാ നിങ്ങൾക്ക് ചായ വേണോ ???" ഞാൻ ചോദിച്ചു.
''ഏയ്, വേണ്ട ട്രെയിനിലെ ചായ ഞങ്ങൾ കുട്ടിക്കാറില്ല. നല്ലതുണ്ടാവില്ല. നിങ്ങള് കഴിച്ചോ."'
നമ്പ്യാര് ചേട്ടൻ ചായ നിഷേധിച്ചു.
അല്ലെങ്കിലും ഈയാളോട് ചായവേണോന്ന് ചോദിച്ച എനിക്കു കിട്ടണം അടി.
വിശക്കുന്നവയറുകളെ തേടി ഹിസ് ഹൈനസ് ചായച്ചേട്ടൻ ആഗതനായി.
''ചേട്ടാ, ഒരു ചായയും രണ്ട് വടയും ''.
രണ്ട് വടകൊണ്ട് ഒന്നുമാവില്ലന്നറിയാം, എങ്കിലും ഒരു താൽക്കാലികാശ്വാസം നല്ലതാണ്. നിമിഷനേരം കൊണ്ട് വട രണ്ടും അപ്രത്യക്ഷമായി. ചായയ്ക്ക് നല്ല ചൂട്. ചൂട് ചായ ഊതിയൂതി കുടിക്കുന്നതും ഒരു പ്രത്യേക സുഖാണ്.
" പോ അവിടന്ന് ,കാശൊന്നും ഇല്ല. രാവിലെ തന്നെ ഒരോന്നിറങ്ങിക്കോളും, മനുഷ്യനെ മെനക്കെടുത്താനായിട്ട് ''.
നമ്പ്യാരു ചേട്ടന്റെ ആക്രോശത്താൽബോഗി മൊത്തം ഒന്നു കുലുങ്ങിയപ്പോലെയായി.
എന്താണ് സംഭവമെന്നറിയാൽ നോക്കിയപ്പോൾ നമ്പ്യാര് ചേട്ടന്റെ മുന്നിലായി പേടിച്ചു വിരണ്ട്
രണ്ട് കുട്ടികൾ നിൽക്കുന്നു.
ഭിക്ഷ യാചിക്കുന്ന കുട്ടികളാണ്. ഏഴ് അല്ലെങ്കിൽ എട്ട് വയസ്സു പ്രായം തോന്നിക്കുന്ന മെലിഞ്ഞൊട്ടിയ ഒരു പെൺകുട്ടിയും അതിന്റെ കൈപ്പിടിച്ച് മുന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടിയും.അവരുടെ കൈകൾ പേടിച്ചിട്ടാണെങ്കിലും പലരുടെയും നേർക്ക് നീളുന്നു. ചിലർ നാണയത്തുട്ടുകൾ നൽകുന്നുണ്ട്. ചിലർ കണ്ട ഭാവമില്ലാതെ മുഖം തിരിക്കുന്നുണ്ട്.
കുറേ നേരമായി ഞാനവരെ ശ്രദ്ധിക്കുന്നു എന്നവർക്കു തോന്നിയതുകൊണ്ടാവണം വിറയ്ക്കുന്ന ആ കുഞ്ഞു കരങ്ങൾ എനിക്കു നേരെയും വന്നു.
''സാർ, എതാവതും കൊടുങ്കോ ''.
പേടിയോടെ ആ പെൺക്കുട്ടി തമിഴിൽ എന്നോട് പറഞ്ഞു. കൈകൾ മാത്രമല്ല വാക്കുകളിലും ശബ്ദത്തിലും വിറ പടർന്നിരിക്കുന്നു. ലാളിത്യമുള്ള രണ്ട് കുഞ്ഞുമുഖങ്ങൾ. തിളങ്ങുന്ന കണ്ണുകളുള്ളവർ. അഴുക്കുപുരണ്ട് മുഷിഞ്ഞ വസ്ത്രങ്ങളിൽ അവിടിവിടെയായി തുന്നിച്ചേർക്കലുകൾ നടത്തിയിരിക്കുന്നു.ഒട്ടിയ കവിളുകളും ചെമ്പൻതല മുടികളുമുള്ളവർ. വിശപ്പ് അവരെ വല്ലാതെ തളർത്തിയിരിക്കുന്നു.
'' ഇങ്ങോട്ട് വാ.''
ഞാനവരെ അടുത്തേക്ക് വിളിച്ചു. പേടി കൊണ്ടോ എന്തോ അവരവിടെ തന്നെ നിന്നു.
''പേടിക്കേണ്ട. ഇങ്ങോട്ട് വാ ''.
ഇത്തവണ അവർ അനുസരണയുള്ള കുട്ടികളായി.അവൾ വീണ്ടും എനിക്കു നേരെ കൈകൾ നീട്ടി. ചായ വിൽപ്പനക്കാരൻ ബാക്കി തന്ന പത്ത് രൂപ ഞാനവളുടെ കയ്യിൽ വച്ചു . സംശയത്തോടെയാണെങ്കിലും അവളാ നോട്ട് തിരിച്ചും മാറിച്ചും നോക്കി.ചെറിയ ആൺകുട്ടിയുടെ ശ്രദ്ധ എന്റെ കഴിച്ചു കഴിഞ്ഞ് ഒഴിഞ്ഞ പേപ്പർ പ്ലേറ്റിലാണ്.
''എന്താ നിങ്ങടെ പേര്?''. ഞാനവരോട് ചോദിച്ചു.
''മുത്തുമണി .ഇവന്റെ പേര് മുരുകൻ''.
നെരെത്തെ തമിഴിൽ ചോദിച്ച പെൺകുട്ടി ഇപ്പോ മലയാളത്തിലാണ് സംസാരം.
''നിനക്ക് തമിഴും മലയാളവും അറിയാമല്ലേ. ഇതെങ്ങനെ പഠിച്ചു ???''
''അപ്പ മലയാളിയും അമ്മ തമിഴുമാണ് ''
''എന്നിട്ട് നിങ്ങടെ അപ്പനും അമ്മയുമെവിടെ????''
''അപ്പ മരിച്ചു പോയി.വണ്ടിയിടിച്ച് .അമ്മയ്ക്ക്
നല്ല സുഖമില്ല. അമ്മ ദാ അവിടെയിരിക്കുന്നുണ്ട്.''
ജനാലയിലൂടെ അവൾ ദൂരെക്ക് കൈകൾ ചൂണ്ടി.ദൂരെ ഒരു സ്ത്രീ ഓവുചാൽ നിർമാണ പൈപ്പുകൾ കൂടിയിരിക്കുന്നതിനരികെ ചാരിയിരിക്കുന്നു. വഴിയേ പോകുന്ന ആൾക്കാരോട് അവരും കൈകൾ നീട്ടുന്നുണ്ട്. ഇടയ്ക്കു നീട്ടിയ കരങ്ങളിൽ വിഴുന്ന നാണയത്തുട്ടുകൾ അവർ തിരിച്ചും മറിച്ചും നോക്കുന്നുണ്ട്.
'' മുത്തുമണി, അമ്മയ്ക്കെന്താ അസുഖം ???? ''. ഞാനവളോട് ചോദിച്ചു.
''അമ്മയ്ക്ക് നടക്കാൻ കഴിയില്ല. അപ്പയ്ക്കൊപ്പം വണ്ടിയിടിക്കുമ്പോ അമ്മയുമുണ്ടായിരുന്നു കൂടെ. അപ്പ മരിച്ചു പോയി .അപകടത്തിൽ അമ്മേടെ ഒരു കാൽ മുറിച്ചുമാറ്റി''.
കുടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. മുത്തുമണിയുടെ ശബ്ദമിടറുന്നു.എന്റെ മനസ്സും ...
ഇടയ്ക്ക് അതു വഴി വന്ന ചായക്കാരൻ ചേട്ടന്റെ ഭക്ഷണ കൂട്ടയെ അവർ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.
"നിങ്ങൾക്ക് വിശക്കുന്നുണ്ടോ??''.
എന്റെ ചോദ്യം കേട്ട് അവൾ തലക്കുനിച്ചു. വിശക്കുന്നുണ്ടാവും. ഒന്നും കഴിച്ചു കാണില്ല. അവരുടെ ഒട്ടിയ വയറുകൾ അത് വെളിവാക്കുന്നു.
അതു വഴി വന്ന ചായ കച്ചവടക്കാരനിൽ നിന്ന് ഞാൻ വാങ്ങിച്ചു കൊടുത്ത പഴമ്പൊരിയും വടയുമൊന്നും കഴിക്കാതെ മുത്തുമണി അത് കയ്യിൽ മുറുകെപ്പിടിച്ചു.മുരുകന്റെ ശ്രദ്ധ ചേച്ചിയുടെ കൈകളിൽ മാത്രമായി. കൊടുത്തില്ലെങ്കിൽ ഇപ്പോഴവൻ അത് തട്ടിപ്പറിക്കുമെന്നെനിക്ക് തോന്നിപ്പോയി.
" എന്തെ നിങ്ങളത് കഴിക്കാതെ?????. ഞാനവരോട് ചോദിച്ചു.
''ഞങ്ങളമ്മേടടുത്ത് നിന്ന് കഴിച്ചോളാം... അമ്മയ്ക്കും വിശക്കുന്നുണ്ടാവും''.
എനിക്ക് കണ്ണു നിറയുന്നത് പോലെ.
'കടുത്ത വിശപ്പിനിടയിലും കൈയ്യിൽ കിട്ടിയ ഭക്ഷണം കഴിക്കാതെ അമ്മയുടെ വിശപ്പും ആഭക്ഷണപ്പൊതിയിൽ കണ്ട അനിയത്തിക്കുട്ടി, നിനക്ക് 'മുത്ത് മണി 'യേക്കാൾ മികച്ച വേറെന്ത് പേരാണുള്ളത്? നി ശരിക്കും മുത്ത് തന്നെയാണ്. ആ അമ്മയുടെ മണിമുത്ത് '
''അത് ഞാൻ വേറെ വാങ്ങിത്തരാം... ഇപ്പോ നിങ്ങളത് കഴിക്ക് ''. ഞാൻ വീണ്ടും പറഞ്ഞു.
'' വേണ്ട സാർ. ഞങ്ങളൊന്നിച്ച് കഴിച്ചോളാം''.
കൂടുതൽ നിർബന്ധിക്കാനെനിക്ക് തോന്നിയില്ല. ഒരു പക്ഷേ അമ്മയോടൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാരിക്കും ഈ കുരുന്നുകളുടെ ഏററവും വലിയ സന്തോഷം. ഒരു പ്ലേറ്റ് ഭക്ഷണപ്പൊതിക്കൂടി വാങ്ങിച്ചു കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ ഒന്നുകൂടി തിളങ്ങുന്നതായി തോന്നി.
''സാറിന്റെ പേരെന്താ ?''.
"ഒരു പേരിലെന്തിരിക്കുന്നു മുത്തുമണി. നിനക്കെന്നെ ചേട്ടാന്ന് വിളിക്കാം''.
അവളോട് അങ്ങനെ പറയാനാണ് തോന്നിയത്.അങ്ങനെത്തന്നെയാണ് പറയേണ്ടത്.
'' അല്ല മുരുകാ, ദൈവത്തിന്റെ പേരാണല്ലോ നിനക്ക് ,നീയെന്തെ ഒന്നും മിണ്ടാത്തെ ????''
എന്റെ ചോദ്യം കേട്ട് മുരുകൻ എന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി.
"അവന് മിണ്ടാനാവില്ല.അവനൊരിക്കലും മിണ്ടാനാവില്ലെന്നാണ് ഡോക്ടർ പറഞ്ഞത് ''.
മുത്തുമണിയുടെ ശബ്ദത്തിൽ സങ്കടം അണപ്പൊട്ടിയൊഴുക്കുന്നത് പോലെ. മുരുകൻ ദയനീയമായെന്നെ നോക്കി. എന്റെ ചോദ്യം അവന്റെ കുത്തു മനസ്സിനെ വേദനിപ്പിച്ചു കാണുമോ .... എന്റെ കണ്ണുകൾ പിന്നെയും നിറയുന്നത് പോലെ ... ചുറ്റുമുള്ളതൊന്നും കാണാനാവാത്തതുപോലെ......
''പററും .. നിനക്ക് സംസാരിക്കാൻ പറ്റും ... വലുതാവുമ്പോ ചേച്ചീനേം അമ്മേനൊക്കെ നന്നായി നോക്കണംട്ടോ മുരുകാ ...''. ഞാനവന്റെ കുഞ്ഞുകൈകൾ പിടിച്ചോണ്ട് പറഞ്ഞു. അവൻ ചെറുതായൊന്ന് ചിരിച്ചു.പിന്നെ ശരിയെന്ന് തലയാട്ടി.
ട്രെയിനിന്റെ ചൂളം വിളി മുഴങ്ങി. പുറപ്പെടുവാനുള്ള സിഗ്നലുകൾ തെളിയുന്നു.
"ഞങ്ങള് പോവാട്ടോ ...ട്രെയിൻ ഇപ്പോ നീങ്ങും ...''
മുത്തുമണി മുരുകന്റെ കൈ പിടിച്ചോണ്ട് പറഞ്ഞു .
''ഉം... പോയ്ക്കോ ഇറങ്ങുമ്പോ ശ്രദ്ധിക്കണം... ഇനിയെവിടേലും എപ്പോഴെങ്കിലും കണ്ടാൽ ഈ ഏട്ടനോട് ഓടി വന്ന് മിണ്ടണംട്ടോ.''
'' മറക്കില്ല ചേട്ടാ.... എപ്പോഴെങ്കിലും കാണാം''. മുത്തുമണി ചിരിച്ചോണ്ട് പറഞ്ഞു.
''മുത്തുമണി, ഇത് വച്ചോ ''. കീശയിൽ നിന്ന് എത്രയെന്ന് എണ്ണി നോക്കാതെ കുറച്ച് നോട്ടുകൾ അവർക്കു നേരെ നീട്ടി.
'' വേണ്ട ചേട്ടാ... ഇതൊക്കൊ വാങ്ങി തന്നില്ലേ ... ഇതു മതി ... ഇതു മാത്രം മതി.''
ട്രെയിനിന്റെ രണ്ടാമത്തെ ചൂളം വിളിയും കേട്ടു . മുത്തുമണിയും മുരുകനും ട്രെയിനിൽ നിന്നിറങ്ങി.ജനാലയ്ക്കരികിൽ നിന്ന് കൈ വീശിക്കാണിച്ചു യാത്രപ്പറഞ്ഞു.... പിന്നെ മുത്ത്മണി മുരുകന്റെ കൈയും പിടിച്ച് അമ്മയ്ക്കരികിലേക്ക് പതുക്കെ ഓടുവാൻ തുടങ്ങി. ട്രെയിൻ ഓടിത്തുടങ്ങി. പതിയെപ്പതിയെ അവർ കണ്ണുകളിൽ നിന്ന് അപ്രത്യക്ഷമായി.
അമ്മയ്ക്കരികിലിരുന്ന് മുത്തുമണിയും മുരുകനും ഭക്ഷണം കഴിക്കുന്നതും കളിതമാശകൾ പറയുന്നതും ഞാൻ മനസ്സിൽ കണ്ടു. ഇനിയെപ്പോഴെങ്കിലും അവരെ കാണുവാൻ സാധിക്കുമോ എന്നറിയില്ല.
"നിങ്ങൾക്കൊന്നും വേറെ പണിയില്ലേ ഇതിറ്റിങ്ങൾക്കൊക്കെ ഭക്ഷണം വാങ്ങിച്ചു കൊടുക്കാനും വർത്താനം പറയാനും. കാണുമ്പോഴേ അറപ്പു തോന്നും ''.
നമ്പ്യാർ ചേട്ടനെന്നെ നോക്കി പറഞ്ഞു.
ഞാനൊന്നും മറുപടി പറയാൻ പോയില്ല. ഒന്നു ചിരിക്കുക മാത്രം ചെയ്തു.
''എന്റെ ചിരിയിൽ നിങ്ങൾക്കുള്ള മറുപടിയുണ്ട് നമ്പ്യാരേട്ടാ... പക്ഷേ പറയുവാനെനിക്ക് മനസ്സില്ല. അവരുടെ അഴുക്ക് പുരണ്ട വസ്ത്രങ്ങൾ കണ്ട് നിങ്ങൾക്കറുപ്പ് തോന്നാം.എന്നാൽ അവരുടെ മനസ്സുകളിൽ അഴുക്ക് പുരണ്ടിട്ടില്ല. നിങ്ങളുടെ മൊക്കെ വസ്ത്രങ്ങൾ വൃത്തിയുള്ളതാണ് മനസ്സ് നിറയെ അഴുക്കാണ്. നിങ്ങൾ അമ്പലങ്ങളിൽപ്പോയി കരിങ്കൽ പ്രതിമകൾക്ക് പാലഭിഷേകവും കൽക്കണ്ടികോണ്ട് തുലാഭാരവും നേർന്നോളൂ .മാറേണ്ടത് ജാതകത്തിലെ ദോഷമല്ല. അഴുക്കുപുരണ്ട നിങ്ങളുടെയൊക്കെ മനസ്സുകളുടെ ദോഷമാണ് "
ആരോ പറഞ്ഞതോർക്കുന്നു.
'ദൈവം അമ്പലങ്ങളിലല്ല, തെരുവുകളിലാണുറങ്ങുന്നത് '. മുരുകനെപ്പോലെ .... മുത്തുമണിയെപ്പോലെ .....
———————————————————————————.............സുധീഷ് ചന്ദ്രൻ കാടകം ............

2 comments:

  1. Nannnayittund.. andathayil mungiya manushyarude kannu thurakkattteee ...

    ReplyDelete
    Replies
    1. ❤️❤️❤️❤️❤️

      Delete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot