Slider

ബ്രഹ്മജ്ഞാനം

0

അമ്പലത്തില്‍ തൊഴാന്‍ ശുദ്ധിവരുത്തിയി -
ട്ടന്തണന്‍ വീഥിയിലേക്കിറങ്ങെ 
നേരെ വരുന്ന ചണ്ഡാലദ്വയങ്ങളെ
കണ്ടു , കല്പിച്ചുവന്നേരമിത്ഥം .
"മാറുക മാര്‍ഗ്ഗത്തില്‍ നിന്നു ചണ്ഡാലരെ
ക്ഷേത്രത്തിലേക്കു ഗമിയ്ക്കുന്നു ഞാന്‍ "
"വിശ്വനാഥന്‍ തന്‍റെ ദര്‍ശനത്തിന്നഹോ
വിപ്രവര്യാ , ഗമിക്കുന്നുവങ്ങ് ?
പഞ്ചഭൂതാത്മകമീ ദേഹമോ വഴി-
മാറേണ്ടതാ തുല്യ ദേഹത്തിനായ്
വിശ്വം നിറഞ്ഞൊരീ ശക്തിയോ മാറേണ്ട -
താ ശക്തിയില്‍ നിന്നു തന്നെ ചൊല്ലൂ
ചണ്ഡാലഗോത്രത്തിനോടയില്‍ കാണ്മതും
ഗംഗയില്‍ കാണ്മതുമേക സൂര്യന്‍
സ്വര്‍ണ്ണപാത്രത്തിലും മണ്‍കുടം തന്നിലും
ബിംബിപ്പുവാകാശമൊന്നുപോലേ
സൃഷ്ടികളേതിലും സച്ചിദാനന്ദമായ്
ലീനമാകും ശക്തിയൊന്നു തന്നെ .
ചണ്ഡാലനെന്നും ദ്വിജനെന്നുമുള്ളൊരീ
ഭേദമെന്തില്‍ , ചൊല്ക ഭൂമിദേവാ ".
ചണ്ഡാലനോതിയ വാക്കുകള്‍ വിപ്രന്‍റെ -
യുള്ളില്‍ തമോഘ്നമാം ദീപ്തിയായി.
ജ്ഞാനിയാമെങ്കിലുമജ്ഞാനഭൂതമ -
ഹന്തയുണ്ടുള്ളിലെന്നോര്‍ത്തിതപ്പോള്‍
ജാഗ്രത്തില്‍ സ്വപ്ന സുഷുപ്തികളില്‍ സദാ
ദീപ്തമാം ജ്യോതിസ്വരൂപമല്ലോ.
ഈ പ്രപഞ്ചത്തെ നയിക്കുന്ന ശക്തി താന്‍
ജീവികളേതിലുമുള്ളൊരുണ്മ .
ആ ശക്തിതന്നെ താന്‍ ഈശനതുതന്നെ -
യെന്നറിയുന്നവന്‍ ജ്ഞാനി തന്നെ
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
വൈവിദ്ധ്യമോലുമീ വിശ്വം പലതായി
കാണ്മതാണജ്ഞതയെന്നറിവോന്‍
ഓരോ പരമാണുവിന്‍ പൊരുളാവതും
വിശ്വത്തിന്‍ ഹേതുവുമാ ചൈതന്യം .
എന്നിലും നിന്നിലും ഉള്ളതാ ചൈതന്യം
ബ്രഹ്മമതു തന്നെയെന്നറിവോന്‍
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
ദൃഷ്ടിക്കു ഗോചരമായതു നശ്വരം
തൃഷ്ണയാകാ ഭോഗവസ്തുക്കളില്‍ .
ജ്ഞാനാഗ്നിയില്‍ ഹവിച്ചീടുക മോഹവും
ജ്ഞാനമൊന്നേ തോഷമേകു പാരില്‍ .
ചിത്തത്തെയീശനില്‍ മാത്രമുറപ്പിച്ച്
നിത്യമാം സത്യമറിയുന്നവന്‍
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
ജീവജാലങ്ങള്‍ക്കു ചേതന നല്കുമാ
ജ്യോതി മനുഷ്യരില്‍ മങ്ങി നില്പൂ
ദേഹാഭിമാനവും തൃഷ്ണയും ഹേതുവായ് ;
സൂര്യനെ മേഘം മറയ്ക്കും പോലെ
അജ്ഞാനമാം മറ നീക്കിയാ ജ്യോതിയില്‍
ലീനമായ് ബ്രഹ്മമായ് തീര്‍ന്നിടുന്നോന്‍
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
വിശ്വത്തിലുള്ളൊരീ തേജസ്സതെല്ലതും
സര്‍വ്വേശനാണെന്ന ചിന്തയാലെ
സച്ചിദാനന്ദസ്വരൂപനേവം സദാ
ചിത്തേ വിളങ്ങണം നിര്‍മ്മായമായ് .
അജ്ഞാനമാമന്ധകാരമൊഴിഞ്ഞുപോയ്
ബ്രഹ്മതേജസ്സു നിറഞ്ഞുനില്പോന്‍
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
ഏതു സൌഖ്യാംബുധീപീയൂഷപാനമോ
ദേവര്‍ക്കമരത്വമേകി വന്നു,
ഏതാഴി തന്നില്‍ ബുധജനമാറാടി -
യാനന്ദനിര്‍വൃതി പൂണ്ടുനില്പൂ ,
ആ ബ്രഹ്മസാഗരം തന്നിലലിഞ്ഞവന്‍
ബ്രഹ്മാവിനാല്‍ പോലും പൂജ്യനായോന്‍
ചണ്ഡാലപുത്രനോ ബ്രാഹ്മണപുത്രനോ
ആരാകിലും ഗുരുനാഥനല്ലോ .
അവലംബം : മനീഷാപഞ്ചകം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo