Slider

ഇന്നാണ് ആ ദിവസം

0

ശിവന്റെ ഓട്ടോ കുതിച്ചു നീങ്ങവേ,വായന ശാലയുടെ പുറത്തു നില്ക്കു്ന്ന വിനോദിന്റെ മുഖത്ത് സംശയം ചെറിയ ഒരു പൊട്ടു പോലേ ഉണരുന്നത് എനിക്ക് കാണാം.പിന്നെ ആ സംശയം ഒരു പരിഭ്രാന്തിയായി മുഖത്ത് കൂരാപ്പ് കൂട്ടാന്‍ തുടങ്ങുകയാണ്.ഞാന്‍ ആകട്ടെ തലേന്നു ശിവന്‍ വായനശാലയില്‍ മടക്കി ഏല്പി ചച പുസ്തകത്തില്‍ ,അയാള്‍ അടയാളപെടുത്തിയ വരികള്‍ കണ്ടുപിടിക്കാന്‍ ഉള്ള ശ്രമത്തിലും.
വര്ഷകങ്ങള്ക്കു മുന്പ് വായനശാലയുടെ അരികിലെ സേവ്യറുടെ ചായക്കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്നു ഞാന്‍ ആലോചിക്കുമായിരുന്നു.ശിവന്‍ വിനോദിനെ കൊല്ലുമോ ,എന്നുള്ളത്.ഞാന്‍ മാത്രമല്ല നാട്ടില്‍ പലരും.വര്‍ഷങ്ങള്‍ പൊഴിയവെ ആ പക കെട്ടടങ്ങി,എന്ന് എല്ലാവരും കരുതി.ശിവന്റെ ഭാര്യ ഗീതയുടെ ഉള്‍പടെ അങ്ങനെ ചിന്തിച്ചു..കാരണം മകള്‍ ലക്ഷ്മിയുടെ മരണത്തിനു ശേഷം ശിവന് വന്ന മാറ്റം പകല്‍ കടന്നു വന്ന രാത്രി പോലെ ആയിരുന്നു.
അത് വിശ്വസിക്കാഞ്ഞ ഒരേ ഒരാള്‍ ഗോവിന്ദന്‍ ആശാരിയായിരുന്നു.വിനോദിന്റെ അച്ഛന്‍.
ഇപ്പോള്‍ വായനശാലയുടെ പുറത്തു നില്ക്കുന്ന വിനോദിന്ഏകദേശം മുപ്പതു വയസ്സുണ്ടാവും.പണ്ട്,ഒരു ജൂണ്‍ ഒന്നിന് , ഒന്നാം ക്ലാസിലെ ആദ്യ ക്ലാസിനു സ്കൂളിലേക്ക് നടന്നു പോയ ശിവന്റെ മകള്‍ ലക്ഷ്മിയെ സൈക്കിളില്‍ കയറ്റി കൊണ്ട് പോയപ്പോള്‍ അവനു പതിനഞ്ചു വയസ്സ്.
വഴി പിഴച്ച കൂട്ടുകെട്ട് കാരണം വിനോദിനെ നേരത്തെ തന്നെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.ബസില്‍ കട്ടപ്പനയില്‍ നിന്ന് കഞ്ചാവ് കടത്തി കൊണ്ട് വരുന്ന ഒരു കുട്ടി എജന്റ്റ് ആയി അവന്‍ മാറി.ചെറിയ പ്രായത്തില്‍ ഇഷ്ടം പോലെ കാശ്..പ്രായത്തില്‍ കവിഞ്ഞ വലിപ്പവും കണ്ണില്‍ ചുവന്ന ലഹരിയുടെ തിളക്കവും ഉള്ള മകനെ ഗോവിന്ദനാശാരിക്ക് സത്യത്തില്‍ ഭയം ആയിരുന്നു.
സിരയിലെ കഞ്ചാവിന്റെ ലഹരി ആ പിഞ്ചു ശരീരത്തില്‍ അവന്‍ ആവോളം തീര്‍ത്തു..എന്നിട്ട് വിജനമായ റബ്ബര്‍ തോട്ടത്തിലെ പൊട്ട കിണറ്റില്‍ ഉപേക്ഷിച്ചു മുങ്ങി.പക്ഷെ പോലീസ് വിനോദിനെ പിടികൂടി..പിന്നെ മൈനര്‍ എന്ന ആനുകൂല്യത്തില്‍ മൂന്നു വര്‍ഷം ജുവനൈല്‍ ഹോമില്‍.
ശിവന്‍ ഗോവിന്ദനാശാരിയുടെ ക്കൂടെ മേസ്തിരി പണി ആയിരുന്നു.അധികം സംസാരിക്കാത്ത പ്രകൃതം.കണക്കുകളില്‍ കണിശമായ കൃത്യത. എന്ജിനീയര്‍ വരച്ച പ്ലാനിലെ ന്യൂനതകള്‍ കണ്ടു പിടിച്ചു,അത് പരിഹരിക്കാനുള്ള അപാരമായ ബുദ്ധി കൂര്മ്മത അയാളുടെ പ്രത്യേകത ആയിരുന്നു. .കൃത്യ സമയത്ത് ജോലി തുടങ്ങും.പറഞ്ഞ സമയത്തിന് മുന്പ് തീര്‍ക്കും. .അത് കൊണ്ട് തന്നെ ഗോവിന്ദന്‍ ആശാരിക്കു ശിവനെ ഇഷ്ടമായിരുന്നു.
എന്നാല്‍ ലക്ഷ്മിയുടെ മരണ ശേഷം അയാള്‍ വല്ലാതെ ഒതുങ്ങി കൂടി.മേസ്തിരി പണി നിര്‍ത്തി. .കുറച്ചു നാള്‍ പുറത്തിറങ്ങിയില്ല.പിന്നെ വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ കൃഷി തുടങ്ങി.പിന്നെ അടുത്തുള്ള ഒന്ന് രണ്ടു പേരുടെ സ്ഥലം വാരത്തിന് എടുത്തു അവിടെ മരച്ചീനിയും,വാഴയും വളര്‍ത്തി.
പിന്നെ മറ്റൊന്ന് കൂടി തുടങ്ങി.വായന.
നാട്ടിലെ ചെറിയ വായനശാല ഞങ്ങള്‍ ചെറുപ്പക്കാര്‍ തുടങ്ങിയതാണ്‌.നഗരത്തിലെ ജോലി കഴിഞ്ഞു വാരാന്ത്യം നാട്ടില്‍ എത്തുന്ന ഞാന്‍ ആയിരുന്നു അത് പലപ്പോഴും തുറന്നിരുന്നത്‌.ശിവന്‍ പലപ്പോഴും കവലയില്‍ എത്തുന്നത്‌ വായനശാലയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കാനോ അത് തിരിച്ചു എല്പിക്കാനോ ആയിരുന്നു.അയാള്‍ പുസ്തകത്തിലെ വരികള്‍ അടയാളപെടുത്താറുണ്ടെന്നു പറഞ്ഞത് സേവ്യര്‍ ആണ്.ഞാന്‍ ഇല്ലാത്തപ്പോ വായനശാലയുടെ ചാവി അവന്റെ ചായക്കടയില്‍ ആണ്.
വിനോദ് ശിക്ഷ കഴിഞ്ഞു പുറത്തു വന്നപ്പോള്‍ നാട് മുഴുവന്‍ കനത്ത എതിര്‍പ്പ് ഉയര്‍ന്നു..അവന്റെ ശിക്ഷ തീരെ കുറഞ്ഞു പോയെന്നും അവനെ വീണ്ടും ജയിലില്‍ അടക്കണം എന്ന് ആവശ്യപെട്ട് നാട്ടില്‍ ജാഥകളും സമരങ്ങളും രാഷ്ട്രീയ പ്പാര്‍ട്ടികളും സംഘടിപ്പിച്ചു.ശിവന്‍ മാത്രം ഒന്നിനും പ്രതീകരിച്ചില്ല.അയാളുടെ ഭാര്യ ഗീത ഒരു ഭ്രാന്തിയെ പോലെ വിനോദിന് നേര്‍ക്ക് ഇഷ്ടിക എറിഞ്ഞു.
ഒടുവില്‍ ആശാരിയും കുടുംബവും നാട് വിടാന്‍ തീരുമാനിച്ചു.ദൂരെ എവിടെ എങ്കിലും പോയി താമസിക്കുക.നാട്ടുകാരുടെ എതിര്‍പ്പിനെനെക്കാള്‍ ആശാരി ഭയപെട്ടത് ശിവനെ ആയിരുന്നു.ശിവന്റെ കണക്കുകളിലെ കണിശത മൂത്ത മേസ്തിരിക്ക് നന്നായി അറിയാമായിരുന്നു.ശിവന്റെ മൗനം അയാളുടെ ഉറക്കം കളഞ്ഞു.
ഗീതയുടെ എതിര്‍പ്പിനെ വക വയ്ക്കാതെ ശിവന്‍ അന്നൊരു ദിവസം ആശാരിയുടെ വീട്ടില്‍ എത്തി.
“എനിക്ക് നിന്നോട് പകയില്ല.നിങ്ങള്‍ ഇവിടെ നിന്ന് പോകുന്നത് കൊണ്ട് എനിക്ക് മരിച്ചു പോയ മകളെ കിട്ടില്ലലോ.”
നീട്ടി വളര്‍ത്തിയ താടി തടവി കണ്ണുകളിലെ നിസ്വ ഭാവവുമായി ശിവന്‍ വിനോദിനോട് പറഞ്ഞു.
പിഞ്ചു കുഞ്ഞിനെ കൊന്നു പുറത്തിറങ്ങിയ വിനോദിന് ആരും ജോലി കൊടുത്തില്ല.ആരും ആ കുടുംബത്തോട് അടുത്തില്ല.ശിവന്‍ ഒഴിച്ച്!
അയാള്‍ വിനോദിനെ കൃഷി പണിക്കു കൂടെ കൂട്ടി.നഗരത്തിലെ ജോലി വിട്ടു ഗള്ഫി്ലേക്ക് ചേക്കേറിയ എന്റെ പുരയിടവും അവര്‍ വാരത്തിന് കൃഷിക്ക് എടുത്തു.അവിടെ മഴവെള്ള സംഭരണി പണിതു.പിന്നെ പാടത്ത് ചെമ്മീനും നെല്ലും കൃഷി ചെയ്തു.വര്‍ഷങ്ങള്‍ കടന്നു.
ഇടയ്കിടെ നാട്ടില്‍ ഞാന്‍ അവധിക്കു എത്തുമ്പോള്‍ ,വായനശാലയിലെക്ക് പുസ്തകങ്ങുളും കൊണ്ട് വന്നിരുന്നു.നാട്ടില്‍ പല മാറ്റങ്ങളുമായി.
ലക്ഷ്മിയുടെ മരണം,എല്ലാവരും മറന്നു എന്ന് ഞാന്‍ കരുതി.പുസ്തകങ്ങള്‍ ശിവനില്‍ വരുത്തിയ മാറ്റം അപാരം തന്നെ! ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ സേവ്യര്‍ പറഞ്ഞു. പുറത്തിറങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞു വിനോദിന്റെ കല്യാണവും ശിവന്‍ തന്നെ മുന്കൈ എടുത്തു നടത്തി കൊടുത്തത്രേ!
പിന്നീട് അവധിക്ക് വന്നപ്പോള്‍ ആണ് ഗോവിന്ദന്‍ ആശാരി മരിച്ചത്.സംസാര ശേഷി നഷ്ടപ്പെട്ട് മരണ കിടക്കയില്‍ കിടക്കുമ്പോഴും അയാള്‍ ശിവനെ ഭയപെട്ടിരുന്നു.മരത്തിന്റെ കണക്ക് കുറിക്കുന്ന റൂള്‍ പെന്‍സില്‍ കൊണ്ട് അയാള്‍ ഒരു കുറിപ്പ് എഴുതി വിനോദിനെ കാണിച്ചു.’ശിവനെ നീ സൂക്ഷിക്കണം.ഈ നാട്ടില്‍ നിന്ന് മാറണം.’
അന്ന് വിനോദിന് രണ്ടു വയസ്സുള്ള മകള്‍ ഉണ്ടായിരുന്നു.അയാള്‍ ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല.കാരണം ശിവന്‍ അയാള്ക്ക് ഇന്ന് ഒരു ജ്യേഷ്ഠ സഹോദരനെ പോലെ ആണ്.
അതിനു ശേഷം ഞാന്‍ നാട്ടില്‍ എത്തിയത് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നലെയാണ്.ഇന്ന് ജൂണ്‍ ഒന്ന്.രാവിലെ തന്നെ സേവ്യറും ഞാനും വായനശാല തുറന്നു.പുതിയ പുസ്തകങ്ങള്‍ അടുക്കി.തലേന്ന് ശിവന്‍ മടക്കി തന്ന പുസ്തകം മേശയില്‍ കിടക്കുന്നത് സേവ്യര്‍ കാണിച്ചു.മാറിയോ പുസോയുടെ വിഖ്യാത നോവല്‍.’ഗോഡ് ഫാദര്‍ ‘.
കുറച്ചു കഴിഞ്ഞപ്പോള്‍ വിനോദ് വായനശാലയില്‍ എത്തി.ഒപ്പം പുതിയ യൂണിഫോമും ബാഗും കുടയുമായി മകള്‍ ശ്രുതിയും.ഇന്ന് ശ്രുതി ആദ്യമായി സ്കൂളില്‍ പോകുന്ന ദിവസമാണ്.പുറത്തു മഴ തകര്‍ത്തു തുടങ്ങി.
‘പിള്ളേര്‍ സ്കൂളില്‍ പോകുന്ന അന്ന് മഴയും തുടങ്ങും.’ സേവ്യര്‍ പറഞ്ഞു.
മഴ നനയാതെ വിനോദു കുഞ്ഞിനെ കൊണ്ട് വായനശാലയുടെ ഇറയത്ത്‌ കയറി നിന്നു.ഓട്ടോ കാത്തു നില്ക്കുകയാണ്.
മഴ കീറി മുറിച്ച് ഒരു ഓട്ടോ വന്നു .അത് ഓടിച്ചത് ശിവന്‍ ആയിരുന്നു.
‘ഇന്നാണ് ആ ദിവസം അല്ലെ വിനോദെ? ‘ശ്രുതി മോള്‍ ആദ്യായി സ്കൂളില്‍ പോകുന്ന ദിവസം.?’
അയാള്‍ പുഞ്ചിരിയോടെ വിനോദിനോട്‌ ചോദിക്കുന്നത് ഞങ്ങള്‍ കേട്ടു.
‘അല്ല ശിവേട്ടന്‍ എന്താ ഓട്ടോയുമായിട്ട് ?ഗോപി എവിടെ ?'വിനോദ് ചോദിക്കുന്നു.
“അവനെ ഞാന്‍ ടൌണിലോട്ട് പറഞ്ഞു വിട്ടു.കുറച്ചു വളവും മരുന്നും വാങ്ങാന്‍.നീ പേടിക്കണ്ട.ഞാന്‍ മോളെ കൊണ്ട് വിടാം.’
അയാള്‍ കുഞ്ഞിനെ ഓട്ടോയിലെക്ക് കയറ്റി.
‘നീ വരണ്ട.വളവുമായി ഗോപി വരുമ്പോ നേരെ പാടത്തേക്ക് വിട്ടോ.ഞാന്‍ അങ്ങോട്ട്‌ വന്നേക്കാം.’
വിനോദ് എന്തെങ്കിലും പറയുന്നതിന് മുന്പ് ഓട്ടോ മുന്നോട്ട് കുതിച്ചു കഴിഞ്ഞിരുന്നു.
ശിവന്റെ വാക്കുകള്‍ ഞങളുടെ മൂവരുടെയും ചെവിയില്‍ വീണ്ടും വന്നലച്ചു
.”ഇന്നാണ് ആ ദിവസം.. ശ്രുതി മോള്‍ ആദ്യായി സ്കൂളില്‍ പോകുന്ന ദിവസം..”
പണ്ട് ഇത് പോലെ ഒരു ദിവസമാണ് ,ഒരു ജൂണ്‍ ഒന്നിനാണ് വിനോദ് ശിവന്റെ മകള്‍ ലക്ഷ്മിയെയും കൂട്ടി സ്കൂളില്‍ കൊണ്ട് പോയത്.
വിനോദിന്റെ മുഖത്ത് വര്‍ഷങ്ങളായി മറന്നു പോയ ഒരു ഭയം തിങ്ങുന്നത് ഞങ്ങള്‍ കണ്ടു.ഒരു പിതാവിന്റെ ആധി.ജുവനൈല്‍ ഹോമിലെ മൂന്നു വര്‍ഷങ്ങള്‍ക്കു നല്‍കാന്‍ കഴിയാത്ത ഭയം..അതിനു ശേഷം ഉള്ള പത്തു പന്ത്രണ്ടു വര്ഷ്ങ്ങള്ക്കു നല്‍കാന്‍ കഴിയാത്ത എന്തോ ഒന്ന്....അതാണ് അയാളെ ആ ഓട്ടോക്ക് പുറകെ ഓടാന്‍ പ്രേരിപ്പികുന്നത്.
ഞാന്‍ ശിവന്‍ തിരിച്ചു തന്ന പുസ്തകം തുറന്നു.അതില്‍ ഒരു പേജ് മടക്കി വച്ചിരിക്കുന്നു. മഷി കൊണ്ട് അതിലെ രണ്ടു വാചകങ്ങള്‍ അടിവര ഇട്ടു വച്ചത് ഞാന്‍ വായിച്ചു.
‘പ്രതികാരം വീഞ്ഞ് പോലെയാണ്.വര്‍ഷങ്ങള്‍ കാത്തിരുന്നു രുചിക്കുമ്പോഴെ അതിനു വീര്യം ഉണ്ടാകൂ.’.
നോവലിലെ കേന്ദ്ര കഥാപാത്രം ഡോണ്‍ കൊര്‍ലിയോണ്‍ ,കഥയുടെ അന്ത്യ രംഗത്ത്‌ ,പറയുന്ന വാചകം.
ഞാന്‍ അത് സേവ്യറിനെ കാണിച്ചു.ഞങ്ങള്‍ മഴയിലേക്ക് ഇറങ്ങിയോടി.റോഡില്‍ ആരുമില്ലായിരുന്നു.സ്ഫടിക ചില്ലുകള്‍ ചിതറി തെറിക്കുന്നതു പോലെ മഴ മാത്രം.
അല്പം ഓടിയപ്പോള്‍ ഒരു കാഴ്ച കണ്ടു.റോഡ്‌ അരികിലെ സ്കൂള്‍ ഗേറ്റിനു പുറത്തു തല അമര്‍ത്തി വച്ച് നില്ക്കുലന്ന വിനോദ്. ദൂരെ നിന്ന് ആ കാഴ്ച ഒരു ജലച്ചായ ചിത്രം പോലെ അവ്യക്തമായിരുന്നു.ഞങ്ങള്‍ അണച്ച് കൊണ്ട് അവന്റെ അരികില്‍ എത്തി.
അവന്‍ പൊട്ടിക്കരയുകയാണ്.
“ശ്രുതി മോള്‍ എവിടെ ?”ഞാന്‍ ചിലമ്പിച്ച സ്വരത്തില്‍ ചോദിച്ചു.
സേവ്യര്‍ മതിലിനു മുകളില്‍ കൂടി നോക്കി.അതിനു ശേഷം എന്നെ ആ കാഴ്ച ചൂണ്ടിക്കാണിച്ചു.
ഓട്ടോയില്‍ നിന്ന് സ്കൂള്‍ വരാന്തയിലേക്ക്‌ ഓടി കയറുന്നതിനിടയില്‍ മഴ നനഞ്ഞ ശ്രുതിയുടെ തല തുവര്ത്തി കൊണ്ട് ക്ലാസ് അധ്യാപികയോട്‌ വരാന്തയില്‍ നിന്ന് കൊണ്ട് സംസാരിക്കുന്ന ശിവന്‍.അയാളുടെ ഓട്ടോ മൈതാനത്തു മഴ നനഞ്ഞു കാത്തു കിടന്നു.
കുട്ടിയെ ക്ലാസ്സിലേക്ക് കയറ്റി വിട്ട ശേഷം ശിവന്‍ തിരിച്ചിറങ്ങി.
ഗേറ്റിലെ അഴികള്ക്കിടയിലൂടെ, മഴയുടെ സ്ഫടിക ജല പാളികളിലൂടെ, ഞങ്ങള്‍ പരസ്പരം കണ്ടു.അഴികള്ക്കു അപ്പുറം ശിവനും ഇപ്പുറം ഞങ്ങളും.ഈ ചിത്രത്തില്‍ അഴികള്ക്കു്ള്ളില്‍ ഇപ്പോള്‍ ഞങ്ങളാണ്.കാലത്തിന്റെ ജയിലഴികള്‍ പോലെ .ശിവന്‍ പുറത്തും.
ശിവന്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുമ്പോള്‍ ഞാന്‍ വീണ്ടും ആ ചുവന്ന അടി വരയിട്ട വാചകങ്ങള്‍ ഓര്‍മ്മിക്കുകയാണ്.
മഴ അവസാനിക്കുകയാണ്.
(അവസാനിച്ചു)

By: AnishFrancis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo