വടിവാൾ തുമ്പിലേക്കു നിർവികാരമായി നോക്കുന്ന ആ ഇരയുടെ കണ്ണുകളിൽ നിന്നും ഓടിയൊളിക്കാൻ വിനയന് കഴിഞ്ഞില്ല,
താനിന്നലേ വിലയിട്ടു അച്ചാരം വാങ്ങിയത് നിർവികാരത തുളുമ്പുന്ന ഈ കണ്ണുകളുടെ ഉടമയെ ഇല്ലാതാക്കാൻ ആണെന്നത് അയാളിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരുന്നു.
തന്റെ മുന്നിൽ ജീവനുവേണ്ടി യാചിക്കുന്ന കണ്ണുകളിലേക്കു നോക്കി മുൻപ് അയാൾ ഒരുപാടു തവണ രസംകൊണ്ടു നിന്നിട്ടുണ്ട്,
എങ്കിലും മരണം മുന്നിൽ വടിവാളുയർത്തി നിന്നിട്ടും, പ്രതീക്ഷക്കു വകയില്ല എന്നുറപ്പായിട്ടും, കണ്ണുകളിൽ ഭയപ്പാടിന് പകരം നിർവികാരത തുളുമ്പുന്ന ആ ചെറുപ്പക്കാരൻ, ചോരകണ്ടു അറപ്പുമാറിയ വിനയനിൽ പോലും ഒരു ആകാംഷ സൃഷ്ടിച്ചു,
ഒരു നിമിഷം അച്ചാരം വാങ്ങിയതിന്റ കണക്കു മറന്നു വിനയനയാളെ പോകാൻ അനുവദിച്ചു. ഇനി മേലിൽ ഇവിടെ കണ്ടുപോകരുതു എന്നൊരു താക്കീതും കൊടുത്തു.
പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടും ആ ചെറുപ്പക്കാരൻ വിനയന്റെ കണ്ണുകളിലേക്കു അതെ നോട്ടം നോക്കികൊണ്ട് അവിടെ തന്നെ നിന്നു, അപ്പോഴും ആ നിർവികാരത ആ മിഴികളിൽ തുളുമ്പി നിന്നിരുന്നു.
അവനോടു തർക്കിക്കാൻ നിൽക്കാതെ വിനയൻപോകാനായി തിരിഞ്ഞ് ബൈക്കിന്റെ അടുത്തേക്ക് നടന്നു,,
ഏകദേശം ഒരു പത്തടി നടന്നപ്പോഴേക്കും വിനയന്റെ ഇടത്തെ വശത്തെ അഞ്ചാമത്തെ വാരിയെല്ലിന്റെ ഇടയിലൂടെ ഒരു കൊള്ളിയാൻ മിന്നി കടന്നുപോയി,,, ആരായാലും മർമം അറിയുന്നവൻ എന്നയാൾക്ക് തോന്നി,, അയാൾ ഒന്നാടിയുലഞ്ഞു ഒരു നിമിഷത്തേക്ക്,,
കഠിന വേദനയിൽ വിനയനെന്ന പരിചയസമ്പന്നൻ ആയ വാടകക്കൊലയാളി ഒന്നുപതറിയെങ്കിലും, കോളറിന്റെ ഇടയിലൊളിപ്പിച്ച വടിവാള് വലിച്ചെടുത്തു അയാൾ പുറകിലേക്ക് വെട്ടിത്തിരിഞ്ഞു. അതെ നിമിഷം തന്നെ തന്റെ കഴുത്തിനടിയിൽ വന്നു മുട്ടിനിൽകുന്ന ലോഹത്തിന്റെ തണുപ്പ് അയാളറിഞ്ഞു, അതയാൾക്കു വീണ്ടും ഒരു നടുക്കം സമ്മാനിച്ചു,
കുറച്ചുമുമ്പേ താൻ കൊല്ലാതെ വെറുതെ വിട്ട ആ നിർവികാര മിഴികളിൽ ഒരു വന്യമായ തിളക്കം വന്നുനിറയുന്നതു വിനയൻകണ്ടു.
തന്റെ ശരീരം പതിയെ തളരുന്നത് അയാളറിയുന്നുണ്ടാരുന്നു, വാരിയെല്ലുകൾക്കിടയിൽ തറഞ്ഞിരിക്കുന്ന വടിവാള് അപ്പോഴും അവിടെ തന്നെ ഇരിക്കുന്നതിനാൽ വിനയന് ഒന്നുറക്കെ കരയാൻ പോലും കഴിഞ്ഞില്ല,
കഴിഞ്ഞകാലത്തിൽ തന്റെ മുന്നിൽ ജീവനുവേണ്ടി യാചിച്ച കണ്ണുകളിലെ അപേക്ഷകൾ ഒന്നിച്ചു നിരത്തിയാലും കാര്യമില്ലെന്നു അയാൾക്കു തോന്നി,
നിർവികാരമായ മിഴികളിൽ തിളക്കം ഒന്നുംകൂടി കൂടിയിരിക്കുന്നു, തന്റെ മരണം ആ കണ്ണുകൾ ആസ്വദിക്കുന്നുണ്ടെന്നു വിനയന് മനസിലായി.
വിനയനെ സംബന്ധിച്ചു എന്തിനു വേണ്ടി എന്ന ചോദ്യം അപ്രസക്തം ആയിരുന്നു, കാരണം അയാളുടെ കയ്യിൽ അത്രക്കും ചോരക്കറകൾ ഉണ്ടായിരുന്നു,
കാഴ്ച്ചകൾ മങ്ങി തുടങ്ങുന്നതിനു മുൻപേ, മുറിവേറ്റ ഹൃദയം നിലക്കുന്നതിനു മുൻപേ ഒന്നുമാത്രം അയാൾ ചോദിച്ചു.
ആർക്കുവേണ്ടി.
ഉത്തരത്തിനു കാത്തുനിൽക്കാതെ അയാൾ പതിയെ പുഴിമണ്ണിലേക്കു തളർന്നുവീണു......
,,,,,,,, ,,,,,,,, ,,,,,,,, ,,,,,, ,,,,,,,,, ,,,,,,, ,,,,,,,, ,,,,,, ,,,,,,,,
അനിലൻ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക