====
ധൂമ വലയങ്ങൾ ഭ്രമണം ചെയ്യുന്നു ചുറ്റിലും
ഉൻമത്തമാക്കുന്നു അതെൻ ശിരസ്സിനെ
അപ്പൂപ്പൻ താടിപോൽ പാറിപ്പറന്നെൻ മനസ്സിനെ
സ്വപ്ന വിഹായസ്സിൻ വർണ്ണതല്പത്തിലേറ്റുന്നു.
ബാല്യമെൻ മനസ്സിലേൽപ്പിച്ച ശോണ മുദ്രകൾ
നീങ്ങി മാനസ്സം സ്വച്ഛന്ദ പൂരിതമാകുന്നു.
കഞ്ചാവിൻ ധൂമ വലയങ്ങളേ നന്ദീ
നിങ്ങളെൻ മനസ്സിനെ നിർഭയമാക്കുന്നു.
തെറ്റ് തെറ്റെന്നുണർത്തുമെൻ മനസ്സിനെ
അപഥ സഞ്ചാരപഥമേറ്റുന്നതും നിങ്ങൾ
ലാഘവത്വത്തോടെയീ ലോക നിയമങ്ങളെ
കാറ്റിൽ പറത്തുവാൻ പ്രാപ്തരാക്കിയോർ നിങ്ങൾ
ജൻമം നൽകിയ താതൻ്റെ മദ്യപുലയാട്ടിൽ
വിഹ്വലമായയെൻ ബാല്യ സ്വപ്നങ്ങളിൽ
ചവിട്ടിയരയ്ക്കുവാനുള്ളതാണു സ്ത്രീയെന്ന്
ആദ്യം പഠിപ്പിച്ച താതപാദങ്ങളെ
കെട്ടിപ്പിടിച്ചു കരയുന്ന അമ്മ തൻ
പേടിപ്പെടുത്തുന്ന നിസ്സഹദൈന്യത്തിൻ
പൊറുതികേടുകൾക്കിടയിലെൻ മനസ്സിനെ
ധൂമ വലയങ്ങളെ നിങ്ങൾക്കായേകി ഞാൻ.
ഒരിറ്റു നേരം നിങ്ങളെൻ തോഴരായീലെങ്കിൽ
വന്യമാക്കപ്പെടുന്നൊരെൻ മനസ്സിൻ്റെ
ചെയ്തികളെന്തെന്ന് ഞാൻ പോലുമറിയീല
ആത്മാവറ്റുപോയയെൻ കിനാക്കൾ തൻ
ചുടലപ്പറമ്പിലേകനാവട്ടെ ഞാൻ
ഭ്രമണപഥങ്ങളറ്റുവീഴുന്ന നേരംവരേയ്ക്കും
ധൂമ വലയങ്ങളേ.. സചേതന സാക്ഷിയാകുക നിങ്ങൾ
By:
നോക്കൂ,
ReplyDelete“തെറ്റ് തെറ്റെന്നുണർത്തുമെൻ മനസ്സിനെ”
ഈ വരി
“തെറ്റ് തെറ്റെന്നുണർത്തും മനസ്സിനെ”യെന്നു വായിച്ചാൽ,
ഞാൻ, എൻ, എന്റെ എന്നിങ്ങനെയുള്ള ‘അഹം’ ഇല്ലാത്ത വ്യക്തിത്വം കവിതയ്ക്കു വരുന്നു.
മദ്യപുലയാട്ട് - മദ്യം വേണമെന്നില്ല.. പുലയാട്ട് തന്നെ ധാരാളമാണ്.
താതൻ എന്ന പദം അടുത്തടുത്ത് രണ്ടിടത്ത് വരുന്നതൊഴിവാക്കാൻ ‘അച്ഛൻ’ എന്ന മനോഹരമായ പദം ധാരാളമല്ലേ?
കൈതപ്രത്തിന്റെ “സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം” അച്ഛനെന്ന പദത്തിനു സൂര്യകോടി പ്രഭ നൽകുന്നുണ്ടെന്നോർക്കുക.
ബാലാരിഷ്ടതകൾ എന്തൊക്കെയിരുന്നാലും,
‘ഭദ്രമായൊരു’ ബാല്യവും കുടുംബജീവിതവും ഒരുവിധം ഉള്ളിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിയ്ക്കാൻ സാധിച്ചിട്ടുണ്ട്.
ലളിതമായ ഭാഷയിലൂടെ സധൈര്യം തുടരുക.
ആശംസകളോടെ...