Slider

ത്ലാപ്പത്ത് ..(തുലാം 10)

2

നാളെയാണ് പത്താം ഉദയം..തുലാം പത്തു...ഉദയ സൂര്യന്‍ ഉഗ്രപ്രതാപിയായി വീരാളി പട്ടുടുത്തു കിഴക്കന്‍ മാനത്തു നിന്ന് ചുവന്നു തുടുത്തു വരുമ്പോള്‍ ഞങ്ങള്‍ വടക്കേ മലബാര്‍കാര്‍ക്ക് അത്യാഹ്ലാദത്തിന്റെ നാളുകള്‍ ആണ് ആഗമമാകുന്നത് ...
പ്രപഞ്ച നാഥനായ തെജോമയനായ സൂര്യനെ വെള്ളോട്ട് കിണ്ടിയില്‍ ജലം നിറച്ചു കിഴക്കോട്ടു തിരിഞ്ഞു നാക്കിലയില്‍ വിഘ്നവിനായകന്‍ ഗണപതിക്കുള്ള കാഴ്ച ദ്രവ്യങ്ങള്‍ക്കൊപ്പം, നിലവിളക്കിന്റെ ദീപ പ്രഭയിലേക്ക് ഗൃഹത്തിന്റെ ശ്രീലകത്തിലേക്ക് ഉണക്കലരി എറിഞ്ഞു ''അരിയിട്ട്'' വരവേല്‍ക്കുന്ന പത്താം ഉദയം (ത്വലാ പത്തു )നാളെ ആണ്....
കാര്‍ഷിക സംസ്കൃതിയുടെ പ്രതീകം കൂടിയാകുന്നു..ഈ ചടങ്ങ്..എല്ലാറ്റിലും ഉപരി വടക്കേ മലബാറിന് മേള കൊഴുപ്പിന്റെ തുയിലുണരും കാലം കൂടിയാണിത്...
അന്തി ചുവപ്പിന്റെ നിറം കാവുകളിലേക്കും,മടപ്പുരകളിലെക്കും,
കോട്ടങ്ങളിലെക്കും, ക്ഷേത്രങ്ങളിലെക്കും ,പകര്‍ന്നാടുന്ന തെയ്യക്കാലത്തിന്റെ കൊടിയേറ്റം തുലാ പത്തിന് കുറിക്കുന്നു...
പുത്തരി വെള്ളാട്ടത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം ഇടവപ്പാതി വരെ നീണ്ടു നില്‍ക്കുന്നു..ഗ്രാമ വീഥികളെല്ലാം കാവുകളിലേക്ക് സംഗമിക്ക പെടുമ്പോള്‍ ജാതി മത ഭേദമന്യേ ആബാല വൃദ്ധം അതിന്റെ ഭാഗവാക്കാകുന്നു എന്നത് ഗ്രാമീണ മനസ്സിന്റെ പ്രത്യേകതയാണ്...ചെറു തെയ്യം തിറകള്‍ മുതല്‍ ''ഒന്നൂറ് നാലപതു'' തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കുന്ന കളരികളും തറവാടുകളും,പന്ത്രണ്ടും അതിലധികവും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കെട്ടിയാടിക്ക പെടുന്ന ''പെരും കളിയാട്ട'' കാവുകളും ഉത്തര മലബാറിനെ ഈ വേളയില്‍ മുഖരിതമാക്കുന്നു....
ഉത്തര മലബാറിന് വീരാളികളോട് കടുത്ത ആരാധനാ തോന്നുന്നത് സ്വാഭാവികം എന്നത്പോലെ വീരാളി പട്ടിന്റെ ചുവപ്പിനോടുള്ള, വീരാരധനയും, ...കണ്ണൂര്‍ ഉള്‍പ്പെടുന്ന ഉത്തര മലബാറിനു 
ചങ്കിലെ ചോരപോലെ ഉത്തിഷ്ടം ആണ് വാമൊഴിയും,വരമൊഴിയും ആയി ചേര്‍ക്കപ്പെട്ട തോറ്റംപാട്ടുകളിലൂടെ ചരിത്രവും , മിത്തും ഇടകലര്‍ന്ന മണ്ണില്‍കൊണ്ടാടുന്ന തെയ്യക്കോല കേട്ടിയാടല്‍.....ദേവീ ദേവന്മാരും,മണ്മറഞ്ഞ ഗുരു ഭൂതരും വീരന്മാരും എല്ലാം ദേവതകള്‍ ആയി കാവുകളില്‍ ഉറഞ്ഞു തുള്ളി അരുളി പാട് നല്‍കുന്നു തന്റെ ഭക്തര്‍ക്ക്‌..
മനുഷ്യന്‍ ദൈവമായി മാറുന്നതിനു അതി കഠിനമായ വ്രതാനുഷ്ടാനങ്ങള്‍ ഉണ്ട്..വ്രതം നോറ്റു,കാവിലെ അണിയറയില്‍ മുഖ ത്തെഴുത്തും, വച്ച് കേട്ടലുകളും, അണിയലങ്ങള്‍, അലങ്കാരങ്ങള്‍ ,കാല്‍ ചിലങ്ക കിലുക്കിയും ,കൈവളകള്‍ ധരിച്ചും, , നീണ്ട ദ്രംഷ്ടങ്ങള്‍ ഉള്ളതും, അല്ലാതെയും, രൌദ്ര ഭാവമായും,, ലാസ്യ ഭാവമായും, അപൂര്‍വ്വമായി നര്‍മ്മ ഭാവമായും പലതരം മുടികള്‍ അണിഞ്ഞും പ്രത്യേകം, പ്രത്യേകം താള ക്രമങ്ങളും, ചടുല നൃത്തങ്ങളും , മൃദു ചലനവും ഒക്കെ ആയി ചമഞ്ഞു വരുന്ന മിക്ക തെയ്യക്കൊലങ്ങള്‍ക്കും ''ചായില്യ'' കൂട്ടുള്ള ചുവപ്പ് നിറം അണിയലങ്ങലിലെക്കും പടരുമ്പോള്‍, കോലധാരി വരവിളി തോറ്റം പാട്ടിലൂടെ , കാവുകളുടെ പള്ളിയറക്ക് മുന്നിലെത്തിയാല്‍ ഉയര്‍ന്നു പൊങ്ങുന്ന ആസുരമാര്‍ന്ന ചെണ്ട വാദ്യ പാരമ്യതോടൊപ്പം നര്‍ത്തന ചുവടു വയ്പ്പോടെ ദൈവമായി മാറുന്നു..
ഇലത്താളം, ചീന കുഴല്‍ ഇവയൊക്കെ തെയ്യത്തിന്റെ നടനത്തിനു മാറ്റ് കൂട്ടുന്നു..തെയ്യം അണിയറയില്‍ നിന്ന് ഒരുങ്ങി വരുന്നത് മുതല്‍ മുടി അഴിക്കുന്നത് വരെ ആയി പലതരം ചടങ്ങുകളും ഉണ്ടാകും..ഏറ്റവും ഉദാത്തമായത് ഭക്തരുടെ സങ്കട പെരുമഴക്ക് കുളിര്‍ സ്വന്തനമേകി മഞ്ഞ കുറി നെറുകയില്‍ വച്ച്, തെച്ചി പ്പൂ വും ,അരിയും നല്‍കി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു എന്നുള്ളതാണ്...ദൈവിക അരുളിപാടുകള്‍ സത്യമാകുമെന്ന് വിശ്വസിക്കുന്ന ഭക്തര്‍ക്ക് ''ഗുണം വരണേ'' എന്ന് അരുളി പാട് നല്കുബോള്‍, മനക്കണ്ണില്‍ മാത്രം ദര്‍ശിച്ചിരുന്ന ആരാധനാ മൂര്‍ത്തിയെ നേരില്‍ കണ്‍ കുളിര്‍ക്കെ കണ്ട സായൂജ്യത്തിലാകും ഭക്തജനങ്ങള്‍..
ഗ്രാമീണതയുടെ ഒത്തു ചേരല്‍ കാലം കൂടിയാണ് തെയ്യക്കാലം..ദൂരെ ദേശങ്ങളിലെ ബന്ധു മിത്രാദികള്‍ക്ക് ഒത്തു കൂടാനുള്ള കാലം കൂടിയാകുന്നു ഇക്കാലം..നേര്‍ത്ത മഞ്ഞു പുതച്ചു തുടങ്ങുന്ന രാത്രികളിലെ വൈദ്യുതാലങ്കാരങ്ങള്‍.. പൂനിലാ പുഞ്ചിരി തൂകുന്ന ചന്ദ്രികലാവണ്യം കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലെ നീര്‍ചോലകളില്‍ വെണ്ണിലാവു നല്‍കുന്ന ആര്‍ദ്രത ,പ്രണയത്തിന്റെ കൌതുകം കൈമാറാനും, കാവിന്റെ പരിസരങ്ങളില്‍ കൂടി നില്‍ക്കുന്ന ബാല്യ കൌമാര യൌവനങ്ങള്‍ക്കും, തരുണീ മണികള്‍ക്കും ..''സോറ'' പറയാനും കൂടിയുള്ള അവസരം കൂടിയാകുന്നു തെയ്യക്കാലം ..ചുവന്ന മണ്ണിന്റെ വീര്യം സിരകളിലേക്ക് പടര്‍ന്നു കയറലൊക്കെ ഉണ്ടെങ്കിലും ആശ്രയിച്ചു വരുന്നവരെ നെഞ്ചിലെറ്റാനും ഉത്തര മലബാര്‍ മറക്കില്ല എന്നും ഈ കാഴ്ചകളോട് ചേര്‍ത്ത് വായിക്കണം ..
ചാന്തും,കണ്മഷിയും,കുപ്പിവള, ബലൂണ്‍, പീപ്പികള്‍ കളിപാട്ടങ്ങള്‍ എന്നിവയൊക്കെ നിരത്തി വച്ച വാണിഭക്കാരും ചേലുള്ള കാഴ്ചകളാണ്..,രാത്രിയുടെ തണുപ്പകറ്റാന്‍ ചുക്ക് കാപ്പിയും, തെല്ലു മാറി പെട്രോ മാക്സിന്റെ വെളിച്ചത്തില്‍ പകിട കളിക്കുന്നവും ആരവങ്ങളും തീവെട്ടികളും , നാട്ട് വഴിയിലൂടെ മിന്നി മറയുന്ന ചൂട്ടു വെട്ടവും(പണ്ടുകാലത്ത് ചൂട്ടു കെട്ടുകള്‍ ആഞ്ഞു വീശുമ്പോള്‍ തെളിഞ്ഞിരുന്ന വഴി വെട്ടത്തിന് പകരം ഞെക്ക് വിളക്കുകള്‍ ആണ് ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് എന്ന് ഈ അവസരത്തില്‍ ഓര്‍മ്മയില്‍ തെളിയുകയാണ്) , ഇത്തിരി തണ്ടുള്ളവരുടെ ഉന്തലും,തള്ളലും,,വഴക്കുകള്‍ക്കൊടുവില്‍ നാട്ടു മുഖ്യസ്ഥരുടെ ഇടപെടലില്‍ തോളോട് ചേരുന്ന സൌഹൃദങ്ങളും എല്ലാം ചേര്‍ത്തുള്ളതാണ് ഞങ്ങള്‍ ഉത്തര മലബാര്‍ കാരുടെ തെയ്യക്കാലം..ആ കാലത്തിനാണ് നാളെ നാന്ദി കുറിക്കുന്നത്..പണ്ടത്തെ നാട്ടു വഴികളായിരുന്ന പാട വരമ്പിലൂടെ അണിയലങ്ങളുടെ മണികിലുക്കത്തോടെ തെയ്യ ചമയക്കാര്‍ നടന്നു പോയിരുന്നെങ്കില്‍ ഇന്ന് പാടവരമ്പിന്റെ സ്ഥാനത് റോഡുകള്‍ വന്നതോടെ വാഹങ്ങളില്‍ ആയി യാത്രകള്‍ എന്നത് ഒഴിച്ചാല്‍ തെയ്യക്കാലത്തിന്റെ ഗരിമ ക്ക് കാര്യമായ മാറ്റമൊന്നും ഇവിടെ ഉത്തര മലബാറിന് സംഭവിച്ചിട്ടില്ല എന്ന് പറയാം....
കൃഷ്ണ കുമാര്‍.കൂടാളി 
ഗോകുലം, കീഴല്ലൂര്‍..
2
( Hide )
  1. നന്ദിയും സ്നേഹവും സന്തോഷവും അറിയിച്ചുകൊള്ളട്ടെ, പ്രിയപ്പെട്ട കൃഷ്ണകുമാർ സാർ!

    ത്-ലാ പത്ത്!
    ഉത്തര മലബാറിലേയ്ക്കും തെയ്യംതിറ ആചാരാനുഷ്ഠാനങ്ങളിലേയ്ക്കും കൂട്ടികൊണ്ടു പോകുന്ന ഈ ലേഖനം, അതിന്റെ പ്രാമുഖ്യത്തോടെ തന്നെ വീണ്ടും വീണ്ടും പകർത്തിയെഴുതുക. (ഇതുപോലുള്ള വിജ്ഞാനദായകമായ രചനകൾ ഇനിയുമുണ്ടാകട്ടെ, നമുക്കത് പുസ്തകരൂപത്തിലാക്കാം. എന്നെപോലുള്ളവർക്കിത് അറിവുകളാണെന്നതു ഓർക്കണം!)

    അതുകൊണ്ടുതന്നെ, വിനയപൂർവ്വം സൂചിപ്പിയ്ക്കട്ടെ, അർത്ഥങ്ങൾ (ലഘുവിശദീകരണങ്ങൾ) ആവശ്യപ്പെടുന്ന ചില വാക്കുകളും നാട്ടായ്മകളും വരികൾക്കിടയിൽ കാണുന്നുണ്ട്. അവ്യ്ക്ക് അക്കമിട്ട് ഏറ്റവും താഴെ പിൻകുറി കൊടുക്കുകയാണെങ്കിൽ വളരെ വളരെ ഉത്തമമായി.

    നന്മകൾ, ആശംസകൾ!!

    ReplyDelete
  2. ഉത്തര കേരളത്തിലെ തെയ്യത്തെ അറിയാൻ ഇവിടെ നിന്നും വായിച്ചു. വളരെ നല്ലതുപോലെ എഴുതിയിട്ടുണ്ട് . ഇനിയും ഇതേ തുടർന്ന് അറിയാൻ ആഗ്രഹിക്കുന്നു. ഒരുപാട് നന്ദി അറിയിക്കുന്നു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo