നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേക്ക് പാർക്കിലേക്കൊരു സന്ദർശനം (യാത്രാവിവരണം)

എന്റെ കുട്ടിക്കാലം മുതൽ പല തവണ സന്ദർശിച്ച സ്ഥലമാണ് പറശ്ശിനിക്കടവ് സ്നേക്ക്പാർക്ക്.
യു എ ഇ യിൽ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോൾ കുട്ടികളുടെ നിർബ്ബന്ധത്തിന് വഴങ്ങി ഒരിക്കൽ കൂടി പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് സന്ദർശിക്കാൻ നിർബ്ബന്ധിതനായി. മുൻപുണ്ടായിരുന്ന അത്രയും പാമ്പുകളും മറ്റു ജീവികളും ഇപ്പോൾ അവിടെ പരിപാലിക്കപ്പെടുന്നില്ല. നിയമപരമായ പരിധികളും ഉണ്ടാവാം.
പാർക്കിലേക്ക് പ്രവേശിക്കവെ , 1993 ഫെബ്രുവരി 10 ന്, ജനക്കൂട്ടം പാർക്ക് ആക്രമിച്ചു, രാജവെമ്പാലകൾ ഉൾപ്പെടെയുള്ള പാമ്പുകളെയും, മുതലകളെയും, കുരങ്ങുകളെയും, മറ്റ് അപൂർവ്വ ഇനം ഇഴജന്തുക്കളെയും , പക്ഷികളെയും, തീവെക്കുകയും കൊന്നൊടുക്കുകയും ചെയ്ത സംഭവം ഓർമ്മയിലെത്തി. കൊല്ലപ്പെട്ട ചില പക്ഷികളുടെയും, കുരങ്ങുകളുടെയും ജഡങ്ങൾ സ്റ്റഫ് ചെയ്തു വെച്ച് പാർക്ക് അധികൃതർ കുറേക്കാലം പാർക്കിനുള്ളിൽ പൊതുപ്രദർശനത്തിന് ഒരുക്കിയിരുന്നു.
എന്റെ വീട്ടിൽ നിന്നും , മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള സ്നേക്ക് പാർക്കിലേക്ക്, കുട്ടിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം നടന്നു പോയി സന്ദർശിക്കാറുണ്ടായിരുന്നു. കണ്ണൂർ മാങ്കടവിലെ എന്റെ വീട്ടിലെ മച്ചിൻപുറത്ത് , എവിടെ നിന്നൊക്കെയോ ‘അതിക്രമിച്ച് കയറി’ വസിക്കാറുള്ള പൂച്ചകൾ പെറ്റു കൂട്ടാറുള്ള വകയിൽ പല വർണ്ണങ്ങളിലുള്ള പൂച്ചക്കുഞ്ഞുങ്ങൾ ധാരാളമുണ്ടാവാറുണ്ട്. ഓടു പാകിയ വീടിന്റെ മച്ചിൻപുറം അവയ്ക്ക് സ്വൈര്യമായി വിഹരിക്കാനും പെറ്റുകൂട്ടാനുമുള്ള ഏറ്റവും നല്ല സ്ഥലമായി അവകൾ കരുതിപ്പോന്നു. കാഷ്ഠവും മൂത്രവും വൃത്തിയാക്കാനുള്ള ജോലി സമയക്കുറവിനും വയ്യായ്കക്കിടയിലും എന്റെ ഉമ്മ ചെയ്തു പോന്നിരുന്നു !
അവയിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങളെ ഒരെണ്ണം വീതം ഓരോ സഞ്ചികളിലാക്കി ഞങ്ങൾ കുട്ടിക്കൂട്ടുകാർ സ്‌നേക്ക് പാർക്കിലേക്ക് നടക്കും. പാർക്കിലേക്ക് ഫ്രീ ആയി പ്രവേശനവും , കാഴ്ചകൾ കണ്ടുകഴിഞ്ഞു ഒരു കുഞ്ഞിപ്പൂച്ചക്ക് രണ്ട് രൂപ വെച്ച് ‘വിലയും’ ലഭിക്കും. നൽകപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ , ഞങ്ങൾ പാർക്കിൽ നിന്നും തിരിച്ചിറങ്ങുന്നതിന് മുൻപേ തന്നെ പെരുമ്പാമ്പുകളുടെ ഭക്ഷണമായി മാറുന്നത്‌ പലതവണ കണ്ടിട്ടുണ്ട്. അന്ന് അതേക്കുറിച്ച് സങ്കടം തോന്നാറുണ്ടെങ്കിലും, പൂച്ചക്കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങൾ പിന്നെയും സ്നേക്ക് പാർക്ക്, ടിക്കറ്റില്ലാതെ സന്ദർശിക്കുകയും പൂച്ചക്കുഞ്ഞൊന്നിന് രണ്ടു രൂപ വെച്ച് കൈപ്പറ്റുകയും ചെയ്തു പോന്നു
സ്നേക്ക് പാർക്കിനു എതിർവശത്തുള്ള , നാരായൺ ചേട്ടന്റെ തട്ടു കടയിൽ നിന്നും 50 പൈസ വിലയിൽ നല്ല രുചിയുള്ള മോരും വെള്ളവും ഞങ്ങൾക്ക് ലഭിക്കാറുണ്ടായിരുന്നു.
കുറച്ച് കോഴിക്കുഞ്ഞുങ്ങളെ ചേരകളുടെ കൂട്ടിൽ കാണുകയും അതിലൊരു കോഴിക്കുഞ്ഞിനെ ഒരു ചേര തന്റെ വാ പിളർന്ന് അകത്താക്കുന്നതും കണ്ടപ്പോളാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മയിലെത്തിയത്.
ഫോട്ടോയെടുക്കാൻ 30 രൂപയടച്ച് മുൻ‌കൂർ അനുമതി വേണമെന്നാണ് പാർക്കിലെ ചട്ടം. മൂർഖന്മാരുടെ കൂടെത്തിയപ്പോൾ ഒന്നുരണ്ടെണ്ണം ഫണം വിടർത്തി ചീറ്റിക്കൊണ്ടിരിക്കുന്നത് കണ്ടു. ആ രംഗം, കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ പകർത്തണമെന്ന് തോന്നിയപ്പോൾ , മുൻ‌കൂർ അനുമതി വേണമെന്ന കാര്യം ഓർമ്മവന്നതിനാൽ മടിച്ചു . എന്നാൽ മൂർഖൻ കൂടിന് തൊട്ടടുത്തുണ്ടായിരുന്ന പാർക്ക് ജീവനക്കാരനോട് ആവശ്യം അറിയിച്ചു അഭ്യർത്ഥിച്ചപ്പോൾ, എന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി , ചുരുണ്ടു കിടന്നിരുന്ന കിടന്നിരുന്ന മറ്റ് മൂർഖന്മാരെ കൂടി ഉണർത്തി കൂട്ടമായി പത്തി വിടർത്തിച്ചു, കമ്പിവലകളാൽ ചുറ്റപ്പെട്ട കൂടിനോട് വളരെ അടുത്ത് ചേർത്ത് പിടിച്ചു അദ്ദേഹം എന്റെ മൊബൈലിൽ പകർത്തി തന്നു. എന്റെ പഴയകാല സ്നേക്ക് പാർക്ക് അനുഭവങ്ങൾ കേൾക്കാനും അദ്ദേഹം തയ്യാറായി. ഇപ്പോൾ പാർക്കിനുള്ളിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പഴയ ആ പാമ്പ് കിണർ ഇല്ലെന്നും അറ്റകുറ്റപ്പണികൾക്ക് ശേഷം അത് തിരികെ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഷമുള്ള പാമ്പുകളായ മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങയവയും , നീർക്കോലി, പച്ചോലപ്പാമ്പ്, ചേര തുടങ്ങിയ അനേകം പാമ്പുകളെ , അഞ്ച് മീറ്ററോളം വ്യാസത്തിൽ , ഏകദേശം രണ്ടു മീറ്ററിൽ അധികം ആഴത്തിൽ കുഴിച്ച് , ഒരാൾ പൊക്കത്തിൽ ആൾമറ കെട്ടിയ സിമന്റ് ഗ്രൗട്ട് ചെയ്ത് മിനുസപ്പെടുത്തിയ 'കിണറിൽ' ഒരുമിച്ച് താമസിപ്പിച്ചിരുന്നതാണ് ഞാൻ അടിയിൽ മണൽ മാത്രം പാകിയ 'പാമ്പു കിണർ'. അതിൽ പാമ്പുകളുടെ ദാഹം തീർക്കാൻ ചെറു 'കുളങ്ങളും' ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത്, സ്നേക്ക് പാർക്ക് ജീവനക്കാരനായിരുന്ന കുമാരേട്ടൻ ആ 'കിണറിൽ' ഇറങ്ങി, പാമ്പുകളെ പരിചയപ്പടുത്തുകയും, വിഷമുള്ള പാമ്പുകൾ കടിച്ചാൽ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങളും, ഉടനെ ചികിത്സ തേടേണ്ടുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും, വൈകിയാൽ സംഭവിക്കാവുന്ന അപകടങ്ങളെപറ്റിയും മറ്റും ഓരോ അരമണിക്കൂർ ഇടവിട്ട് വിശദീകരിക്കും. പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യ ശൈലിയിൽ ക്കുമ്പോൾ കാണികളായ പ്രേക്ഷകർ പൊട്ടിച്ചിരിക്കും.
ഒരറ്റം വളച്ച, മൂന്നടിയോളം നീളം വരുന്ന ഏകദേശം അരയിഞ്ച് വണ്ണത്തിലുള്ള കമ്പി കൊണ്ടാണ് കുമാരേട്ടൻ പാമ്പുകളെ കോരിയെടുത്തിരുന്നത്. കിണറിനകത്തെ മണൽത്തരികൾക്ക് മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന മൂർഖനെയും, അണലിയെയും , ശംഖുവരയനെയുമെല്ലാം കുമാരേട്ടൻ പുഷ്പം പോലെ കമ്പിയിൽ പിണച്ചെടുക്കുന്ന കാഴ്ച മനസ്സിൽ മിന്നിത്തിളങ്ങി. കമ്പിയുടെ വളഞ്ഞ ഭാഗത്ത് ഒരു ചെറിയ ടവൽ ഇട്ടു , മറ്റേ കൈകൊണ്ട് പുറത്ത് ചെറുതായി തട്ടി മൂർഖനെ ആകര്ഷിപ്പിച്ചു പതിവിടർത്തിച്ചു കഴിഞ്ഞാൽ പിന്നെ ടവൽ ഇടത്തോട്ടും വലത്തോട്ടും തുടർച്ചയായി പലതവണ മെല്ലെ ആട്ടിക്കൊണ്ടിരിക്കും. ടവ്വലിന്റെ നീക്കത്തിനനുസരിച്ച് ആ സർപ്പവും പത്തിവിടർത്തിയാടും.
"നോക്കൂ, ഇങ്ങനെയാണ് പാമ്പാട്ടികൾ പാമ്പിന്റെ ശ്രദ്ധയാകർഷിച്ചു ആടിക്കുന്നത്ത് , അല്ലാതെ പാമ്പാട്ടിയുടെ പാട്ട് കേട്ട് പാമ്പുകൾ നൃത്തം ചെയ്യുന്നതല്ല" കുമാരേട്ടൻ കാണികൾക്കായി തമാശകളുടെ അകമ്പടിയോടെ അറിവുകൾ പകർന്നു നൽകും.
ഇങ്ങനെയുള്ള പ്രദര്ശനങ്ങൾക്കിടെ ചിലപ്പോളെല്ലാം കുമാരേട്ടന് പാമ്പുകളുടെ കടിയേറ്റതായി അറിയാൻ സാധിച്ചിട്ടുണ്ട്.
മുൻപ് , എയർ കണ്ടീഷൻ ചെയ്ത , രാജകീയമായ പാർപ്പിടം നൽകിയിരുന്ന നാഗരാജൻ രാജവെമ്പാലയെയും കൂട്ടാളിയെയും , മൂർഖന്മാരെ താമസിപ്പിച്ചിരിക്കുന്ന കൂടിനടുത്ത് തന്നെ അതേ രീതിയിലുള്ള കൂട്ടിൽ താമസിപ്പിച്ചിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ , വായു സഞ്ചാരം ധാരാളമുള്ള കൂടായതിനാൽ പ്രശ്നമൊന്നുമില്ല, 'അവനും അവളും' അവിടെ സുഖമായി കഴിയുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
കുരങ്ങന്മാർക്കൊരുക്കിയ വലിയ കൂട്ടിൽ ഊഞ്ഞാലാടിയും, പേൻ നോക്കി സഹായിച്ചും, ഇടക്ക് ഞങ്ങളെ നോക്കി ഇളിച്ചും, കളിച്ചും ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവർ ആഘോഷപൂർവ്വം കഴിഞ്ഞു വരുന്നു. ഒരു വയസ്സ് പൂർത്തിയായിട്ടില്ലാത്ത എന്റെ ഇളയ മകൻ സുൽത്താനെ ഏറെ ആകർഷിച്ചതും കുരങ്ങന്മാരുടെ ഇത്തരം കുസൃതികളായിരുന്നു.
തേറ്റപ്പല്ലുകൾ ചിലത് പുറത്തു കാട്ടി, വായ് പൂട്ടി, ഉറക്കം നടിച്ചു കിടക്കുന്ന അനേകം മുതലകൾ വസിക്കുന്ന 'മുതലക്കുളവും' സന്ദർശിച്ച് ഞങ്ങൾ മടങ്ങി.
കണ്ണൂരിൽ നിന്നും പറശ്ശിനിക്കടവിലേക്ക് യാത്ര ചെയ്യുമ്പോൾ , മാങ്ങാട് എൻജിനീയറിങ് കോളേജ് പിന്നിട്ട് അര കിലോമീറ്റർ യാത്ര ചെയ്‌താൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് എത്താം. പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡ് എത്തുന്നതിനും മൂന്ന് കിലോമീറ്റർ മുൻപാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്.
-മുഹമ്മദ് അലി മാങ്കടവ്
03/08/2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot