നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അത്രമേൽ ആർദ്രമായ്...(കഥ)


"എനിക്ക് നിന്നേ കണ്ണെടുത്താൽ കണ്ടൂട.എന്റെ ദൈവമേ ഏത് നേരത്താണോ എനിക്ക് ഇവളെ കെട്ടാൻ തോന്നിയത്? "എബി അരിശത്തോടെ പറഞ്ഞു.
"പിന്നെ എനിക്കോ എനിക്ക് നിന്നേ അത്രേം പോലും കണ്ടൂട.. നീ കഴുത, നീ കുരങ്ങൻ, നീ ചിമ്പാൻസി "നിമ്മിയും വിട്ടു കൊടുത്തില്ല
"എന്നെ നീ എന്ന് വിളിക്കരുത് എന്ന് നിന്റെ അപ്പൻ വർഗീസ് മാപ്പിള പറഞ്ഞിട്ടില്ലിയോടി മൂധേവി.. അതെങ്ങനെ? അയാൾ തന്നെ ശരിയല്ല... "
"നിന്റെ മമ്മിയെക്കാൾ നല്ലതാ എന്റെ പപ്പാ.
നിന്റെ മമ്മി എന്റെ പപ്പയെ ചതിച്ചതല്ലേടാ? അത് എന്താ പറയാത്തെ ? "
"അയ്യോ ഒരു വിശുദ്ധ ഗീവർഗീസ് പുണ്യാളൻ ... അങ്ങേരല്ലെടി എന്റെ മമ്മിയെ ചതിച്ചേ ?ഗൾഫിൽ പോയിട്ട് വന്നു കെട്ടിക്കൊള്ളാം എന്ന് പറഞ്ഞിട്ട് അയാൾ വന്നത് ഏഴു കൊല്ലം കഴിഞ്ഞ് "
"കാത്തിരിക്കണമായിരുന്നു. അല്ലാതെ ഗൾഫിൽ പോയ തക്കത്തിന് ഒരു അമേരിക്ക ക്കാരൻ വന്നപ്പോൾ അങ്ങ് സമ്മതിച്ചു കല്യാണത്തിന്.
ഹോ ഒലക്ക മേലെ പ്രണയം.അയാൾ ഉപേക്ഷിച്ചു പോയ കഥ ഒക്കെ എനിക്ക് അറിയാം ."
"അയ്യോടി അതിന് ഇപ്പൊ എന്താ? സഹായം ചോദിച്ചു നിന്റെ അപ്പന്റെ അടുത്തൊട്ടല്ലല്ലോ വന്നത്..? ഒരു ജോലിക്ക് പോയി അന്തസായി എന്നെ വളർത്തിയില്ലേ.? . നിന്റെ പപ്പയോ..? സന്യസിച്ചോ? ഇല്ലല്ലോ ഉടനെ വേറെ കെട്ടിയില്ലേ? "
"അത് .. പപ്പയുടെ അമ്മച്ചി അവസാനസമയത്ത് വാശി പിടിച്ചിട്ടാ .. അല്ല നീ എന്നെ കെട്ടാൻ സമ്മതിച്ചതെന്താ?
" അത് പിന്നെ .. എന്റെ മമ്മി ഒരു കുറ്റിച്ചൂൽ കാണിച്ചിട്ട് കെട്ടാൻ പറഞ്ഞാലും ഞാൻ കെട്ടും. പണ്ടേ കൊടുത്ത വാക്കാ.. പക്ഷെ ഞാൻ അറിഞ്ഞോ ഇങ്ങനെ ഒരു സാധനം ആണെന്ന്..? "അവൻ തലയ്ക്കു കൈ കൊടുത്തു
നിമ്മിയുടെയും എബിയുടെയും വിവാഹം കഴിഞ്ഞിട്ടിപ്പോ ഒരു മാസമാകുന്നു. അന്ന് തുടങ്ങിയ പൊരുത്തക്കേടുകൾ ആണ്..
"ഇനിപ്പോ എന്നാ ചെയ്യും? എനിക്ക് ഒട്ടും ഇഷ്ടം ഇല്ല എബിയെ നിന്നേ.. നിന്നോട് എനിക്ക് ഒരു ഇത് തോന്നുന്നില്ലന്നെ.. എല്ലാരും പറയും കല്യാണം കഴിഞ്ഞാൽ നല്ല രസമാ . യാത്ര പോകാം, മഴ കാണാം എന്നൊക്കെ എനിക്കൊരു തേങ്ങയും തോന്നിട്ടില്ല. "
"നീ ഇതിനു മുന്നേ ഈ പ്രളയം വന്നപ്പോൾ ഉഗാണ്ടയിലാരുന്നോ? മഴ കണ്ടിട്ടില്ലിയോ? "എബി ചോദിച്ചു
"ദേ എന്നെ കൊണ്ട് ചീത്ത പറയിക്കണ്ട.. ഞാൻ പറഞ്ഞു വന്നത് ഉത്തമാ... എല്ലാരും പറയുന്നഒരു ഇത് ഇല്ലേ? ദുൽകർ പറയും പോലെ ഒരു സ്പാർക്. ഒരു ലബ് അതില്ലാന്നു.. നമുക്ക് ഡിവോഴ്സ് ചെയ്താലോ? ഭയങ്കര ബോർ ലൈഫ് ആണെന്ന് "
"ദേ നീ ഈ പറഞ്ഞത് പോയിന്റ്.. നിന്നോട് എനിക്കും ഇല്ലാ സ്പാർക്ക് .. നിന്നെ കാണുമ്പോൾ തന്നെ ഓടിക്കളയാൻ ആണ് തോന്നുന്നേ.. പക്ഷെ ഡിവോഴ്സ്നു പള്ളി സമ്മതിക്കുകേല..കഷ്ടിച്ച് ഒരു മാസായല്ലേ ഉള്ളു? മമ്മി ഒട്ടുമേ സമ്മതിക്കില്ല. "
"പിന്നെ നമ്മൾ എന്നാ ചെയ്യൂവെട കൂവേ? നമുക്ക് രക്ഷപ്പെടണ്ടേ.? . നിനക്ക് നല്ല പ്രാർത്ഥന ഒക്കെ ഉള്ള, അടക്കം ഒതുക്കമൊക്ക ഉള്ള പെണ്ണാണ് നല്ലത് പിന്നെ നല്ല കുക്ക് ആവണം. നീ ചില്ലറ തീറ്റ ആണോ എടുക്കുന്നെ? "
"തീറ്റ തിന്നാത്ത ഒരു മൊതല്. ചിക്കൻ ഫ്രൈ വെട്ടിവിഴുങ്ങുന്ന കണ്ടാൽ ജീവനുള്ള കോഴികൾ അപ്പൊ സംസ്ഥാനം വിടും. അമ്മാതിരി തീറ്റ തിന്നുന്നവളാ "
അവൾ ഒന്നും മിണ്ടിയില്ല
ഭയങ്കര ആലോചന..
"എടി പോത്തേ.. എന്താ ചിന്തിക്കുന്നേ? എന്നോട് കൂടെ പറ.. "
"അതല്ലടാ ഞാൻ ആരേങ്കിലും പ്രേമിക്കേണ്ടതായിരുന്നു..പക്ഷെ പ്രണയം എന്ന് കേട്ടാൽ പപ്പാ ഓടിക്കും.. നിന്റെ മമ്മി കാരണം.
പക്ഷെ നിന്റെ മമ്മിയെ കണ്ടപ്പോൾ തന്നെ പുള്ളിയുടെ മനസ്സ് അങ്ങ് മാറി എന്നാ സഹതാപമാ.. അമ്മ പറയും പപ്പാ എന്ത്‌ പെട്ടെന്നാ ക്ഷമിച്ചേ.
എല്ലാം മറന്നേ എന്നൊക്കെ "
". അത് അന്നത്തെ കാലം.
നിന്റെ പപ്പാ പോയിട്ട് ഒരു അറിവുമില്ല. വീട്ടുകാർ ഭയങ്കര നിർബന്ധം എന്താ ചെയ്ക. മമ്മിക്ക് ഇന്നും സങ്കടമാണ് അത് ഒക്കെ. എന്റെ പപ്പയെ കുറിച്ച് അധികം പറയാറില്ല പക്ഷെ നിന്റെ പപ്പയെ ഓർക്കാതെ ഒരു ദിവസം ഇല്ല മമ്മിക്ക്. ഭയങ്കര കുറ്റബോധം ആണ്.. എന്നോട് എല്ലാം പറയും.. പാവാ "അവന്റെ കണ്ണ് നിറഞ്ഞ് കണ്ടപ്പോൾ അവൾ വല്ലാതായി..
"നീ സങ്കടം ആവണ്ട ഞാൻ ഇനി നിന്റെ മമ്മിയെ കുറ്റം പറയൂല.. "അവൾ അവന്റെ കയ്യിൽ തൊട്ടു
"ഉം.. ചിലപ്പോൾ ഞാൻ ഒരു പ്രൊജക്റ്റ്‌ കാര്യവുമായിട്ട് ഓസ്ട്രേലിയയിലേക്കു പോകും. മമ്മിയെ കൂടി കൊണ്ട് പോകാം. ആ സമയം നീ ഇവിടെ അവതരിപ്പിക്ക്.. നിനക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ട് വരാതെ ഇരുന്നാൽ പോരെ? "
"അവൾ ഒന്ന് മൂളി
വീട്ടിൽ ചെല്ലുമ്പോൾ പപ്പാ അമ്മയുടെ കാലിൽ കുഴമ്പ്പുരട്ടി കൊടുക്കുകയാണ്
"തീർന്നില്ലേ? വർഷം കുറെ ആയല്ലോ കാലു തിരുമ്മാൻ തുടങ്ങിട്ട്? "
"ഇല്ലാടി, ഞാൻ ചാവുന്നത് വരെ എന്റെ മേരി കൊച്ചിന്റെ കാലു തിരുമ്മി കൊടുക്കും.. എന്റെ കെട്ടിയോളുടെ കാലല്ലേ? "
"ഉവ്വാ.. "
"എബി എന്തിയെ.? . കൂടെ വന്നില്ലേ? "
"അവൻ വീട്ടിലോട്ടും പോയി. നാളെ ഞാൻ അങ്ങോട്ട് ചെല്ലാന്ന് പറഞ്ഞു "
"അവനോ? "അവളുടെ തോളിൽ ഒറ്റ അടി അടിച്ചു മേരി
"ഭർത്താവിനെ ആന്നോ പുച്ഛത്തോടെ അവൻ എന്നൊക്കെ പറയുന്നേ.? . "
"പിന്നെ ദൈവമല്ലേ? "അവൾ ചുണ്ട് കോട്ടി
"അതേടി കർത്താവ് കഴിഞ്ഞാൽ പിന്നെ ദൈവം കെട്ടിയോൻ തന്നെയാ.. അത് ഇപ്പൊ അറിയുകേല.. കാരണം ചീത്ത പറയാനും ചേർത്ത് പിടിക്കാനും ഒക്കെ ഒരാൾ ഉണ്ടല്ലോ? അപ്പൊ അറിയുകേല. അവന്റെ അമ്മക്ക് അത് മനസിലാകും.. കൂടെ ഒരാൾ ഇല്ലാത്ത വേദന.. "പപ്പാ മിണ്ടാതെ അടുത്ത മുറിയിലേക്ക് പോയി..
"എനിക്ക് അറിയാം ആ മനുഷ്യൻ സ്നേഹിച്ച പെണ്ണാ അതെന്ന്.. എന്നെ കെട്ടിപ്പോയത് കൊണ്ടാ പിന്നെ അവർ ഒറ്റയ്ക്കായപ്പൊ നിസഹായനായി പോയെ.. എന്നിട്ടും എന്നോട് ഒരു കള്ളവും കാണിച്ചില്ല.ഈ ആലോചന വന്നപ്പോൾ ചോദിച്ചു "മേരി കൊച്ചേ നമ്മുടെ മോള് അവളെ നോക്കുമാരിക്കും. എന്റെ പിടിപ്പു കേട് കൊണ്ടാ അവളുടെ ജീവിതം ഇങ്ങനെ ആയതെന്ന് .. അഞ്ചാറ് വർഷം അദ്ദേഹത്തിനായിട്ട് കാത്തിരുന്നില്ലിയോ അവര്? പാവം. കെട്ടിയോൻ ഇട്ടേച്ചും പോയി.. അവരെ നീ സ്നേഹിക്കണേ മോളെ "
വിശുദ്ധയായ കന്യാമറിയത്തിന്റെ മുഖമായിരുന്നു അപ്പോൾ അമ്മക്ക്.
നിമ്മി അമ്മയെ ചേർത്ത് പിടിച്ചു

അവൾ പിറ്റേ ദിവസം എബിയുടെ വീട്ടിലേക്ക് പോയി.
"ആഹാ മോള് വന്നോ? ഞാൻ ഇവനെ അങ്ങോട്ട് പറഞ്ഞു വിടാൻ പോവാരുന്നു "മമ്മി പറഞ്ഞപ്പോൾ മമ്മിയുടെ പുറകിൽ നിന്ന് എബി ഗോഷ്ടി കാണിക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നു.
"മോൾക്ക് വീടൊക്കെ ഇഷ്ടം ആയോ..? കുഞ്ഞ് വീടാ കേട്ടോ.. പക്ഷെ ഇഷ്ടം പോലെ പറമ്പ് ഉണ്ട്.. ദേ അവിടെ നല്ല ഒരു മാവ് ഉണ്ട്.. എന്ത് മധുരം ആണെന്നോ അതിന്.. നോക്കട്ടെ മാങ്ങാ ഉണ്ടോന്ന് "
എബിയുടെ മമ്മി ഒരു പാവം സ്ത്രീ ആയിരുന്നു. കല്യാണം കഴിഞ്ഞു അന്ന് തന്നെ ടൗണിൽ ഫ്ലാറ്റിലേക്ക് മാറിയത് കൊണ്ട് ഇവിടെ നിന്നിട്ടില്ല ഇത് വരെ.. അവളുടെ വീടും ടൗണിൽ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ നാട്ടിൻപുറം ആദ്യ അനുഭവം ആയി.. മമ്മിയുടെ കൈപ്പുണ്യം അസ്സലായിരുന്നു.. ഇടക്ക് അവൾ ഓർക്കും. ഒരു കാലത്ത് തന്റെ പപ്പയെ ജീവനെ പോലെ പ്രണയിച്ച സ്ത്രീ. പപ്പയ്ക്ക് വേണ്ടി കാത്തിരുന്ന സ്ത്രീ. അവരുടെ മകന്റെ ഭാര്യ ആകാൻ ആയിരുന്നു ആ പപ്പയുടെ മകളായ തന്റെ നിയോഗം.
എബി രാവിലെ മുണ്ടൊക്കെ ഉടുത്തു തലയിൽ തോർത്ത്‌ ഒക്കെ കെട്ടി പറമ്പിൽ കൃഷി ചെയ്യുന്നത് അവൾ നോക്കിയിരുന്നു. ഇപ്പൊ കണ്ടാൽ ടെക്നോപാർക്കിലെ ആ ഐടി പ്രൊഫെഷണൽ ആണെന്ന് പറയുമോ? ഒരു കൃഷിക്കാരൻ.
"നിനക്ക് ഈ വേഷമാണ്‌ ചേരുക. "അവൾ അവന്റെ തലയിൽ തട്ടി.
"എടി കുരങ്ങേ അമ്മ കേൾക്കും നീ എന്നെ എബിച്ചായാ എന്നൊന്ന് വിളി.. "അവൻ കെഞ്ചി.
"ഓ പിന്നെ.. അതിന് വെച്ച വെള്ളം വാങ്ങിയെര് കേട്ടോടാ "
"നീ പോടീ മാക്രി "
അവൾ ചെറിയ ചിരിയോടെ പറമ്പിൽ ചുറ്റി നടന്നു.
"മോളു ചട്ടയും മുണ്ടും ഉടുത്തിട്ടുണ്ടോ? "
"ഹേയ് ഇല്ല "
മമ്മിയുടെ ചട്ടയും മുണ്ടും മമ്മി തന്നെ ഉടുപ്പിച്ചു കൊടുത്തു.
"എന്നാ ഭംഗിയാ ഇപ്പൊ കാണാൻ? മോളുടെ പപ്പക്ക് വലിയ ഇഷ്ടാ ഇത് "
ഒരു പ്രണയകാലത്തിന്റെ നീറുന്ന ഓർമയിൽ ആ കണ്ണ് നിറയുന്നത് നിമ്മി കണ്ടു.
"മോള് ഇത് ഉടുത്തോണ്ട് വീട്ടിൽ പോ.. കാറിൽ അല്ലെ? "
"ഉം "
ഈ സ്നേഹത്തിന്റെ മുന്നിൽ തളർന്നു പോവുന്നുണ്ടായിരുന്നു അവൾ.
"കൊള്ളാല്ലോ കൊച്ചേ. "
എബിയുടെ കണ്ണുകൾ അവളുടെ ഉടലിലൂടെ ഒന്നുഴിഞ്ഞു.
അവളുടെ മുഖം ചുവന്നു.. എന്തോ പോലെ.
അവൻ അവളുടെ മൂക്കിൽ ഒന്ന് തൊട്ടു..
പിന്നെ ചുണ്ടിൽ
"ശരിക്കും ഭയങ്കര ഭംഗി ആട്ടോ നിന്നേ കാണാൻ "
എബി തൊട്ടടുത്താണിപ്പോ
"ജീൻസിനേക്കാൾ ഇതാ ചേരുന്നത്. ഇതിട്ടപ്പോ എന്താ പറയുക.."അവൻ മുഖം താഴ്ത്തി അവളുടെ കണ്ണിലേക്കു നോക്കി.
"ഒരു ഉമ്മ തന്നോട്ടെ? "
അവൾ കുനിഞ്ഞു കളഞ്ഞു.. ദേഹം വിറയ്ക്കുന്നുണ്ട്..
എബി ആ ചുണ്ടിൽ മെല്ലെ ഒന്നുമ്മ വെച്ചു. പിന്നെ കണ്ണിൽ, നിറുകയിൽ.. ചേർത്ത് പിടിച്ച്..നനുത്ത ഉമ്മകൾ.. ഒരു പെരുമഴ നനയും പോലെ നിമ്മി ആ ചുംബന മഴയിൽ നനഞ്ഞു കുതിർന്നു.
"എബി... പുറപ്പെടാറായോ?"
പുറത്തു മമ്മിയുടെ ശബ്ദം കേട്ടപ്പോൾ നിമ്മി മെല്ലെ അവന്റെ കൈക്കുള്ളിൽ നിന്ന് അകന്ന് പുറത്തേക്ക് പോയി.
"ഇതിച്ചിരി വരിക്കച്ചക്ക വരട്ടിയതാ കേട്ടോ മോളെ..മോളുടെ പപ്പക്ക് വലിയ ഇഷ്ടാ.. മോളുടെ അമ്മക്ക് എന്താ ഇഷ്ടം? ഇനി വരുമ്പോൾ അത് ഉണ്ടാക്കി തരാം "
"അമ്മക്ക് പപ്പയ്ക്ക് ഇഷ്ടം ഉള്ള എല്ലാം ഇഷ്ടം തന്നെ. ഇത് കൊടുക്കാം ട്ടോ "അവൾ അവരെ ചേർത്ത് പിടിച്ചു.
എബി കാറിന്റെ കീ എടുത്തു.
"എബിച്ചായാ ഇത് ഒന്ന് കാറിൽ വെച്ചേക്ക്.. "അവൾ പാക്കറ്റ് നീട്ടി.
എബി അതിശയത്തോടെ പിന്നെ നേർത്ത ഒരു കള്ളചിരിയോടെ അവളെ നോക്കി.. അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞ് നിന്നു ആ മുഖം ചുവന്നു തുടുത്തിരുന്നു. തീ പോലെ പൊള്ളിച്ച ഉമ്മകളുടെ ചുവപ്പ്..
പ്രണയം തുടങ്ങുന്നത് ഒരു ഞൊടിയിൽ ആവും..ഒരു കാഴ്ചയില്, ഒരു നോട്ടത്തില് , ഒരു സ്പർശത്തില്, ഒരു ചേർത്ത് പിടിക്കലില്.. ഒരു നനുത്ത ഉമ്മയില്..
അത് അവസാനിക്കുന്നത് ചിലർക്ക് എങ്കിലും അവസാന ശ്വാസത്തിലും..
=====
Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot