Best of Nallezhuth- No 16
മച്ചിന്മേൽ സീലിംഗ് ഫാൻ കറങ്ങുന്നതും നോക്കി കട്ടിലിൽ ഞാൻ മലർന്നങ്ങനെ കിടക്കുകയാണ്...അവധിദിവസമായതിനാൽ ഉച്ചയൂണുകഴിഞ്ഞുള്ള ആലസ്യം ആസ്വദിക്കാമെന്നു കരുതി കിടന്നതാണ്. പക്ഷെ മകളുടെ കുസൃതി ഒന്നും സമ്മതിക്കാറില്ല, ആഴ്ചയിൽ ഒരു ദിവസം അച്ഛനെ കിട്ടുന്നതല്ലെ? അവൾ കിടക്കയിൽ ചാടിയും മറിഞ്ഞും എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഒടുവിൽ പാവം ക്ഷീണിച്ചു കിടന്നു, മെല്ലെ മയക്കം പിടിച്ചു.
അതോടെ രംഗം നിശബ്ദമായി. ഭാര്യ അടുക്കളയിലെ ബാക്കി ജോലി ഒതുക്കുന്നതിൻെറ ശബ്ദം ഒഴിച്ചാൽ പിന്നെ നിതാന്തമൂകത! അപ്പോഴാണ് സീലിംഗ് ഫാൻ മുരണ്ടു തുടങ്ങിയത്.ഞാൻ അതിലേക്കു കണ്ണുനട്ടു. തവിട്ടു നിറത്തിലെ പങ്ക. നാലഞ്ചു വർഷങ്ങൾക്കു മുൻപ് എന്റെ വിവാഹത്തോടനുബന്ധിച്ചു വാങ്ങിയതാണ്. അത് കറങ്ങാതെയിരിക്കുന്നതു ഞാൻ കണ്ടിട്ടേയില്ല. രാവും പകലും നിറുത്തില്ലാതെ,വൈദ്യുതിയുള്ളപ്പോളെല്ലാം അത് പ്രവർത്തിച്ചുകൊണ്ടിരുന്നു. അത് കൊണ്ടാവാം വൈൻഡിങ് പോയി അത് ശബ്ദമുണ്ടാക്കുന്നത്.
ഫാനിൽ കൺനട്ട്, അതിന്റെ മൂളൽ കേട്ടു കിടന്നു ഞാൻ മയങ്ങിപ്പോയി..പിന്നെ എപ്പോഴോ ഉണർന്നു. ഫാനിന്റെ മൂളലിന്റെ ഇതുവരെയുള്ള ഒരു ശൈലി മാറി, ഒരു ആധികാരികത കൈവന്നത് പോലെ എനിക്ക് തോന്നി.ഞാനതു കൂടുതൽ ശ്രദ്ധിച്ചു..കേവലമൊരു മൂളൽ, എനിക്ക് ഒരു ചോദ്യമായാണ് അനുഭവപ്പെട്ടത്:
'ഉറങ്ങിയാരുന്നോ?, ഉറങ്ങിയാരുന്നോ?' എന്ന ആവർത്തന ചോദ്യം പോലെയാണെനിക്ക് തോന്നിയത്...!
ഞാൻ ഫാനിൽ നിന്നു നോട്ടം മാറ്റി, എതിർ ദിശയിലേക്കു നോക്കി ആ ശബ്ദം മാത്രം ശ്രദ്ധിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു വീണ്ടും കാതോർത്തു. അതെ 'ഉറങ്ങിയാരുന്നോ' എന്നു തന്നെ!! നല്ല ഫീൽ ഉള്ള ചോദ്യം! തമാശയോടെ ഞാൻ അൽപനേരം അതാസ്വദിച്ചു.പിന്നെ ഭാര്യയെ വിളിച്ചു.അവൾ അല്പം കഴിഞ്ഞാണ് വന്നത്..അപ്പോഴേക്കും ഫാനിന്റെ ചോദ്യം 'ഉറങ്ങിയില്ലായിരുന്നോ' എന്ന മട്ടിൽ അല്പം കൂടി നീട്ടമുള്ളതായി മാറി.
"നീ ഇത് കേട്ടോ?'
"എന്താണ്"
"ഈ ഫാൻ ചോദിക്കുന്നത്?"
"എന്താ പറഞ്ഞെ ?"
"അതേ, ഈ ഫാൻ പറയുന്നത് കേട്ടോ നീ"
"ഫാൻ പറയുന്നതോ" അവൾ നെറ്റി ചുളിച്ചു.
ഏതു ഫാൻ -എന്നു പറഞ്ഞു കൊണ്ട് അവൾ മച്ചിലേക്കു നോക്കി. പിന്നെ മനസ്സിലാവാതെ എന്നെയും നോക്കി.
"ഉറങ്ങിയാരുന്നോ ഉറങ്ങിയാരുന്നോ --എന്നല്ലേ ഇതിന്റ മൂളൽ കേട്ടാൽ തോന്നുക?, നീ ഒന്ന് ശ്രദ്ധിച്ചു കേട്ടേ" ഞാൻ പറഞ്ഞു
അവൾ എന്റെ മുഖത്തു നോക്കി അർത്ഥവത്തായി മൂളിക്കൊണ്ടു തലയാട്ടി. പിന്നെ വെടിപൊട്ടുന്നതു പോലെ ചോദിച്ചു: "അലമാരയിലിരുന്നത് മുഴുവൻ വലിച്ചു കേറ്റി- അല്ലെ?"
മദ്യപിച്ചോ എന്നാണ് വ്യംഗ്യം ! അതിന്റെ ഇളക്കമാണ് എനിക്കെന്ന്!
ഞാനൊന്നും മിണ്ടിയില്ല..അവൾ പിറുപിറുത്തുകൊണ്ട് തിരിച്ചു പോയി.
"പോയി കാപ്പിയെടുക്കെടി" ഞാൻ തലയുയർത്തി വിളിച്ചു പറഞ്ഞു. ഫാനിന്റെ മൂളൽ കുറഞ്ഞുവന്നു അവ്യക്തമായി മാറിയിരുന്നു. ഞാൻ തിരിഞ് ഉറങ്ങുന്ന മകളെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു.
ദിവസങ്ങൾ കടന്നു പോകെ ഫാനിന്റെ മൂളിച്ചയിൽ ഞാൻ പല അർത്ഥങ്ങളും കണ്ടു തുടങ്ങി.അത് കൂടുതലും കുശലാന്വേഷണങ്ങൾ ആയാണ് എനിക്ക് തോന്നിയത്. ചിലതാകട്ടെ, ഓർമപ്പെടുത്തലുകളായും.."പനി മാറിയോ? കഴിച്ചാരുന്നോ? വെപ്രാളം വേണ്ട, ഗ്യാസു ലീക്കാ, എന്നിങ്ങനെ പല പല വാചകങ്ങൾ സുവ്യക്തമായി അർത്ഥഭാവം ഉൾക്കൊണ്ടു പറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഇതാരൊടെങ്കിലും പറയാതെ വയ്യെന്നായി ഒടുവിൽ. കൂട്ടുകാരോടു പറഞ്ഞാൽ അവർ 'ശശി 'യെന്നുവരെ പേരിട്ടുകളയും. ഒടുവിൽ നിർദോഷിയായ ഭാര്യയോടു വീണ്ടും വീണ്ടും ഇതിന്റെ ശ്രദ്ധ ക്ഷണിച്ചു.
പ്രതീക്ഷിച്ചപോലെ എനിക്കു വട്ടാണെന്നല്ല അവൾ പറഞ്ഞത്.
"എനിക്കതു കേട്ടിട്ട് വേറൊരു കാര്യം പറയുന്നതായിട്ട തോന്നുന്നെ " അവൾ പറഞ്ഞു
"ആകട്ടെ, നിനക്കെന്താ മോളെ തോന്നുന്നെ" ഞാൻ അതീവ താല്പര്യത്തോടെ ചോദിച്ചു.
"അതൊരു പച്ചത്തെറിയാ.!! നിങ്ങളോടെങ്ങനെ പറയും"
എന്റെ ആവേശം കെട്ടടങ്ങി അതോടെ..എന്നാലും കൗതുകം ബാക്കിനിന്നു.
രാത്രികളിലെല്ലാം ഉറക്കം കാത്തു കിടക്കുമ്പോൾ എനിക്ക് ഈ പങ്കയുടെ സംഭാഷണ തർജ്ജിമയായി നേരംപോക്ക്. അത് പലതും ഭാര്യയുടെ സഹന ശക്തിയെ പരീക്ഷിക്കുന്നതായിരുന്നു. അപ്പോഴൊക്കെ ഞാൻ ഉറക്കം തൂങ്ങുന്ന മകളെ കൂട്ട് പിടിക്കും. അവൾ എന്റെ തർജ്ജിമ ശരി വയ്‌ക്കും..എന്നാൽ ഒരിക്കൽ അവളെന്നെ തിരുത്തി: "അങ്ങനെ അല്ലഛേ ഫാൻ പറയുന്നെ"
"മക്കളു പറ, എന്താ?"
"ഐസ് ക്രീം വാങ്ങീട്ടുവാ, ഐസ് ക്രീം വാങ്ങീട്ടുവാ..എന്നാ.."
"എടി ഭയങ്കരീ" എന്റെ പറച്ചിൽ കേട്ടു ഭാര്യ പൊട്ടിച്ചിരിച്ചു.
" നീ ചിരിക്കല്ലേ ' ഞാൻ അരിശത്തോടെ പറഞ്ഞു: "ഇതൊക്കെ മനസ്സിലാക്കാൻ ആറാമിന്ദ്രിയം വേണം"
"ഓഹോ, നിങ്ങക്കുണ്ടോ"
"ഉണ്ടെടി, അതല്ലേ എനിക്കിതൊക്കെ മനസ്സിലാകുന്നെ ?!"
"ഞാനെങ്ങും കണ്ടിട്ടില്ലപ്പാ..!!" ഭാര്യ പറഞ്ഞിട്ട് വേഗം തലവഴി പുതപ്പിട്ടു മൂടിക്കളഞ്ഞു
ഞാൻ വീണ്ടും ഫാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..'മൃഗരാജ വിരാജിത മന്ദ ഗതി '-എന്നല്ലേ പറയുന്നത്..ദൈവമേ സംസ്കൃതോം പറയാൻ തുടങ്ങിയോ ?
'ഉഡു രാജമുഖി '-എന്ന ആദ്യ പദം കിട്ടുമോ എന്നു ഞാൻ ശ്രമിച്ചു നോക്കി. പശ്ചാത്തലത്തിൽ ചീവീടുകളുടെ ശബ്ദം കേൾക്കാം.
"അതേയ്" ഭാര്യ പുതപ്പിൽ നിന്നു തല പുറത്തേക്കു തുളച്ചിറക്കി : "ഈ നശിച്ച ഫാനിന്റെ വായിനോക്കി കിടക്കാതെ ഉറങ്ങാനുള്ള ശട്ടമൊന്നുമില്ലേ "
"ആ..നീ ഉറങ്ങിക്കോ" ഞാൻ പറഞ്ഞു: ' അല്ലെങ്കിൽ നീയും കൂടി കൂടിക്കോ"
"പിന്നെ എനിക്കു വേറെ പണിയൊന്നുമില്ല " അവൾ മാർദ്ദവമില്ലാതെ പറഞ്ഞു;
"ഞാൻ പണ്ട് അഞ്ചാറു ദിവസം രാവും പകലും ഈ ഫാൻ തന്നെ കണ്ടോണ്ടു കിടന്നതാണേയ്"
"അതെപ്പ? " ഞാൻ പരിഹാസത്തോടെ തിരക്കി
"എന്നെ ഇങ്ങോട്ടു കെട്ടിക്കൊണ്ടു വന്നിട്ട് ആദ്യത്തെ ഒരാഴ്ച നിങ്ങൾ ഈ സീലിംഗ് ഫാനല്ലതെ മറ്റെന്തെങ്കിലും കാണാൻ സമ്മതിച്ചോ മനുഷ്യ..!!"
പെട്ടെന്നു മകൾ ചിരിച്ചു!
ഞങ്ങൾ ഇരുവരും ഞെട്ടി മകളെ നോക്കി. ഉറക്കത്തിൽ ചിരിക്കുകയാണവൾ.
ആശ്വാസത്തിൽ ഞങ്ങൾ ദീർഘ നിശ്വാസം വിട്ടു.
'കണക്കായിപ്പോയി, കണക്കായിപ്പോയി..' ഫാനിന്റെ പറച്ചിൽ ഇങ്ങനെയായി!
'ഇപ്പോൾ കണക്കായിപ്പോയീന്നാടീ അത് പറയുന്നെ..' ഞാൻ അറിയാതെ പറഞ്ഞു പോയി.
ഭാര്യ ഒറ്റ ചാട്ടത്തിനു കട്ടിലിൽ നിന്നു പൊങ്ങി കയ്യെത്തിച്ചു ഫാനിന്റെ സ്വിച്ച്ഓഫു ചെയ്തിട്ടു പഴയപോലെ മൂടിപ്പുതച്ചു കിടന്നു..ഞാൻ അതിന്റെ മാസ്മരിക വലയത്തിൽനിന്നു പുറത്തായിപ്പോയി..ഫാൻ കറങ്ങാത്ത ഒരു രാത്രി-അതും മനഃപൂർവം ഫാനിന്റെ കറക്കം നിറുത്തിച്ച ഒരു രാത്രി- ഞാൻ ആദ്യമായാണ് അനുഭവിക്കുന്നത്.കറണ്ടുപോയതാണെങ്കിൽ അങ്ങനെ സമാധാനിക്കാമായിരുന്നു.
ഭാര്യ ഉറങ്ങിയിരുന്നെങ്കിൽ ഫാനിടാമായിരുന്നു എന്നോർത്തു ഞാൻ കിടന്നു. അതിന്റെ കളമൊഴി കേൾക്കാതെ, കുളിർകാറ്റേൽക്കാതെ എങ്ങനെ ഞാനുറങ്ങും?! സമയംഇഴഞ്ഞു നീങ്ങി.
ഭാര്യ വീണ്ടും ഒറ്റച്ചാട്ടത്തിനെഴുന്നേറ്റു ഫാനിട്ടു..!! എന്നിട്ടു പറഞ്ഞു-"മോൾ വിയർത്തു കുളിച്ചു.ചെറിയ ചൂടുമുണ്ട് "
ഞാൻ മകളുടെ ചെന്നിയിലും കഴുത്തിലും കൈത്തലം ചേർത്തുവെച്ചു നോക്കി. ശരിയാണ്, ചൂടുണ്ട്..ഭാര്യ അല്പം വിക്സ് എടുത്തു ചെന്നിയിൽ പുരട്ടിക്കൊടുത്തിട്ടു വീണ്ടും കിടന്നു.
ഫാനിന്റെ സുഖദമായ കാറ്റിലും ഇരമ്പത്തിലും പുതിയ പുതിയ അർഥങ്ങൾ തേടി ഞാൻ മനസ്സഴിച്ചുവിട്ടു
അങ്ങനെ കിടന്നു ഞാൻ ഉറങ്ങിപ്പോയി..പിന്നീടുണർന്നതു ഫാനിന്റെ കഠിനമായ ഞരക്കം കേട്ടുകൊണ്ടാണ്. ആദ്യമായി എനിക്കാശബ്ദം കേട്ടപ്പോൾ ഈർഷ്യ തോന്നി. അൽപ്പം പരുഷമായിരിക്കുന്നു അതിന്റെ ഒച്ച. ഫാൻ മാറുകയോ റിപ്പയർ ചെയ്യുകയോ വേണമെന്നു ഞാൻ ഉറച്ചു. രാത്രിയിൽ വോൾടേജ് കൂടിയതിനാൽ ഉഷാറായി കറങ്ങുന്നുണ്ട്. പക്ഷെ ശബ്ദം അലോസരം തന്നെ.
പക്ഷെ പെട്ടെന്നു തന്നെ ഞാൻ അറിയാതെ തലച്ചോർ ഫാനിന്റെ ഭാഷ വിവർത്തനം ചെയ്യാൻ തുടങ്ങി..എന്താണ് അതു പറയുന്നത്?:
"കുഞ്ഞിനെ നോക്ക്, കുഞ്ഞിനെ നോക്ക് ." എന്നല്ലേ?!
ഞാൻ കുഞ്ഞിനെ നോക്കി. ഭാര്യയുടെ അപ്പുറത്തു, ചുമരോടു ചേർന്നു അവൾ കിടക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. എന്തോ ശബ്ദം കേൾക്കുന്നുണ്ടോ?
അതെ, ഉണ്ട്. ഞാൻ വേഗമെഴുന്നേറ്റു ലൈറ്റിട്ടു. കുഞ്ഞു പനിച്ചു തുള്ളി കിടക്കുന്നു. കൈവെച്ചുനോക്കിയപ്പോൾ പൊള്ളുന്ന ചൂട്. ഭാര്യ ഗാഢമായ ഉറക്കത്തിലാണ്. തുമ്മലിനുള്ള മരുന്ന് കഴിച്ചു കിടന്നതായതിനാൽ നല്ല ഉറക്കമുണ്ടാകുക പതിവാണ്. ഞാൻ അവളെ കുലുക്കി വിളിച്ചു. കുഞ്ഞിനെ വേഗമെടുത്തു. കുഞ്ഞിന്റെ അവസ്ഥ കണ്ടു ഭാര്യ കരയാൻ തുടങ്ങി.
മകളെ തോളിലെടുത്തു ഞങ്ങൾ വേഗം പുറത്തിറങ്ങി...
***************************************************************************************************
"തക്ക സമയത്തു നിങ്ങൾ കുട്ടിയെ ശ്രദ്ധിച്ചതു ഭാഗ്യം" ഡോക്ടർ പറഞ്ഞു: "അല്ലങ്കിൽ ചിലപ്പോൾ ഫിറ്റ്‌സ് വല്ലതും വന്നേക്കാമായിരുന്നു"
ചൂട് കുറഞ്ഞിട്ടു ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു ഞാനും ഭാര്യയും പുറത്തു ചാരുബെഞ്ചിൽ കാത്തിരുന്നു. മകൾ കുത്തിവെയ്‌പിന്റെ മയക്കത്തിലാണ്. ആശ്വാസത്തിൽ ഞങ്ങൾ പരസ്പരം ചേർന്നിരുന്നു എന്തൊക്കെയോ ചിന്തിച്ചു..അപ്പോൾ ഞങ്ങൾ കണ്ടില്ലായിരുന്നെങ്കിൽ...!!! ദൈവത്തിനു നന്ദി പറയാനെന്നോണം ഞങ്ങൾ മുകളിലേക്കു നോക്കി. ഭാര്യയുടെ നോട്ടം മച്ചു തുളച്ചു ദൈവത്തിലേക്കു ചെന്നു..എന്റെ നോട്ടം മച്ചിന്മേൽ കറങ്ങുന്ന ഫാനിലേക്കായി!
"വീട്ടിലെ ആ ഫാനിന്റെ ഒച്ച കാരണമാ ഞാൻ കുഞ്ഞിന്റെ പനീം കിടുകിടുപ്പും അറിയാതെ പോയെ" ഭാര്യ പറഞ്ഞു.
അവൾ പിന്നെ ഒരു അന്ത്യ ശാസനവും തന്നു: "
നാളെ ആ ഫാൻ അഴിച്ചു മാറ്റി വേറെ വാങ്ങിച്ചോണം"
'അതു ഞാൻ അഴിച്ചു മാറ്റാനൊന്നും പോകുന്നില്ല'-
-ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ മുകളിലേക്കു കണ്ണുനട്ടു വീണ്ടും ഫാനിനെ നോക്കിക്കൊണ്ടിരുന്നു....
**********************************************************************
By: RBK Muthukulam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക