നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സനാഥരുടെ ലോകം (അനാഥരുടേയും) (കഥ )

“അച്ചോ, എന്നെ ഇവിടെ വൃദ്ധാശ്രമത്തിൽ ചേർക്കാമോ..”
ഫാദർ ഡൊമിനിക് വലിയേടത്ത് സാധാരണത്തെ പോലെ വൈകുന്നേരത്തെ റൗണ്ടിന് വന്നതാണ്. പള്ളിയുടെ കീഴിലുള്ള ആശുപത്രിയുടെ മാനേജർ ആണ് അച്ചൻ. ദിവസവും വൈകീട്ട് എല്ലാ രോഗികളെയും സന്ദർശിക്കുന്ന ഒരു രീതി അച്ചൻ വർഷങ്ങളായി തുടർന്നുപോരുന്നു. ആ സന്ദർശനത്തിനിടയിലാണ് ജനറൽ വാർഡിന് മുൻപിലെ ബെഞ്ചിൽ ഇരുന്നിരുന്ന ശ്രീകണ്ഠൻ നായർ അച്ചനോട് ഇക്കാര്യം ചോദിച്ചത്.
നായരെ ആദ്യം കോവിഡ് ആണെന്ന് കരുതി കൊണ്ടുവന്ന് ഐസൊലേഷൻ വാർഡിൽ ആക്കിയതായിരുന്നു. പിന്നീട് രണ്ടുതവണ പരിശോധിച്ചപ്പോഴും ഫലം കോവിഡ് നെഗറ്റീവ് ആയിരുന്നു. നായരുടെ വയറ്റിൽ ഒരു ഇൻഫെക്ഷൻ മൂലമായിരുന്നു പനി വന്നത്. അതുകൊണ്ട് തുടർചികിത്സയ്ക്ക് ജനറൽ വാർഡിലേക്ക് മാറ്റി. ഇന്ന് ഡോക്ടർ വന്നപ്പോൾ അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.
“നായർക്ക് വീടുണ്ട്, ഒരു മകനുണ്ട്, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പെൻഷൻ ഉണ്ട്. പിന്നെന്തിനാ വൃദ്ധാശ്രമത്തിൽ? വേണ്ട നായരെ, ആകെ ഒറ്റപ്പെട്ടുപോകും. പ്രതീക്ഷകൾ നിറഞ്ഞ കുറെ കണ്ണുകൾ ദിവസവും കാണുന്നതല്ലേ ഞാൻ. നമുക്ക് മുറിയിലിരുന്ന് സംസാരിക്കാം, എനിക്ക് രണ്ടുപേരെ കൂടി കാണാനുണ്ട്”
അച്ചൻ പോയി പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ തിരികെ വന്നു. അച്ചന്റെ കൂടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി.
“ഇനി പറയൂ, എന്താ നായരേ പ്രശ്നം, ചോദിക്കുന്നതുകൊണ്ട് മറ്റൊന്നും തോന്നരുത്, ഒരു മകനുണ്ടെന്ന് പറഞ്ഞത് നായരുടെ സ്വന്തം മകൻ തന്നെയല്ലേ.. അതോ ദത്തെടുത്തതോ..”
“സ്വന്തം രക്തത്തിൽ പിറന്ന മകൻ തന്നെയാണ് അച്ചോ. ഞാൻ ജോലി ചെയ്തിരുന്ന ബാങ്കിലെ പ്യൂൺ ആയിരുന്നു സരസ്വതി. ഉയർന്ന ജാതിയിലെ കുട്ടിയായതിനാൽ വീട്ടുപണികൾക്ക് പോകാൻ മടിച്ചിരിക്കുമ്പോഴാണ് ഈ ജോലി ശരിയായത്. വീട്ടുപണിയെക്കാൾ നല്ലതല്ലേ എന്നുകരുതി പ്യൂൺ ആയി കയറി.
നാട്ടിലെ ഒരു പുത്തൻപണക്കാരന്റെ മകന് അവളെ ഒരു നോട്ടമുണ്ടായിരുന്നു, നല്ല ഉദ്ദേശമല്ലായിരുന്നു. ശല്ല്യം കൂടിവന്നപ്പോൾ അവൾ അവരുടെ വീടിന്റെ അയല്പക്കത്തെ പോലീസുകാരന്റെ സഹായം തേടി. അയാൾ ആ പയ്യനെ ഒരു ദിവസം സ്റ്റേഷനിൽ വിളിച്ച് താക്കീത് കൊടുത്തു.
അതിന്റെ പക പോക്കിയത് സരസ്വതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചായിരുന്നു. ഏതാണ്ട് ഒരു വർഷത്തെ ചികിത്സക്ക് ശേഷമാണ് അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത്, പക്ഷെ മുഖം വികൃതമായിട്ടുണ്ടായിരുന്നു.
എനിക്കപ്പോൾ നാൽപ്പത് വയസ്സു കഴിഞ്ഞിരുന്നു. കുടുംബത്തിലെ പ്രാരാബ്ധങ്ങൾ തീർത്തുകഴിഞ്ഞപ്പോൾ പ്രായമേറിയതിനാൽ ഇനിയൊരു വിവാഹം വേണ്ടെന്ന് കരുതി ജീവിച്ച എനിക്ക് സരസ്വതിക്ക് ഒരു ജീവിതം കൊടുക്കണമെന്ന് തോന്നി. അങ്ങിനെ അവളുടെ നാട്ടിലെ അമ്പലത്തിൽ വെച്ച് ഒരു താലി കെട്ടി എന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഞങ്ങൾ തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു.
ആസിഡ് അവളുടെ മുഖം മാത്രമേ നശിപ്പിച്ചുള്ളു, അവളുടെ മനസ്സ് അത്രയും നല്ലതായിരുന്നു. കുറെ പ്രാർത്ഥനകൾക്ക് ശേഷമാണ് ശ്യാമിന് ജന്മം നൽകിയത്. ആറ്റുനോറ്റു കിട്ടിയ പുത്രനെ ഞങ്ങൾ താലോലിച്ചുവളർത്തി. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലഘട്ടമായിരുന്നു അത്.
അവനെ നാട്ടിലെ സ്‌കൂളിൽ ചേർത്തു, നാലാം ക്ലാസ് മുതലാണ് പ്രശ്നം തുടങ്ങിയത്. അമ്മയുടെ വൈരൂപ്യം അവന് നാണക്കേടുണ്ടാക്കാൻ തുടങ്ങി. വലുതാവുംതോറും അത് കൂടിക്കൂടി വന്നു. പോരാത്തതിന് എന്റെ പ്രായവും. ചെറുപ്പക്കാരും കാണാൻ ഭംഗിയുള്ളവരുമായ അച്ഛന്മാർ മക്കളെ കൊണ്ട് വരുമ്പോൾ പ്രായം ചെന്ന ഞാൻ കൂടെ ചെല്ലുന്നത് അവന് നാണക്കേടായിരുന്നു.
ആറാം ക്ലാസ്സിൽ ആയതോടെ അവൻ സ്‌കൂളിൽ പോകാൻതന്നെ മടി കാട്ടാൻ തുടങ്ങി. തുടർന്നുള്ള പഠനത്തിനായി നഗരത്തിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിൽ അവനെ ചേർത്തു. അവൻ ഞങ്ങളിൽ നിന്നും അകലുകയായിരുന്നു. ഞാനും സരസ്വതിയും ഒരിക്കലും അങ്ങോട്ട് ചെല്ലരുത് എന്നൊരു താക്കീതും കൂടി അവൻ പറയാതെ പറഞ്ഞു. വീട്ടിൽ വന്നാലും അവന്റെ മുറിയിൽ ഒതുങ്ങിക്കൂടി ഇരിക്കും. അവൻ ചിരിക്കുന്നതും കളിക്കുന്നതും ഞങ്ങൾ ഒളിഞ്ഞുനിന്നു കാണാറുണ്ട്.
ഒരു ദിവസം സരസ്വതി ആശുപത്രിയിൽ പോയി വരുന്ന വഴിക്ക് ടൗണിൽ കൂട്ടുകാരുടെ കൂടെ നിൽക്കുന്ന ശ്യാമിനെ കണ്ടു. സരസ്വതി ശ്യാമിന്റെ കാണാൻ അടുത്തുപോയി. മകനെ കണ്ട സന്തോഷത്തിൽ സ്വന്തം മുഖത്തിന്റെ വൈരൂപ്യം ഒരുവേള സരസ്വതി മറന്നുപോയി. അത് അവന് വലിയ നാണക്കേടായി. ഇതുപോലെ അയാളെ ശല്ല്യം ചെയ്തു കാണും അതാവും അയാൾക്ക് അമ്മയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കാൻ തോന്നിയത് എന്ന് പറഞ്ഞത് അവൾക്ക് സഹിക്കാനായില്ല. ഓഫീസിൽ ആയിരുന്ന എന്നെ വിളിച്ച് ഇതും പറഞ്ഞ് കുറെ കരഞ്ഞു. മനസ്സിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു. ഞാൻ പെട്ടെന്നുതന്നെ ഓഫീസിൽ നിന്നുമിറങ്ങി പക്ഷേ വീട്ടിലെത്തുമ്പോഴേക്കും ഒരു മുഴം കയറിൽ അവൾ ജീവിതം അവസാനിപ്പിച്ചിരുന്നു.
അതിനുശേഷം ഞാനും ശ്യാമും വളരെ കുറച്ചുമാത്രമേ സംസാരിച്ചിട്ടുള്ളു. ഞാൻ ജോലിയിൽ നിന്നും വിരമിക്കുമ്പോഴേക്കും അവന് ഒരു ജോലി കിട്ടി.
ജോലി കിട്ടിയതിന് ശേഷം അവൻ തിരുവനന്തപുരത്ത് ജോലിസ്ഥലത്ത് തന്നെയായിരുന്നു താമസം. അതിനിടയിൽ അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. അവളെ കല്യാണം കഴിച്ചു. എന്നോട് ചോദിക്കുകയോ പറയുകയോ ഒന്നുമുണ്ടായില്ല. അതിൽ അവർക്ക് ഒരു മകളുണ്ടായി.
ആ വിവാഹവും അധികസമയം കൊണ്ടുപോകാൻ അവന് കഴിഞ്ഞില്ല, ഒരു ദിവസം മകളെ അയല്പക്കത്ത് ആക്കി അവന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി. പിന്നീട് അവനും മകളും മാത്രമായി.
അപ്പോഴാണ് കോവിഡിന്റെ വരവ്. രണ്ടുമാസം കഴിഞ്ഞപ്പോൾ അവന്റെ ജോലി നഷ്ടപ്പെട്ടു. ജീവിക്കാൻ പണമില്ലാതായപ്പോൾ ഒന്നുരണ്ടു തവണ വിളിച്ചു, അവന്റെ ആവശ്യത്തിനുള്ള പണം അയച്ചുകൊടുത്തു. ഒരു പുതിയ ജോലി നോക്കണം എന്ന് പറയുന്നുണ്ടായിരുന്നു, പക്ഷെ അത്ര എളുപ്പമല്ലല്ലോ ഈ സമയത്ത് ജോലി ലഭിക്കാൻ.
ഒരു ദിവസം അവൻ വീട്ടിൽ വന്നു. കോവിഡ് പോലുള്ള വലിയ രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ ഒരുപാട് കാശ് ചിലവാകും അതിനാൽ പുതിയൊരു ആരോഗ്യ പോളിസി എടുക്കണമെന്നും, അതിനായി കുറച്ച് ടെസ്റ്റുകൾ എടുക്കാൻ സർക്കാർ ആശുപത്രിയിൽ പോകണമെന്നും പറഞ്ഞു.
ഞാൻ അവിടെയെത്തിയപ്പോൾ അവൻ എന്നെ ഒരു വാർഡിന്റെ മുൻപിൽ ഇരുത്തി, ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞുപോയി. അവിടെ കോവിഡ് പരിശോധനക്കായി ആളുകൾ വരുന്നുണ്ടായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂർ അവിടെ ഇരുന്നപ്പോൾ അവന്റെ ഫോൺ വന്നു, ഇന്ന് ടെസ്റ്റ് നടത്താൻ പറ്റില്ലെന്നും, എന്നോട് വീട്ടിലേക്ക് പോയ്‌ക്കൊള്ളാനും പറഞ്ഞുകൊണ്ട്.. ഞാൻ വീട്ടിൽ പോയി. പത്തുദിവസം കഴിഞ്ഞപ്പോൾ എനിക്ക് ചെറുതായി പനി തുടങ്ങി, ഞാൻ അവനെ വിളിച്ചുപറഞ്ഞു. . അവൻ നേരെ ഹെൽത്ത് സെന്ററിൽ വിളിച്ച് ഞാൻ ആശുപത്രിയിൽ പോയിരുന്ന വിവരവും, എനിക്ക് കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും പറഞ്ഞു.
അവർ അയച്ച ഒരു ആമ്പുലൻസ് വന്ന് എന്നെ ഇവിടെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എനിക്ക് വയറ്റിനകത്ത് എന്തോ ഇൻഫെക്ഷൻ ആയിരുന്നുവെന്ന് പറഞ്ഞു. ബാക്കിയെല്ലാം അച്ചന് അറിയാമല്ലോ.
സരസ്വതി മരിച്ചപ്പോൾ ഞാനും മരിക്കണമായിരുന്നു അച്ചോ. സരസ്വതിയുടെ മരണശേഷം തെറ്റുമനസ്സിലാക്കി എന്നെ ശ്യാം സ്നേഹിക്കുമെന്ന് ചിന്തിച്ച ഞാൻ മൂഢൻ. മക്കൾക്ക് വേണ്ടെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്.
“നായരെ, നിങ്ങളുടെ ജീവിതം ഇങ്ങിനെ ആയതിൽ എനിക്ക് ദുഖമുണ്ട്. എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയു. ഇതൊക്കെ കഴിയട്ടെ ഞാൻ ശ്യാമുമായി സംസാരിക്കാം. നാളെ ഇവിടെ നിന്നും ഡിസ്ചാർജ് ചെയ്താൽ വീട്ടിൽ പോകേണ്ടെങ്കിൽ വേണ്ട, കുറച്ചുദിവസം എന്റെ കൂടെ അതിഥിയായി ഇവിടെ അരമനയിൽ താമസിക്കാം. പിന്നീട് എന്തുവേണമെന്ന് നമുക്കാലോചിക്കാം”
വാർഡിലെ തന്റെ കിടക്കയിൽ കിടക്കുമ്പോഴും നായരുടെ മനസ്സുനിറയെ സരസ്വതിയായിരുന്നു. അവളുടെ അവസാന വാക്കുകൾ കാതിൽ ഇരമ്പിക്കൊണ്ടിരുന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല, സിസ്റ്റർ വന്ന് തട്ടിവിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്.
“സാറേ, അച്ചൻ മുറിയിലേക്ക് വിളിക്കുന്നുണ്ട്”
ബാത്‌റൂമിൽ പോയി പല്ലുതേച്ച് മുഖം കഴുകി ഫ്രഷ് ആയി അച്ചന്റെ മുറിയിലേക്ക് ചെന്നു. അച്ചന്റെ മുറിയിൽ അയല്പക്കത്തെ സുധാകരനും, പരിചയമില്ലാത്ത മറ്റൊരാളും ഉണ്ടായിരുന്നു.
“നായരെ അന്വേഷിച്ച് വീട്ടിൽ വന്നതാണ്, സുധാകരൻ ഇങ്ങോട്ട് കൊണ്ടുപോന്നു.”
“എനിക്ക് ഇദ്ദേഹത്തെ മനസ്സിലായില്ല..” വന്നയാളെ കുറച്ചുനേരം നോക്കി, ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അച്ചനോട് പറഞ്ഞു.
“ചേട്ടന് പരിചയം കാണില്ല്യ, ഇദ്ദേഹം തിരുവനന്തപുരത്തുനിന്നും വരികയാണ്.” സുധാകരനാണ് മറുപടി പറഞ്ഞത്.
“ഞാനും ശ്യാമും ഒരേ കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത്, താമസവും അയല്പക്കത്തുതന്നെ. നാട്ടിൽ നിന്നും വന്നശേഷം ഒരു ദിവസം ശ്യാമിന് വല്ലാത്ത ശ്വാസതടസ്സം തോന്നി, പെട്ടെന്ന് തന്നെ ആശുപത്രിയിൽ ആക്കി, പിന്നീട് പരിശോധിച്ചപ്പോളാണ് കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലായത്. അപ്പോഴേക്കും വല്ലാതെ വൈകിയിരുന്നു. ദുശ്ശീലങ്ങൾ ഏറെ ഉണ്ടായിരുന്നതിനാൽ കരൾ മുൻപേ തകരാറിലായിരുന്നു. ആശുപത്രിയിൽ ആയ സമയത്ത് ഒരു സിസ്റ്ററെക്കൊണ്ട് എഴുതിച്ചതാണ് ഈ കത്ത്. അവനെന്തെങ്കിലും സംഭവിച്ചാൽ, അച്ഛൻ ജീവനോടെയുണ്ടെങ്കിൽ, ഈ കത്ത് അച്ഛന് എത്തിക്കണമെന്ന് പറഞ്ഞു. ശ്യാമിന്റെ മകൾ എന്റെ ഭാര്യയുടെ കൂടെ സുധാകരന്റെ വീട്ടിലുണ്ട്.
അവന്റെ ജീവിതം പോലെ തന്നെ എങ്ങുമെത്താത്ത കുറെ വാക്കുകൾ.
“ഈ കുറിപ്പ് വായിക്കാൻ അച്ഛൻ ജീവനോടെ ഉണ്ടാവണേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. ഒരു മകനും ചിന്തിക്കാൻ പോലും പറ്റാത്തതാണ് ഞാൻ നിങ്ങളോട് ചെയ്തത്. ഒരു മകനായും ഭർത്താവായും ഞാൻ പരാജയപ്പെട്ടു, ഇപ്പോൾ ഒരു അച്ഛനെന്ന നിലയിലും. എന്റെ വാവയെ അച്ഛനെ ഏൽപ്പിക്കുന്നു”
നിർനിമേഷനായി കത്ത് മടക്കി ഷർട്ടിന്റെ പോക്കറ്റിൽ വെച്ച് മുണ്ടിന്റെ മടിക്കുത്തിൽ വെച്ചിരിക്കുന്ന വീടിന്റെ താക്കോൽ കൈയ്യിലെടുത്തു.
ഗിരി ബി വാരിയർ
01 ആഗസ്റ്റ്‌ 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot