നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ കാർഷികാന്വേഷണ പരീക്ഷണങ്ങൾ

Image may contain: Ganesh Gb, closeup

***************************************
"എഴുന്നേരെടാ...പോയി ദ്വിമാന സമവാക്യം ബോർഡിലെഴുതിക്കാണിക്കെടാ''
'അടി വണ്ടി' എന്നു വിളിപ്പേരുള്ള ഗോപി സാറിന്റെ ചൂരൽ ചൂണ്ടലിന്റെ ലക്ഷ്യം എനിക്കു നേർക്കാണെന്നറിഞ്ഞതും ആ സെക്കന്റിൽ ഞാൻ ഹിമാലയത്തിലെ മൈനസ് മുപ്പത് ഡിഗ്രിയുള്ള ഒരു കുഴിയിലേക്ക് വീണുപോയി. പേടിച്ച് കോടിയ മുഖവും തണുത്തുറഞ്ഞ ശരീരവും നനഞ്ഞു കൊണ്ടിരിക്കുന്ന ചോക്കുമായി ഞാൻ മെല്ലെ ബോർഡിനടുത്തെത്തി.
കൈയ്ക്ക് നല്ല വിറയൽ ഉണ്ടായതിനാൽ സമവാക്യത്തിനു പകരം സുദർശന ചക്രം പോലെ എന്തോ ഒന്നാണ് ബോർഡിൽ ആദ്യം വരച്ചത്. വിയർപ്പിൽ മുങ്ങിയ ചോക്കിൽ നിന്ന് കറുത്ത നിറത്തിൽ എന്റെ സുദർശന ചക്രം തെളിഞ്ഞു വന്നതും, "എന്തോന്നാടാ പോത്തേ ഇത് ?'' എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഒന്നാമത്തെ അടി.
ആദ്യ തലോടലിൽത്തന്നെ അദ്ദേഹമെന്റെ മൂലാധാരത്തിൽ നിന്ന് കുണ്ഡലിനിയെ ഉണർത്തി. തുടർന്നുള്ള ഓരോ ചൂരൽ മൂളലിലും, മന്ത്രോഛാരണമായി പറയിച്ച എ, ബി, സി, എക്സ്, സ്ക്വയർ തുടങ്ങിയ വൃത്തികെട്ട അക്ഷരങ്ങളിലൂടെയും ഞാനുയർന്നുയർന്ന് സഹസ്രാര പത്മത്തിലെത്തി.
എന്തൽഭുതം! യാതൊരു തെറ്റുമില്ലാതെ ഞാൻ തന്നെ എഴുതിയ 'ക്വാർഡ്രാറ്റിക് ഈക്വൽസ്' അഥവാ 'ദ്വിമാന സമവാക്യം' ബോർഡിൽ തെളിഞ്ഞു കിടക്കുന്നു.
അപ്പോഴേക്കും എന്റെ പിൻ ചക്രത്തിന്റെ ബോൾട്ടുകൾ ഏതാണ്ടിളകിയിരുന്നു.
ഞാനാര്? എവിടുന്നുവന്നു? എന്താണെന്റെ കർമ്മം? എന്തിനാണ് സ്കൂളിൽ വരുന്നത്? തുടങ്ങിയ നൂറ് നൂറ് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തുറന്ന കുണ്ഡലിനി വഴി അന്ന് കിട്ടിയത്. കഠിന തപസ്യയിലൂടെ മാത്രം മഹാമുനിമാർക്കും ജ്ഞാനിമാർക്കും സിദ്ധിക്കുന്ന 'ബോധോദയം' ചുളുവിൽ നേടിയെടുത്തതിന്റെ അഹങ്കാരമൊന്നും ആകെ പുകഞ്ഞു നിന്നിരുന്ന ആ സമയത്ത് തോന്നിയതേയില്ല.
അന്ന് വൈകുന്നേരം സ്വന്തം പിൻഭാഗം നിലക്കണ്ണാടിയിൽ ദർശിച്ചപ്പോൾ കാഴ്ചയെത്തുന്ന കുണ്ഡലിനീ ഭാഗത്ത് ഭഗവാൻ ശിവന്റെ തൃക്കണ്ണിന് കുറുകേ വരച്ച പോലെ മൂന്ന് ബ്രൗൺ കുറികൾ കാണാൻ കഴിഞ്ഞു. രാത്രിക്കുളിയിലും, തുടർന്നുള്ള കോസ്റ്റ്യൂം ചെയിഞ്ചിലും നീറ്റലുള്ള പിൻ ഭാഗത്തെ മാക്സിമം തട്ടാതെ - മുട്ടാതെ - ഒതുക്കി - മുറുക്കി സൂക്ഷിച്ചു. കുലച്ച വാഴക്ക് താങ്ങു കൊടുക്കുമ്മട്ടിൽ കൈ കുത്തി നിന്നു കൊണ്ടാണന്ന് കഞ്ഞിയും ഉടച്ചു കറിയും കഴിച്ചത്. ഉടഞ്ഞുപോയ പിൻഭാഗത്തിന്റെ പരിഛേദമായാണോ ആ ഉടച്ചു കറിയെന്ന് ഇന്നും ഞാൻ സംശയിക്കുന്നു.
രാത്രിയിൽ അവിടം കാറ്റുകൊള്ളിച്ച് കിടന്നപ്പോൾ സൾഫ്യൂറിക് ആസിഡും, സാമ്രാട്ട് അശോകനും, സമഭുജത്രികോണവും, പഠിക്കുന്നതിനു പകരം വാഴയും തെങ്ങും റബറും ഒക്കെയായി അങ്ങ് അർമാദിച്ചാലോ എന്ന ചിന്ത ബോധമണ്ഡലത്തിൽ തെളിഞ്ഞു വന്നു. കൃഷിയിലൂടെ വലിയ മുതലാളിയായി, അക്കങ്ങളേയും അക്ഷരങ്ങളേയും തൂമ്പയും കുന്താലിയും കൊണ്ട് ഞെരിക്കുന്നതോർത്ത് ഞാൻ ഉളളാലെ ചിരിച്ചു. ഹ ഹ ഹ! ഒരു ബാലൻ കെ നായർ ചിരി !
പ്രൈമറി ക്ലാസിൽ ഏഴിന്റെ ഗുണനപ്പട്ടികകൾ കാണാതെ പഠിച്ച സമയത്തും ഇതേ ചിന്തകൾ അങ്കുരിച്ചിരുന്നെങ്കിലും, അച്ഛൻ പേരക്കമ്പു കൊണ്ട് തുടയിൽ ചെയ്യുന്ന ചില ചിത്രപ്പണികളുടെ ഓർമ്മയിൽ, മനസ്സിലെ ആ വിത്ത് നടാതെ മാറ്റി വയ്ക്കുകയായിരുന്നു എന്നിലെ കൃഷിക്കാരൻ.
ഒരു പൂർണ്ണ കർഷകനായി മാറാൻ ഞാൻ ആദ്യം തിരഞ്ഞെടുത്ത പ്രോഡക്ട് വാഴയാണ്. വാഴയുമായി അഭേദ്യമായ ഒരു ബന്ധമെനിക്കുണ്ടെന്ന് അന്നൊക്കെ തോന്നിയിട്ടുണ്ട്. പല സമയത്തും ''ഒരു വാഴ വച്ചാൽ മതിയാരുന്നു'' എന്ന് അച്ഛനും, "ഇവന് കൊടുത്തതെല്ലാം കൂടി ഒരു വാഴയ്ക്കിട്ടു കൊടുത്തിരുന്നെങ്കിൽ ഇന്നെത്ര കുല വെട്ടാമായിരുന്നു" എന്ന് അമ്മയും പറയുന്നതുകേട്ടു വളർന്നതാവാം അതിനൊരു കാരണം.
ഒരു വലിയ കട! അത് നിറയെ വാഴക്കുലകൾ!
അവിടെ ഒരു മുതലാളിയായി ഞാനിരുന്ന് കാശെണ്ണുന്നു. കുറേ ലോറികൾ വരുന്നു... പോകുന്നു ...ആകെ ഒരു പരുത്തിയറ വാഴക്കുല മാർക്കറ്റ് സെറ്റപ്പ്! വിയർത്തൊലിച്ച് ക്യൂ നിന്ന് കായ് വാങ്ങുന്ന ഗോപി സാർ! സാറിന്റെ സഞ്ചിയിലേക്ക് ഒന്നു രണ്ട് കായ്കൾ ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന ഞാൻ! ആദരവോടെ എന്നെ നോക്കുന്ന ഗോപി സാറും ...അച്ഛനും...!
''താങ്ങീം തൂങ്ങീം നിന്ന് താമസിക്കാതെ ഏത്തയ്ക്കാ പുഴുങ്ങിയത് എടുത്ത് കഴിച്ചിട്ട് സ്കൂളീപ്പോടാ" തീരെ ബഹുമാനമില്ലാതെ ശബ്ദത്തിൽ അമ്മ പറഞ്ഞു. കുല വിറ്റ് കിട്ടിയ കാശ് കണിച്ച് അമ്മയെ കൊതിപ്പിക്കണം ഞാൻ മനസ്സിലുറപ്പിച്ചു.
ആ ശനിയാഴ്ച പറമ്പിലേക്ക് എത്തിയ അച്ഛൻ ഞെട്ടിപ്പോയി... നടാൻ വച്ചിരുന്ന വാഴവിത്തുകൾ ചേനയ്ക്കായി കുഴിച്ച കുഴിയിൽ ഇട്ട് മണ്ണു മൂടിയിരിക്കുന്നു...!
''ഹൊ! ഇതാരാ ഈ പോക്രിത്തരം ചെയ്തത് ?'' അച്ഛൻ തലയിൽ കൈവച്ച് ചോദിക്കുമ്പൊൾ ബാക്കിയുള്ള വിത്തുകൾ കൂടി ചേനക്കുഴിയിലേക്ക് വലിച്ചിട്ട് മണ്ണുമൂടി അഭിമാനപൂർവ്വം ആ വാഴ മുതലാളി അച്ഛനെ ഒന്ന് നോക്കി.
''എടാ മഹാപാപീ'' കൈയ്യിൽ കിട്ടിയ മടൽ പൊളിയുമായി അച്ഛൻ 2x400 റിലേയിലെ ഉസൈൻ ബോൾട്ടായി.
''ഞാൻ...വാഴക്കൃഷി ചെയ്യാൻ....'' ഞാനും അവസാന ലാപ്പായ വരാന്തയിലേക്ക് ഓടിക്കയറി.
''അന്നേ വാഴക്കൃഷി മതിയാരുന്നു... കേറിപ്പോടാ... പഠിക്കാനുള്ള സമയത്തവൻ വാഴ വയ്ക്കാൻ നടക്കുന്നു'' എന്നലറി ഉസൈൻ ബോൾട്ട്, ഗോപി സാർ കിളച്ച് തകർത്ത സ്ഥലത്ത് ഒന്നു പൊട്ടിച്ചു.
അങ്ങനെ ആദ്യ അഗ്രിക്കൾച്ചർ ബിസിനസ് സംരംഭം അടിപൊളിയായി...!
"ഓംസ് ലാ പഠിക്കാതെ നീയിനി ക്ലാസിൽ കയറണ്ട" എന്ന് ലീല ടീച്ചർ വിരട്ടി വിട്ട സമയത്താണ് അയലത്തെ ജയൻ ചേട്ടൻ മസ്കറ്റിൽ നിന്ന് വന്നത്. സാംബശിവന്റെ "വിലയ്ക്കു വാങ്ങാം" കാസറ്റിനൊപ്പം, പുള്ളി 'വിലയ്ക്കു വാങ്ങി'ക്കൊണ്ടുവന്ന ഈന്തപ്പഴം രുചിയോടെ കഴിക്കുമ്പോൾ എന്റെയുള്ളിൽ ഒരു ഈന്തപ്പഴ മുതലാളി ഉയിർത്തെഴുന്നേറ്റ് അറബിവേഷമിട്ട് ഫ്ലൈറ്റിൽ വന്നു...!
ഒരു വലിയ കെട്ടിടം...! അത് നിറയെ ഈന്തപ്പഴങ്ങൾ! പഴുത്തതും പഴുക്കാത്തതുമായ ഈന്തപ്പഴങ്ങൾ വലിപ്പമനുസരിച്ച് തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലിക്കാർ...! അവിടെ ഒരു കണ്ണാടി ക്യാബിനിൽ അറബി മുതലാളിയായി ഞാനിരുന്ന് കാശെണ്ണുന്നു. കുറേ ഫ്ലൈറ്റുകൾകൾ വരുന്നു... പോകുന്നു... ആകെ ഒരു ദുബായ് ഫ്രൂട്ട് മാർക്കറ്റ് സെറ്റപ്പ്! അവിടെ വിയർത്തൊലിച്ച് ക്യൂ നിന്ന് ഈന്തപ്പഴം വാങ്ങുന്ന ഗോപി സാറും, ലീല ടീച്ചറും ! അവരുടെ സഞ്ചികളിലേക്ക് ഒന്നു രണ്ട് പഴങ്ങൾ ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന ഞാൻ! ആദരവോടെ എന്നെ നോക്കുന്ന ഗോപി സാറും... ലീല ടീച്ചറും... ആഹാ !
അടുക്കളയുടെ പിറകിൽ, വീടുപണിയ്ക്കായി മണൽ ഇറക്കിയിട്ട ഡ്യൂപ്ലിക്കേറ്റ് മരുഭൂമിയിലാണ് 'ഡേറ്റ്സ് ഫാം' ഒരുക്കിയത്. ചുറ്റുവട്ടമുള്ള വീട്ടുകാർ ചവച്ച് തുപ്പിയ ജയൻ ചേട്ടന്റെ ഈന്തപ്പഴക്കുരുക്കൾ അടുക്കടുക്കായി ഞാൻ നട്ടു വച്ചു. ആദ്യ ദിനങ്ങളിൽ ആവേശപൂർവ്വം രണ്ടു നേരം സമൃദ്ധമായി വെള്ളമൊഴിച്ച്, ഈന്തപ്പന വളരാനുള്ള ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. ഒറ്റ വിളവെടുപ്പിൽ സുമാർ ഒരു ടൺ ആയിരുന്നു ടാർഗറ്റ്.
വെള്ളമൊഴിപ്പ് ക്രമേണ ദിവസത്തിലൊന്നും, ദിവസങ്ങൾ കൂടുമ്പൊഴൊന്നും ആയി മാറി. അവസാന ഘട്ടത്തിൽ വല്ലപ്പോഴും കിട്ടുന്ന മൂത്രം കുടിച്ചു ജീവിക്കേണ്ടി വന്നു, ഗൾഫിൽ സുഖിച്ച് ജീവിച്ച ഈന്തപ്പഴക്കുരുക്കൾക്ക്...! അടുക്കളമുറ്റത്ത് മൂത്രമൊഴിക്കുന്നതിന് അറബിക്ക് അമ്മയിൽ നിന്ന് തല്ലു കിട്ടിയതോടെ ഒരില പോലും ആവാതെ ഈന്തപ്പഴ കയറ്റുമതിയും അവിടെ അവസാനിച്ചു.
ചന്തുമേനോന്റെ 'ഇന്ദുലേഖ' ഇംഗ്ലീഷ് സെക്കന്റായി വന്നപ്പോഴും, പഴയ ചിന്തകൾ തലപൊക്കി. ബ്ലോക്കോഫീസിൽ നിന്നും അമ്മാവൻ കൊണ്ടു നട്ട ബഡ്ഢ് ചെയ്ത പറങ്കിമാവായിരുന്നു ആ സമയത്തെ മെഗാ പ്രോജക്ടിന്റെ പ്രചോദനം. 'മൾട്ടിപ്പിൾ ഫ്രൂട്ട്സ് ഇൻ വൺ പ്ലാന്റ്' എന്ന വൻ സംരംഭമായിരുന്നു മനസ്സിൽ. മിനിമമൊരു നോബൽ സമ്മാനത്തിനുവരെ സാധ്യതയുള്ള, ഒരു പ്ലാവിൽ - മാവ്, ചാമ്പ, പറങ്കിമാവ്, നെല്ലി എന്നീ അഞ്ചു വിളകൾ ലഭിക്കുന്ന, അത്യുഗ്രൻ പ്രോജക്ട് !! അതു കഴിഞ്ഞ് ഓറഞ്ച്, ആപ്പിൾ, മുന്തിരിയും ഇതേ രീതിയിൽ !!
അഞ്ച് നിലകളുള്ള ഒരു വലിയ കോംപ്ലക്‌സ് ! ഓരോ നിലയിലും ചക്ക, മാങ്ങ, ചാമ്പയ്ക്ക, കശുവണ്ടി, നെല്ലിക്ക എന്നിവ കൊണ്ടുള്ള പല തരം ഉൽപ്പന്നങ്ങൾ! മെയിൻ ഓഫീസിലെ ഭിത്തിയിൽ ഹിന്ദു - ക്രിസ്ത്യൻ- മുസ്ലീം കൂടാതെ നോബൽ സമ്മാനം ഉൾപ്പെടെ നാല് ചിത്രങ്ങൾ....മുന്നിൽ കത്തിച്ചു വച്ച വിളക്ക്....
അവിടെ ഒരു മുതലാളിയായി ഞാനിരുന്ന് കാശെണ്ണുന്നു. കുറേ ഷിപ്പുകൾ വരുന്നു... പോകുന്നു ...ആകെ ഒരു സ്വകാര്യ തുറമുഖം സെറ്റപ്പ്! അവിടെ വിയർത്തൊലിച്ച് ക്യൂ നിന്ന് ഫ്രൂട്ട്സ് വാങ്ങുന്ന ഗോപി സാറും ലീല ടീച്ചറും ഇംഗ്ലീഷ് സാറും...! അവരുടെ സഞ്ചിയിലേക്ക് നെല്ലിക്കയും ചാമ്പക്കയും ഔദാര്യമായി എറിഞ്ഞു കൊടുക്കുന്ന ഞാൻ! ആദരവോടെ എന്നെ നോക്കുന്ന അച്ഛനും അമ്മയും...!
അയൽ രാജ്യചാരൻമാർ മണത്തറിഞ്ഞതു കൊണ്ടോ, നോബൽ സമ്മാനം കൊട്ടാരക്കരയ്ക്ക് കൊടുക്കാനുള്ള മടി കൊണ്ടോ എന്താണെന്നറിയില്ല - രണ്ടില വന്നു തുടങ്ങിയ പറങ്കിമാവ് ഒരാഴ്ചകൊണ്ടും, അഞ്ച് ദ്വാരങ്ങൾ വീണ പ്ലാവ് ഒരു മാസം കൊണ്ടും, വെറും കുറ്റിയായിത്തീർന്നു. വിചാരണയ്ക്കിടെ രാജ്യം വിട്ടു പോകാതിരിക്കാൻ ബിസിനസ് മാഗ്നറ്റിന്റെ കുറ്റിക്ക് ആദ്യമേ ഒരെണ്ണം പൊട്ടിച്ചിട്ടായിരുന്നു ചോദ്യം ചെയ്യൽ പോലും...!
അതിനെത്തുടർന്ന് നിർബന്ധിത ജലസേചന - പറമ്പ് കിളയ്ക്കൽ ട്രെയിനിയായി ഞാൻ അവരോധിതനായി. വിയർപ്പിന്റെ അസുഖം, ഒരു വൻകിട മുതലാളിയിൽ നിന്നും വെറും തൊഴിലാളിയാകാനുള്ള മാനസിക ബുദ്ധിമുട്ട്, എന്നീ കാരണങ്ങൾ നിരത്തി അമ്മയുടെ കാൽക്കൽ അഭയം പ്രാപിച്ചു. അങ്ങനെ ഗോപി സാറിന്റെ വീട്ടിൽ സ്പെഷ്യൽ ട്യൂഷനും ഞായറാഴ്ച തോറും കാർഷികവൃത്തിക്കും എനിക്കായി പ്രത്യേക സർക്കുലർ ഇറങ്ങി.
എന്തിലെങ്കിലും എടുത്തു ചാടും മുമ്പ് അതിനെക്കുറിച്ചറിയാൻ ശ്രമിക്കണം... അതിനെക്കുറിച്ച് പഠിക്കണമെന്ന വലിയ പാഠം അന്ന് പഠിച്ചു.
എന്നാലും ഓഫീസിൽ പണിയും പ്രഷറും കൂടുമ്പോൾ വാനില, ജെട്രോഫ, കടലാവണക്ക് മുതലാളിയായാലോ എന്ന ചിന്തകൾ വീണ്ടും ഉയർന്നുയർന്നു വരാറുണ്ട്.
കൂടെ ഹണീ ബീ വിളയുന്ന ഒരു ചെടിയും...!
- ഗണേശ് -
4 - 10 -18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot