നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സായിപ്പിന്റെ അഭിനയം(മിനിക്കഥ )



°°°°°°°°°°°°°°°°°°°°°°°°°°
തന്റെ പുതിയ സിനിമയിൽ
പുതുമകൾക്കു വേണ്ടിയുള്ള ഏറെ നേരത്തെ ആലോചനകൾക്കൊടുവിലാണ് സംവിധായകന് ആ ബുദ്ധി തോന്നിയത്.
സായിപ്പിനെ അഭിനയിപ്പിക്കുക.
ചമയങ്ങളും പരിശീലനവും കഴിഞ്ഞു സായിപ്പ് അഭിനയിച്ചു. ഒട്ടും അപ്രധാനമല്ലാത്ത ഏതാനും രംഗങ്ങൾ. പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാത്തതിനാൽ സിനിമാ ചിത്രീകരണത്തിന്റെ അവസാനം വരെ സായിപ്പ് സംവിധായകന്റെ
കൂടെക്കൂടി. ചർച്ചകളിലും അണിയറ പ്രവർത്തനങ്ങളിലും പങ്കെടുത്തു. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് സഞ്ചരിച്ചു.
ഒടുവിൽ സിനിമാ ചിത്രീകരണം പൂർത്തിയായി. അപ്പോഴേക്കും സായിപ്പ് എല്ലാവരുടെയും ഉറ്റ സുഹൃത്തായി മാറിയിരുന്നു.
സായിപ്പിന്റെ വേഷം പോലും മുണ്ടും ഷർട്ടുമായിക്കഴിഞ്ഞിരുന്നു.
നിരവധി പേരുടെ വീടുകളിൽ പോലും സായിപ്പ് അതിഥിയായി മാറി. അവിടുത്തെ കുട്ടികളോട് പോലും സഹൃദത്തിലായിക്കഴിഞ്ഞിരുന്നു.
അതിലുപരിയായി മലയാളം നന്നായി സംസാരിക്കുവാനും പഠിച്ചിരുന്നു.
അവധിക്കാലം കഴിഞ്ഞു, മലയാളി സുഹൃത്തുക്കളോട് യാത്ര പറഞ്ഞു സായിപ്പ് നാട്ടിലെത്തി.
മലയാള നാട്ടിലെ സിനിമയിൽ അഭിനയിച്ച വിശേഷങ്ങളെല്ലാം സുഹൃത്തുക്കളുമായി പങ്കു വെച്ചു. അനേകം മലയാളി സുഹൃത്തുക്കളെ നേടിയ കാര്യം അവരോടു പറയുമ്പോൾ പോലും സായിപ്പിന്റെ ഫോണിൽ മലയാളി സുഹൃത്തുക്കളുടെ
വാട്സ് ആപ്പ് സന്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നു.
അപ്പോഴാണ് മറ്റൊരു സായിപ്പ് സുഹൃത്ത് നമ്മുടെ സായിപ്പിനോട് ചോദിച്ചത്.
--മലയാളികൾ എങ്ങനെ... സ്നേഹമുള്ളവരാണോ..?
സായിപ്പ് പറഞ്ഞു.
--ഞാൻ ഏതാനും രംഗങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളൂ. അവർ വീടുകളിലും, തെരുവുകളിലും, ജോലിസ്ഥലങ്ങളിലും മറ്റെല്ലായിടത്തും സ്നേഹം അഭിനയിച്ചു കൊണ്ടേയിരിക്കുന്നു...
°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot