in the size of the lie , there is always contained a certain factor of credibility , since the great masses of the people will more easily fall victim to a great lie more than to a small one - അഡോൾഫ് ഹിറ്റ്ലർ ( Mein Kampf )
**************************************
ഇടതു കണ്ണിലൂടെയാണ് അവളന്നും ആ കാഴ്ച കണ്ടത് . ഓടി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ അയാളെ പോലെ ഒരാള്‍ ശ്രമിക്കുന്നു . നെഞ്ചിടിപ്പ് ഒരല്പ നേരം നിലച്ചതാണ് . പക്ഷെ ഒരു അഭ്യാസിയെ പോലെ അയാള്‍ ട്രെയിനിന്റെ വേഗതക്കൊപ്പം ഒരേ രീതിയില്‍ ഓടുകയും തികഞ്ഞ മെയ് വഴക്കത്തോടെ ആദ്യം വാതിലിലെ കമ്പികളില്‍ കൈ മുറുക്കി പിടിച്ചതിനു ശേഷം വളരെ കൃത്യമായി ട്രെയിനിന്റെ ഉള്ളിലേക്ക് ചാടി കയറുകയും ചെയ്തു . അതെ , അയാള്‍ക്ക് അതെ ഉയരവും നിറവും ഒക്കെയാണ് .അതെ പോലെ താടിയും മുടിയും . പക്ഷെ അയാളല്ല .. അത് മാത്രം അവൾക്കുറപ്പാണ് .
കുറച്ചു നാളായി ഈ പ്രതിഭാസം അവളെ ചുറ്റിപറ്റി നിൽക്കുന്നു . ചില കാഴ്ചകൾക്ക് നേരെ വലതു കണ്ണ് ഇരുട്ടടച്ചു നിൽക്കുന്നു .അത് ഉറപ്പിക്കാൻ ചില കാരണങ്ങളുണ്ട് . ചില കാഴ്ചകളുടെ ആകൃതി മറ്റു ചിലതിൽ നിന്നും തികച്ചു വ്യത്യസ്തമാണ് . ഒരു വശം പരന്നും മറു വശം മുനയുള്ള ഒരു പെൻസിൽ നടുവേ കീറിയത് പോലെയുമാണ് അപ്പോൾ അനുഭവപ്പെടുക . ഒരു കുപ്പി ചെരിഞ്ഞു കിടക്കും പോലെ ചിലപ്പോൾ തോന്നും . മാത്രമല്ല . അത്തരം കാഴ്ചകൾക്ക് ശേഷം തലയുടെ വലതു ഭാഗത്തു ഭയങ്കര വേദന തോന്നി തുടങ്ങും . ഏകദേശം അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ആ വേദന ഒരു മയക്കത്തിനപ്പുറം താനേ വിട്ടു മാറുകയും ചെയ്യും .
പക്ഷെ ഇപ്പോളും അവൾക്കു പിടി കിട്ടാത്ത ഒരു കാര്യം എന്തുകൊണ്ടാണ് അയാളെ പറ്റിയുള്ള കാഴ്ചകളിൽ മാത്രം ഇടതു കണ്ണ് ആധിപത്യം സ്ഥാപിക്കുന്നത് എന്നതാണ് .
*********************************
ഏകദേശം നാലുമണിയോട് അടുത്തപ്പോഴാണ് അവളാ ക്ലിനിക് ലക്ഷ്യമാക്കി നടന്നു തുടങ്ങിയത് . കനം കുറഞ്ഞ വെയിൽ ദേഹത്തെ മുട്ടിയിരുമ്മുന്നു . ഇല വീണ വഴികളിൽ മഞ്ഞച്ച അവശിഷ്ടങ്ങൾ . മുന്നോട്ടുള്ള വഴിയുടെ ഇരുവശവും മരങ്ങൾ പരസ്പരം ചുംബിച്ചു നിൽക്കുന്നു . ഒരു പക്ഷെ മണ്ണിനടിയിലും അവർ പ്രണയിക്കുന്നുണ്ടാകും . വേരുകളാൽ വേരുകളെ പുണർന്നു . ഇണചേർന്ന് ..തളർന്നു ..വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു . അവൾക്കു തലയുടെ വലതു ഭാഗം വേദനിക്കും പോലെ തോന്നി . . പുറത്തെ അത്ര വെളിച്ചം ഇവിടേയ്ക്ക് വരില്ല . അധികം ചൂടും തണുപ്പുമില്ലാത്ത വല്ലാത്തൊരു അന്തഃരീക്ഷം .
ബോഗൈൻ വില്ല പടർന്നു പിടിച്ച കറുത്ത ഗേറ്റിനു മുൻപിൽ കുറച്ചു നിമിഷങ്ങൾ അവളുടെ പാദങ്ങൾ വിശ്രമിച്ചു . ഒന്ന് കൂടി ആലോചിക്കാനുള്ള സമയമുണ്ട് . പത്രത്തിൽ എല്ലാവരും ഉപേക്ഷിച്ചു കിടന്ന ഒരു പരസ്യം കണ്ടു ഇവിടെ വരെ വന്നത് ഒരു അബദ്ധം മാത്രമായി പരിഗണിച്ചു, വന്നതിലും വേഗത്തിൽ തിരികെ നടക്കാം . ഭോഗാവസ്ഥയിൽ പുണർന്നു കിടക്കുന്ന വേരുകൾക്കിടയിലൂടെ വളരെ വേഗം നടന്നു തണലുകൾ കടന്നു വീണ്ടും നഗരത്തിന്റെ ചൂടിലേക്ക് പ്രവേശിക്കാം .പക്ഷെ അപ്പോഴും ആ വേദന ബാക്കിയാകും . ഒരു പക്ഷെ ഈ വേദന ഇവിടെ ഉപേക്ഷിക്കാൻ പറ്റിയാൽ ...
പണ്ടേ തീരുമാനമെടുക്കാൻ അശക്തയാണ് താൻ . തുറന്നിട്ട വാതിലൂടെ അകത്തേക്ക് പ്രവേശിച്ചത് ആ ഒരു ആശയക്കുഴപ്പത്തിൽ നിന്നും വിമുക്തയാകും മുൻപേ തന്നെയാണ് .
*******************************
പറയൂ , ഗയാ ..എന്താണ് വിശേഷങ്ങൾ ..... "
വീണ്ടും ഇടതു കണ്ണിലൂടെയാണ് കാഴ്ചകൾ കാണാൻ കഴിയുന്നത് . വലിയ ഒരു മുറിയുടെ നടുവിലാണ് ഈ മേശയും കസേരയും . ജനാലകൾ തുറന്നിട്ടിരിക്കുന്നു . കാറ്റും വെളിച്ചവും ആവശ്യത്തിന് പ്രവേശിക്കാൻ തക്കവിധം നീല വിരികൾ സജ്ജീകരിച്ചിരിക്കുന്നു . എന്നോ കേട്ടു മറന്നൊരു താളത്തിലാണാ വിരികൾ ചലിക്കുന്നത് . മുറിയുടെ ഒരു വശത്തു നിറയെ പുസ്തകങ്ങൾ . ബാക്കി ഭാഗങ്ങളിൽ ഒന്നും തന്നെയില്ല . നല്ല തെളഞ്ഞ വെള്ള നിറമാണ് ഭിത്തിക്ക് .
ഗയാ .....
ഉം ......
അയാളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കാണ് തറഞ്ഞിറങ്ങുന്നത് . ഇതുവരെ ആരും ഇങ്ങനെ കണ്ണിൽ നോക്കി സംസാരിച്ചിട്ടില്ല . അവനും ഭയമായിരുന്നു എന്റെ കണ്ണുകൾ . വെളുപ്പും കറുപ്പും കലർന്ന താടി രോമങ്ങൾ . ഏകദേശം ഒരു നാല്പതു വയസ്സ് . അധികം തടിച്ചതും മെലിഞ്ഞതുമല്ലാത്ത ശരീര പ്രകൃതി .ആ കണ്ണുകളെ നേരിടാൻ ഭയം തോന്നുന്നു .അയാളുടെ കൈയ്യിൽ വിരലുകൾ കൊണ്ട് കുരുക്കി പിടിച്ചിരിക്കുന്ന ഒരു ചെറിയ കൊന്ത ഉണ്ടായിരുന്നു . വലിയ കറുത്ത മുത്തുകളും തടി കൊണ്ട് ഉണ്ടാക്കിയ കുരിശും .
" അയാളെ പറ്റി ഓർമിക്കുമ്പോൾ എല്ലാം , അല്ല ..ചില കാഴ്ചകൾ കാണുമ്പോൾ അയാളെ ഓർമ്മ വരും ..അപ്പോൾ ഞാൻ കാണുന്ന കാഴ്ചയുടെ ആകൃതി മാറും .ഒരു കണ്ണ് അടച്ചു പിടിക്കും പോലെ തോന്നും . ഒരു ഭാഗം കൂർത്ത ഒരു കാഴ്ച .ഉടൻ തന്നെ തലയുടെ വലതു ഭാഗത്തു വല്ലാത്തൊരു വേദന തോന്നി തുടങ്ങും . അതിങ്ങനെ കൂടി കൂടി .. "
ആരാണ് അയാൾ ....."
വളരെ പെട്ടെന്നുള്ള ആ ചോദ്യത്തിന് മുൻപിൽ അവളൊന്നു ഞെട്ടി . പ്രതീക്ഷിച്ച ചോദ്യം ആയിരുന്നെങ്കിൽ തന്നെയും ഒരു പിരിമുറുക്കം . രണ്ടു മൂന്നു ദിവസമായി ഈ ചോദ്യത്തെ നേരിടാൻ തയ്യാറെടുക്കുന്നു . അയാളുടെ നോട്ടം എന്റെ പിടയുന്ന കണ്ണുകൾക്ക് പിന്നാലെ തന്നെയുണ്ട് . ഇന്നെങ്കിലും എനിക്ക് ഉറങ്ങണം ...
************************************
"...... തും അച്ഛേ സേ നാച്ചീ. "
" ധന്യവാദ് ജി ... "
ആപ്കാ നാം ... ?
ഗയാ ....
കോൻ ഗയാ ...
മേരാ നാം ഗയാ ഹേ ... ഓർ ..ആപ്കാ നാം ...
മേരാ നാം .. ജോർജുകുട്ടി ഹേ ....
എന്നാ പിന്നെ മലയാളം പോരെ മിസ്റ്റർ . ജോർജ് കുട്ടി ...
അപ്പോൾ ഈ മുംബൈക്കാരി ന്നൊക്കെ പറഞ്ഞത് ..
നമ്മള് വെറും നാട്ടിൻപുറത്തുകാരിയാണ് മാഷേ ... സ്വദേശം കോട്ടയം .
ആഹാ .. ഞാൻ പാലാക്കാരൻ ....
തുടക്കമായിരുന്നു . എല്ലാത്തിന്റെയും തുടക്കം . ആദ്യത്തെ കാഴ്‌ച . സംസാരം . അവിടുന്നാണ് പിന്നെ എല്ലാം കീഴ്മേൽ മറിഞ്ഞത് ...തന്നെ അത്രമേല്‍ കശക്കി കളഞ്ഞൊരു ബന്ധം വേറെ ഉണ്ടായിട്ടില്ല . അടി മുതല്‍ മുടി വരെ അയാളോടുള്ള പ്രണയത്താല്‍ മുങ്ങി പോയ ദിനങ്ങള്‍ . ഓരോ നിമിഷം കഴിയും തോറും താന്‍ അയാളായി മാറുകയായിരുന്നു . അയാള്‍ക്ക് വേണ്ടിയാണ് ചിലങ്ക ഉപേക്ഷിച്ചത് ..അയാള്‍ക്ക് വേണ്ടിയാണ് നര്‍ത്തകി എന്ന വലിയ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിച്ചത് . പലപ്പോഴും തോന്നിയിട്ടുണ്ട് . താന്‍ മാത്രമല്ല ഭൂരിഭാഗം പെണ്ണുങ്ങളും താന്‍ പ്രേമിക്കുന്ന ആണിന്റെ അടിമത്വം ഇഷ്ടപ്പെടുന്നവരാണ് . അല്ലെങ്കില്‍ അങ്ങനെയൊക്കെ ആയി പോയവരാണ് . വേണ്ടാ എന്ന് പറയുന്നവരുടെ പിന്നാലെ വീണ്ടും വീണ്ടും കടല്‍ത്തിര പോലെ ആര്‍ത്തലച്ചു ചെല്ലും .. വേണം എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ മുഖം വെട്ടിച്ചു അറപ്പോടെ തിരിഞ്ഞു നടക്കും . എന്തെല്ലാം തീരുമാനങ്ങളും തത്വ സംഹിതകളുമാണ് അയാള്‍ ആകെ തച്ചുടച്ചു കളഞ്ഞത് . ശരീരം പങ്കു വെച്ചൊരു പ്രണയം പാടില്ല എന്ന് എന്നേ ഉറപ്പിച്ചതാണ് .എന്നാല്‍ ഒരൊറ്റ നോട്ടത്തില്‍ എല്ലാം നഷ്ട്ടപ്പെടുത്തിയില്ലേ .. എത്രയോ രാത്രികളില്‍ അയാള്‍ മഴയും കുളിരും ചൂടും വിറയലുമായി . വല്ലാത്തൊരു ആവേശമായിരുന്നു അയാള്‍ക്ക് ..നോവിക്കാനും രസിക്കാനും ..നഗ്നയാക്കി തലമുടിയില്‍ കോര്‍ത്ത് വലിച്ചു പടികള്‍ ഇറക്കി നടത്തുമ്പോഴും ..കൈകാലുകള്‍ ബന്ധിച്ചു മെഴുകുതിരികള്‍ ഉരുക്കി ഒഴുക്കുമ്പോഴും ഒരിക്കലും താന്‍ തടഞ്ഞില്ലല്ലോ ..കരഞ്ഞില്ലല്ലോ ..പ്രണയം അങ്ങനെയാണ് . എല്ലാം മാറ്റി മറിക്കും .നിങ്ങള്‍ക്ക് നിങ്ങളെ നഷ്ട്ടപ്പെടും . നിങ്ങള്‍ നിങ്ങളല്ലാതെയാകും..
എങ്കിലും അയാള്‍ സൃഷ്ടിച്ചെടുത്ത വിശ്വാസമെന്ന ചിലന്തിവലയില്‍ കുരുങ്ങി പോയി താന്‍ . ഓര്‍ത്തില്ല എത്ര ലോലമാണ് അതിന്റെ കണ്ണികളെന്നു, എത്ര വേഗത്തില്‍ തകരുമെന്നത് ...കേവലം രണ്ടു വര്‍ഷം . ഒരു ജന്മത്തിലെ പ്രണയം മുഴുവന്‍ കൊടുത്തതാണ് .. എന്നിട്ടും ചതിക്കപ്പെട്ടു .
പരമശിവന്‍ നെറുകയിൽ ചൂടുന്ന ഗംഗയെപ്പോലെ അഭിമാനമായി ശിരസ്സിൽ വഹിച്ചു നടന്നതാണ്. അയാളുടെ പെണ്ണ് എന്നറിയപ്പെടുവാൻ എന്ത് മോഹമായിരുന്നു. അഹങ്കാരമായിരുന്നു കൂടെ നടക്കുമ്പോൾ. അസൂയ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ ഉള്ളിൽ ചിരിച്ചു . എന്നിട്ടും എല്ലാം വർണക്കടലാസിൽ പൊതിഞ്ഞു നൽകിയ ചതിയുടെ കൊടും കയ്പ്പാണെന്നു വളരെ വൈകിയാണ് അറിഞ്ഞത് . ..ഒന്നും രണ്ടും ആയിരുന്നില്ല ...ഒരുപാട് ബന്ധങ്ങള്‍ .താൻ അവയിലൊന്ന് മാത്രം. തകര്‍ക്കപ്പെടുന്നതു വിശ്വാസം ആണെങ്കില്‍ മുറിവേല്‍ക്കുന്നത് ആത്മാവിനാണ് . ഒരിയ്ക്കലും കരിയാത്ത മുറിവുകള്‍ .പിന്നെ ഒരു രക്ഷപ്പെടലായിരുന്നു .ഒളിച്ചോട്ടം .ദാ ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്ന ഓട്ടം . എല്ലാം ഒരിയ്ക്കല്‍ അവസാനിപ്പിച്ചതല്ലേ ..എന്നിട്ടും എന്തിനാണയാള്‍ ഇങ്ങനെ പിന്തുടരുന്നത്.
ഗയ മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു . തല വേദനക്ക് നല്ല ശമനമുണ്ട് . ഡോക്ടർ ഒന്നും പറഞ്ഞില്ല . മൂന്നു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു . ഇളം റോസ് നിറമുള്ള കുറച്ചു ഗുളികകളും തന്നു . ഈ ഗുളിക കഴിച്ചു മാറുന്നതേ ഉണ്ടായിരുന്നുള്ളോ തന്റെ പ്രശ്നങ്ങൾ . അവൾക്കത് വലിച്ചെറിയാൻ തോന്നി . തനിക്കു വേണ്ടത് ശസ്ത്രക്രിയയാണ് . തലച്ചോറും ഹൃദയവും കുത്തി കീറണം . രണ്ടായി പിളർന്നു വെച്ച് അതിൽ അവശേഷിക്കുന്ന അയാളെ പൂർണമായും നീക്കം ചെയ്യണം . എങ്കിലേ തന്റെ അസുഖം മാറൂ ..താൻ ചതിക്കപ്പെട്ടവളും ഉപേക്ഷിക്കപ്പെട്ടവളുമാണ് . പ്രണയത്താൽ മുറിവേറ്റവൾ ..ഒരേ ജീവിതത്തിൽ തന്നെ മരിച്ചവളും ജീവിക്കുന്നവളും.
****************************
"നിങ്ങൾ കരുതും പോലെ അത്ര വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല ഗയയ്ക്കു .. ആള് ശരിക്കും ഒരു വലിയ കണ്‍ഫ്യൂഷന്‍ സ്റ്റേറ്റിലാണ് . ആ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി എടുക്കുന്ന മാനസികാവസ്ഥകളിലൂടെയാണ് അവളിപ്പോള്‍ കടന്നു പോകുന്നത് . മാനസിക പിരിമുറുക്കം കൊണ്ട് ഉണ്ടാകുന്ന ചില ഹാലുസിനേഷന്‍സ് . അതാണ് ഗയ ഈ പറയുന്ന ദൃഷ്ടി വൈകല്യവും മറ്റും . "
ഗയ പടിയിറങ്ങിയതിനു തൊട്ടു പിന്നാലെയാണ് നന്നായി മെലിഞ്ഞ, വെളുത്ത അല്ലെങ്കില്‍ വെളുത്തു വിളറിയ ആ മനുഷ്യന്‍ ഡോക്ടറുടെ മുന്നില്‍ എത്തുന്നത് . കണ്ണടക്കുള്ളില്‍ എപ്പോഴും അടച്ചു തുറക്കുന്ന വലിയ കണ്ണുകള്‍ . വിരലുകള്‍ കോര്‍ത്ത് വലിച്ചു കൊണ്ടുള്ള ആ ഇരുപ്പില്‍ തന്നെയറിയാം വല്ലാത്ത ഒരു മാനസിക പിരിമുറുക്കത്തിന് അടിമയാണ് അയാളെന്ന് . നിവർന്നു നിൽക്കാൻ പോലും അശക്തമായ അയാളുടെ ശരീരത്തിൽ അതിലും ലോലമായൊരു ഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത് . ഏകദേശം അഞ്ചു മാസങ്ങൾക്കു മുൻപുള്ള അയാളുടെ വെറും നിഴൽ മാത്രമായിരുന്നു അയാളിന്ന്.
" വിവാഹാലോചന വന്നപ്പോള്‍ തന്നെ എല്ലാം അവള്‍ പറഞ്ഞതാണ് . അന്നേ ഇനി ഈ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കില്ല എന്ന തീരുമാനവുമെടുത്തു .പിന്നീട് ഇത് വരെ ..എനിക്കോ അവള്‍ക്കോ ഇതേ പറ്റി സംസാരിക്കേണ്ട ഒരാവശ്യവും വന്നിട്ടില്ല .മോള്‍ക്ക് എട്ടു വയസ്സായി . മോളോട് അവളിപ്പോള്‍ സംസാരിക്കുന്നില്ല ...എപ്പോഴും തല വേദനയെന്നും പറഞ്ഞു ഒരേ കിടപ്പ് . അവളോട് ഞാന്‍ എന്താ പറയുക ഡോക്ടര്‍ . ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ഗയയെ തിരിച്ചു വേണം ..അല്ലെങ്കിൽ... ഡോക്ടർ നിങ്ങൾക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ "
" ...എനിക്കയാളുടെ വിവരങ്ങള്‍ തരൂ ...ഇതിനുള്ള മരുന്ന് അയാള്‍ മുഖേനയാണ് എനിക്ക് കണ്ടു പിടിക്കേണ്ടത് .. ജോര്‍ജിന്റെ .."
ഡോക്ടറിന്റെ വിരലുകൾക്കിടയിലൂടെ വലിയ തടിക്കുരിശിൽ കിടക്കുന്ന ഈശോയുടെ ക്രൂശിത രൂപം അയാളെ നോക്കും പോലെ അയാൾക്ക് അപ്പോൾ തോന്നി ..
ഇരുണ്ട വഴിയിലൂടെ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ഇടറുകയും , അയാള്‍ തല ഇടിക്കിടെ വെട്ടിക്കുകയും ചെയ്തു . നിലാവെളിച്ചം കടക്കാത്തത്ര ശക്തമായി ശിഖരങ്ങളാല്‍ പുണര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങൾ അയാളെ ഭയപ്പെടുത്തി .തന്റെ കാലടികളില്‍ പതിയിരിക്കുന്ന വേരുകള്‍ ഭുജകങ്ങളെ പോലെ പത്തി വിടർത്തിയാടുന്നതും തന്റെ കാലുകളിൽ ചുറ്റി വരിഞ്ഞു, വിഷപ്പല്ലുകൾ ആഴ്ത്താൻ വാ പിളർക്കുന്നതായും അയാൾക്ക് തോന്നി . അയാൾ ഓടാൻ തുടങ്ങി ..വേഗത്തിൽ ആടിയാടി ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു ഓടാൻ തുടങ്ങി .
*************************************
ഓക്‌ലാർ ഡോമിനൻസ് എന്നൊരു പ്രതിഭാസമുണ്ട് ..ഗയ കേട്ടിട്ടുണ്ടോ ?
ഇല്ല ഡോകട്ർ .
ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഉറപ്പിച്ചിട്ടാണ് ഇവിടുന്നു ഇറങ്ങിയത് . എന്നാൽ മൂന്ന് ദിവസവും .. ഇവിടേക്കുള്ള ബസിൽ കയറുന്നതിനു തൊട്ടു മുൻപ് വരെ ..ഇങ്ങോട്ടു വരില്ല എന്ന് തീരുമാനിച്ചതാണ് . എന്നാൽ ഇയാളുടെ ശബ്ദം ..കുറുകിയ കണ്ണുകൾ . ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ .. കൈയ്യിലെ കൊന്തയും ആ ക്രൂശിത രൂപവും .എല്ലാം ഒരു വട്ടം കൂടി .ഒരിയ്ക്കൽ കൂടി ഇയാളെ കാണാൻ നിർബന്ധിക്കുകയായിരുന്നു . കണ്ണുകൾ അപ്പോഴും അയാളുടെ കൈയ്യിലെ ആ കൊന്ത തിരയുകയായിരുന്നു .
" സാധാരണ എല്ലാ മനുഷ്യരിലും ഉള്ള ഒരു പ്രതിഭാസമാണത് . എന്നാൽ നമ്മളത് അധികം ശ്രദ്ധിക്കാറില്ല . കാഴ്ചകൾ കാണാൻ തമ്മിൽ തിരഞ്ഞെടുക്കുന്ന കണ്ണ് . മൂന്നിൽ രണ്ടു ശതമാനത്തോളം ആളുകളിലും വലത് കണ്ണാണ് ഡോമിനന്റ് ,ഒരു ശതമാനം ആളുകളിൽ ഇടതു കണ്ണും . ഇവിടെ ഗയയുടെ ഇടതു കണ്ണാണ് ഡോമിനന്റ് . വില്യംസ് - ബുറോൺ സിൻഡ്രോം എന്നൊക്കെ ഇതിനെ വിളിക്കും.. ഇത്തരം ആളുകളിൽ മൈഗ്രേൻ പോലത്തെ രോഗങ്ങൾ സാധാരണമാണ് ...അത്തരം ഒരു തല വേദനയാണ് ഗയക്കു അനുഭവപ്പെടുന്നതും ... "
പിന്നെ വല്ലാത്ത ടെൻഷൻ ഉണ്ട് ഗയ ക്കു ..അത് മാറാൻ ഒറ്റ വഴിയേ ഉള്ളൂ ..തന്റെ ഭർത്താവിനോട് എല്ലാം തുറന്നു പറയുക . എന്ന് വെച്ചാൽ കുറച്ചു നാളുകൾ മുൻപ് ജോർജ് തന്നെ കാണാൻ വന്നത് മുതലുള്ള കാര്യങ്ങൾ ....
അപ്പോഴും ഡോക്ടറുടെ കൈകളിലെ കൊന്തക്കായി തിരഞ്ഞ നടന്ന ഗയയുടെ കണ്ണുകൾ ഒരു നിമിഷം അനക്കമറ്റു . കണ്ണുകൾ തുളുമ്പി .
" ഒരാൾ മനസ്സ് തുറക്കാൻ തയ്യാറാണെങ്കിൽ ഹിപ്നോട്ടിസം വളരെ എളുപ്പമാണ് ഗയ . നമ്മളെല്ലാം പല ഘട്ടങ്ങളിലും ഹിപ്നോട്ടിക് സ്റ്റേജിലേക്ക് പോകാറുണ്ട് .നീണ്ട യാത്രക്കിടയിൽ നമ്മൾ യാത്ര ചെയ്യുകയാണ് എന്ന് നമ്മൾ മറന്നു പോകാറില്ല . ഡ്രൈവിങ്ങിൽ നമ്മളെ ചില ഹോണുകൾ വിളിച്ചുണർത്താറില്ലേ ...എന്തിനു ഒരു സിനിമ കാണുമ്പോൾ നമ്മൾ കരായാറില്ലേ . അതെല്ലാം ഒരു തരത്തിൽ ഹിപ്നോട്ടിസം തന്നെയാണ് . ഒരു രാജ്യത്തെ മുഴുവൻ ഹിപ്നോട്ടൈസ് ചെയ്ത ഹിറ്റ്ലറെ അറിയില്ലേ .. jew എന്ന ഒറ്റ വാക്കിൽ ഒരു ജനത മുഴുവൻ ഹിപ്നോട്ടിക് സ്റ്റേജിലേക്ക് പോയില്ലേ .മാസ് ഹിപ്നോട്ടിസം .അതെ പോലെ ..എന്റെ കൈയ്യിൽ കോർത്തിട്ടിരുന്ന കൊന്തയിലൂടെ ഗയ ..തന്റെ മനസ്സ് ഞാൻ അന്നേ വായിച്ചു . "
മനസ്സിലുള്ള ഭാരമെല്ലാം പൂർണമായും മാഞ്ഞു പോകും പോലെ ഗയക്കു തോന്നി . ശരീരവും മനസ്സും തൂവൽ പോലെ ഭാരമില്ലാതെയാകുന്നു .
" ഞാൻ തന്റെ ഭർത്താവിനോട് സംസാരിച്ചു . അയാൾ പുറത്തുണ്ടാകും . പൂർണ്ണമനസ്സോടെ തന്നെ സ്വീകരിക്കാൻ ....."
അവൾ കൈകൾ കൂട്ടി പിടിച്ചു മെല്ലെ വിതുമ്പുന്നുണ്ടായിരുന്നു .
" പിന്നെ ജോർജ് ..അയാളോടും ഞാൻ സംസാരിച്ചു .അയാൾ ഇനി വരില്ല . തന്നെ ഭീഷണിപ്പെടുത്തിയ പോലെ വീഡിയോ ക്ലിപ്സ് ഒന്നും അയാളുടെ കൈയ്യിൽ ഇല്ലാ .. ഗയക്കു പെൺകുഞ്ഞല്ലേ .. അവൾക്കു ഈ പ്രായത്തിൽ തന്റെ സ്നേഹവും സംരക്ഷണവും വളരെ ആവശ്യമാണ് ഗയ . .."
കൈകൾ കൂപ്പി അയാളെ തൊഴുമ്പോൾ അവൾ പൊട്ടിക്കരയുകയായിരുന്നു . നന്ദിയെന്നും .. മറക്കില്ലെന്നുമുള്ള വാക്കുകൾ വിതുമ്പലിൽ പൊട്ടിച്ചിതറി വീണു .
ഗയയെ നെഞ്ചോട് ചേർത്തു പിടിച്ചു നടക്കുമ്പോൾ ഹരി മുകളിലേക്ക് നോക്കി .ഇലകൾ തലയാട്ടി ചിരിക്കുന്നു . ശിഖരങ്ങൾ ചുംബിക്കുന്നു . അയാളുടെ ചുണ്ടുകൾ അവളുടെ ശിരസ്സിൽ ചുംബനം തൊട്ടു .പിന്നെ അതൊരു മഴയായി ..അവൾ തണുത്തു . അപ്പോൾ പൊട്ടി വീണൊരു മഞ്ഞു കണം പോലെ അവൾ വല്ലാതെ തണുത്തു ....
*************************************
അവർക്കു പിന്നാലെ , വൃക്ഷങ്ങളുടെ തണലിലൂടെ ഒരു കറുത്ത അംബാസിഡർ കാർ വളരെ വേഗത്തിൽ നഗരത്തിലേക്ക് കുതിച്ചു . അകലെ ബോഗൻ വില്ലകൾ പടർന്നു പിടിച്ച ഗേറ്റിനു ചങ്ങല പൂട്ട് വീണിരുന്നു. കാറിനുള്ളിൽ അയാൾ തന്റെ പാതിയും നരച്ച താടി തടവി .രോമങ്ങൾ നിറഞ്ഞ കൈകൾ കൊണ്ട് പണം അടങ്ങിയ ബാഗ് ഒന്ന് കൂടി ചേർത്ത് പിടിച്ചു .എതിരെ പാഞ്ഞു പോകുന്ന പോലീസ് വാഹനങ്ങളെ മാറി കടന്നു അയാൾ വളരെ വേഗം മുന്നോട്ടു കുതിച്ചപ്പോൾ അയാളുടെ ഇടം കണ്ണ് ഒന്ന് കുറുകി . ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തി . മുന്നിൽ തൊണ്ണൂറു സെക്കൻഡുകൾ ..
സായാഹ്‌ന പാത്രവുമായി ഒരു പയ്യൻ , അയാളുടെ കാറിനെ കടന്നു പോയി ...
"ചൂടുള്ള വാർത്ത ..ചൂടുള്ള വാർത്ത ..
നഗരാതിർത്തിയിൽ യുവാവിന്റെ മൃതദേഹം . .."
നഗരാതിർത്തിയിൽ യുവാവിന്റെ മൃതദേഹം . .."
നഗരാതിർത്തി പിന്നിട്ടു മുന്നോട്ടു പോയ വാഹനത്തിൽ നിന്നും ഒരു മൊബൈൽ ഫോൺ ആകാശത്തിലൂടെ പറന്നു വീണു .
മറ്റൊരു ഫോൺ റിങ് ചെയ്തു...
മറ്റൊരു ഫോൺ റിങ് ചെയ്തു...
" ഡോക്ടർ ..... അടുത്ത് ക്ലൈന്റ് ചെന്നൈയിൽ ആണ് ..ഒരു ചീറ്റിങ്ങ് കേസ് ...അവിടെ .കാര്യങ്ങൾ ."
അയാൾ ഒന്ന് ചിരിച്ചു
"ഇവിടെ ഇട്ടു കൊടുത്തു കൊന്തക്ക് പുറകെ അവർ ഓടട്ടെ ......"
അപ്പോൾ അയാളുടെ കൈയ്യിൽ ചുറ്റി പിണഞ്ഞ് കിടന്നതു സാമാന്യം വലിപ്പമുള്ള ഒരു രുദ്രാക്ഷ മാലയായിരുന്നു.
"നുണയുടെ വലിപ്പത്തിൽ എല്ലായ്പോഴും വിശ്വാസ്യതയുടെ ഒരു പ്രത്യേക ഘടകം അടങ്ങിയിരിക്കുന്നു, കാരണം മഹാഭൂരിപക്ഷം ആളുകളും ഒരു ചെറിയ കള്ളത്തെക്കാൾ വലിയ കള്ളത്തരങ്ങളിൽ വേഗം അകപ്പെടും .."
അയാൾ ഉറക്കെ ചിരിച്ചു . അപ്പോൾ അയാളുടെ മുന്നിൽ കാഴ്ചകൾ , ഒരു പരന്ന തലത്തിൽ എന്ന പോലെ കാണപ്പെട്ടു . അതൊരു കുപ്പി ചെരിച്ചിട്ടത് പോലെയോ ..അഗ്രം കൂർപ്പിച്ച ഒരു പെൻസിൽ പോലെയോ അയാൾക്ക് തോന്നി .
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം .
01-10-2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക