
.......ചെറുകഥ ....
കുപ്പി പൊട്ടിച്ചു രണ്ടെണ്ണം നിന്ന നിൽപ്പിൽ അകത്താക്കി. ഭാര്യയെ ഇന്ന് അവളുടെ വീട്ടിലേക് പോയത് നന്നായി ബാങ്കിലെ പ്രശ്നങ്ങളും ഫാമിലി പ്രോബ്ലംസും ഒക്കെ ഒഴിഞ്ഞിട്ട് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് അപൂർവം ആണ്. എന്നാൽ പിന്നെ അത് ആഘോഷിക്കാം എന്ന് വെച്ചു. സജീറിനെ ഒരു കമ്പനിയ്ക്ക് വിളിച്ചതാണ് പക്ഷേ അവൻ ഒടുക്കത്തെ ബിസി
ഒരു കണക്കിന് ഒറ്റക് ഇരിക്കുന്നതും ഒരു രസം ആണ്. പുറത്ത് നല്ല മഴ ചെറിയ മിന്നലും ഉണ്ട്. സമയം നോക്കി
10 മണി
ഹോ എത്ര വേഗമാണ് സമയം ഓടി മറയുന്നതു. മഴക്ക് ശക്തി കൂടി വരുന്നുണ്ട്. കർത്താവെ കറന്റ് പോകാതിരുന്നാൽ മതിയായായിരുന്നു. ചിന്തിച്ചു തീർന്നില്ല കറന്റ് അതിന്റെ പാട്ടിനു പോയി
ഹോ പണ്ടാരം എമർജൻസി ലൈറ്റ് താഴെ ആയിരിക്കും ഒന്ന് പോയി നോക്കാം
മുറി തുറന്നു പുറത്തേക്കു ഇറങ്ങി. നല്ല ഇരുട്ടു ആയതിനാൽ ഭിത്തിയിൽ പിടിച്ചു കൊണ്ട് പതിയെ ഇറങ്ങി. മൊബൈൽ എടുത്തു കൊണ്ട് ഇറങ്ങിയാൽ മതിയായിരുന്നു. അതെങ്ങനാ രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ ബോധം ഇല്ലല്ലോ
പതിയെ തപ്പി തടഞ്ഞു ഒരു വിധം സ്റ്റെപ്പിന്റെ അടുത്ത് എത്തി. പതിയെ സ്റ്റെപ്പിലേക്ക് ഒരു കാൽ ഇറക്കിയതും എന്തിലോ തട്ടി ബാലൻസ് പോയതും ഒരുമിച്ച് ആയിരുന്നു
ഒരു നിമിഷം. നെഞ്ച് ഒന്ന് ആളി പിടി വിട്ട് ഞാൻ സ്റ്റെപ്പിലേക്ക് മറിഞ്ഞു വീഴാൻ തുടങ്ങിയതും രണ്ട് കൈകൾ എന്നെ താങ്ങി നിർത്തി
ആദ്യത്തെ ഒരു ആശ്വാസം. പെട്ടെന്ന് റിലെ തിരികെ കിട്ടി. വീഴാൻ പോയ എന്നെ താങ്ങി നിർത്തിയത് ആര് ?
ആ കൈകൾ തണുത്തു മരവിച്ചിരുന്നു. തൊണ്ട വരളുന്ന പോലെ. പെട്ടെന്ന് എന്റെ കഴുത്തിന്റെ പിന്നിൽ തണുത്ത ഒരു ഉച്ഛാസവായു തട്ടി
ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു എന്റെ തൊട്ടു പുറകിൽ ആരോ ഉണ്ട്
ആരാ ?
എന്റെ ശബ്ദം എങ്ങനെ പുറത്ത് വന്നു എനിക്ക് തന്നെ അറിയില്ല. ഞാൻ അത്രയേറെ ഭയപ്പെട്ടിരുന്നു
ആ കനത്ത ഇരുട്ടിലെ ഭയാനകമായ നിശബ്ദത എന്നിലെ ഭയത്തെ ഇരട്ടിയാക്കി .എന്റെ മരണമാണ് എന്റെ തൊട്ടടുത് എത്തി നില്കുന്നതെന്ന് എനിക്ക് തോന്നി
എബിൻ സാറെ................... !
എന്റെ തൊട്ടു അടുത്ത് എവിടെ നിന്നോ ചിലമ്പിച്ച ആ ശബ്ദം എന്നെ തേടി വന്നു
ഞെട്ടി തരിച്ച ഞാൻ ഭിത്തിയോട് ചേർന്നു നിന്നു. ഭയം മൂലം എന്റെ ഹൃദയം പൊട്ടി തെറിച്ചു പോകുമെന്ന് എനിക്ക് തോന്നി
പെട്ടെന്ന് എന്റെ കഴുത്തിൽ തണുത്തു മരവിച്ച ശവത്തിന്റേതു എന്ന് തോന്നിക്കുന്ന കൈകൾ അമർന്നു. എനിക്ക് ശ്വാസം കിട്ടാതെ ആയി
എബിൻ സാറെ........... ! ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിക്കാൻ നല്ല രസം ആണ് സാറെ സാറിന് മരിക്കണോ ?
ആ കൂരിരുട്ടിൽ ചിലമ്പിച്ച ആ ശബ്ദം വീണ്ടും എന്നെ തേടി എത്തി
വല്ലാത്ത ബലമുള്ള ആ കൈകൾ എന്നെ പൊക്കി നിർത്തി. ഒരു നുള്ള് ശ്വാസത്തിനായി ഞാൻ പിടഞ്ഞു
പെട്ടെന്ന് ആ കൈകൾ എന്നെ സ്വന്തന്ത്രൻ ആക്കി
ഞാൻ നിലത്തേക്ക് ഊർന്നു വീണു. ശ്വാസം ആർത്തിയോടെ അകത്തേക്ക് വലിച്ചെടുത്തു. തൊണ്ടയിൽ എന്തോ തടഞ്ഞു. നിർത്താൻ പറ്റാതെ ഞാൻ ചുമച്ചു
നീ അങ്ങനെ അങ്ങ് മരിക്കാൻ പാടില്ല. കയർ കഴുത്തിൽ കുരുങ്ങിയപ്പോൾ ഒരിറ്റു ശ്വാസം കിട്ടാതെ ഞാൻ അനുഭവിച്ച മരണ വേദന അതിന്റെ ഇരട്ടി നീ അറിയണം
ഇരുട്ടിൽ എവിടെയോ ആ ശബ്ദം വീണ്ടും മുഴങ്ങി
നിങ്ങൾ ആരാ ? ഞാൻ ചോദിച്ചു ഭയം കൊണ്ട് എന്തോ വികൃത ശബ്ദം മാത്രം ആണ് പുറത്തു വന്നത്
ഞാൻ ആരാ എന്നല്ലേ നീ ചോദിച്ചത് ?എന്നെ നീ മറന്നോ എബിൻ ? ഞാൻ വർക്കി. ഇന്ന് ഉച്ചക്ക് നിന്നെ കാണാൻ ഞാൻ നിന്റെ ബാങ്കിൽ വന്നിരുന്നു. ആ ജപ്തി ഒഴിവാക്കണം എന്നും പറഞ്ഞ് നിന്റെ കാലു പിടിച്ചു ഞാൻ കരഞ്ഞു ഇപ്പോൾ ഓർക്കുന്നോ എബിൻ സാറെ ?
എനിക്ക് ഓർമ വന്നു 45 വയസ്സുള്ള വർക്കി. അരോഗദൃഢഗാത്രനായ വർക്കി ചേട്ടൻ. കാർഷിക ആവശ്യത്തിന് ആയി എടുത്ത ലോൺ തിരിച്ചടക്കാൻ 3 മാസം കൂടി ടൈം വേണമെന്ന് പറഞ്ഞ് എന്റെ കാല് പിടിച്ചു കരഞ്ഞ വർക്കി ചേട്ടൻ
എബിൻ സാറെ.... ! എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് ആ ശബ്ദം വീണ്ടും മുഴങ്ങി
ഒരു 3 മാസം കൂടി സമയം ഞാൻ ചോദിച്ചു. എന്റെ കിടപ്പാടം ആണ് സാറെ ആ വീട്. ഞങ്ങളുടെ അന്നം ആ മണ്ണ് ആണ് സാറെ. അത് കൈവിട്ടു പോകാതിരിക്കാൻ ഞാൻ സമയം ചോദിച്ചു അപ്പോൾ നീ എന്താ പറഞ്ഞെ ? ബാങ്കിന്റെ സിസ്റ്റം അത് അനുവദിച്ചു തരില്ല എന്ന് അല്ലെ ? എബിൻസറെ ബാങ്കിന്റെ അല്ല ഈ ലോകത്തിന്റെ തന്നെ സിസ്റ്റം നിയന്ത്രിക്കുന്ന ഭക്ഷണം എന്ന സാധനം ഉണ്ടാക്കാൻ പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന എന്നെ പോലുള്ള കർഷകരെ സംരക്ഷിക്കാൻ കഴിയാത്ത സിസ്റ്റം ഇവിടെ എന്തിനാ സാറെ
ഒരു നിമിഷം വർക്കി നിർത്തി
എബിൻസാറെ നിങ്ങളെ പോലുള്ള വലിയ വലിയ ആൾകാർ അത് എൻജിനീയർ, ഡോക്ടർ, രാഷ്ട്രീയകാർ..... അങ്ങനെ ആരും ആകട്ടെ വിശക്കുമ്പോൾ കൈയും കഴുകി തീൻമേശയുടെ മുൻപിൽ വന്നിരിക്കുമ്പോൾ ആ ഭക്ഷണം ഉണ്ടാക്കിയ കർഷകന്റെ യാതന ഒന്ന് ഓർക്കുന്നത് നല്ലതാണ്. അല്ലെ നാളെ കർഷകൻ എന്ന വാക്ക് ഇല്ലാണ്ടായി പോകും. അത് ഈ ലോകത്തിനു താങ്ങാൻ പറ്റുമോ സാറെ ? എന്നെ മരണത്തിലേക്ക് തള്ളി വിട്ട നീയും ഇനി ജീവിക്കണ്ട
ഇത്രയും പറഞ്ഞതും വർക്കി ചേട്ടന്റെ തണുത്ത കൈകൾ എന്റെ കഴുത്തിൽ വീണ്ടും അമർന്നു. ഞാൻ കിടന്നു പിടഞ്ഞു. എന്റെ മരണം അടുത്ത് വരുന്നത് ഞാൻ അറിഞ്ഞു
ഡാ.........ജീവിക്കാൻ രക്ഷയില്ലാതെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു കുടുംബത്തോടെ സ്വയം ഇല്ലാതെ ആയ കർഷകരുടെ ആത്മാക്കൾ എല്ലാം പ്രതികാരത്തിന് ഇറങ്ങിയാൽ നീ പറഞ്ഞ ഈ രാജ്യത്തിന്റെ സിസ്റ്റം പണ്ടേക്കുപണ്ടേ ഇല്ലാണ്ടായി പോയേനെ
ഇതും പറഞ്ഞ് എന്റെ കഴുത്തിലെ പിടിയും വിട്ടു. എന്റെ ബോധം മറയുന്നതു എനിക്ക് മനസിലാകുന്നുണ്ടായിരുന്നു അത് എന്റെ മരണം ആണെന്ന് ഞാൻ ഭയപ്പെട്ടു
നിർത്താതെ ഉള്ള കാളിങ് ബെല്ല് സൗണ്ട് എന്നെ സ്വബോധത്തിലേക്ക് ഉണർത്തി. ഇന്നലെ നടന്നതൊക്കെ സത്യമോ സ്വാപ്നമോ ? ശരീരം ആകെ ഇടിച്ചു നുറുക്കിയ പോലുള്ള വേദന
ഒരു വിധം നടന്നു ചെന്നു ഫ്രണ്ട് ഡോർ തുറന്നു. ബാങ്കിലെ പ്യുൺ പ്രകാശൻ
എന്താ പ്രകാശ... ?
സാറെ നമ്മുടെ വർക്കി ആത്മഹത്യാ ചെയ്തു........ !
ഒരു നിമിഷം നടുങ്ങി നിന്നു. പിന്നെ ഒരു ഇടിമുഴക്കം പോലെ വർക്കി ചേട്ടന്റെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി
സ്വയം ഇല്ലാണ്ടായ കർഷകരുടെ ആത്മാക്കൾ പ്രതികാരത്തിന് ഇറങ്ങിയാൽ ഈ രാജ്യത്തിന്റെ സിസ്റ്റം തന്നെ ഇല്ലാണ്ടാകും
ഒരു ഓര്മപെടുത്തലോടെ,
ഉണ്ണികൃഷ്ണൻ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക