നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛൻ വഹ... ഒരു പ്രേതം~~~~~~~~~~~~~~~
നാലാം ക്ലാസിൽ പഠിക്കുന്ന സമയം.
ടീച്ചേഴ്സിന്റെ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള പഠിപ്പിക്കലും പേടിപ്പിക്കലും പിച്ചലും ഒക്കെ സഹിച്ചു വൈകുന്നേരം ആയപ്പോൾ വീട്ടിൽ വന്നു കയറിയ ഉടനെ അമ്മ വക ഓർഡർ.
" നീ ചായ കുടിച്ചിട്ടു വൈകിട്ട് റേഷൻ കടയിലേക്ക് സഞ്ചിയും റേഷൻ കാർഡുമായി പോകണം. അച്ഛൻ നേരെ അങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. "
അല്ലേലും പിള്ളേരായാൽ അച്ഛൻ വക കോമ അമ്മ വക ഓർഡർ ശിരസ്സാ വഹിക്കണം എന്നാണല്ലോ നാട്ടുനടപ്പ്. പിന്നെ ആ അലമാരയുടെ മുകളിലിരിക്കുന്ന ആ ചൂരൽ... അതും ഒരു വലിയ പ്രശ്നമാണ്...
അല്ല നിങ്ങള് പറയ്, ഒരു കുരുന്നു ശരീരത്തിന് എവിടുന്നൊക്കെ പീഡനം സഹിക്കാൻ പറ്റും. സ്കൂള് , വീട്... രണ്ടിടത്തു നിന്നും റെസ്റ്റ് ഇല്ലാതെ കിട്ടുകയാണെങ്കിൽ ഞാൻ വല്ല ആട് തോമയും ആയിപ്പോകും പിന്നെ കറുത്ത മുട്ടനാടിന്റെ നെഞ്ചിലെ ചോര എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ ആ വടിയെ ഇരുന്നിടത്തു നിന്നും അനങ്ങാൻ പോലും സമ്മതിക്കാതെ ബഹുമാനിച്ചു പോന്നിരുന്നു.
അങ്ങിനെ ചായ കുടിയൊക്കെ കഴിഞ്ഞു പുസ്തകം വെറുതെ തുറക്കാ അടയ്ക്കാ എന്നീ കലാപരിപാടി അഞ്ചാറു വട്ടം ചെയ്തു കഴിഞ്ഞപ്പോൾ നേരം ആറു മണിയായി.
ഈ 'ധൈര്യം' എന്ന സാധനം എന്റെ ഇളയമ്മയുടെ മകനായത് കൊണ്ട് ഞാൻ വലിയ റിസ്ക് എടുക്കാനൊന്നും നിന്നില്ല. ഉള്ള പകൽ വെളിച്ചത്തിൽ അപ്പൊ തന്നെ വീട്ടിൽ നിന്നിറങ്ങി.
നേരെ റേഷൻ കടയുടെ അടുത്തെത്തി ആദ്യം വെറുതെ സൈഡിൽ നിന്നു. നിന്ന് മടുത്തപ്പോൾ മെല്ലെ ബെഞ്ചിൽ ഇരുന്നു. എന്തിന് പറയുന്നു അവസാനം ഞാൻ റേഷൻ കടക്കാരന്റെ ഹെൽപ്പറുമായി. പുള്ളി വിളിച്ചു പറയും ഞാൻ പഞ്ചസാര മണ്ണെണ്ണ തുടങ്ങിയ സംഭവങ്ങൾ പകർത്തി കൊടുക്കൽ ഒക്കെ ഫ്രീയായി ചെയ്യാൻ തുടങ്ങി.
വേറൊന്നുമല്ല റേഷൻ കടയുടെ നേരെ മുമ്പിലുള്ള വീട്ടിലാണ് എന്റെ ക്ലാസ്സിലെ പഠിപ്പിസ്റ്റ് പെൺകുട്ടിയുടെ വീട്. ഊണിലും ഉറക്കത്തിലും പഠിപ്പേ പഠിപ്പ് എന്നൊരു ചിന്ത മാത്രം. അയ്യേ... ഇങ്ങനെയുമുണ്ടോ പിള്ളേര് .... ഇങ്ങിനെയുള്ള അലവലാതികൾ കാരണമാണ് മാഷുമാരും ടീച്ചർമാരും വീട്ടുകാരും ദേ അവളെ കണ്ടു പഠിക്ക് ദേ അവനെ കണ്ടു പഠിക്ക് തുടങ്ങിയ ആക്രോശങ്ങൾ ഇമ്മളെപ്പോലുള്ള സാധാരണ പിള്ളേർക്ക് നേരെ അലറേണ്ടി വരുന്നത്.
ഹും...ഇവിടെ പൊത്തകത്തിൽ ഉള്ളത് നേരെ ചൊവ്വേ പഠിക്കാൻ പറ്റുന്നില്ല അപ്പഴാ ഇനി അവരേം ഇവരേമൊക്കെ കണ്ടു പഠിക്കാൻ പോകുന്നത്.
അവൾ അവിടെ നിന്ന് ഒളികണ്ണിട്ട് എന്റെ നിൽപ്പ് നോക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു ജാള്യം. അതാ ഞാൻ ചോയ്ക്കാതെം പറയാതേം ആ ജോലി അങ്ങോട്ട് ഏറ്റെടുത്തത്. ഇമ്മളോട് ബഹുമാനം തോന്നും എന്നായിരുന്നു ഇമ്മടെ ഇത്തിരിക്കോളം പോന്ന മനസ്സിൽ വന്ന ചിന്ത.
പക്ഷേ പിറ്റേ ദിവസം കണ്ടപ്പോ അവള് ചോയ്ക്കാ... " നീ ഇപ്പഴേ പണിക്ക് പോയി തുടങ്ങിയോ ചെക്കാ... നിനക്കതാ നല്ലത്... ഞാൻ വേണേ അച്ഛനോട് പറയാം നാളെ മുതൽ പറമ്പിൽ പണിക്ക് പോരെ " ന്ന്.
ശ്ശോ... സീതാദേവി ഭൂമി പിളരാൻ ആഗ്രഹിച്ചതിന്റെ ത്രിബിളായി നമ്മ ആഗ്രഹിച്ചു. ഇതൊന്ന് പിളർന്ന് നുമ്മ മാവേലീടെ പോലെ താഴ്ത്തേക്ക് പോയിരുന്നെങ്കിലെന്നു. എവടെ പിളരാൻ... നമ്മ ദേവനും ദേവിയും ഒന്നുമല്ലല്ലോ... ആകെ ചമ്മി നാശകോശമായി പോയി. ആ അതവിടെ നിക്കട്ടെ. അപ്പൊ നമുക്ക് കാര്യത്തിലേക്ക് വരാം.
അങ്ങിനെ മണി ആറിൽ നിന്ന് ഏഴിലേക്ക് വന്നു ഒട്ടും റെസ്റ്റെടുക്കാതെ ഒരു ചായ പോലും കുടിക്കാതെ ഏഴിൽ നിന്നും എട്ടിലേക്ക് വന്നു. വരാനുള്ള എല്ലാ ബസും കൃത്യസമയത്ത് വന്നു. അച്ഛൻ മാത്രം വന്നില്ല...
ആ പട്ടി ... ഇളയമ്മയുടെ മകൻ..അതായത് ' ധൈര്യം.'..!!! ജനിച്ചപ്പോൾ മുതൽ എന്റെ ശത്രു ആയ കാലമാടൻ ' ധൈര്യം ' എന്റെ ഏഴ് അയൽവക്കത്ത് പോലുമില്ല. അപ്പോഴാണ് ഇടിത്തീ പോലുള്ള ആ വാക്കുകൾ ഞാൻ കേട്ടത് അതും റേഷൻ കടക്കാരന്റെ വായിൽ നിന്നും....
" നിന്റെ അച്ഛൻ ഇന്നിനി വരുമെന്ന് തോന്നുന്നില്ല മോനേ... നീ വീട്ടിൽ പൊക്കോ. ഞാൻ കടയടയ്ക്കാൻ പോകുവാ "
ദുഷ്ടൻ...!!! എന്നാ വെറും നിസ്സാരം ഒരു ' ഒന്നര കിലോമീറ്റർ ' നടന്ന് എന്നെ വീട്ടിൽ കൊണ്ടു വിടുക... എവടെ... ? പൊക്കോളാൻ... !!!!
കാര്യം വീട്ടിൽ പോകുന്നത് എനിക്കും സന്തോഷമുള്ള കാര്യമാണ്. പക്ഷേ എങ്ങിനെ പോകും...?? അതാണ് പ്രശ്നം. ഞാൻ പുറത്തേക്കിറങ്ങി ഇടത്തോട്ടും വലത്തോട്ടും നോക്കി ...
ഈ പ്രേതങ്ങളുടെ ഏതൊക്കെ സമയത്ത് ഏതൊക്കെ റൂട്ടാണ് എന്നുള്ള ടൈം ടേബിൾ അറിയാമായിരുന്നെങ്കിൽ സുഖമായിരുന്നു. അത് നോക്കി ഓപ്പോസിറ്റ് വഴി പോയാൽ മതിയല്ലോ. അല്ലേലും ഈ പ്രേതങ്ങൾക്കൊന്നും പണ്ടേ ഒരു കൃത്യനിഷ്ഠയുമില്ല.
മെയിൻ റോഡ് വഴി പോകണമെങ്കിൽ ഇനിയും ഒരു കിലോമീറ്റർ വേറെ പോകണം. എന്റെ കുഞ്ഞു ഹൃദയത്തിന് അത്രയും പേടിയൊന്നും താങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. കനാൽ വരമ്പു വഴി ഒരു എളുപ്പവഴിയുണ്ട് അതിലെ പോകാം. അച്ഛൻ കൂടെയുണ്ടാകുമല്ലോ എന്ന് കരുതി ഞാൻ ടോർച്ച് വരെ എടുത്തിട്ടുണ്ടായിരുന്നില്ല.
കനാലിലേക്ക് കയറുന്ന ഇടവഴി എത്തിയപ്പോഴാണ് ഇടിമിന്നൽ പോലെ ആ ചിന്ത വന്നത്... ആ വഴിയിലുള്ള രണ്ടു വീടുകളിൽ ഒന്നിലെ ഒരു ചെറുപ്പക്കാരൻ ചേട്ടൻ മരിച്ചിട്ട് വെറും ഒരാഴ്ച്ച ആവുന്നതെ ഉള്ളൂ. അതും ആക്‌സിഡന്റ് മരണം....!!! ഹോ... ആഗ്രഹങ്ങൾ ബാക്കി വെച്ചു പോയേക്കുന്ന ആത്മാവ്...!!! ദുർമരണം...!!!
നിക്കറിന്റെ മുൻഭാഗം വിയർത്തോ ആവോ...?? ഒരു നനവ് പോലെ... അതിന് തുണി വിയർക്കുമോ...?? പിന്നെന്താണാവോ ആ നനവ്...? ആവോ ആർക്കറിയാം...
തിരിഞ്ഞു നോക്കിയപ്പോ നല്ല കൂറ്റാക്കൂറ്റിരുട്ട്... ഈ നിലാവൊക്കെ ആരുടെ കല്യാണത്തിന് ചോറുണ്ണാൻ പോയെക്കുവാണാവോ... ?
പാതി വഴി വന്നു കഴിഞ്ഞു. ഒരു വെട്ടം പോലുമില്ല കയ്യിൽ... ഈ മരിച്ച ആളുടെ ഇപ്പുറത്തെ വീട്ടിൽ ഒരു അമ്മിണി ചേച്ചി വിത്ത് ഫാമിലിയാണ് താമസിക്കുന്നത്. ആ രണ്ടു വീടുകൾക്കിടയിലൂടെയാണ് വഴി. വീടുകൾ തമ്മിൽ നല്ല അകലമുണ്ട്. ഇത്തിരി സ്ഥലമൊക്കെ ഉള്ള കൂട്ടരാണ് രണ്ടു വീട്ടുകാരും. അവരുടെ പറമ്പിന്റെ അതിർത്തിയിലൂടെയാണ് വഴി. ഞാൻ ആ വഴി കുറച്ചു നടന്നു... ആ സമയത്ത് വല്ല ഉറുമ്പും എന്റെ കൂടെ നടത്തത്തിൽ മത്സരിക്കാൻ വന്നിരുന്നെങ്കിൽ അവർക്ക് എപ്പോ കപ്പ് കിട്ടിയെന്ന് ചോദിച്ചാൽ മതി. അത്ര സ്പീഡിലാണെ നടപ്പ്...
എത്ര നോക്കണ്ട നോക്കരുത് എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞിട്ടും കൃത്യമായി അവിടെയെത്തിയപ്പോൾ അറിയാതെ ആ ചേട്ടന്റെ കുഴിമാടത്തിന്റെ അങ്ങോട്ട് നോക്കിപ്പോയി. അതാ അവിടെ റീത്തിന്റെ ആ സിൽക്ക് വള്ളികൾ തിളങ്ങുന്നു. പിന്നെ എന്തോരും ശ്രമിച്ചിട്ടും ഇമ്മടെ കാല് ഒരടി മുന്നോട്ട് അനങ്ങിയില്ല.
ഞാൻ ഓർത്തു വെറുതെ റിസ്ക് എടുക്കണ്ട. അമ്മിണി ചേച്ചിയുടെ വീട് വഴി കയറിപ്പോകാം അവിടുന്നു എന്തെങ്കിലും വെട്ടം വാങ്ങി പോകാമല്ലോ. തിരിച്ചു നടന്നു.
അമ്മിണിചേച്ചിയുടെ മുറ്റത്തു എത്തിയപ്പഴേ കേട്ടു അകത്ത് ഉച്ചത്തിൽ ഉള്ള പ്രാർത്ഥന... പണ്ടാരമടങ്ങാൻ ആ നേരത്താണെങ്കിൽ കറന്റ് കട്ടും. ഞാൻ നാണിക്കാനൊന്നും പോയില്ല... വിളിച്ചു.
" ചേച്ചിയേ... ചേച്ചിയേ...."
കരഞ്ഞോണ്ടിരുന്ന കാക്കക്കൂട്ടം ബിരിയാണി സദ്യ കഴിക്കാൻ പോയ പോലത്തെ ഒരു നിശബ്ദത അവിടെ വന്നു. അകത്തെ പ്രാർത്ഥനയും നിന്നു. അഞ്ചാറു പ്രാവശ്യം ആരോഹണത്തിലും അവരോഹണത്തിലും വിളിച്ചിട്ടും ങ്ങേ..ഹേ..നോ റെസ്പോണ്സ്.
ഹോ എന്റെ ദുർവിധിയെ പഴിച്ചു ഞാൻ ആ വീടിന്റെ സൈഡിലൂടെ നടന്നു. മറ്റേ വീടിന്റെ പുറകുവശത്ത് ഒരു നെല്ലി മരമുണ്ട്. കൃത്യം അവിടെയെത്തിയപ്പോ വാതിൽ തുറക്കുന്ന ഒരു ശബ്ദം. നോക്കിയപ്പോ അമ്മിണി ചേച്ചിയുടെ അടുക്കള വാതിലിന്റെ ( നാല് പാളിയുള്ള പണ്ടത്തെ മോഡൽ വാതിലാണ് അടിയിൽ രണ്ടുപാളി മുകളിൽ രണ്ടുപാളി ) ഒരുപാളി തുറക്കുന്നതാണ്. വിളക്ക് പിടിച്ച ഒരു കൈ വിറച്ചു വിറച്ചു അതിലൂടെ പുറത്തേക്ക് വരുന്നുണ്ട്. ഒപ്പം വിറച്ചു വിറച്ചു ഒരു ചോദ്യവും...
" ആ....രാ...? "
ഞാൻ വേഗം ആ നെല്ലിയുടെ ചുവട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു.
" ഞാനാ... "
ശ്ശ്ശ്ശൂം... വിളക്ക് പിടിച്ച കൈ അകത്തേക്ക് വലിഞ്ഞു.... ടപ്പേ എന്ന ശബ്ദത്തോടെ വാതിൽപ്പാളിയും അടഞ്ഞു. അകത്തു ഈശോ മറിയം ഔസേപ്പേ വിളിയും തുടങ്ങി.
ഹോ എന്ത് പറയാൻ.... വിധിച്ചതുമില്ല കൊതിച്ചതുമില്ല കറിച്ചട്ടിയിലാണെങ്കി പാറ്റയും വീണു എന്നു പറഞ്ഞോലെയായി ഇമ്മടെ കാര്യം.
പിന്നെ ഒന്നും നോക്കിയില്ല അറിയാവുന്ന എല്ലാ ദൈവങ്ങൾക്കും ഞാൻ അന്ന് സ്വൈര്യം കൊടുത്തിട്ടില്ല. കനാൽ വരമ്പിൽ എത്തിയപ്പോൾ ആണ്ടെടാ പണ്ടെങ്ങാണ്ട് വിഷം കഴിച്ചു മരിച്ച ഒരു ചേട്ടന്റെ കാര്യം ഓർമ്മ വരുന്നു. ഞാൻ അയാളെ കണ്ടിട്ടും കൂടിയില്ല. ആരോ എപ്പഴോ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞാനതൊക്കെ എപ്പഴേ മറന്നു പോയിരുന്നു. എന്നാലും കൃത്യമായി ഓരോരോ സ്ഥലങ്ങളിൽ എത്തുമ്പോ ഇതൊക്കെ എങ്ങിനെയാ ഓർമ്മ വരുന്നതെന്നാണ് എനിക്ക് മനസ്സിലാവാത്തത്. എന്താണാവോ അതിന്റെ ശാസ്ത്രീയ രഹസ്യം.
അതും അതിജീവിച്ചു മുന്നോട്ട് നടന്നപ്പോൾ അതാ കനാൽ പാലം.... ദൂരെ നിന്നേ ഞാൻ കണ്ടു പാലത്തിന്റെ മുകളിൽ എന്തോ ഇരിക്കുന്നുണ്ട്. എന്തൊക്കെയോ അപശബ്ദങ്ങളും കേൾക്കുന്നു.
അവിടെ നിന്നു... വെറും നിൽപ്പല്ല കുറ്റിയടിച്ചത് പോലെ നിന്നു.... വന്ന അത്രേം വഴി തിരിച്ചു പോകാനും മടി. ഹോ എന്റെ കൃഷ്ണാ ഞാൻ എങ്ങിനെ ഒന്ന് വീട്ടിലെത്തും.
അരമണിക്കൂർ ആ നിന്ന നിൽപ്പ് നിന്നു. വെറുതെ നിന്ന് വിയർക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.. ആ... ഞാനത് നേരിൽ അനുഭവിച്ചു....
ഒടുവിൽ ... ഒരടി വെക്കും നിക്കും... രണ്ടടി വെക്കും നിക്കും... ആ പണ്ഡാരം രൂപം ആണെങ്കിൽ അവിടെ തന്നെ എന്നെയും നോക്കി നിൽക്കുകയാണ്. ഒരു വല്ലാത്ത രൂപം നീളത്തിലാണോ പരന്നിട്ടാണോ എന്നൊന്നും അറിയാൻ പറ്റുന്നില്ല. ഒന്നെറിഞ്ഞു നോക്കാനാണെങ്കിൽ കല്ലും കിട്ടുന്നില്ല. ഒടുവിൽ ഒരുവിധത്തിൽ ഞാനതിന്റെ അടുത്തെത്തി. നോക്കിയപ്പോ എന്താ...??? സ്റ്റാൻഡിൽ ഇട്ട് വെച്ചിരിക്കുന്ന ഒരു സൈക്കിൾ... !!! അപശബ്ദങ്ങൾ ആ സൈക്കിളിന്റെ അപ്പുറത്തിരുന്നു അടക്കിപ്പിടിച്ചു സംസാരിക്കുന്ന രണ്ട് ചേട്ടന്മാരുടെയും. ഇത്രേം ചെറിയ ശബ്ദത്തിൽ സംസാരിക്കാൻ അവരെന്താ വല്ല ബാങ്കും കൊള്ളയടിക്കാൻ പോവുകയാണോ ആവോ.
ശ്ശേ... ഇത്രേം വിയർപ്പ് വല്ല പറമ്പിലും ഒഴുക്കിയിരുന്നെങ്കിൽ ആ മറ്റേ സമ്പത്ത് കാലത്തെ കാ ഒരമ്പതെണ്ണം തിന്നാമായിരുന്നു. പിന്നെ റോഡിലൂടെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ വീട്ടിലെത്തി.
അകത്തേക്ക് കയറി ചെന്ന് നോക്കിയപ്പോ തന്നെ കണ്ടത് കട്ടിലിൽ കിടന്നുറങ്ങുന്ന സംപൂജ്യ ശ്രേഷ്ഠനായ ഇമ്മടെ സ്വന്തം അച്ഛനെയാണ്. എനിക്കങ്ങ് ഏതാണ്ടൊക്കെ ഏതിൽക്കൂടെയോ അരിച്ചു കയറി.
" ഇതെന്ത് കോപ്പിലെ പരിപാടിയാണ്. പിന്നെന്തിനാ എന്നോട് റേഷൻ കടയിൽ ചെല്ലാൻ പറഞ്ഞത്. ?"
അലറൽ അമ്മയോടായിരുന്നു. അല്ല പിന്നേ ഇത്രേം വലിയ വിശ്വാസ വഞ്ചന ചന്ദ്രിക രമണനോട് വരെ ചെയ്തിട്ടുണ്ടാകില്ല.
അമ്മ വേഗം ചുണ്ടിൽ കൈ വെച്ചു മിണ്ടല്ലേ എന്നാംഗ്യം കാണിച്ചു. വേറൊന്നുമല്ല അച്ഛൻ നല്ല പരുവമാണ്. തണ്ണി തണ്ണി.
സ്വിച്ച്ചോഫ് ചെയ്ത ബൾബ് പോലെ നുമ്മ വേഗം കൂൾ ആയി. എന്തിനാ വെറുതെ അച്ഛനെ വിശ്വരൂപം എടുപ്പിച്ചു നുമ്മ രക്തസാക്ഷിയാകുന്നത്.
എന്നാലും പതുക്കെ വളരെ പതുക്കെ എനിക്കും അമ്മയ്ക്കും മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അമ്മയോട് ചോദിച്ചു
"എന്നാലും ഇതെന്നാ പരിപാടിയാ അമ്മേ..? "
" ഞാൻ അങ്ങോരോട് പറഞ്ഞതാടാ. അപ്പൊ അങ്ങൊരു പറയുവാ... എന്റെ മോനാണെങ്കിൽ അവൻ ഇങ്ങോട്ട് വന്നോളുമെന്നു..."
ഹോ ഞാനാകെ വിജ്രംഭിതവിജാളിതനായി പോയി...
എന്നാലും എന്റെ മാന്യ പിതാവേ... സ്വന്തം മോന്റെ ജീവൻ വെച്ചു തന്നെ വേണമായിരുന്നോ പിതൃത്വം തെളിയിക്കാനുള്ള ടെസ്റ്റ്....
ആരോട് ചോദിക്കാൻ... ആര് മറുപടി പറയാൻ...
അതൊക്കെ കഴിഞ്ഞു പിറ്റേദിവസം സ്കൂളിൽ പോകാൻ വേണ്ടി പോകുമ്പോൾ ആണ് അമ്മിണി ചേച്ചിയുടെ വീട്ടുമുറ്റത്ത് ഒരാൾക്കൂട്ടം... ങ്ങേ ഇവളാരത്തി അടിച്ചു പോയോ... ആ ചിന്തയുമായാണ് അവിടേക്ക് ചെന്നത്. നോക്കിയപ്പോ തിണ്ണയിൽ തന്നെ വിരിച്ചിട്ട ഒരു പായിൽ അമ്മിണി ചേച്ചി ഇരിക്കുന്നുണ്ട്. പക്ഷേ പുതപ്പ് കൊണ്ട് മൂടിപ്പുതച്ചിരിക്കുന്നു. മുഖം കണ്ടാൽ അറിയാം തീരെ വയ്യ.
ഞാൻ ചെല്ലുമ്പോ അമ്മിണി ചേച്ചിയുടെ വിവരണം നടക്കുകയാണ്.
" എന്റടി ഞാൻ കണ്ടു....നല്ല വ്യക്തമായി ദേ ആ നെല്ലിയുടെ ചുവട്ടിൽ.... ഒരു നിഴൽ പോലെ. അതിനുമുമ്പ് ഈ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറെ ഉലാത്തി... എന്നെ ' ചേച്ചീ ' എന്നു വിളിക്കുകയും ചെയ്തു. അതിയാനും പിള്ളേരും പുറത്തു പോയെക്കുവായിരുന്നു വരുമ്പോ ഞാൻ അടുക്കളയിൽ ബോധമില്ലാതെ കിടക്കുവായിരുന്നെന്നാ പറഞ്ഞത്. "
" അത് പിന്നെ വരാതിരിക്കുമോ സ്വന്തം അമ്മയെ പോലെയല്ലേ അവൻ നിന്നെ കണ്ടത്... ആ സ്നേഹം കൊണ്ട് വന്നതാകും...എന്തൊക്കെ ആയാലും ദുർമരണം അല്ലേ... അത്ര പെട്ടെന്നൊന്നും ഇവിടം വിട്ട് പോകില്ല. " മറുപടി കുറച്ചപ്പുറത്തുള്ള ആനി ചേച്ചി വകയാണ്.
എനിക്കൊന്നും മനസ്സിലായില്ല. ആരെ കണ്ട കാര്യമാണ് ഇവർ ഈ പറയുന്നത്. ഞാൻ അടുത്തു നിന്ന ചേട്ടനോട് ചോദിച്ചു.
" ചേട്ടാ എന്താ സംഭവം. ? "
" അത് അപ്പുറത്തെ വീട്ടിലെ ആ മരിച്ചു പോയവൻ ഇല്ലേ... അവന്റെ പ്രേതം ഇന്നലെ ഇവിടൊക്കെ വന്നിട്ടുണ്ടായിരുന്നെന്നു... ഇനി എന്തൊക്കെയാണാവോ ഉണ്ടാകാൻ പോകുന്നത്. "
എന്റെ കിളി പോയി. ഹോ ഭാഗ്യം ഇന്നലെ എന്റെ മുമ്പിലൊന്നും വരാതിരുന്നത്. അല്ലെങ്കിൽ അങ്ങോർക്ക് കൂട്ടായി ഞാനും കൂടി ഇതിലൂടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടന്നേനെ.
പെട്ടെന്നാണ് എനിക്ക് വെളിപാടുണ്ടായത്.
ഇന്നലെ.... നെല്ലിമരം...ചേച്ചി വിളി... എന്റീശ്വരാ അത് ഞാനല്ലേ...
ഞാൻ എല്ലാവരുടെയും മുഖങ്ങളിൽ മാറി മാറി നോക്കി. എല്ലാ മുഖത്തും ലാസ്റ്റ് ബോളിൽ സിക്സ് അടിച്ചു ജയിക്കാൻ ഉള്ളപ്പോൾ ഉണ്ടാകുന്ന അതേ ആകാംഷ... ഇനി ഞാനായിട്ടെന്തിനാ ആ ആകാംഷ കളയുന്നത്... ഞാൻ മിണ്ടാൻ പോയില്ല.
അങ്ങിനെ ഇമ്മടെ അച്ഛൻ വഹ ഫ്രീ ആയിട്ട് ഇമ്മക്കൊരു പ്രേതം പേര് കിട്ടി എന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കുന്നു.
~~~~~~~~~~~
വായിച്ചവർ ലൈക്ക് കമന്റ് ഇത്യാദി സംഭവങ്ങൾ അടിക്കാൻ മറക്കണ്ട. ഓർക്കുക നിങ്ങളുടെ ഓരോ ചെറിയ പ്രോത്സാഹനവും വളരെ വിലപ്പെട്ടതാണ്. എന്നെ മാത്രമല്ല എല്ലാവരെയും...
ചിലപ്പോൾ നിങ്ങളുടെ ഒരു ലൈക്ക് ആകും നാളെയുടെ മികച്ച എഴുത്തുകാരെ സൃഷ്ടിക്കുന്നത്.
ഇനി പുതിയ കഥയുമായി വീണ്ടും വരാം. അതുവരെ വിട.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot