നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മടക്കയാത്ര"!

Image may contain: 2 people, including Vandana Sanjeev, people smiling, eyeglasses


"എത്ര നാളായി ഇങ്ങോട്ടൊന്ന് വരണമെന്ന് ആഗ്രഹിക്കുന്നു. ഓരോ തവണയും ഓരോരോ തടസ്സങ്ങൾ."
നീണ്ടു കിടന്ന പാടവരമ്പിലൂടെ അയാൾ വേഗത്തിൽ നടന്നു .
പരന്നു കിടക്കുന്ന പാടത്തിനു നടുവിലൂടെയുള്ള ആ വഴി അവസാനിക്കുന്നത് അയാളുടെ വീടിന്റെ പടിപ്പുരയിലാണ് .
വർഷങ്ങൾ പഴക്കമുള്ള വലിയ തറവാട്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇവിടം വിട്ട് ഒരേയൊരു മകന്റെ കൂടെ മുംബൈ നഗരജീവിതത്തിലോട്ട് പറിച്ചുനടപ്പെട്ടപ്പോൾ തിരികെ വരാൻ ഇത്ര താമസിക്കുമെന്ന് ആയാൾ ഒരിക്കലും കരുതിയിരുന്നില്ല.
വർഷങ്ങൾ എത്ര വേഗത്തിൽ കഴിഞ്ഞു പോയി .
വേഗത്തിൽ നടക്കാൻ എന്തോ തടസം ഉള്ളതുപോലെ .. . പെട്ടെന്നാണ് ഓർത്തത് ..
ചെരുപ്പുകൾ !!
നഗരജീവിതത്തിൽ അയാൾക്ക് ഏറെ വിഷമമുണ്ടാക്കിയവ . വർഷങ്ങൾ ഇത്ര കഴിഞ്ഞീട്ടും അയാളുടെ കാലുകൾ അവയുമായി പൊരുത്തപ്പെട്ടിരുന്നില്ല. അയാൾ അവയെ ഊരി വലിച്ചെറിഞ്ഞു.
"ഹോ !! എന്തൊരാശ്വാസം . "
നഗ്നപാദനായി മണ്ണിൽ ഉറച്ചു ചവിട്ടി അയാൾ ആഞ്ഞു നടന്നു
പടിപ്പുര വാതിൽ അടഞ്ഞു കിടക്കുന്നു .
വലിയ മതിൽ ആകെ പായൽ പിടിച്ചു കറുത്തിരിക്കുന്നു.
പടിപ്പുര തുറക്കാൻ അയാൾക്ക് അല്പം ബലം പ്രയോഗിച്ചു തള്ളേണ്ടി വന്നു.
വലിയ ശബ്ദത്തോടെ അത് മലർക്കെ തുറന്നു .
മിറ്റം മുഴുവൻ കരിയില . പടിപ്പുര മുതൽ വീടിന്റെ പടി വരെ ചെറിയ ഒരു നടപ്പാത ഒഴികെ ബാക്കി എല്ലായിടവും കാടുപിടിച്ചിരിക്കുന്നു.
പടിപ്പുര തുറന്ന ശബ്ദം കേട്ടതുകൊണ്ടാവും പ്രായമായ ഒരു സ്ത്രീ അകത്തുനിന്നും ഇളംതിണ്ണയിലേക്ക് വന്നത്.
അവരുടെ തലമുടി മുഴുവൻ വെള്ളിനൂൽ പോലെ നരച്ചിരുന്നു. അല്പം കൂനിയുള്ള നടത്തം.
ദൂരെ നിന്നും അയാൾ നടന്ന് വരുന്നത് കണ്ടീട്ടാവണം നെറ്റിയിൽ കൈ ചേർത്ത് വെച്ച് കറുത്ത കട്ടിക്കണ്ണടക്കുള്ളിലെ കണ്ണുകൾ ചുളിച്ച്‌ അവർ സൂക്ഷിച്ചു നോക്കി.
അയാൾ വളരെ അടുത്ത് വന്ന ശേഷവും അവർക്ക് ആളെ മനസിലായില്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി .
അയാൾ ചെറിയ ചിരിയോടെ ചോദിച്ചു
"ഇച്ചേയിക്ക് എന്നെ മനസിലായില്ല അല്ലെ .. എന്റെ കണ്ണിന് ഇത്ര പ്രശ്നമില്ല. ഈ അകലത്തിലൊക്കെ എനിക്ക് ആളെ കാണാൻ സാധിക്കും"
ശബ്ദം കേട്ടപ്പോൾ ആളെ മനസിലായപോലെ അവരുടെ മുഖത്ത് പ്രകാശം പരന്നു.
" എന്റെ രാമാ .. എത്രയായി കണ്ടീട്ട് . ഇങ്ങോട്ടുള്ള വഴി നീ മറന്നീട്ട് വർഷം കുറെ ആയില്ലേ ?"
വെള്ളഴുത്തിന്റെ പാട പരന്ന അവരുടെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു .
അത് കണ്ടപ്പോൾ അയാൾക്കും കരച്ചിൽ വന്നു .
കണ്ണു തുടച്ച് അവരെ ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു
"ഞാൻ വന്നില്ലേ ഇച്ചേയി.. ഇനി എന്തിനാ ഈ സങ്കടം . വാ, നമുക്ക് അകത്തേക്കു പോകാം "
അയാൾ അവരുടെ കൈ പിടിച്ച്‌ അൽപം ആയാസപ്പെട്ട് പടികൾ കയറി
"ഇവിടം മുഴുവൻ കാടുപിടിച്ചല്ലോ ഇച്ചേയി..നാണിക്കുട്ടി വരാറില്ലേ? ഇവിടുന്നു പോകുമ്പോൾ ഞാൻ പ്രത്യേകം പറഞ്ഞ് ഏല്പിച്ചിരുന്നതാ."
"നാണിക്കുട്ടി ഇപ്പോൾ വരാറില്ല രാമാ . അവൾക്കും വയസ്സായില്ലേ. പണ്ടത്തെപോലെയൊക്കെ അവൾക്കും വയ്യാ "
"ഉം"
അയാൾ നീട്ടി മൂളി
അയാൾ ഓർക്കുകയായിരുന്നു ..
വർഷങ്ങൾക്ക് മുൻപ് അയാൾ ഇവിടം വിടുമ്പോൾ വെള്ള മണ്ണു വിരിച്ച വിശാലമായ മിറ്റമായിരുന്നു വീടിനു ചുറ്റും.
ഒരു കരിയില പോലും മിറ്റത്തു വീണു കിടക്കാൻ അയാൾ സമ്മതിക്കില്ല. പറമ്പിൽ വാഴയും തെങ്ങും കവുങ്ങും കുരുമുളകും മാവും . അയാൾക്കവയെ ഓരോന്നിനെയും അറിയാം . അവയ്ക്ക് അയാളെയും .
ഒരിക്കൽ പോലും മണ്ണിന് അയാളെയോ അയാൾക്ക് മണ്ണിനെയോ മടുത്തിരുന്നില്ല . എറിഞ്ഞ വിത്തുകൾ ഒന്നും പാഴായി പൊയില്ല.
പണ്ടത്തെ കാലമായിരുന്നെങ്കിൽ ഇത് കൊയ്ത്തുകാലമാണ് . വിശാലമായ മിറ്റത്ത് തഴപ്പായ വിരിച്ച് നെല്ല് കൂട്ടിയിട്ടുണ്ടാവും . പറയിൽ നെല്ലളന്ന് തിട്ടപ്പെടുത്തുന്ന തിരക്കാവും ഇപ്പോൾ . ആ അളക്കലിന് ഒരു പ്രത്യേക താളമുണ്ട് .. പറക്കോലും പറയും പിന്നെ അളക്കുന്ന ആളിന്റെ ഉറക്കെയുള്ള എണ്ണലും ചേർന്നുള്ള ഒരു താളം ..
ഒന്നേ ഒന്നേ ഒന്നേ
രണ്ടേ രണ്ടേ രണ്ടേ
മൂന്നേ മൂന്നേ മൂന്നേ .....
ആ താളവു പുന്നെല്ലിന്റെ മണവും കൂടിചേർന്നാൽ വല്ലാത്തൊരു അനുഭവം തന്നെയാണ് .
അയാൾ ശ്വാസം ആഞ്ഞു വലിച്ചു ... ആ മണ്ണിന്റെയും വീടിന്റെയും ഗന്ധം ഉള്ളിലേക്ക് ആവാഹിക്കാനെന്നപോലെ .
നഗരത്തിന്റെ പൊടിയും പുകയും തനിക്കുള്ളിൽ നിന്നും പതിയെ ഇറങ്ങി പോകും പോലെ അയാൾക്ക് തോന്നി .
" രാമാ.. കുളിച്ചു വരൂ.. ആഹാരം കഴിക്കാം .. ഒക്കെ ആയിരിക്കുന്നു .. വേഗാവട്ടെ .. എനിക്കും നന്നേ വിശക്കുന്നു . "
അയാൾ ചിന്തയിൽ നിന്നും ഉണർന്നു.
നടുമിറ്റത്തിന് മുകളിലെ തട്ടിൽ നിന്നും എണ്ണക്കുപ്പി എടുത്ത് എണ്ണ കയ്യിലേക്ക് പകർന്ന് കൂട്ടിത്തിരുമ്മി മണത്തു .. തുളസിയിട്ടു കാച്ചിയ എണ്ണ..
പഴയ സുഗന്ധങ്ങൾ ഓരോന്നായി അയാൾ തിരികെ നേടാൻ ശ്രമിക്കുകയായിരുന്നു.
"ബോംബെ തന്റെ തലമുടിയെല്ലാം കൊഴിയിച്ചു കളഞ്ഞല്ലോ "
"ഇച്ചേയിയും മുഴുവൻ നരച്ചു.. ഇപ്പോൾ കണ്ടാൽ നമ്മുടെ അമ്മയെ പോലെ ഉണ്ട്"
"വയസെത്ര ആയീന്നാ വിചാരം ?? കഴിഞ്ഞ ധനുവിൽ തൊണ്ണൂറു കടന്നു "
"ഇച്ചേയിയെ കണ്ടാൽ അത്ര പറയില്ല . ഒരു എഴുപത് പറയും "
"നിനക്കും ഈ ഇടവത്തിൽ എൺപത് കഴിഞ്ഞില്ലേ രാമാ.. പക്ഷേ നിന്നെ കണ്ടാൽ തൊണ്ണൂറ് കഴിഞ്ഞ പോലെയുണ്ട് "
"ഈ മണ്ണ് വിട്ടു പോയതോടെ എനിക്ക് വയസ്സാകാൻ തുടങ്ങി ഇച്ചേയി. ഇനി വേണം ഒന്ന് ചെറുപ്പമാകാൻ "
രണ്ടുപേരും ഉറക്കെ ചിരിച്ചു
"രാമാ .. ചന്ദ്രുവും സുധയും കുട്ട്യോളും ഒക്കെ എന്ത് പറയുന്നു?"
" അവർക്കെന്ത് സുഖക്കുറവ് ?? ഓരോരുത്തരും അവരവരുടെ ജീവിതത്തിലും തിരക്കുകളിലും സുഖമായിരിക്കുന്നു "
"കുട്ട്യോളൊക്കെ വലുതായോ ?"
"ഉം.. അഭി എൻജിനിയറിംഗ് കഴിഞ്ഞ് ജോലിയായി. അനു ഡിഗ്രിക്ക്. അനുവിനെ കണ്ടാൽ ഭാനുമതിയെ മുറിച്ചു വെച്ചപോലെയുണ്ട്"
" പാവം ഭാനു .. അവൾക്ക് ഒന്നും കാണാൻ ഭാഗ്യമില്ലാതെ പോയി.. എന്നാലും അല്പം നേരത്തെ ആയിപ്പോയി ആ പോക്ക് . പിറന്ന കുട്ടിയുടെ മുഖമൊന്ന് കാണാൻ പോലും നിക്കാണ്ട് "
" നേരത്തെ പോയവർ സുകൃതം ചെയ്തവർ ഇച്ചേയീ .. ഭാനു പോയെങ്കിലും ചന്ദ്രു അമ്മയില്ലാത്ത കുറവ് ഒരിക്കലും അറിഞ്ഞിരുന്നില്ലല്ലോ . ഇച്ചേയി അവനെ അപ്പച്ചി ആയല്ലല്ലോ... അമ്മയായല്ലേ വളർത്തിയത് . പക്ഷെ അവൻ ഇച്ചേയിയോട് ചെയ്തതോ. ഇവിടെ ഒറ്റക്കാക്കിയിട്ട് പോയില്ലേ... എന്നെയും കൊണ്ട് "
" അതൊന്നും സാരമില്ല രാമാ . അവന് സ്നേഹമില്ലാത്ത കൊണ്ടല്ലല്ലോ. ഇത്ര പഠിച്ച കുട്ടിയല്ലേ . അവന്റെ നിലക്കും വിലക്കും ഉള്ള ജോലി ഈ നാട്ടിൽ എവിടെ കിട്ടാനാ?. പാവം അന്ന് നിന്നെയും കൊണ്ട് ഇറങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു എന്റെ കുട്ടിയുടെ "
" സ്നേഹമില്ലാഴിക അല്ല ഇച്ചേയി .. പക്ഷെ സ്നേഹം കാണിക്കാൻ അവിടെ ആർക്കും സമയമില്ല എന്നതാണ് സത്യം . സ്വസ്ഥമായി ഇരിക്കാനോ ആഹാരം ആസ്വദിച്ചു കഴിക്കാനോ നന്നായൊന്ന് ഉറങ്ങാനോ പോലും സമയമില്ല . എപ്പോഴും തിരക്ക്. ഒന്നും ആസ്വദിക്കാതെ പണം മാത്രം സമ്പാദിച്ചീട്ട് എന്ത് ചെയ്യാനാണ്?"
"കാലം മാറുകയല്ലേ രാമാ .. പഴയ രാമനാഥനും രാജലകഷ്മിയും മിറ്റത്ത് മണ്ണപ്പം ചുട്ട് കളിച്ച കാലമൊക്കെ പോയില്ലേ . ഇന്ന് അഭിയോടും അനുവിനോടും അങ്ങനെ കളിക്കാൻ പറയാൻ പറ്റുമോ? ചെരുപ്പിടാതെ കുട്ടികൾ മിറ്റത്തിറങ്ങിയാൽ പോലും സുധ വഴക്കുപറയും."
" മണ്ണപ്പം ചുട്ടു കളിച്ചപ്പോഴും ചുട്ട മണ്ണപ്പങ്ങൾ തുല്യമായി പകുത്തെടുത്ത് ഭാവനയിൽ കഴിച്ചപ്പോഴും നമ്മൾ ഊട്ടി ഉറപ്പിച്ചത് പരസ്പരമുള്ള സ്നേഹമാണ്. പങ്കു വെക്കലിന്റെ നന്മയാണ് . പക്ഷെ ഇന്ന് അഭിയുടെ മുറിയിൽ നിന്നും അനു ഒരു പെൻസിൽ എടുത്താൽ പോലും അവിടെ ഉണ്ടാകുന്ന കോലാഹലങ്ങൾ ചില്ലറയല്ല "
" ഒന്നിനും ഒരു കുറവും അവർ അറിഞ്ഞീട്ടില്ലല്ലോ... അതുകൊണ്ട് തന്നെ പങ്കുവെക്കേണ്ടതിന്റെ ആവിശ്യവും വന്നീട്ടില്ല .. അതാവും "
"ഇവിടെ നിന്നും ഇറങ്ങിയപ്പോൾ നിന്നുപോയതാണ് എന്റെ ജീവിതം ഇച്ചേയീ.. ഈ കണ്ട വർഷങ്ങൾ മുഴുവൻ പിന്നെ അഭിനയമായിരുന്നു . വേറെ ആരോ ആകാനുള്ള ശ്രമം . പക്ഷെ ആ അഭിനയത്തിൽ ഞാൻ അമ്പേ പരാജയമായിരുന്നു . ഒരിക്കൽ കൂടി എനിക്ക് ഞാനാവണം .. അതിനാണ് ഈ മടങ്ങി വരവ് "
പതിയെ കുളത്തിന്റെ കൽപ്പടവുകൾ ഇറങ്ങുന്ന അയാളെ രാജലക്ഷ്മിയമ്മ നോക്കി നിന്നു.
തിണ്ണയിലെ ചാരുകസേരയിൽ ചാരിക്കിടന്ന് അയാൾ കണ്ണുകളടച്ചു . സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു . ചീവീടുകളുടെ ശബ്ദമൊഴിച്ച്‌ വേറെ ഒന്നും കേൾക്കാനില്ല .
പിന്നിൽ ആരോ വന്നു നിൽക്കുന്നപോലെ തോന്നിയതു കൊണ്ട് അയാൾ പതിയെ കണ്ണ് തുറന്നു .
" ഇച്ചേയി എങ്ങോട്ടാ ഈ സന്ധ്യക്ക് ?"
" എനിക്ക് പോകാൻ സമയമായി രാമാ .. ഞാൻ നിനക്കായാണ് ഇത്രകാലം കാത്തിരുന്നത് .. ഈ തറവാടിനെ അനാഥമാക്കി പോകാൻ എനിക്കാകുമായിരുന്നില്ല .. ഇപ്പോൾ നീ വന്നല്ലോ. ഇനി ഞാൻ പോകട്ടെ ."
" എന്നെ വീണ്ടും തനിച്ചാക്കുകയാണോ ഇച്ചേയീ?"
" വര്ഷങ്ങളായി ഞാനിവിടെ തനിച്ചല്ലായിരുന്നോ രാമാ .. ഇനി വയ്യ .. ഞാൻ മടങ്ങട്ടെ .. "
"ഈ മണ്ണിൽ അലിഞ്ഞു ചേരാനുള്ള ഭാഗ്യമെങ്കിലും ഇച്ചേയിക്കുണ്ടായല്ലോ.. എനിക്കതും വിധിച്ചിരുന്നില്ല "
"സാരമില്ല രാമാ.. ഒരിക്കൽ നിന്നെ ഇതുപോലെ യാത്രയാക്കാൻ ആരെങ്കിലും വരും. അതുവരെ നീ ഇവിടുണ്ടാവണം . ചന്ദ്രു നിനക്ക് നൽകിയ ബലിച്ചോറിൽ പകുതി നീ എനിക്ക് പകുത്ത് നല്കിയില്ലേ .. അത് മതി എനിക്ക് ... സന്തോഷത്തോടെ ഇവിടം വിടാൻ"
അവർ പതിയെ പടികൾ ഇറങ്ങി ഇരുട്ടിൽ അലിയുന്നത് അയാൾ നിറകണ്ണുകളോടെ നോക്കി നിന്നു .
തനിക്കായി ഒരുരുള ബലിച്ചോർ പകുത്തു നൽകുവാൻ ആരുണ്ടിനി എന്ന ചിന്തയോടെ !
വന്ദന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot