Slider

ഒരു ചെറുപുഞ്ചിരി

0
Image may contain: 1 person

കുറച്ച് ദിവസത്തെ ലീവിന് ശേഷം ഫയർ സ്‌റ്റേഷനിൽ ഞാൻ ഡ്യൂട്ടിയ്ക്ക് കയറുകയാണ്. അച്ഛന്റെ ഓപ്പറേഷൻ എന്നെ സാമ്പത്തികമായി വളരെ തളർത്തിയിരിക്കുന്നു. ഡിസ്ചാർജ് ചെയ്ത് ഇന്നലെ വീട്ടിൽ എത്തിയതേ ഒള്ളൂ. രാവിലെ തന്നെ മകൾക്ക് നല്ല പനി,അവളെ ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റ് ആക്കി ഭാര്യയെ ഏൽപ്പിച്ചാണ് ഞാൻ ഡ്യൂട്ടിയ്ക്ക് ഹാജറായത്.
എന്നെ പോസ്റ്റ് ചെയ്ത വാഹനവും ഉപകരണങ്ങളും ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ ആശുപത്രി ചിലവിനെക്കുറിച്ചായിരുന്നു. രോഗം വന്നാൽ തകരുന്ന സാമ്പത്തിക ഭദ്രതയല്ലേ ഒരു സാധാരണക്കാരനുള്ളൂ.പണയം വയ്ക്കുന്നതിനായി ഭാര്യ എന്നെ ഏൽപ്പിച്ച വളകൾ ഞാൻ പോക്കറ്റിൽ ഉണ്ടെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി. സ്വർണ്ണഭ്രമം ലേശമുണ്ടെങ്കിലും ഇങ്ങനെയുള്ള അത്യാവശ്യ ഘട്ടങ്ങളിൽ അവൾ മാലാഖയെപ്പോലെയവതരിക്കും.
എന്റെ ചിന്തകളെ ഭേദിച്ച് കൊണ്ട് എമർജൻസി ബെൽ മുഴങ്ങി. എവിടെയോ ഒരു സ്ത്രീ വിഷം കഴിച്ച് കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. വാഹനത്തിൽ കയറി ഞങ്ങൾ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ വളരെ ആഴത്തിൽ ഉള്ള കിണർ അന്നെന്ന് മനസിലായി. താഴെ കൃത്യമായി ഒന്നും കാണാൻ പറ്റുന്നില്ല.
ഞാൻ റോപ്പിന്റെ സഹായത്താൽ കിണറ്റിൽ ഇറങ്ങി. താഴെ എത്തിയപ്പോൾ എനിക്ക് മനസ്സിലായി ആ സ്ത്രീ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്. മുകളിൽ നിന്ന് എന്റെ കൂടെ ഉണ്ടായിരുന്നവർ കയറിൽ ഇറക്കി തന്ന വലയ്ക്കുള്ളിൽ ആക്കി മൃതദ്ദേഹം മുകളിൽ എത്തിച്ചു.
ആ സമയം അവിടെ നിന്ന ഒരു അയൽവാസി സ്ത്രീ പറഞ്ഞു ,ദൈവമെ ഈ പെണ്ണിന്റെആഭരണങ്ങൾ ഒന്നും കാണുന്നില്ലല്ലോ. അവിടെ കൂടി നിന്നവർ അത് ഏറ്റ് പിടിച്ചു. കിണറ്റിൽ ഇറങ്ങിയ എന്നിലേയ്ക്ക് സംശയത്തിന്റെ നിഴൽ വീണു. എന്റെ ഓഫീസർ എന്നിലുള്ള വിശ്വാസം കൊണ്ട് പറഞ്ഞു, ഞങ്ങൾക്ക് ആരുടേയും മുതലൊന്നും ആവശ്യമില്ല വേണമെങ്കിൽ പരിശോദിച്ചുകൊള്ളു. പറഞ്ഞു തീരുന്നതിനു മുന്നേ അവിടെ കൂടിയിരുന്നവരിൽ ഒരാൾ എന്നെ പരിശോദിച്ചു.എന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് രണ്ട് വള അയാളുടെ കൈകളിൽ ഉടക്കി. ഒരു കള്ളനെ പിടിച്ച ഗാഭീര്യത്തോടെ അയാൾ ആ വളകൾ ജനത്തിനു നേരെ ഉയർത്തിപ്പിടിച്ചു. ഓഫീസറുടെ കണ്ണുകൾ ചുവന്നു, എന്റെ കൂടെ ഉണ്ടായവർ എന്നെ ദയനീയമായി നോക്കി. എന്റെ ഭാര്യയുടെ വള ആണെന്നും പണയം വയ്ക്കുന്നതിനാണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് എനിക്ക് ഉറപ്പായി.
യൂണിഫോം ഇട്ട് ജനങ്ങളുടെ മുന്നിൽ ചെയ്യാത്ത കുറ്റത്തിന് ഒരു കള്ളനെപ്പോലെ ഞാൻ ചേതനയറ്റ് നിന്നു .ശരീരവും മനസ്സും ഞാൻ കരയ്ക്കെടുത്ത മൃതദേഹം പോലെ മരവിച്ചതുകൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞില്ല.
അപ്പോഴേക്കും വേച്ചുന്ന കാൽവെപ്പുകളും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഒരു സ്ത്രീ ഓടിവന്നു. അവൾ ആത്മഹത്യ കുറിപ്പിനൊപ്പം എല്ലാ ആഭരണങ്ങളും ഊരി വച്ചിട്ടാ പോയത്, ആ സാറിനെ ആരും ക്രൂശിക്കരുത് .അവർ പൊട്ടിക്കരഞ്ഞു, പ്രണയിച്ച് ചതിച്ചവന് വേണ്ടി സ്വന്തം അമ്മയെ മറന്നവൾ, അവർ വീണ്ടും ഏങ്ങലടിച്ചു.. കൂടി നിന്നവർ സ്തബ്ധരായി.എന്റെ യൂണിഫോം കോളറിൽ മുറുകിയ കൈ അയഞ്ഞു,
ആ സ്ത്രീക്ക് അപ്പോൾ ദൈവത്തിന്റെ മുഖമായിരുന്നു.
എന്റെ ഓഫീസർ അപ്പാഴേക്കും അടുത്തെത്തി എന്നെ ആശ്വസിപ്പിച്ചു. ജീവൻ പണയം വെച്ച് ജോലി എടുക്കുന്ന ഞങ്ങളെ ക്രൂശിക്കല്ലെ എന്നു മാത്രം പറഞ്ഞ് ഓഫീസറും ഞാനും വാഹനത്തിനടുത്തേക്ക് നടന്നു. അറിയാതെയാണെങ്കിലും ഒരു നിമിഷത്തേക്ക് എന്നെ കള്ളനാക്കിയതിന് അവിടെ കൂടിയവർ എന്നോട് അവരുടെ കണ്ണുകളിലൂടെ മാപ്പ് ചോദിക്കുന്നത് ഞാൻ അറിഞ്ഞു. വാഹനം വിടാൻ നേരം എന്റെ കോളറിൽ പിടിച്ചയാൾ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു. അതിൽ അയാളുടെ ക്ഷമാപണം നിറഞ്ഞു നിന്നിരുന്നു. അയാളുടെ മിഴികളിൽ നിറഞ്ഞ ആത്മാർത്ഥത എന്നെ ക്ഷമിക്കാൻ പ്രേരിപ്പിച്ചു. ഞാൻ പുഞ്ചിരിച്ചു. കാരണം ചിരിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് മനുഷ്യന് മാത്രമല്ലേയുള്ളൂ. മനുഷ്യത്വം മരിക്കാത്തിടത്തോളം കാലം പുഞ്ചിരിച്ച് കൊണ്ട് ക്ഷമിക്കുക...
അജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo