നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിത്രങ്ങൾ

Image may contain: 1 person, smiling

എഴുതിയത് - രാജേഷ് ആട്ടീരി - താനൂർ
നദീതീരം .
തീരത്തിന് സമീപം ഒരു വലിയ മാവ് കാണാം .
പൂത്തുലഞ്ഞു നിൽക്കുന്ന ആ മാവ് ഏതൊരു പ്രകൃതിസ്നേഹിയുടേയും
മനം കുളിർപ്പിക്കും .
ആ മാവിൻചുവട്ടിലിരുന്നു കള കള ശബ്ദത്തോടെ ഒഴുകുന്ന നദിയുടെ സംഗീതം കേൾക്കുന്നത് എത്ര ആഹ്ളാദകരമാണ് !
മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം ഉമേഷ് ആ മാവിൻചുവട്ടിൽ വന്നിരിക്കാറുണ്ട് .
ഇന്ന് തൂവെള്ള ജുബ്ബയും പൈജാമയും ധരിച്ചാണ് അവൻ അവിടെ ചിന്താമഗ്നനായി ഇരിക്കുന്നത് .
ഈ തീരം എന്നും അവനു താങ്ങും തണലുമായിരുന്നു .
സദാ വഴക്കിടുന്ന അച്ഛനുമമ്മയും .
ഏകാന്തതയുടെ ചുഴികളിൽ മുങ്ങിത്താഴ്ന്നിരുന്ന ബാല്യം !
ഈ പുഴയും മാവും മന്ദമാരുതനും എന്നും മനസ്സിനെ ആശ്വസിപ്പിച്ചിട്ടേ ഉള്ളൂ !
അവരോടു അവൻ സല്ലപിക്കും; ദുഃഖങ്ങൾ പങ്കുവെക്കും .
അവൻ്റെ സഹപാഠികൾ അവനെ കിറുക്കനെന്നു വിളിക്കാറുണ്ടായിരുന്നു !
പക്ഷേ ...
ആ പരിഹാസശരങ്ങളെയെല്ലാം അലിയിച്ചു കളയുന്ന , മനസ്സിന് കുളിർമ നൽകുന്ന മിത്രങ്ങളുണ്ടെങ്കിൽ ഈ ലോകം സ്വർഗ്ഗം തന്നെ !
നദിയുടെ മറുവശത്തു ഒരു ക്ഷേത്രമുണ്ട് .അവിടെ അന്നും ഇന്നും പ്രശസ്തരായ സംഗീതജ്ഞർ കച്ചേരികൾ അവതരിപ്പിക്കാറുണ്ട് .
സംഗീതം ഒരു മോഹമായിരുന്നെങ്കിലും കത്തിയെരിയുന്ന വിശപ്പിനേക്കാൾ അഗ്നിയായി ജ്വലിക്കില്ലല്ലോ ?
എങ്കിലും വീടിനടുത്തുള്ള ഈ പുഴക്കരയിൽ ഇരുന്നു കേട്ട കീർത്തനങ്ങളുടെ ഓരോ സ്വരത്തിന്റെ മാറ്റവും ഏകലവ്യനെപ്പോലെ അവൻ അഭ്യസിച്ചു .
അങ്ങനെയിരിക്കെ ഒരു ദിവസം പട്ടാഭിരാമൻ ഭാഗവതരുടെ കച്ചേരിയായിരുന്നു .
ഭാഗവതരുടെ ഓരോ കീർത്തനത്തിനു ശേഷവും ആരാധകരുടെ കയ്യടികൾ കേൾക്കാം !
തനിക്കു പരിചയമുള്ള കീർത്തനമല്ലേ അദ്ദേഹം ഇപ്പോൾ ആലപിക്കുന്നത് ?
ദൈവമേ ! അദ്ദേഹത്തിന് രാഗം പിഴച്ചുവോ ?
അവൻ്റെ കാലുകൾ യാന്ത്രികമായി അമ്പലത്തിലേക്ക് നയിക്കുന്നുവോ ?
കച്ചേരി കഴിഞ്ഞു പക്കമേളക്കാർ പിരിഞ്ഞുപോയി .
ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുകയാണ് ഭാഗവതർ .
ആരും കൂടെയില്ല !
അവൻ പതുങ്ങിപ്പതുങ്ങി അടുത്ത് ചെന്ന് കാൽതൊട്ടു വന്ദിച്ചു .
"എഴുന്നേൽക്കൂ ,കുട്ടീ !"
അവൻ എഴുന്നേറ്റു .
"ഞാൻ ഒരു കാര്യം പറഞ്ഞാൽ താങ്കൾക്ക് വിഷമമാകുമോ ?"
അവൻ സങ്കോചത്തോടെ ചോദിച്ചു .
"പറയൂ ,കുട്ടീ !"
"അങ്ങ് ഒരു കീർത്തനം ആലപിച്ചപ്പോൾ രാഗം മാറിപ്പോയി !"
"ഉവ്വ് ! ആരും അത് കണ്ടുപിടിച്ചു എന്നോടത് പറഞ്ഞില്ലല്ലോ എന്നോർത്ത് മനസ്സ് അസ്വസ്ഥമായി ഇരിക്കുകയാണ് ! മോന് അത് അറിയാമെങ്കിൽ അത് ഒന്ന് പാടൂ !"
ഭാഗവതർ തെറ്റായി പാടിയ ഭാഗം അവൻ അദ്ദേഹത്തിന്റെ മുന്നിൽ പാടി . അദ്ദേഹം അത് ലയിച്ചിരുന്നു കേട്ടു . അവസാനം അദ്ദേഹം അവനെ ആലിംഗനം ചെയ്തു .
"മോന് പാട്ടു പഠിക്കാൻ മോഹമുണ്ടോ ?"
"മോഹമുണ്ടായിട്ടെന്താ കാര്യം ! ദക്ഷിണ വെക്കാൻ ഈ ശരീരവും മനസ്സും മാത്രമേയുള്ളൂ !"
"എൻ്റെ ഇല്ലത്തേക്ക് വരുന്നോ ? ഞാൻ പാട്ടു പഠിപ്പിച്ചു തരാം . നിനക്ക് നല്ല സ്വരശുദ്ധിയുണ്ട് . ശ്രമിച്ചാൽ നല്ലൊരു ഭാഗവതരാകാം !"
"അമ്മയോട് ചോദിച്ചിട്ടു ഞാനിപ്പോൾ വരാം !"- അവൻ വീട്ടിലേക്കു തിരികെയോടി .
അവൻ്റെ വീട് .
വീടിനു പിറകിൽ തുണി അലക്കിക്കൊണ്ടിരിക്കുകയാണ് അവൻ്റെ അമ്മ .
അവൻ ഓടിക്കിതച്ചു വന്നു കൊണ്ടു ചോദിച്ചു .
"അമ്മേ , പട്ടാഭിരാമൻ ഭാഗവതർ എന്നെ ഇല്ലത്തു കൊണ്ടുപോയി പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട് . ഞാൻ പോയ്‌ക്കോട്ടെ ?"
"മോനേ , അച്ഛന്റെ സ്നേഹമില്ലാതെ അടികൾ മാത്രം കൊണ്ട് നീ ഇവിടെ ജീവിക്കുന്നതിലും നല്ലതാണത് ! നിനക്ക് മൂന്നുനേരം തിന്നാനെങ്കിലും കിട്ടുമല്ലോ !"
അവൻ തിരികെയോടി .
അമ്പലത്തിൽ അതാ ഭാഗവതർ അവനു വേണ്ടി കാത്തിരിക്കുന്നു !
അദ്ദേഹം അവൻ്റെ കൈ പിടിച്ചു ഇല്ലത്തേക്ക് നടന്നു .
വർഷങ്ങൾ കടന്നു പോയി .
ഇന്നവൻ ഒരു യുവാവാണ് .
അച്ഛൻ മരണക്കിടക്കയിലാണെന്നറിഞ്ഞു വീണ്ടും അവനാ വീട്ടിലെത്തി .
അവനെ സ്നേഹിക്കാതെ പോയ കുറ്റബോധത്താൽ ആ അച്ഛൻ പൊട്ടിക്കരഞ്ഞു .
ആ പശ്ചാത്താപം സ്വയം തിരുത്താനുള്ള അവസരമാക്കി മാറ്റാൻ ഒരു നിമിഷം പോലും ദൈവം അനുവദിച്ചില്ലല്ലോ ?
അവൻ്റെ ആത്മാർത്ഥ മിത്രങ്ങൾ അവൻ്റെ മുറിവേറ്റ മനസ്സിൽ മരുന്ന് പുരട്ടുമോ ?

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot