നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലാസ്റ്റ് ലെറ്റർ

Image may contain: 1 person, sunglasses and beard

പ്രിയപ്പെട്ട നിനക്ക്,


അവിടെ സുഖമെന്ന് കരുതാനാണ്‌ എനിക്കിഷ്ടം..
 ഇവിടെ പ്രത്യേകിച്ച് വിശേഷങ്ങൾ‍ ഒന്നുമില്ല, ഇത്തവണ മഴ കൂടുതലാണ്, അസഹ്യമാണ് തണുപ്പ്..
കട്ടി പുതപ്പിന് താഴെ വിരലുകൾ‍‍ വിറക്കുന്നുണ്ട്..
നിനക്കെഴുതാൻ കഴിയാത്തതിന്റെ നിരാശയാവും, കട്ടിലിൽ ‍നിന്ന് ഇറങ്ങി നടക്കാൻ‍ കൊതിയാവുന്നുണ്ട്, ജനാല വരെ മാത്രം മതി, ഒരിക്കൽ നീ നട്ടിട്ടു പോയ ചെമ്പകം പൂവിട്ടിട്ടുണ്ട്,
കാറ്റ് വരുമ്പോൾ‍‍ രസാണ്.. മുടിയിൽ‍ പൂ വച്ച് നീയടുത്ത്‌ വരും പോലെ തോന്നും.

 ഇപ്പോള്‍ ഒക്കെയും ഓരോ കണക്കു കൂട്ടലുകളാണ്,
ജനാലക്കപ്പുറം മേഘങ്ങൾ‍‍ നിറം മാറ്റുന്നുണ്ടാവും, മണ്ണിൽ മഴ വരച്ച ചിത്രങ്ങളുണ്ടാവും.. കാറ്റില് ‍ചിരിക്കുന്ന ആലിലകളുണ്ടാവും,
കുറച്ചു മാറിയുള്ള ബസ് സ്റ്റോപ്പിൽ‍ പൂ വില്‍ക്കുന്ന ആ പഴയ സ്ത്രീയുണ്ടാവും, വിളക്കുകാലിനു താഴെയൊരു ഭ്രാന്തന് ‍പാടുന്നുണ്ടാവും, പ്രണയം കത്തുന്ന കണ്ണുകൾ‍ ചുണ്ടുകൾ‍‍ കട്ടു കുടിക്കുന്നുണ്ടാവും.. തിരക്കിലോടുന്ന മനസ്സുകളുമായി ബസ്സുകൾ‍‍ നിരത്തിലിഴയുന്നുണ്ടാവും..
മൂവന്തി നേരത്ത് കൂടണയാൻ തിരക്കു കൂട്ടുന്ന പക്ഷികളുണ്ടാവും..
ഇതെല്ലാം കണ്ടു കൊണ്ട് ജനാലക്കൂടിനുള്ളിൽ ‍നിനക്കുള്ള അക്ഷരങ്ങൾ‍‍ പെറുക്കി കൂട്ടി ഞാനുമുണ്ടാവും..


കാലുകൾ‍ ‍രണ്ടും തോല്‍വി സമ്മതിച്ച മട്ടാണ്, ഈ മഴക്കാലം തള്ളി നീക്കാൻ‍ ആവുമോയെന്ന് കണ്ടറിയണം..
നീ ദേഷ്യപ്പെടേണ്ട, ഇത് നിരാശയോന്നുമല്ല, അല്ലെങ്കിൽ‍ തന്നെ ഈ
ദിവസങ്ങളും, നിനക്കെഴുതുന്ന കത്തുകളും ഒക്കെയൊരു ബോണസാണ്.
ഡോക്ടര്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു കൊള്ളാൻ പറഞ്ഞിട്ടുണ്ട്..
അതൊരു ആനുകൂല്യമാണ്. പുതിയ മരുന്നൊന്നുണ്ട്, അതുകൊണ്ട് രാത്രി നന്നായി ഉറങ്ങുന്നു..
ഇവിടെയിപ്പോൾ‍ ‍പകലും രാത്രിയൊന്നും അറിയുന്നേയില്ല. മനസ്സില്‍ എപ്പോഴും പഴയ ഓര്‍മ്മകളുടെ ഒരു കറക്കമാണ്.. മറവി കൂടുതലെന്നാണ് ഗ്രേസും മറ്റും പറയുന്നത്, (ഗ്രേസ് പുതിയ നേഴ്സുകുട്ടിയാണ്) 

ഭക്ഷണവും മരുന്നുമെല്ലാം മറക്കുന്നുത്രെ.. എനിക്കറിയില്ല..
ഓര്‍ക്കുമ്പോൾ‍‍ ഇവരെല്ലാം കള്ളം പറയുകയാണോ എന്ന് സംശയം..
ആദ്യം കാണുമ്പോൾ‍ മഴയത്ത് നീയെനിക്ക് കുട തന്നത് ഇപ്പോളും തെളിച്ചമുള്ള ഓര്‍മ്മയാണ്, പിന്നെ കുട തിരിച്ചു തരാന്‍ ഞാൻ‍ വന്നതും, നമ്മള്‍ രണ്ടു പേരും വാക്കുകൾ‍‍ കിട്ടാതെ പരിഭ്രമിച്ചതും, മറൈന്‍ഡ്രൈവിലെയാ പഴയ കോഫീ ഷോപ്പിൽ ചായ കുടിച്ചതുമെല്ലാം ഇപ്പോൾ‍ ‍ഓര്‍ക്കുമ്പോൾ‍‍ ചിരി വരുന്നു..
പിന്നെയൊരു ട്രെയിന്‍യാത്ര, അഞ്ചു മണിക്കൂറുകൾ‍‍.. നമ്മൾ‍‍ കണ്ട ആകാശം, ചുണ്ടുകളുടെ ചൂടും നനവും.. എന്നിൽ ചുറ്റി പടര്‍ന്ന നിന്റെ മുടിയിഴകൾ‍‍, താഴെക്കടര്‍ന്നു വീണ കണ്മഷി തുള്ളി.. ഒക്കെയോര്‍മ്മയുണ്ട്..
പിന്നീട് എത്രയെത്ര ദിവസങ്ങൾ‍..
ഋതുക്കൾ‍ ‍മാറി മറിഞ്ഞിട്ടും നമ്മൾ‍‍ മാത്രം തെല്ലും മാറിയിരുന്നില്ല.
ഒപ്പം നനഞ്ഞ വെയിലും, പൊള്ളിയ മഴയും എത്രയാണ്...
മഴയ്ക്കും കാറ്റിനും പൂക്കൾ‍‍ക്കും വിയർ‍പ്പിനും വരെ ഗന്ധം നഷ്ട്ടപ്പെട്ടത് നിന്നിലേക്ക് ചേർ‍ന്നതിനു ശേഷമാണ്..

മനസ്സ് മാത്രം മരിക്കുന്നില്ല, തളർ‍ന്ന കാലുകൾ‍ കൊണ്ടത് നിന്റെ ഓര്‍മ്മകൾ‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നു..
ഇന്ന് ബെഡിൽ‍ വിരിച്ചിരിക്കുന്നത് നിന്റെയൊരു പഴയ സാരിയാണ്, ഏതെന്നോ, വിവാഹ ശേഷം കാശ്മീരു പോയപ്പോൾ‍‍ അവിടെ നിന്ന് വാങ്ങിയത്, നിനക്കറിയുമോ ഇതിനിന്നും കുങ്കുമപ്പൂവിന്റെ മണമാണ്.. ഇതിൽ ‍മുഖമമർ‍ത്തി കിടന്നു കൊണ്ട് അന്നത്തെ ദിവസങ്ങൾ‍ ഓര്‍ത്തെടുക്കാൻ‍ കഴിയുന്നുണ്ട്, നിന്നെ അറിയുന്നുണ്ട്..
മഞ്ഞിൽ‍ കുളിച്ചു നിൽ‍ക്കുന്ന ഒരു പേരറിയാ വഴിയിലൂടെ നമ്മളൊരുമിച്ചു നടക്കുന്നുണ്ട്.. വഴിയരുകിലെ ജനാലചില്ലുകളിലൂടെ ആരൊക്കെയോ നമ്മളെ നോക്കുന്നുണ്ട്. മരങ്ങൾ‍ തണുപ്പുകാറ്റിൽ‍ പൂക്കൾ‍ പൊഴിക്കുന്നുണ്ട്.. നമ്മളൊരുമിച്ചൊരു നനുത്ത മഴ നനയുന്നുണ്ട്..
ഇന്നെന്തോ വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്, ഹൃദയം കൂടുതൽ ദുര്‍ബലമാവും പോലെ, അതിന്റെ ഉയരുന്ന മിടിപ്പുകൾ‍ ‍നിന്റെ പേര് വീണ്ടും വീണ്ടും വിളിക്കും പോലെ..
നമുടെ ലോകങ്ങൾ‍‍ക്കിടയിലെ വലിയ അകലം അലിഞ്ഞില്ലാതാവും പോലെ.. 


ഗ്രേസ് ചിരിച്ചു കൊണ്ടാണ് ഞാൻ‍ പറയുന്നതെഴുതുന്നത്.
 മരിച്ചു പോയയാൾ‍‍ക്ക് കത്തെഴുതിയിട്ട് എന്തിനെന്ന ന്യായമായ ചോദ്യമുണ്ടവൾ‍‍ക്ക്.. ചെറിയ കുട്ടിയാണ്.

അവൾ‍ക്കറിയില്ലല്ലോ എഴുത്തിന്റെ സുഖം, നമ്മുടെ ശീലങ്ങൾ‍‍.. അവസാനിക്കാത്ത സ്നേഹം..
ഓർ‍മ്മകളുടെ മൂര്‍ച്ഛയിൽ ശരീരമില്ലാതെയാഘോഷിക്കുന്ന മനസ്സിന്റെ സ്വർ‍ഗ്ഗയാത്രകൾ‍‍..

എന്തായാലും ഇതവസാന കത്തായിരിക്കട്ടെ..
നേരിൽ കാണും വരേയ്ക്കും ഒഴുകിയൊന്നാവുന്ന ഒരു വിയർ‍പ്പു തുള്ളിയുടെ മധുരാലസ്യത്തിൽ ‍ഒളിച്ചിരിക്കുക നീ..


നിർ‍ത്തുന്നു..

സ്വന്തം
Gopakumar GK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot