****************************************
വനത്തിന്റെ നടുവിലൂടെയുള്ള ,ഇരുവശത്തും വേലികെട്ടിയ ടാര്‍ റോഡിലൂടെ ആ മഞ്ഞ സ്ക്കൂള്‍ ബസ് മെല്ലെയാണ് സഞ്ചരിക്കുന്നത്.അതിനുള്ളില്‍ ഏറ്റവും പുറകിലെ സീറ്റില്‍ ഒറ്റക്കിരുന്ന് ഇഷാന്‍ എന്ന പത്തുവയസ്സുകാരന്‍ ഉറക്കംതൂങ്ങി.സെയിന്റ് എഫ്രേംസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിനോദയാത്ര കഴിഞ്ഞു തിരിച്ചു പോവുകയാണ്.നാല്മണി വെയിലിലിന്റെ സ്വര്‍ണ്ണത്തരികള്‍ വീണുകിടക്കുന്ന വിജനമായ പാതയിലേക്ക് ഇരുവശത്തും വളര്‍ന്നുനില്‍ക്കുന്ന ഞാവല്‍മരങ്ങളുടെ നിഴലുകള്‍ വീണുതുടങ്ങിയിരുന്നു.
ഞാവല്‍ക്കാട്.
തൊട്ടുമുന്‍പിലെ സീറ്റില്‍ നിന്നുള്ള കുശുകുശുപ്പ് കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു.
“ആ കാട്ടില്‍ ഒറ്റ മൃഗങ്ങള് പോലുമില്ല.ആകെയുള്ളത് ഒരു പറപ്പ മാത്രം.”
“ചുമ്മാ പറയുവാ.”
“ചുമ്മാതല്ല.ആ അപ്പൂപ്പന്‍ പറഞ്ഞത് മീവല്‍മേരി കേട്ടതല്ലേ. രാക്ഷസ പറപ്പ .”
“രാക്ഷസ പറപ്പയോ ഹിഹി ...”
“എന്നാ ഇത്ര കിളിക്കാന്‍ ?”
“പറപ്പയല്ല.ശലഭം.രാക്ഷസശലഭം.”
അവന്റെ സഹപാഠികളായ അരവിന്ദ് അനിരുദ്ധനും മീവല്‍മേരിയുമാണ് കുശുകുശുക്കുന്നത്.അവരുടെ ക്ലാസ് ടീച്ചറായ സിസ്റ്റര്‍ ആഗ്നസും ബാക്കിയുള്ള കുട്ടികളും യാത്രാക്ഷീണം കാരണം ഉറക്കംതൂങ്ങുകയാണ്.ഇല്ല .ഒരാള്‍ കൂടി ഉറങ്ങാതിരിപ്പുണ്ട്. ക്ളാസിലെ ഏറ്റവും വണ്ണമുള്ള ‘ഹള്‍ക്ക്’ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ടോണി ജോസ് വര്‍ഗീസ് .ടോണി സമയം ഒട്ടും കളയാതെ ബിസ്ക്കറ്റും മിക്സ്ച്ചറം തിന്നുകൊണ്ടിരിക്കുകയാണ്.അവന് ഏറ്റവും സന്തോഷം ഭക്ഷണം കഴിക്കുമ്പോഴാണ് .തിന്നുന്ന സമയത്തു മാത്രം ഹള്‍ക്കിന്റെ മുഖത്ത് ഒരു പ്രത്യേക പ്രകാശം തെളിയും.ഇഷാന്‍ മുന്‍പിലത്തെ സീറ്റിലെ ചര്‍ച്ചയിലേക്ക് വീണ്ടും ചെവി കൂര്‍പ്പിച്ചു.
“ഞാവല്‍ക്കാട്ടില്‍ ഒരു രാക്ഷസശലഭം മാത്രമേയുള്ളൂ.അത് നൂറു കൊല്ലം ജീവിച്ചിരിക്കും.നൂറുക്കൊല്ലം ആകുമ്പോ അത് മുട്ടയിയിട്ടിട്ട് ചത്തു പോകും.ആ മുട്ടയില്‍നിന്ന് അടുത്ത രാക്ഷസശലഭം ജനിക്കും.”
“പുളുവാ.”മീവല്‍മേരി പറഞ്ഞു.
“അല്ല .സത്യമാ.”ഇഷാന്‍ ഉറക്കെ പറഞ്ഞു.അത് കേട്ടതും മീവല്‍മേരിയും അരവിന്ദ് അനിരുദ്ധനും ഞെട്ടിത്തിരിഞ്ഞു നോക്കി.തങ്ങള്‍ രഹസ്യമായി ചര്‍ച്ച ചെയ്യുന്നത് അവന്‍ കേട്ടതിന്റെ ഈര്‍ഷ്യ മീവലിന്റെ മുഖത്ത് കാണാമായിരുന്നു.
ആറു ബിയില്‍ മുപത്തിരണ്ടു കൂട്ടികളുണ്ട്.അതിലെ ഒന്നും രണ്ടും റാങ്ക്കാരാണ് മീവല്‍മേരിയും അരവിന്ദും .അവസാനത്തെ രണ്ടു റാങ്ക്കാരാണ് ഹള്‍ക്കും ഇഷാനും.മിക്ക ക്ലാസ്സിലും അടികൊള്ളുകയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നത് ഇവരെ രണ്ടു പേരെയുമാണ്.എങ്കിലും ഹള്‍ക്കിനെക്കാളും മീവലിനു ഇഷ്ടമില്ലാത്തത് ഇഷാനെയാണ്.മൂന്നാം ക്ലാസ് മുതല്‍ തുടങ്ങുന്ന ആ ശത്രുതയുടെ തുടക്കം എന്താണ് എന്ന് രണ്ടുപേരും ഓര്‍ക്കുന്നില്ലെങ്കിലും അവര്‍ തമ്മില്‍ ഇപ്പോഴും മിണ്ടാറില്ല.
“അത് നിനക്കെങ്ങിനെ അറിയാം ?”അരവിന്ദ് ചോദിച്ചു.
“ ഹഹ സിമ്പിള്‍.ഞങ്ങള്‍ടെ വീടിന്റെയടുത്തു രാക്ഷസശലഭങ്ങളുടെ ഫാമുണ്ട്.ഈ കാട്ടിലോട്ടു ശലഭത്തെ സപ്ലൈ ചെയ്യുന്നത് അവിടുന്നാ.” ഇഷാന്‍ പറഞ്ഞു.
“ശരിക്കും ?”
അരവിന്ദിന്റെ കണ്ണ് തള്ളി.
അരവിന്ദിന്റെ കണ്ണ് തള്ളി.
മീവല്‍ പുച്ഛത്തോടെ ചുണ്ട് കോട്ടി തല വെട്ടിച്ചു.എന്നിട്ട് തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ചെവിയില്‍ മന്ത്രിച്ചു.
“അരവിന്ദാ ,പൊട്ടാ ,ഇഷാന്‍ നിന്നെ ആക്കിയതാ.”
രണ്ടുപേരും കുശുകുശുപ്പ് നിര്‍ത്തി നേരെയിരുന്നു.ഇഷാന്‍ പുറത്തേക്ക് നോക്കി.മരങ്ങള്‍ക്കിടയിലൂടെ ഇരുട്ടിന്റെ കറുത്ത കുത്തുകള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങിയിരിക്കുന്നു.കറുത്ത ചോക്ക് കൊണ്ട് വരയ്ക്കുന്നതു പോലെ.ഒച്ചയൊന്നും ഇല്ലാത്ത കാട്.അല്ലെങ്കില്‍ ഒച്ചകള്‍ മുഴുവന്‍ ഞാവല്‍മരങ്ങളിലേക്ക് വലിച്ചെടുത്ത വിചിത്രമായ കാട്.ആ കാട്ടിലേക്ക് ആര്‍ക്കും പ്രവേശനമില്ല.കാടിന് സമീപത്തെ തടാകത്തില്‍ രാവിലെ ബോട്ടിങ്ങിന് പോയപ്പോള്‍ അവിടെ ഐസ് ക്രീം വില്‍ക്കുന്ന അപ്പൂപ്പനുമായി തങ്ങള്‍ സംസാരിച്ചതു അവനു ഓര്‍മ്മ വന്നു.
“മക്കളെ ,ആ കാട്ടില്‍ ഒറ്റ മൃഗങ്ങളുമില്ല.സിഹവും പുലിയും ആനയും മുയലും കഴുതയും കുറുക്കനും ഒന്നുമില്ല.ഒരു പുഴു പോലുമില്ല.മുഴുവന്‍ ഞാവല്‍മരങ്ങള്‍ മാത്രം.”
“ഹോ എനിക്ക് അതിന്റെയുള്ളില്‍ ഒന്ന് കേറണം.”അരവിന്ദ് പറഞ്ഞു.
“അങ്ങോട്ട് ആരെയും കേറ്റി വിടുകേല.അതിന്റെയടുത്തു വണ്ടി നിര്‍ത്താന്‍ ഫോറസ്റ്റ്കാര് സമ്മതിക്കുകേമില്ല. “.വൃദ്ധന്‍ പറഞ്ഞു.
“മൃഗങ്ങള്‍ ഇല്ലെങ്കില്‍ പിന്നെയെന്താ ഇത്ര പേടിക്കാന്‍ ഉള്ളത്?അകത്തു കയറിക്കൂടെ? ”ഇഷാന്‍ ചോദിച്ചു.
“കണ്ടോ ,ഇതിനാ കോമണ്‍സെന്‍സ് എന്ന് പറയുന്നേ..”ആ സംഭാഷണം കേട്ടൂനിന്ന സിസ്റ്റര്‍ ആഗ്നസ് അവന്റെ തോളില്‍ത്തട്ടി മറ്റു കുട്ടികളോട് പറഞ്ഞു.മീവല്‍മേരി അവനെ അസൂയയോടെ നോക്കി.
“ആ കാട് നിന്ന സ്ഥലത്ത് പത്തായിരം കൊല്ലം മുന്‍പ് ഒരു കൊട്ടാരമുണ്ടായിരുന്നു.അതിന്റെ അവശിഷ്ടം ഒക്കെ ഇപ്പോഴുമുണ്ട്.ഒരുപാട് പ്രത്യേകതകള്‍ ഉള്ള കാടാ.പക്ഷികള്‍ അതിലെ മരങ്ങളില്‍ കൂട് കൂട്ടില്ല.പകല് വരുന്ന പക്ഷികള്‍ സന്ധ്യാകുമ്പോ കാട് വിട്ടു തിരിച്ചു പറക്കും.”
“അപ്പൊ പക്ഷികള്‍ എന്ത് തിന്നും ?”ഹള്‍ക്ക് ഇടക്ക് കയറി ചോദിച്ചു.
“പൊട്ടാ അതിനല്ലേ ഞാവല്‍ മരങ്ങള്‍.അവറ്റ ഞാവല്‍ പഴം തിന്നും.”മീവല്‍മേരി പറഞ്ഞു.താനും കോമണ്‍സെന്‍സില്‍ ഒട്ടും പുറകിലല്ല.എങ്കിലും സിസ്റ്റര്‍ ആഗ്നസ് തന്നെ അഭിനന്ദിക്കാഞ്ഞതില്‍ അവള്‍ മുഖം വീര്‍പ്പിച്ചു.രാക്ഷസശലഭത്തിന്റെ കാര്യവും ആ അപ്പൂപ്പന്‍ തന്നെയാണ് പറഞ്ഞത്.
“അത് കെട്ടുകഥയാണോ നേരാണോ എന്നറിയില്ല മക്കളെ.ആനയുടെ വലിപ്പമുള്ള ശലഭം.പല നിറത്തിലുള്ള തിളങ്ങുന്ന ചിറകുകള്‍.ചിലരൊക്കെ അതിനെ കണ്ടിട്ടുണ്ടെന്ന് പറയുന്നു.പക്ഷേ ഒക്കെ കണ്ടത് നിങ്ങളെ പോലുള്ള കുട്ടികളാ...” അത് പറഞ്ഞു വെറ്റിലക്കറ പിടിച്ച പല്ല് കാട്ടി ആ അപ്പൂപ്പന്‍ ചിരിച്ചു.
അങ്ങിനെയൊരു ശലഭം ഉണ്ടാകുമോ ?ഞാവല്‍മരങ്ങള്‍ മാത്രം നിറഞ്ഞ വനത്തില്‍ ഒറ്റക്ക് നൂറു വര്‍ഷം ജീവിക്കുന്ന ശലഭം ?
അങ്ങിനെയൊരു ശലഭം ഉണ്ടാകുമോ ?ഞാവല്‍മരങ്ങള്‍ മാത്രം നിറഞ്ഞ വനത്തില്‍ ഒറ്റക്ക് നൂറു വര്‍ഷം ജീവിക്കുന്ന ശലഭം ?
അവനു പെട്ടെന്ന് സങ്കടം തോന്നി.ഇന്ന് രാത്രി വൈകി അവര്‍ തിരിച്ചു നാട്ടില്‍ എത്തും.അടുത്ത ദിവസം മുതല്‍ വീണ്ടും സ്കൂള്‍.വീട്ടില്‍ പോകുന്നത് ഇഷാന് ആലോചിക്കാന്‍കൂടി തോന്നിയില്ല.സ്കൂളും വീടും അവന്‍ കുറെനാളായി വല്ലാതെ മടുത്തു.ഒരു മനുഷ്യരുമില്ലാത്ത എവിടേക്കെങ്കിലും പോകണമെന്ന് ഉള്ളിന്റെയുള്ളില്‍ അവന്‍ ഏറെനാളായി ആഗ്രഹിക്കുന്നു.സത്യത്തില്‍ ഈ യാത്ര കഴിഞ്ഞപ്പോള്‍ അവന്റെ ആഗ്രഹം കൂടിയതേയുള്ളൂ.
ബസ്സിന്റെ അകത്തു നീല എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിഞ്ഞിരിക്കുന്നു.ഇനി ഭക്ഷണം കഴിക്കുന്നിടത്ത് മാത്രമേ വണ്ടി നിര്‍ത്തുകയുള്ളൂ.എല്ലാവരും നല്ല ഉറക്കത്തിലാണ്.കാരണം രാവിലെ ആ തടാകത്തിലെ ബോട്ടിങ്ങും അതിന്റെയടുത്തുള്ള ഫാന്റസി പാര്‍ക്കിലെ വൈകുന്നേരം വരെയുള്ള റയിഡുകളും കാരണം എല്ലാവര്‍ക്കും നല്ല ക്ഷീണമുണ്ട്.
അവന്‍ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി വീണ്ടും പുറത്തേക്ക് നോക്കി.തണുത്തകാറ്റില്‍ അവന്റെ മുടി പാറിപ്പറന്നു.ഞാവല്‍ക്കാട് കഴിഞ്ഞിട്ടില്ല.ഉടഞ്ഞുപോയ മഷിക്കുപ്പിയില്‍ നിന്നും ഒഴുകിപ്പടരുന്ന കറുത്തമഷി പോലെ ഇരുട്ട് ആ ബസ്സിനെ പിന്തുടര്‍ന്നു.അവന്‍ പെട്ടെന്ന് തല പിന്‍വലിച്ചു.
അവന് വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി വീണ്ടും പുറത്തേക്ക് നോക്കി.തണുത്തകാറ്റില്‍ അവന്റെ മുടി പാറിപ്പറന്നു.ഞാവല്‍ക്കാട് കഴിഞ്ഞിട്ടില്ല.ഉടഞ്ഞുപോയ മഷിക്കുപ്പിയില്‍ നിന്നും ഒഴുകിപ്പടരുന്ന കറുത്തമഷി പോലെ ഇരുട്ട് ആ ബസ്സിനെ പിന്തുടര്‍ന്നു.അവന്‍ പെട്ടെന്ന് തല പിന്‍വലിച്ചു.
“ഇഷാന്‍ ,ഇരുട്ടിനെ പേടിയാണോ ?”
മണിനാദം പോലെയായിരുന്നു ആ സ്വരം.ഇഷാന്‍ ഞെട്ടി ചുറ്റും നോക്കി.ആരാണ് ?
മണിനാദം പോലെയായിരുന്നു ആ സ്വരം.ഇഷാന്‍ ഞെട്ടി ചുറ്റും നോക്കി.ആരാണ് ?
“ചുറ്റും നോക്കണ്ട ,ദാ ഞാനിവിടെ ഇഷാന്റെ ഹൃദയത്തിനു മുകളിലുണ്ട്.” വീണ്ടും മണിനാദം പോലെയുള്ള ആ ആ സ്വരം കേട്ടൂ.
അവന്‍ നെഞ്ചിലേക്ക് നോക്കി.പോക്കറ്റിനു മുകളില്‍ ഒരു നീല ചിത്രശലഭമിരിക്കുന്നത് അവന്‍ കണ്ടു.
അവന് നെഞ്ചിലേക്ക് നോക്കി.പോക്കറ്റിനു മുകളില്‍ ഒരു നീല ചിത്രശലഭമിരിക്കുന്നത് അവന്‍ കണ്ടു.
“പേടിക്കണ്ട .ഞാന്‍ തന്നെയാണ്.”ശലഭം പറഞ്ഞു.മണി കിലുങ്ങുന്നത് പോലെ അത് ചിരിക്കുന്നത് അവന്‍ കേട്ടു.
ശലഭങ്ങള്‍ സംസാരിക്കുമോ ?എന്ത് കൊണ്ട് ആ ശബ്ദം താന്‍ മാത്രം കേട്ടു.ഇനി താന്‍ സ്വപ്നം കാണുകയാണോ ? അവന്‍ സംശയിച്ചു.
“ശലഭങ്ങള്‍ മാത്രമല്ല.മരങ്ങളും മൃഗങ്ങളും മേഘങ്ങളും സംസാരിക്കും ഇഷാന്‍.പക്ഷെ ചിലര്‍ക്ക് മാത്രമേ അവരോടു സംസാരിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനും കഴിയും..” ശലഭം അവന്റെ ചിന്തകള്‍ മനസ്സിലാക്കി പറഞ്ഞു.
അവന്‍ മെല്ലെ ആ ശലഭത്തെ തന്റെ ഉള്ളം കയ്യിലേക്കെടുത്തു വച്ചു.ബസ്സിലെ അരണ്ട നീലവെളിച്ചത്തില്‍ ശലഭം ഒരു നീലനക്ഷത്രം പോലെ തിളങ്ങി.
“നീ ആരാ ?” ഇഷാന്‍ ചോദിച്ചു.ഇപ്പോള്‍ അവന്റെ പേടി അല്പം കുറഞ്ഞു.
“ഞാന്‍ ഞാവല്‍ക്കാട്ടിലെ രാക്ഷസശലഭം.” അത് മറുപടി പറഞ്ഞു.
“ഹഹ ,നുണ. രാക്ഷശലഭം ഇങ്ങനെയല്ലല്ലോ.വലിയ വലിപ്പം കാണും.ആനയുടെയത്ര വലിപ്പം.”ഇഷാന്‍ ശലഭത്തെ കളിയാക്കി.
“എനിക്ക് ഞാവല്‍ക്കാട്ടില്‍ മാത്രമേ അങ്ങിനെയാകാന്‍ പറ്റൂ.നീ എന്റെയൊപ്പം ഞാവല്‍ക്കാട്ടില്‍ വന്നാല്‍ എന്റെ യഥാര്‍ത്ഥ വലിപ്പം കാണിക്കാം.അത് മാത്രമല്ല മറ്റു പല അത്ഭുതക്കാഴ്ചകളും നിന്നെ ഞാന്‍ കാണിക്കാം.”ശലഭം പറഞ്ഞു.
“അയ്യോ ഞാന്‍ ഈ രാത്രിയില്‍ ഒറ്റക്ക്...”ഇഷാന്‍ അമ്പരന്നു.
“എനിക്ക് തെറ്റി.ഞാന്‍ വിചാരിച്ചു നിനക്ക് നല്ല ധൈര്യം ഉണ്ടാകുമെന്ന്.”ശലഭം നിരാശയോടെ പറഞ്ഞു.
ഇഷാന്‍ ഒരുനിമിഷം ആലോചിച്ചു.പിന്നെ പറഞ്ഞു.
“ഞാന്‍ വരാം.പക്ഷേ ഈ ഓടുന്ന വണ്ടിയില്‍ നിന്ന് എങ്ങിനെ വരാനാ.”
“അല്പം കഴിയുമ്പോള്‍ വണ്ടി കേടാകും.നീ അപ്പോള്‍ ഇറങ്ങി വന്നാല്‍ മതി.”ശലഭം വഴി പറഞ്ഞു.
“അത് പിന്നെ..”ഇഷാന്‍ അതിനു മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ ശലഭം മറഞ്ഞു.
ഇഷാന്‍ ഞെട്ടിത്തരിച്ചിരുന്നു.ഇത് സ്വപ്നമായിരിക്കുമോ ?
പക്ഷേ അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ വണ്ടി നിന്നു.ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങുന്നത് അവന്‍ കണ്ടു.പക്ഷെ എല്ലാവരും നല്ല ഉറക്കമാണ്.
പക്ഷേ അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ വണ്ടി നിന്നു.ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങുന്നത് അവന്‍ കണ്ടു.പക്ഷെ എല്ലാവരും നല്ല ഉറക്കമാണ്.
“പേടിക്കണ്ട.എല്ലാവരെയും ഞാനാ ഉറക്കിയത്.നീ വേഗം ഡോര്‍ തുറന്നു റോഡിലിറങ്ങൂ.”ഉള്ളിലിരുന്നു ആരോ പറയുന്നു.
അവന്‍ മെല്ലെയെഴുന്നേറ്റു.പതിയെ ഡോറിന്റെ അടുത്തേക്ക് ചെന്നു.അവന്‍ അടുത്ത് ചെന്നതും ഡോര്‍ പതിയെ തനിയെ തുറന്നുവന്നു.അവന്‍ റോഡില്‍ ഇറങ്ങി.വഴിയരികിലെ ഒരു കുറ്റിച്ചെടിയുടെ പുറകില്‍ അവന്‍ മറഞ്ഞുനിന്നു.
അവന് മെല്ലെയെഴുന്നേറ്റു.പതിയെ ഡോറിന്റെ അടുത്തേക്ക് ചെന്നു.അവന്‍ അടുത്ത് ചെന്നതും ഡോര്‍ പതിയെ തനിയെ തുറന്നുവന്നു.അവന്‍ റോഡില്‍ ഇറങ്ങി.വഴിയരികിലെ ഒരു കുറ്റിച്ചെടിയുടെ പുറകില്‍ അവന്‍ മറഞ്ഞുനിന്നു.
ഡ്രൈവര്‍ അല്‍പ്പനേരം കഴിഞ്ഞു തിരിച്ചു വണ്ടിയില്‍ കയറുന്നതും ബസ് മുന്‍പോട്ടു എടുക്കുന്നതും ഇഷാന്‍ കണ്ടു.ഇരുട്ടില്‍ തന്റെ സ്കൂള്‍ ബസ് മറയുന്നത് അവന്‍ കണ്ടുനിന്നു.അവന്റെ നെഞ്ചു പടപടാ മിടിച്ചു.അവന്‍ നെഞ്ചിലേക്ക് നോക്കി .അത്രയും നേരം താന്‍ സംസാരിച്ചുകൊണ്ടിരുന്ന ശലഭത്തെ അവന്‍ തിരഞ്ഞു.ഇല്ല.അതിനെ കാണാനില്ല.മണിനാദം പോലെയുള്ള അതിന്റെ സ്വരവും കേള്‍ക്കാനില്ല.
സിസ്റ്റര്‍ ആഗ്നസ് തന്റെ അമ്മയോട് കഴിഞ്ഞ വര്‍ഷത്തെ പി.റ്റി.എ മീറ്റിങ്ങില്‍വച്ച് ,താന്‍ ഓണപ്പരീക്ഷക്ക് എല്ലാ വിഷയത്തിനും തോറ്റതിനെക്കുറിച്ച് പറഞ്ഞത് ഓര്‍മ്മവന്നു.
“ഇഷാന്‍ ഒരു മണ്ടനല്ല .പക്ഷേ അവന്റെ ശ്രദ്ധ ഇവിടെയെങ്ങുമല്ല.ഏതുസമയവും വേറെയൊരു ലോകത്താ.”
സിസ്റ്റര്‍ പോയപ്പോള്‍ അമ്മ അവനെനോക്കി ദേഷ്യത്തോടെ പറഞ്ഞു.
“സിസ്റ്റര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം നിനക്ക് മനസ്സിലായോ ?”
അവന്‍ ഇല്ലെന്നു തലയാട്ടി.
“സിസ്റ്റര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥം നിനക്ക് മനസ്സിലായോ ?”
അവന്‍ ഇല്ലെന്നു തലയാട്ടി.
“നീ ഒരു പൊട്ടനാന്ന്..!!കാള കളിച്ചു നടന്നോ .ചേച്ചി ഈ വര്‍ഷം ഡോക്ടറാകാനുള്ള എന്ട്രന്‍സ് പാസാകും.നീ തോറ്റ് തോറ്റു നടന്നോ..”
ഒരു പക്ഷേ അന്ന് അമ്മ പറഞ്ഞത് ശരിയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു.അത് കൊണ്ടല്ലേ താന്‍ ഈ രാത്രിയില്‍ ഭയന്ന് വിറച്ചു ഇവിടെ നില്‍ക്കുന്നത്.എല്ലാം തന്റെ തോന്നലുകളാണ്.പൊട്ടത്തോന്നലുകള്‍.
അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
അന്ന് രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു.
“എനിക്ക് ഇന്ദുജയുടെ കാര്യത്തില്‍ സംശയമില്ല.പക്ഷെ..ഇഷാന്റെ കാര്യത്തിലാ എന്റെ പേടി..”
ഇന്ദുജ ചേച്ചിക്ക് എല്ലാ ക്ലാസിലും ഫസ്റ്റായിരുന്നു.പക്ഷേ..
“ഇഷാന്‍ പേടിച്ചു പോയോ...”മണിനാദം പോലെയുള്ള സ്വരം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞുനോക്കി.
ആനയുടെ വലിപ്പമുള്ള രണ്ടു ചിറകുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇഷാന്‍ അമ്പരപ്പോടെ കണ്ടു.
ആയിരം നിറങ്ങളുള്ള ചിറകുകള്‍.ചിറകുകളിലെ പല നിറത്തിലുള്ള രേഖകള്‍ കൊണ്ട് വിചിത്രമായ ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളത് പോലെ. വജ്രക്കല്ലുകള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍.മിന്നല്‍വാളുകള്‍ പോലെ നീണ്ടുനില്‍ക്കുന്ന കൊമ്പുകള്‍.അലിവുള്ള ,ദു:ഖം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് ശലഭം അവനെ നോക്കി.
രാക്ഷസശലഭം.
“പേടിക്കണ്ട.എന്റെ മുകളില്‍ കയറിക്കോളൂ.നമ്മുക്ക് ഒട്ടും സമയം കളയാനില്ല.”ശലഭം പറഞ്ഞു.
അവന്‍ ശലഭത്തിന്റെ കഴുത്തില്‍ കയറിയിരുന്നു.അതൊരു പട്ടുമെത്ത പോലെ അവനു തോന്നി.ശലഭം മെല്ലെ പറന്നുയര്‍ന്നു.നിലാവില്‍ മുങ്ങിക്കിടക്കുന്ന ഞാവല്‍ക്കാടിന്റെ മുകളിലൂടെ രാക്ഷസശലഭം പറന്നു.ഒരു ഐസ് പാളിക്കുള്ളിലൂടെ പറക്കുന്നത് പോലെ അവനു തോന്നി.അവന്‍ താഴേക്ക് നോക്കി.തണുത്തകാറ്റില്‍ അവന്റെ മുടി പാറിപ്പറന്നു.
താഴെ പാല്‍ നിലാവില്‍ ഞാവല്‍മരങ്ങളില്‍ വെള്ളിപ്പഴങ്ങള്‍ നിറഞ്ഞുകിടന്നു.മരങ്ങള്‍ക്കിടയിലൂടെ നിലാവ് പെറ്റ മിന്നാമിന്നികള്‍ നീലക്കല്ലുകള്‍ പോലെ പറന്നുനടന്നു.നിലാവില്‍ ഞാവല്‍മരങ്ങളുടെ വെള്ളിയിലകള്‍ ആകാശത്തേക്ക് നോക്കി അവര്‍ പറക്കുന്നത് കണ്ടു ചിരിച്ചു.
“നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ?”
“നമ്മള്‍ക്ക് ആ കൊട്ടാരത്തിനുള്ളില്‍ കടക്കണം..ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ ആ തടാകക്കരയില്‍ കാത്തിരുന്നത് ഇഷാനെപോലെയുള്ള കുട്ടി വരാനായിരുന്നു. എനിക്ക് ഇഷാന്റെ സഹായം വേണം”
“അപ്പോള്‍ തടാകക്കരയിലെ വൃദ്ധന്‍..??” ഇഷാന് ഒന്നും മനസ്സിലായില്ല.
പഞ്ഞിപോലെ മൃദുലമായ മേഘങ്ങള്‍ക്കിടയിലൂടെ ശലഭം അതിവേഗം പറന്നു.നിലാവില്‍ ആ മേഘക്കൂട്ടങ്ങള്‍ ചലിക്കുന്ന വെണ്ണക്കല്‍ കൊട്ടാരങ്ങള്‍പോലെ അവനു തോന്നി.ആരുടെയോ തണുത്ത, വെളുത്ത സ്വപ്നത്തിലാണ് താനെന്നു അവന്‍ ചിന്തിച്ചു. അപ്പോള്‍ ശലഭം തന്റെ മണിനാദം പോലെയുള്ള സ്വരത്തില്‍ ആ കഥ പറഞ്ഞു..
“ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ മഹാമാന്ത്രികനായ ഒരു രാജാവുണ്ടായിരുന്നു.രാജാവിന് അതിസുന്ദരിയായ ഒരു രാജ്ഞിയുമുണ്ടായിരുന്നു.അവര്‍ക്ക് ഒരു മകന്‍ പിറന്നു.ഇന്ദ്രജിത്ത് എന്നായിരുന്നു അവന്റെ പേര്. അന്ന് ,ലോകം ഇത് പോലെയായിരുന്നില്ല.മരങ്ങളും മനുഷ്യനും പറവകളും മൃഗങ്ങളും സംസാരിക്കുമായിരുന്നു.”
“എന്നിട്ട് ?തന്റെ മുഖത്ത് വന്ന് ഉമ്മ വച്ച ഒരു ചെറുമേഘത്തെനോക്കി ചിരിച്ചുകൊണ്ട് ഇഷാന്‍ ചോദിച്ചു.
“ഇന്ദ്രജിത്ത് പിറന്നതോടെ രാജ്ഞി രോഗിയായി.താമസിയാതെ അവര്‍ മരിച്ചു .രാജാവ് അതിവദു:ഖിതനായി.”
“മാന്ത്രികനായ രാജാവിന് രാജ്ഞിയെ രക്ഷിച്ചുകൂടായിരുന്നോ?”ഇഷാന്‍ ചോദിച്ചു.
“എത്ര വലിയ മാന്ത്രികനും മരണത്തെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണ് ഇഷാന്‍..”ശലഭം പറഞ്ഞു.
“രാജ്ഞി മരിച്ചതോടെ രാജാവ് കുമാരനെ വെറുത്തു.കുമാരന്റെ ജനനം കാരണമാണ് രാജ്ഞി രോഗിയായത് എന്ന് രാജാവ് വിചാരിച്ചു.ആ വലിയ മാന്ത്രികകൊട്ടാരത്തില്‍ ഒറ്റപ്പെട്ടു പോയ കുമാരന് കൂട്ടുകാര്‍ ഞങ്ങള്‍ ശലഭങ്ങളും കിളികളും ഒക്കെയായിരുന്നു.”
ശലഭം മെല്ലെ താഴ്ന്നു പറന്നു.പതിയെ അത് ഞാവല്‍ക്കാടിന്റെ നടുക്കുള്ള പഴയകൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്‍പില്‍ പറന്നിറങ്ങി.ഒരു മൈതാനം പോലെയുള്ള സ്ഥലമായിരുന്നു അത്.പഴയ കൊട്ടാരത്തിന്റെയെന്നു പറയുവാന്‍ കുറച്ചു കല്ലും മണ്ണും മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ.
“നമ്മുക്കിവിടെ മറഞ്ഞുനില്‍ക്കാം.”ഒരു ഞാവല്‍മരത്തിന്റെ മറവിലേക്ക് ശലഭം അവനെ കൂട്ടിക്കൊണ്ട് പോയി.
ഒരു കാറ്റ് വീശി.മെല്ലെ കാറ്റിന്റെ ശക്തികൂടി.ആ മൈതാനത്തിന്റെ ചുറ്റും നിന്ന ഞാവല്‍മരങ്ങളുടെ ചില്ലകള്‍ കാറ്റില്‍ ഉലഞ്ഞു.ഇലകള്‍ പൊഴിഞ്ഞു , വെള്ളിഞരമ്പുകള്‍ പോലെ ആ മരങ്ങളുടെ ശിഖരങ്ങള്‍ നഗ്നമാവുകയാണ്.ഞാവല്‍പ്പഴങ്ങള്‍ വീണു ആ മൈതാനം നിലാവില്‍ നീലനിറമുള്ള ചോരയില്‍ മുങ്ങി.ഇഷാന്‍ പരിഭ്രമിച്ചു.
“ഈ കാറ്റ് അവസാനിക്കുമ്പോള്‍ കൃത്യം പാതിരാത്രി കഴിഞ്ഞു ഒരു വിനാഴികയാവും.അതിനുശേഷം മാത്രമേ അങ്ങോട്ട് നോക്കാവൂ..”ശലഭം പറഞ്ഞു.
“അതെന്താ ??”
അപ്പോള്‍ ശലഭം അവനെ തന്റെ ചിറകുകള്‍ക്കുള്ളില്‍ ചേര്‍ത്തു പിടിച്ചു.ഇപ്പോള്‍ ശബ്ദത്തിനു പകരം തന്റെ ചിന്തകള്‍ അവന്റെ മനസ്സിലേക്ക് കടത്തിവിട്ടുകൊണ്ട് ശലഭം ആ കഥ തുടര്‍ന്നു.
“മാന്ത്രികനായ രാജാവിന് മരിച്ചവരുടെ ആത്മാക്കളെ അല്പനേരം തിരിച്ചു കൊണ്ട് വരുന്നതിനുള്ള മന്ത്രങ്ങള്‍ അറിയാമായിരുന്നു.അത് കൊണ്ട് എല്ലാ പാതിരാത്രിയും അദ്ദേഹം തന്റെ ഭാര്യയെ വിളിച്ചുവരുത്തി സംസാരിക്കുമായിരുന്നു.ഈ രഹസ്യം കൊട്ടാര ഉദ്യാനത്തിലെ കിളികള്‍ക്ക് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.പക്ഷേ മന്ത്രം ചൊല്ലുന്നതില്‍ പിഴവ് വരുത്തിയാലോ ,അതിനിടക്ക് കരച്ചില്‍ വന്നാലോ ,ചൊല്ലുന്നയാള്‍ മരിക്കും.കിളികള്‍ ഈ മന്ത്രം മൃഗങ്ങള്‍ക്ക് കൈമാറി. മൃഗങ്ങളില്‍നിന്ന് ഞങ്ങള്‍ ശലഭങ്ങളും അതറിഞ്ഞു..ഇന്ദ്രജിത്ത് രാജകുമാരന് അന്ന് നിന്റെ പ്രായം കാണും.അമ്മ മരിച്ചതിനെക്കാള്‍ കൂടുതല്‍ ,അച്ഛന്റെ വെറുപ്പ് സഹിക്കാന്‍ വയ്യാതെ കുമാരന്‍ കൊട്ടാരം വിട്ടു കാട്ടിനുള്ളിലേക്ക് ഓടിപ്പോയി.കാട്ടിനുള്ളില്‍ അലഞ്ഞുനടന്ന കുമാരനെ ശലഭങ്ങളുടെ രാജാവായ രാക്ഷസശലഭം കണ്ടെത്തി.ദു:ഖിതനായ കുമാരന്റെ സങ്കടം മാറ്റാന്‍ രാക്ഷസശലഭം ആ മന്ത്രം കുമാരന് പറഞ്ഞു കൊടുത്തു.മരിച്ചു പോയ തന്റെ അമ്മയുമായ് വീണ്ടും സംസാരിക്കാമല്ലോയെന്നു ഓര്‍ത്തു കുമാരന്‍ മന്ത്രം ചൊല്ലാന്‍ തുടങ്ങി.പക്ഷെ രാജാവില്‍ നിന്ന് കിളികള്‍ കേട്ട ആ മന്ത്രം ശലഭങ്ങളില്‍ എത്തിയപ്പോള്‍ അതിലെ രണ്ടു അക്ഷരങ്ങള്‍ തെറ്റിയിരുന്നു..”
പൊടുന്നനെ കാറ്റ് നിലച്ചു.പാതിരാത്രിയും കഴിഞ്ഞു ഒരു വിനാഴിക കടന്നിരിക്കുന്നു.അവന്‍ ആ മൈതാനത്തിലേക്ക് നോക്കി.അവശിഷ്ടങ്ങളുടെ സ്ഥാനത്ത് ഒരു കൊട്ടാരം ഉയര്‍ന്നുനില്‍ക്കുന്നു.തനിത്തങ്കത്തില്‍ തീര്‍ത്ത ഭിത്തികള്‍.രത്നങ്ങള്‍ മേഞ്ഞ താഴികക്കുടങ്ങള്‍.നിലാവ് പൊതിഞ്ഞ കൊട്ടാരത്തിന്റെ പരിസരം നിശബ്ദമാണ്.
“ആ കാണുന്നത് മായയാണ്.ഓരോ നൂറുകൊല്ലവും കൂടുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മഹാരാജാവ് തന്റെ മാന്ത്രികവിദ്യ കൊണ്ട് സൃഷ്ടിക്കുന്നതാണ് ആ മായകൊട്ടാരം.ഇപ്പോള്‍ നമ്മുക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല.” ശലഭം പറഞ്ഞു.
ഇഷാന്‍ അമ്പരന്നുനില്‍ക്കെ ശലഭം കഥ തുടര്‍ന്നു.
“മന്ത്രം തെറ്റിച്ചു ചൊല്ലിയതോടെ ഇന്ദ്രജിത്ത് കുമാരന്‍ മരിച്ചു വീണു.മകന്‍ മരിച്ചതോടെ രാജാവ് മഹാദു:ഖത്തിന്റെ പിടിയിലമര്‍ന്നു.ആ മന്ത്രം ഉപയോഗിച്ച് അദ്ദേഹം മരിച്ചുപോയ തന്റെ ഭാര്യയെയും മകനെയും കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ വീണ്ടും അദ്ദേഹത്തിന്റെ അരികില്‍ എത്തിയില്ല.പരാജയത്തിന്റെ കയ്പ്പില്‍ ദു:ഖം നിറഞ്ഞ ഒരു നീണ്ട ഉറക്കത്തിലേക്ക് അദ്ദേഹം വഴുതിവീണു.വര്‍ഷങ്ങള്‍ നീണ്ട ഉറക്കം.കൊട്ടാരം നശിച്ചു.രാജ്യം നശിച്ചു.രാജാവിന്റെ ശരീരം അഴുകി അതില്‍ നിന്ന് ദു:ഖത്തിന്റെ നിറമുള്ള പഴങ്ങള്‍ ഉണ്ടാകുന്ന ഞാവല്‍മരങ്ങള്‍ കിളിര്‍ത്തുവന്നു.അവ പടര്‍ന്നു ഇവിടം ഞാവല്‍ക്കാടായി.എങ്കിലും ഓരോ നൂറുകൊല്ലം കൂടുമ്പോഴും രാജാവ് തന്റെ ഉറക്കത്തില്‍നിന്ന് ഉണരും.ഞാവല്‍മരങ്ങളിലെ ഇലകളിലും പഴങ്ങളിലും ചിന്നിച്ചിതറി കിടക്കുന്ന ആ ആത്മാവിന്റെ അംശങ്ങള്‍ ഒന്നിച്ചുചേരും.മന്ത്രശക്തികൊണ്ട് ഈ കൊട്ടാരം പുനര്‍സൃഷ്ടിച്ചു ഒരിക്കല്‍ക്കൂടി ആ മന്ത്രം അദ്ദേഹം ചൊല്ലും.പക്ഷേ ഒരിക്കല്‍പോലും തന്റെ ഭാര്യയെയും കുഞ്ഞിനേയും വീണ്ടും കാണാന്‍ രാജാവിനു കഴിഞ്ഞിട്ടില്ല.തന്റെ ദു:ഖത്തിനു കാരണക്കാരായ കിളികളെയും മൃഗങ്ങളെയും ശലഭങ്ങളെയും രാജാവ് ശപിച്ചു.എങ്കിലും ഒരു രാക്ഷസശലഭം മാത്രം അവശേഷിച്ചു.അതിനെ തിരഞ്ഞു കൊല്ലാന്‍ കിളികള്‍ പകല്‍ മുഴുവന്‍ ഈ കാട് തിരയും.രാജാവിനെ ഭയന്ന് രാത്രി തിരികെ പറക്കും.”
“നീ ആ രാക്ഷസശലഭം തന്നെയാണോ ?” ഇഷാന്‍ ചോദിച്ചു.
“അല്ല.ഓരോ നൂറുവര്‍ഷവും രാജാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രാത്രിയില്‍ രാക്ഷസശലഭം മരിക്കും.പിറ്റേന്ന് പുതിയ രാക്ഷസശലഭം ജനിക്കും.അത്രയും നാള്‍ നടന്ന ചരിത്രം അതിന്റെ ചിറകുകളിലെ വിചിത്രമായ ചിത്രങ്ങളുടെ ഭാഷയില്‍ എഴുതപ്പെട്ടിട്ടുണ്ടാകും.ഈ ദു:ഖകരമായ കഥയുടെ നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രം മുറിക്കുവാന്‍ ഒരു രാക്ഷസശലഭത്തിനും ഇത് വരെ കഴിഞ്ഞിട്ടില്ല.പക്ഷേ നൂറു വര്‍ഷങ്ങള്‍ തികയുന്ന ഈ രാത്രിയില്‍...” ശലഭം പറഞ്ഞു നിര്‍ത്തി.
“ഇഷാന്‍,നിന്നെ കണ്ടപ്പോള്‍ എനിക്ക് ഇന്ദ്രജിത്താണ് എന്ന് തോന്നി..ഈ നൂറുവര്‍ഷവും ഞാന്‍ നിന്നെയാണ് കാത്തിരുന്നത്.നിനക്ക് ഒരുപക്ഷെ രാജാവിന്റെ മന്ത്രോച്ചാരണം തെറ്റിക്കുവാന്‍ കഴിഞ്ഞേക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്..അങ്ങിനെ രാജാവിന്റെ ആത്മാവിന്റെ അനന്തമായ ഉറക്കം അവസാനിപ്പിക്കുവാനും, മോക്ഷത്തിലേക്ക് ,തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും അരികിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കുവാനും ഒരുപക്ഷെ നിനക്ക് കഴിയും.” ശലഭം പറഞ്ഞു.
“എന്നെക്കൊണ്ട് അതിനു കഴിയില്ല,എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല..” ഇഷാന്‍ തലകുനിച്ചു കൊണ്ട് പറഞ്ഞു.
അവിടടെയല്ലാം ഒരു സുഗന്ധം നിറഞ്ഞു. ആത്മാവിന്റെ അടിത്തട്ടിലെ മറഞ്ഞുകിടന്ന ഓര്‍മ്മകള്‍ ജലത്തില്‍ വിടരുന്ന നെയ്യാമ്പലുകളെ പോലെ തെളിഞ്ഞുവരുന്നത് അവന്‍ അറിഞ്ഞു.
“ഇത് രാജാവ് മന്ത്രം ചൊല്ലാന്‍ തുടങ്ങുന്നതിന്റെ ആരംഭമാണ്.നമ്മുക്ക് അകത്തേക്ക് പോകാം.” ശലഭം പറഞ്ഞു.
“എനിക്ക് ആ മന്ത്രം പഠിപ്പിച്ചു തരാമോ ?” ഇഷാന്‍ ചോദിച്ചു.
“നിനക്ക് എന്തിനാ ആ മന്ത്രം ?”
“എന്റെ ഇന്ദുജ ചേച്ചി ...”ഇഷാന്‍ ഒന്ന് നിര്‍ത്തി.അവന്റെ കണ്ണില്‍ നീര്‍ തുളുമ്പി..
“കഴിഞ്ഞ വര്‍ഷം ഡോക്ടറാകാന്‍ ഉള്ള പരീക്ഷ എഴുതിയതാ.എല്ലാ ക്ലാസിലും ഒന്നാമത് വന്നിട്ടും ചേച്ചി ആ പരീക്ഷ ജയിച്ചില്ല.വീണ്ടും ഈ വര്‍ഷം വീണ്ടും പരീക്ഷ എഴുതിയിട്ടും ചേച്ചി തോറ്റു.റിസല്‍ട്ട് വന്നതിന്റെ പിറ്റേന്ന് .......അവന്‍ ഒന്ന് വിതുമ്പി.
“ചേച്ചി വിഷം കഴിച്ചു മരിച്ചു.” തേങ്ങലുകള്‍ക്കിടയില്‍ അവന്‍ മരിച്ചു.
“എന്റെ അച്ഛനും അമ്മയും ഇപ്പോള്‍ ചത്തു ജീവിക്കുകയാ.ഞാന്‍ ആ വീട്ടില്‍ ഉള്ളത് പോലും അവര്‍ അറിയുന്നില്ല.അവര്‍ക്ക് ഏറ്റവും പ്രതീക്ഷ ഇന്ദുജ ചേച്ചിയായിരുന്നു.ചേച്ചി പോയതോടെ അവരുടെ പ്രതീക്ഷ നശിച്ചു.ഞാന്‍ ഇപ്പോള്‍ വെറുതെ ജീവിക്കുവാ.ഒരിക്കലും ചേച്ചിയെ പോലെ നന്നായി പഠിക്കുവാനും പരീക്ഷകള്‍ ജയിക്കാനും എന്നെക്കൊണ്ട് പറ്റില്ല.അച്ഛനും അമ്മയും എന്നോട് മിണ്ടിയിട്ട് ദിവസങ്ങളായി.എന്നെ കാണുമ്പോ ചേച്ചി പോയതിന്റെ നിരാശയും സങ്കടവും അവര്‍ക്ക് കൂടും..ആ ഇന്ദ്രജിത്തിനെ പോലെ എങ്ങോട്ടെങ്കിലും ഓടിപോകുവാന്‍ എനിക്കും തോന്നുവാ...” അവന്‍ പറഞ്ഞു.
രാക്ഷസശലഭം തന്റെ തൂവൽപോലെ മൃദുലമായ ചിറകുകള്‍ക്കൊണ്ട് ഇഷാന്റെ ശിരസ്സില്‍ തലോടി.
“ആ മന്ത്രം പഠിച്ചാല്‍ അച്ഛന്റെയും അമ്മയുടെയും അടുത്തു ചേച്ചിയെ എനിക്ക് വിളിച്ചു വരുത്താമായിരുന്നു.ഒരുതവണയെങ്കിലും ഞാന്‍ കാരണം അച്ഛനും അമ്മയും ഒന്ന് സന്തോഷിക്കുന്നത് കാണാന്‍ വേണ്ടിയാ..”
“ഇഷാന്‍,നിനക്ക് ആ മന്ത്രം പഠിപ്പിച്ചു തരാന്‍ എനിക്ക് കഴിയില്ല.കാരണം ഇന്ന് ഞാന്‍ ഇല്ലാതാകുന്നതോടെ ഈ നടന്നത് മുഴുവന്‍ നീ എന്നെന്നെക്കുമായി മറക്കും.”ശലഭം ദു:ഖത്തോടെ പറഞ്ഞു.
ഇഷാന് അതിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.അകത്തുനിന്ന് ആരോ മന്ത്രം ചോല്ലുന്നതിന്റെ ശബ്ദം അവര്‍ കേട്ടു.
“വരൂ നമ്മുക്ക് അകത്തേക്ക് പോകാം.അത് മഹാരാജാവിന്റെ ശബ്ദമാണ്.”
അവര്‍ കൊട്ടാരത്തിന്റെ സ്വര്‍ണ്ണപ്പടികള്‍ കടന്നു ,രത്നങ്ങള്‍ പതിച്ച ചന്ദനവാതിലുകള്‍ തുറന്നു അകത്തു കയറി.ശില്‍പ്പചാരുതിയുള്ള വെണ്ണക്കല്‍ തൂണുകളില്‍നിന്ന് തീപ്പന്തങ്ങള്‍ ജ്വലിച്ചു.ആ മഞ്ഞവെളിച്ചത്തില്‍ ഇഷാന്‍ കണ്ടു.
നിലത്തു വിരിച്ച പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ആജാനബാഹു.നീണ്ട താടിയും മുടിയും.ശിരസ്സില്‍ വജ്രം പതിച്ച സ്വര്‍ണ്ണക്കിരീടം.മുന്‍പില്‍ വച്ചിരിക്കുന്ന നിലവിളക്കുകള്‍ക്കിടയില്‍ കത്തിജ്വലിക്കുന്ന യാഗാഗ്നി.തീചൂടില്‍ ആ മുഖം ചുവക്കുന്നു.അഗ്നിയിലേക്ക് കൈകള്‍ നീട്ടി കണ്ണുകള്‍ പൂട്ടി മഹാരാജാവ് കഠിനമന്ത്രങ്ങള്‍ ജപിക്കുകയാണ്.
പൊടുന്നനെ ഒരു ചിറകടിശബ്ദം കേട്ടു.കാറ്റില്‍ നിലവിളക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം.ഉലയുന്ന തീജ്വാലകള്‍.
പൊടുന്നനെ ഒരു ചിറകടിശബ്ദം കേട്ടു.കാറ്റില്‍ നിലവിളക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന ശബ്ദം.ഉലയുന്ന തീജ്വാലകള്‍.
രാജാവ് കണ്ണ് തുറന്നു.
മുന്‍പില്‍ ചിറകു വിടര്‍ത്തിയ രാക്ഷസശലഭം.
രാജാവിന്റെ മുഖം കോപം കൊണ്ട് ചുവന്നെങ്കിലും മന്ത്രം നിര്‍ത്തിയില്ല.ശലഭം പുറകിലേക്ക് മാറി.തീജ്വാലകളുടെ വെളിച്ചത്തില്‍ രാജാവ് ആ ബാലനെ കണ്ടു.
അവന്റെ ദു:ഖം നിറഞ മുഖം.നീര്‍തുളുമ്പിയ കണ്ണുകള്‍.
“ഇന്ദ്രജിത്ത്...”രാജാവിന്റെ ചുണ്ടുകള്‍ വിറച്ചു.
ആ മുഖത്തെ കോപത്തിന്റെ ചുവപ്പ് മാറി.പകരം ദു:ഖത്തിന്റെ കറുപ്പ് രാശി പടര്‍ന്നു.മന്ത്രജപം മുറിഞ്ഞു.
“മകനെ..ഇന്ദ്രജിത്ത്..”രാജാവ് കൈകള്‍ നീട്ടി.
“ഞാന്‍ ഇന്ദ്രജിത്തല്ല.ഇഷാനാണ്...”അവന്‍ പറയാന്‍ തുടങ്ങിയെങ്കിലും ശബ്ദം പുറത്തു വന്നില്ല.
പൊടുന്നനെ ഒരു കാറ്റ് വീശി.നൂറ്റാണ്ടുകള്‍ നീണ്ട ദു:ഖത്തിന്റെ ചക്രം മുറിച്ചു ആ കാറ്റ് രാജാവിനെ പൊതിഞ്ഞു.രാജാവിന്റെ ശരീരം വെള്ളിധൂളികളായി കാറ്റില്‍ അലിയുന്നത് അവര്‍ കണ്ടുനിന്നു.
“ഇഷാന്‍ നീ അത് സാധിച്ചിരിക്കുന്നു.രാജാവിന്റെ മന്ത്രജപം തെറ്റിയിരിക്കുന്നു.രാജാവു എന്നെന്നെക്കുമായി മടങ്ങുകയാണ്.നമുക്ക് മടങ്ങാം.ഈ മായകൊട്ടാരം ഇപ്പോള്‍ തകരും.”
ശലഭം അവനെ തന്റെ ചുമലിലേറ്റി പറന്നുയര്‍ന്നു.ഇഷാന്‍ തിരിഞ്ഞുനോക്കി.ആ സ്വര്‍ണ്ണകൊട്ടാരത്തിന്റെ ഭിത്തികള്‍ ഒരു സ്വപ്നത്തിലെന്നപോലെ തകര്‍ന്നുവീഴുന്നത് അവന്‍ കണ്ടു.
സ്കൂള്‍ബസ്സില്‍നിന്ന് ഇഷാന്‍ ഇറങ്ങിയ സ്ഥലത്ത് തന്നെ ശലഭം അവനെ തിരിച്ചിറക്കി.
“ഇഷാന്‍ ,നിന്റെ ജീവിതത്തില്‍ ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ സംഭവിക്കും.നിന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍ നിനക്ക് ഇനിയും കഴിയും.” ശലഭം ഒരു രഹസ്യമന്ത്രം പോലെ അവന്റെ ചെവിയില്‍ പറഞ്ഞു.ഇഷാന്‍ അത് കേട്ടില്ല.അവന്‍ ആ മാന്ത്രികശലഭത്തിന്റെ വലിയ ചിറകില്‍ മയങ്ങിക്കിടക്കുകയായിരുന്നു.
നേരം പുലരാറായി.ആ ശലഭം മെല്ലെ മെല്ലെ ഇല്ലാതാവുകയായിരുന്നു.
ഇഷാന്‍ കണ്ണുകള്‍ തുറന്നു എഴുന്നേറ്റിരുന്നു.
അകലെനിന്ന് തന്റെ മഞ്ഞ സ്കൂള്‍ ബസ് വരുന്നത് അവന്‍ കണ്ടു.അവന്‍ റോഡിലേക്കിറങ്ങി നിന്നു..
അകലെനിന്ന് തന്റെ മഞ്ഞ സ്കൂള്‍ ബസ് വരുന്നത് അവന്‍ കണ്ടു.അവന്‍ റോഡിലേക്കിറങ്ങി നിന്നു..
“ദാ നില്‍ക്കുന്നു ഇഷാന്‍...”ബസ്സില്‍നിന്ന് ഹള്‍ക്ക് വിളിച്ചു കൂവി.
ബസ് നിര്‍ത്തി കുട്ടികള്‍ അവന്റെയടുത്തേക്ക് ഓടിവന്നു പൊതിഞ്ഞു.അവര്‍ക്കൊപ്പം സിസ്റ്റര്‍ ആഗ്നസും ഇഷാന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.
ബസ് നിര്‍ത്തി കുട്ടികള്‍ അവന്റെയടുത്തേക്ക് ഓടിവന്നു പൊതിഞ്ഞു.അവര്‍ക്കൊപ്പം സിസ്റ്റര്‍ ആഗ്നസും ഇഷാന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.
ഇഷാന്റെ അമ്മയും അച്ഛനും അവനെ കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു.
“മോനെ..നീയും പോയാല്‍ ഇനി ഞങ്ങള്‍ക്ക് ആരുണ്ട്...”അവര്‍ അവനെ മാറോടണച്ചു.
“ഇന്നലെ രാത്രി മുഴുവന്‍ ഞങ്ങള്‍ നിന്നെ തിരയുകയായിരുന്നു.നീ എവിടെയായിരുന്നു.?” സിസ്റ്റര്‍ ആഗ്നസ് ചോദിച്ചു.
“എനിക്കോര്‍മ്മയില്ല.ഇന്നലെ ബസ് നിര്‍ത്തിയപ്പോള്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ വേണ്ടി ഇറങ്ങിയത് മാത്രം ഓര്‍മ്മയുണ്ട്.”അവന്‍ പറഞ്ഞു.
“ചിലപ്പോ അവിടെയിരുന്നു ഉറങ്ങിയതാവും.”മീവല്‍ മേരി അവനെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.അവന്‍ തിരികെ വന്നതില്‍ ഏറ്റവും ആശ്വാസം അവള്‍ക്കായിരുന്നു.ഇനി അവനുമായി ഒരിക്കലും പിണങ്ങില്ല എന്ന് അവള്‍ ജീസസ്സിന് പ്രോമിസ് ചെയ്തിരുന്നു.
അവര്‍ അവനുമായി തിരികെ ബസ്സില്‍ കയറി.
അകലെ ഞാവല്‍ക്കാട്ടിലെ ഒരു മരത്തിന്റെ പൊത്തില്‍നിന്ന് ഒരു നീലശലഭം കൂട് പൊട്ടിച്ചു മെല്ലെ പുറത്തുവന്നു.നീലാകാശത്തിലേക്ക് അത് പറന്നുയര്‍ന്നു.താഴെ മെല്ലെനീങ്ങുന്ന ആ സ്കൂള്‍ ബസ്സിന്റെ ഒപ്പം പറന്ന് അതിന്റെ ജനല്‍കമ്പിയില്‍ അത് പറന്നുചെന്നിരുന്നു.അകത്തു അച്ഛന്റെയും അമ്മയുടെയും മടിയില്‍ മയങ്ങിക്കിടക്കുന്ന ആ ബാലനെ അല്‍പ്പനേരം നോക്കിയിരുന്നിട്ട് ആ ശലഭം ഞാവല്‍ക്കാട്ടിലേക്ക് തിരികെപ്പറന്നു.
(അവസാനിച്ചു

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക