Slider

ഒരു ഐ.റ്റി പ്രണയകഥ

0
Image may contain: Indu Praveen, smiling, closeup
.....................................
"അളിയാ, നീ കൂടെ വാ. എനിക്കൊരു ധൈര്യത്തിന്." വിപിൻ മനോജിനോട് പറഞ്ഞു.
" എന്തിന്? വെറുതെ എന്റെ സമയം മെനക്കെടുത്താൻ. എത്ര അവസരങ്ങൾ കിട്ടിയതാ, നീ പറഞ്ഞോ? എനിക്കെങ്ങും വയ്യ."
" ഇതതു പോലല്ല. ഞാനെല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്. ഇന്ന് ഞാൻ അവളോട് പറഞ്ഞിരിക്കും."
"എങ്കിൽ വാ. ഞാൻ ബസ്സ് സ്റ്റാൻസിൽ കൊണ്ടാക്കാം."
ചാറ്റ് ക്ലോസ് ചെയ്ത്, കമ്പ്യൂട്ടർ ഷഡോൺ ചെയ്ത്, ഓഫീസിൽ അടുത്തടുത്തിരിക്കുന്ന മനോജും വിപിനും, ഒരു ഭാവഭേദവുമില്ലാതെ സീറ്റിൽ നിന്നെഴുന്നേറ്റു. അടുത്തു തന്നെ, കമ്പ്യൂട്ടറിൽ കണ്ണു നട്ടിരിക്കുന്ന നയനയെ നോക്കി മനോജ് ചോദിച്ചു: "വീട്ടിൽ പോണില്ലേ നയന ? വെള്ളിയാഴ്ചയാണിന്ന് മറന്നോ?"
"യേയ്, മറക്കേ. ഒരു ലോഡ് പണിയുണ്ട് മാഷേ. ഇതൊന്ന് ഒതുക്കിയിട്ടേ ഇറങ്ങാൻ പറ്റൂ." ഇതൊന്നും ശ്രദ്ധിക്കാത്ത പോലെ മാറി നിന്ന് ഫോണിൽ കളിക്കുന്ന വിപിനെ നോക്കിയവൾ ചോദിച്ചു: "നീ പോകുന്നില്ലേ?, നീ കൂടുണ്ടല്ലോ നാട്ടിലേക്ക്...അതാണേക ആശ്വാസം." കമ്പ്യൂട്ടറിൽ തന്നെ നോക്കി കൊണ്ടവൾ പറഞ്ഞു.
" ഉം.. " പറഞ്ഞൊപ്പിച്ച വിപിന്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രന്മാർ വിളങ്ങി.
നയന കാണാതെ മനോജ് വിപിനെ നോക്കി കണ്ണിറക്കി കൊണ്ട് പറഞ്ഞു: "ഇവനെ ബസ്റ്റാഡിലാക്കാൻ പോവാ. നയന എങ്ങനെ പോകും?"
"ഞാനെങ്ങനേലും എത്തിക്കോളാം. നിങ്ങള് ചെല്ല്." സംസാരത്തിനിടയിലും അവളുടെ വിരലുകൾ കമ്പ്യൂട്ടറിന്റെ കീബോർഡിൽ നിറുത്താതെ ചലിച്ചു കൊണ്ടിരിന്നു.
അതിന്റെ ഭംഗി ഇടക്കണ്ണിലൂടെ നോക്കി നിന്ന വിപിനെ തള്ളിക്കൊണ്ട് മനോജ് ഓഫീസിന്റെ പുറത്തേക്ക് കൊണ്ടു പോയി.
യാന്ത്രികമായി മനോജിന്റെ വണ്ടിയുടെ പുറകിൽ കേറുമ്പോഴും മനസ്സു നിറയെ അവളായിരുന്നു, നയന. ആദ്യത്തെ ദിവസം ഓഫീസിൽ വന്നപ്പോൾ അവളെ കണ്ടത്, ക്രിസ്മസ്സ് ഫ്രണ്ടായി അവളെ കിട്ടിയത്, താൻ നൽകിയ റ്റെഡി അവൾ കെട്ടിപ്പിടിച്ചത്, ഒരു വർഷത്തോളമായുള്ള സൗഹൃദമുണ്ടായിരുന്നെങ്കിലും എന്നാണത് പ്രണയമായി മാറിയത് എന്നവന് തീർത്ത് പറയാനറിയില്ല. ഒരേ നാട്ടുകാർ, സാമ്പത്തികമായി ഏകദേശം ഒരേ നിലവാരമുള്ള കുടുംബം, രണ്ടാൾക്കും നല്ല ജോലി, കാണാനും തരക്കേടില്ല. പിന്നെ ജാതിയും മതവും വരെ ഒന്ന്. പക്ഷെ അവളോട് പറയാൻ ഭയം. എത്ര ധൈര്യമുള്ളവനായാലും ഒരു പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ ആ ധൈര്യമൊന്നും പോരാ.
" ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ ?" മനോജിന്റെ ശബ്ദമാണ് വിപിനെ ചിന്തയിൽ നിന്നുണർത്തിയത്.
"ചെന്ന് ടിക്കറ്റെടുക്കാൻ . ഈ ചെറുക്കൻ ഇന്നും കുളമാക്കുന്ന ലക്ഷണമുണ്ട്."
"കരിനാക്കിട്ടൊന്നും പറയാതെടാ. നീയിവിടെ നിൽക്കണെ. ഞാനിപ്പൊ വരാം."
ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നിനു പകരം രണ്ട് ടിക്കറ്റുകളെടുത്തു, അടുത്തടുത്ത സീറ്റുകൾ. കഴിഞ്ഞ തവണ പോലെ തൊണ്ട വരണ്ട് വാക്കുകൾ പുറത്ത് വരാതിരിക്കണ്ട കരുതി ഒരു കുപ്പി വെള്ളവും വാങ്ങി.
"ങാ, നീ ഫുൾ സെറ്റപ്പിലാണല്ലോ?'' മനോജ് കളിയാക്കി.
ഓരോ ഓട്ടോയും വന്നു നിൽക്കുമ്പോൾ വല്ലാത്ത ചങ്കിടിപ്പ്. അവളല്ലെന്ന് കാണുമ്പോൾ നിരാശയും.
അപ്പോഴാണ് തീരെ അപ്രതീക്ഷിതമായ ആ കാഴ്ച കാണുന്നത്. നയന ബൈക്കിൽ വരുന്നു.. അതും അപരിചിതനായ ഒരു ചെറുപ്പക്കാരനൊപ്പം...
മനോജിന്റെ ചുമലിൽ ചാഞ്ഞു നിന്ന വിപിന്റെ കൈ അയഞ്ഞു...
" കൂട്ടുകാരനാവുമെടാ.." മനോജ് ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
ബൈക്കിൽ നിന്നിറങ്ങി അവരുടെ അടുത്തെത്തി നയന ആ ചെറുപ്പക്കാരനെ അവർക്ക് പരിചയപ്പെടുത്തി.
" ഇത് ഹരീഷ്, എന്റെ ഫിയാൻസി. എം.ബി.എക്ക് കൂടെ പഠിച്ചിരുന്നതാ. കുറേ നാളായി നിങ്ങളെ പരിചയപ്പെടുത്തണമെന്ന് വിചാരിക്കുന്നു."
" ഹായ്.. "
അറിയാതെ തുറന്ന വായ പെട്ടെന്നടച്ച് സ്ഥലകാലബോധം വീണ്ടെടുത്ത വിപിൻ, തനിക്കു നേരെ നീണ്ട കൈകളെ അവഗണിച്ചു കൊണ്ട്: "മനോജേ, ഞാനിപ്പൊ വരാം."
നേരെ ടിക്കറ്റ് കൗണ്ടറിലേക്ക്.
"ചേട്ടാ, ഒരു ടിക്കറ്റ് കാൻസൽ ചെയ്യാമോ?"
ടിക്കറ്റ് കാൻസൽ ചെയ്ത് നേരെ ബസ്സിലേക്ക് കേറുന്ന വിപിനെ നോക്കി മനോജ് പറഞ്ഞു:
"അവന് തലവേദനയാണെന്ന് പറഞ്ഞിരുന്നു. ഞാനെന്നാൽ പോകുവാ. പിന്നെ കാണാം."
ഹരീഷിനു യാത്ര പറഞ്ഞു നയന ബസ്സിൽ കയറി.
"തലവേദനയാണെന്ന് മനോജ് പറഞ്ഞു. വിക്സ് വേണോ?"
ഒറ്റയ്ക്കിരിക്കുന്ന വിപിനെ കണ്ടിട്ട് അവൾ ചോദിച്ചു.
" വേണ്ട."
" എന്റെ അടുത്ത സീറ്റ് കാലിയാ. അവിടിരുന്നോളൂ. നമുക്ക് കഴിഞ്ഞ തവണ പോലെ മിണ്ടിയും പറഞ്ഞും ഇരിക്കാലോ ?"
"വേണ്ട. തലവേദന കൂടും."
അവൾ ബാഗിലിരുന്ന ലെയ്സ്സ് പൊട്ടിച്ച് അവന് നേരെ നീട്ടി.
" ഞാൻ ഈ ലെയ്സ്സൊന്നും കഴിക്കാറില്ല. ഒന്ന് മിണ്ടാതിരിക്കാമോ? കുറേ നേരായി. "
വിപിന്റെ സ്വഭാവ പകർച്ചയിൽ അന്ധിച്ചു പോയ നയന പിന്നൊന്നും മിണ്ടിയില്ല.
എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണ വിപിൻ നയന തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
ബസ്സിൽ നിന്നിറങ്ങിയ അവനോടവൾ പറഞ്ഞു,
" അച്ഛൻ കാർ കൊണ്ടു വന്നിട്ടുണ്ട്. നിന്നെ
ഡ്രോപ്പ് ചെയ്യും.''
"അതേ നിന്റെ അച്ഛന്റെ കാർ കണ്ടിട്ടൊന്നുമല്ല ഞാൻ അവിടെന്ന് ബസ്സ് കയറിയത്. ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം."
വീണ്ടും നയനയെ അന്ധാളിപ്പിലേക്ക് തളളിയിട്ടു കൊണ്ട് അവൻ നടന്നകന്നു.
വീട്ടിലെത്തിയപ്പോൾ അമ്മ ചോറ് വിളമ്പി അവനെ കാത്തിരിക്കുകയായിരുന്നു.
വന്ന പാടെ അവൻ ചോദിച്ചു, "ബ്രോക്കറ് നല്ല ആലോചനകളൊന്നും കൊണ്ടു വരുന്നില്ലേ?"
" വന്ന ഉടനെ കല്യാണാലോചന തുടങ്ങിക്കോളും എന്നാണല്ലൊ സാധാരണ പരാതി. ഇന്നിതെന്തു പറ്റി.. നയന...., നോ പറഞ്ഞോ."
"ഉം,... "
നടന്ന കാര്യങ്ങൾ അണുവിടയില്ലാതെ പറഞ്ഞ് അവൻ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
" അയ്യേ, എന്റെ കുട്ടി കരയണ്ട. നിനക്ക് നല്ല സുന്ദരി കൊച്ചിനെ അമ്മ കണ്ടു പിടിച്ചു തരില്ലേ ?"
" ഉം.. പക്ഷെ ഞാനീ കരഞ്ഞ കാര്യമൊന്നും ആ കുട്ടിയോട് പറയണ്ടേട്ടോ ." അമ്മയുടെ സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ടവൻ പറഞ്ഞു.
" യേയ് അമ്മ പറയുവോ?"
..........................................................
ആറു മാസങ്ങൾക്ക് ശേഷം വിപിൻ വിവാഹിതനായി. ആദ്യ രാത്രി നവവധുവിനോട് വിപിൻ ഗൗരവത്തിൽ പറഞ്ഞു: "എനിക്ക്
ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അമ്മ വല്ലതും പറഞ്ഞായിരുന്നോ ?"
" ഉം..
തലവേദന വന്നാൽ എട്ടൻ വിക്സ് പുരട്ടാറില്ല.
ലെയ്സ് ഏട്ടനിഷ്ടമേയില്ല.
പിന്നെ അന്യന്റെ ഔദാര്യത്തിൽ വണ്ടിയിൽ ലിഫ്റ്റടിക്കില്ല.. "
ഉമിനീരിറക്കി കൊണ്ടവൻ ചോദിച്ചു: "വേറെന്തെങ്കിലും !"
"നമ്മുടെ ആദ്യത്തെ കുഞ്ഞ് പെണ്ണാണെങ്കിൽ നയന എന്ന പേരൊഴിച്ച് വേറെന്തു പേരും ഏട്ടനിഷ്ടമാണെന്നും..."
" എന്റമ്മേ... "
"എന്താ ചേട്ടാ.. " ഒരു കള്ളച്ചിരിയോടവൾ ചോദിച്ചു.
" ഒന്നുമില്ലേ..." രണ്ടാളും പൊട്ടി ചിരിച്ചു.
ആ ചിരി കേട്ട് അമ്മ സന്തോഷത്തോടെ കണ്ണുകളടച്ചു.
.............. ഇന്ദു പ്രവീൺ.................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo