Slider

ആമവാതം അഥവാ ഒരു ഭീകര വാത(ദ)ം

0
Image may contain: 1 person, tree and outdoor
----------------------------------
പഠനവും house surgency യും കഴിഞ്ഞു അധികം വൈകാതെ സ്വന്തമായി പ്രാക്ടീസ് തുടങ്ങിയ എന്റെ വൈദ്യ ജീവിതത്തിന്റെ പ്രാരംഭ കാലത്താണ് ഈ കഥ അഥവാ ഒരു നീണ്ട അനുഭവത്തിന്റെ തുടക്കം.
പ്രധാന ലാബ് ടെസ്റ്റുകൾ, അവയുടെ നോർമൽ വാല്യൂസ്, മെഡിക്കൽ terms, ചില ഷോർട് ഫോംസ് എന്നിവയൊക്കെ എനിക്ക് മാത്രം കാണത്തക്ക വിധത്തിൽ, എനിക്ക് മാത്രം വായിക്കാവുന്ന പോലെ മേശയുടെ അരികിൽ എഴുതി വച്ചിട്ടുണ്ട് (റിസ്ക് അത്ര ഇഷ്ടമില്ല.... പേടിയുമുണ്ടേ.... !)
. ദിവസം ഒന്നോ രണ്ടോ രോഗികൾ.....
മൂന്നായാൽ കുശാൽ.....
അതിലധികം വന്നാൽ ലോട്ടറി....
കുഞ്ഞിരാമൻ വൈദ്യരുടെ ആയുർവേദ ചികിത്സാ സിദ്ധാന്തങ്ങളും സഹസ്രയോഗവും ഒക്കെ പ്രിയപ്പെട്ട പുസ്തകങ്ങൾ (പ്രാർത്ഥനാ പുസ്തകങ്ങൾ )ആയ കാലം....
പതിനൊന്നു മണി ആയിട്ടും ആരും വന്നില്ലല്ലോ എന്നാലോചിച്ചു വീണ്ടും സഹസ്രയോഗത്തിലേക്കു തന്നെ തല പൂഴ്ത്താനൊരുങ്ങുമ്പോൾ എന്റെ ഹൃദയം മുകളിൽ ഇരിക്കുന്നവൻ തിരിച്ചറിഞ്ഞു.,
എന്റെ മുന്നിൽ ഒരു രോഗിയെത്തി.
അൻപതിനടുത്തു പ്രായം വരുന്ന ആറ് അടിക്കടുത്തു പൊക്കവും അതിനൊത്ത വണ്ണവുമുള്ള ആജാനബാഹുവായ ഒരു സ്ത്രീ.......
(ദൈവമില്ലന്നു ആരു പറഞ്ഞു...... അല്ല പിന്നെ !)
"ഡോക്ടറാണോ ?"
ഞാൻ വലുതായി തന്നെ ഒന്ന് ഞെട്ടി.
പതിയെ തലയാട്ടി.
"കണ്ടിട്ടു തോന്നിയില്ല "
ഞാൻ ദയനീയമായി ഒന്ന് കൂടി ഞെട്ടി.
('അമ്മ മര്യാദക്ക് എന്നോട് പറഞ്ഞതാണ്..... അടക്ക പോലെ ഇത്തിരിയെ ഒള്ളു..... ഒരു സാരി ഉടുത്തോണ്ടു പോ. അല്ലേൽ ഒരു ലുക്കില്ല ).
വിളറിയ മുഖവും ഇടറിയ ശബ്ദവും അതി സാഹസികമായി മറച്ചു ഞാൻ ചോദിച്ചു
"എന്തു പറ്റി ?"
പ്രശ്നങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു.....
ദൈവമേ ഇത്രയൊന്നും താങ്ങാനുള്ള ശേഷി എനിക്കില്ല.... ഇതെല്ലാം കൂടി ചികില്സിക്കണമെങ്കിൽ ഒരു മെഡിക്കൽ കോളേജ് തന്നെ വേണ്ടി വരും......
എന്റെ നെറ്റി വിയർത്തൊഴുകി......
വിരലുകൾ വിറക്കുന്നതു രോഗി കാണാതിരിക്കാൻ കൈകൾ മേശയുടെ അടിയിലേക്ക് താഴ്ത്തി......
തൊണ്ട ഉണങ്ങുന്നു......
", വയറ്റീന്നു പോയിട്ടു ഒരാഴ്ച ആയി "
അവസാന ആണിയും എന്റെ നിറുകയിലേക്കു ആഞ്ഞടിച്ച സംതൃപ്തിയിൽ എന്റെ മുഖത്തേക്ക് നോക്കി രോഗി ഇരുപ്പായി......
സത്യത്തിൽ ഇനി എന്ത് ചോദിക്കണം എന്ന് പോലും എനിക്ക് ഓർമ വന്നില്ല.....
ഞാൻ എന്തൊക്കെയോ ചോദിച്ചു....
ഇംഗ്ലീഷ് സിനിമയിലെ യുദ്ധ സീൻ പോലെ ദോഷങ്ങളും ധാതുക്കളും നിദാനവും സംപ്രാപ്തിയും ഒക്കെ എന്റെ കണ്മുന്നിൽ താണ്ഡവമാടി......
അതൊക്കെ ഞാനേ കണ്ടുള്ളു...... ഞാൻ മാത്രേ കണ്ടുള്ളു......
ബോധത്തിന്റെയും ബോധക്കേടിന്റെയും ഇടയിൽ ഗുരുക്കന്മാരുടെ കാരുണ്യം കൊണ്ട് ചില വെളിപാടുകൾ ഉണ്ടായി.......
വിട്ടുമാറാത്ത പനി......
സന്ധികളിൽ മാറി മാറി നീരും വേദനയും.....
വിശപ്പില്ല........
ശോധനയില്ല.......
എന്റെ ശിരസിൽ ഒരു നക്ഷത്രം തെളിഞ്ഞു......
.ആമവാതത്തിന്റെ ലക്ഷണങ്ങൾ.........
'യുറേക്കാ 'എന്ന് അലറി വിളിക്കാൻ തോന്നി.......
കൺട്രോൾ യുവർ സെൽഫ് എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവരോടു ചോദിച്ചു
"വാതത്തിന്റെ രക്ത പരിശോധനകൾ ഒക്കെ ചെയ്തിട്ടുണ്ടോ ?"
"ചിലതൊക്കെ ചെയ്തിട്ടുണ്ട്...... പക്ഷെ അതൊക്കെ നോർമൽ ആണ്......."
Aso എന്ന പേര് എന്റെ മനസ്സിൽ വന്നില്ല...
ഞാൻ എഴുതി വച്ചവയുടെ കൂടെ ആ പേരില്ല......
എനിക്ക് വീണ്ടും ടെൻഷൻ ആയി.....
വീണ്ടും ഗുരുക്കന്മാർ ആ നക്ഷത്രദീപം കത്തിച്ചു........ അന്തസ്സായി ടെസ്റ്റ് എഴുതി കൊടുത്തു.......
പിന്നെ അമൃതോത്തരം കഷായവും വെട്ടുമാറൻ ഗുളികയും കൊടുത്തു.
ഒരു നേരം രുചിയോടെ ആഹാരം കഴിച്ചിട്ടു മരിച്ചാൽ മതി..... എനിക്കൊരു ചെറിയ പെണ്കുട്ടിയുണ്ട്....
എന്നൊക്കെ പറഞ്ഞു രോഗി കരഞ്ഞു തുടങ്ങിയിരുന്നു...... എക്സ്പീരിയൻസ് കുറവ് കൊണ്ടാവാം, കരച്ചിലൊക്കെ കാണുമ്പോൾ എന്തോ ഒരിത്...
മൂന്ന് ദിവസം കഴിഞ്ഞു ടെസ്റ്റ് ഒക്കെ ചെയ്തു വരാൻ പറഞ്ഞു രോഗിയെ സമാധാനിപ്പിച്ചു അയച്ചു.......
ഒന്ന് മുഖം കഴുകി ഫാൻ ഫുൾ സ്പീഡിലിട്ടു ഞാൻ ആശ്വസിച്ചു......
ഒരു ദിവസം കൊണ്ട് കിട്ടാവുന്ന റെഫെറെൻസുകൾ എല്ലാം തിരഞ്ഞു, സീനിയേഴ്സിനോട് ചോദിച്ചു.......
സുഹൃത്തുക്കളോട് (ഒരേ തൂവൽ പക്ഷികൾ )അഭിപ്രായം തേടി....
മൂന്നാം ദിവസം ഞാൻ സാരിയൊക്കെ ഉടുത്തു കുട്ടപ്പി ആയി എത്തി.......
പത്തു മണിക്ക് തന്നെ രോഗി ഹാജരായി..........
എന്തായോ ആവൊ...
എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാം......
എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു വികാരാധീനയായി നിറ കണ്ണുകളോടെ രോഗി പറഞ്ഞു....
"ഡോക്ടർ എന്റെ ദൈവമാണ്......... എന്റെ വയറ്റീന്നു പോയി...... എനിക്ക് കുറേശ്ശേ വിശപ്പു തോന്നുന്നുണ്ട്...... ഞാൻ ഭക്ഷണം കഴിച്ചു...... ഇപ്പൊ ഞാൻ രക്ഷ പെടും എന്ന് തോന്നുന്നുണ്ട്...."
"ജഗദീഷ് പറഞ്ഞ പോലെ ഞാൻ വിജൃംഭിച്ചു പോയി....
ഞാൻ ദൈവമാണെന്ന് പറഞ്ഞ എന്റെ ആദ്യത്തെ രോഗി.... രോഗി രക്ത പരിശോധന റിപോർട്ടുകൾ എനിക്ക് നേരെ നീട്ടി..... വിറയാർന്ന വിരലുകൾ കൊണ്ട് ഞാനതേറ്റു വാങ്ങി......
ഹുറേ..............
എന്റെ മനസ്സ് ആർത്തു വിളിച്ചു...........
എന്റെ നിഗമനം ശരിയായിരുന്നു........
അപ്പോഴാണ് രോഗി വീണ്ടും പറഞ്ഞു തുടങ്ങിയത്.......
"---------ലെ വൈദ്യരാണ് എന്നെ ഇങ്ങോട്ടു പറഞ്ഞു വിട്ടത്....... നാലഞ്ചു വർഷമായി അവിടുത്തെ ചികിത്സയിൽ ആയിരുന്നു... "
കുട്ടി മാമാ...
ഞാൻ വീണ്ടും ഞെട്ടി മാമാ....
ചെറിയ മരുന്നുകൾ......
അല്പം ആഹാരവിഹാര പഥ്യങ്ങൾ......
ആവിക്കിഴി പോലുള്ള ചികിത്സകൾ.......
രോഗി നാൾക്കുനാൾ ഭേദപ്പെട്ടു....
എന്റെ ആത്മവിശ്വാസം റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചു.........
രോഗി എനിക്ക് വളരെ പരിചയവും അടുപ്പവും ഉള്ള ആളായി....... അവരുടെ കുടുംബത്തിൽ നിന്നും പരിചയത്തിൽ നിന്നും പുതിയ രോഗികൾ എത്തി.
അപ്പോഴായിരുന്നു ആ ട്വിസ്റ്റ്.......
രോഗിയുടെ മകൻ വിവാഹിതനാകുന്നു......
ആദ്യത്തെ കല്യാണക്കുറി എനിക്കായിരുന്നു......
സകുടുംബം വന്ന് അവരെന്നെ കല്യാണം വിളിച്ചു........
കല്യാണ ദിവസമെത്തി.......
പോകണമെന്നൊക്കെ കരുതി നല്ലൊരു സാരി ഉടുത്തു ക്ലിനിക്കി ൽ എത്തി...
രാവിലെ കുറച്ചു രോഗികൾ ഉണ്ട്......
അവരെയൊക്കെ നോക്കി....
കല്യാണത്തിന് പോകാൻ ഇറങ്ങാൻ തുടങ്ങവേ ഒരു ഫോൺ വന്നു, അടുത്ത ഒരു ബന്ധു മരിച്ചു.....
കല്യാണം ഉപേക്ഷിച്ചു ബന്ധു വീട്ടിലേക്കു ഓടി..........
കുറച്ചു ദിവസം കഴിഞ്ഞു എന്റെ രോഗി എത്തി.....
മുഖം വീർത്തിരുന്നു....
കാണുമ്പോഴുള്ള പതിവ് ചിരി ആ മുഖത്തില്ല........
"ഡോക്ടറേ........ എന്റെ സ്വന്തം മോളെ പോലെ കണ്ടിട്ടാ ഞാൻ കല്യാണം വിളിച്ചത്........... ഡോക്ടർ വരാത്തത് വളരെ മോശമായിപ്പോയി...... "
കൊടുങ്കാറ്റു പോലെ അവർ ഇറങ്ങി പോയി.........
ഒരു മറുപടിയും പറയാൻ എനിക്ക് തോന്നിയതുമില്ല............
ആറേഴു വർഷങ്ങൾ കഴിഞ്ഞു പോയി......
വീണ്ടും ട്വിസ്റ്റ്..........
പ്രസ്തുത രോഗി ഒരു മനോഹരമായ ചിരിയുമായി എന്റെ മുന്നിലെത്തി......
"ഒരുപാടു ചികിൽസിച്ചു ഡോക്ടറെ....... പക്ഷെ ഡോക്ടർ തന്ന മരുന്നിനോളം അതൊന്നും ഏറ്റില്ല.........".
ഞാൻ വീണ്ടും മനസ്സിൽ ദൈവത്തെ കണ്ടു........
അമാവാത്തതിനെ തോൽപിക്കാൻ പറ്റുന്നൊരു ഭീകരവാദത്തെ ഞാൻ തിരഞ്ഞു തുടങ്ങി........
(കടപ്പാട്..... ഡയറി എഴുതുന്ന എന്റെ ശീലത്തോട് )
dr. Salini ck
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo