Slider

ഒരു മൂക്കുത്തികഥ

0
Image may contain: 2 people, including Deepa K, people smiling
*********************
ദീപ. കെ
***********
മുറ്റത്തെ ഒട്ടു മാവിൻ ചുവട്ടിലേക്ക്‌
എടുത്തിട്ട ചാരുകസേരയിലിരുന്ന്.. "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ "എന്ന പുസ്തകം ഗഹനമായി വായിക്കുന്നു അപ്പൻ ..
അന്നക്കുട്ടി പതുക്കെ അരികിലെത്തി..
അപ്പന്റെ അരികിൽ ഇരുന്ന്,അപ്പന്റെ ഇടതു കൈ പിടിച്ചു,
വിരലുകളിലെ ഞൊട്ട പൊട്ടിച്ചു തുടങ്ങി..
കൈയിൽ ഇരുന്ന പുസ്തകം മടക്കി മടിയിൽ വച്ച്..
അപ്പൻ വലതുകൈ അവളുടെ നേരെ നീട്ടി.
"ഇതുകൂടി "
"അപ്പാ.. അപ്പാ.. "
"എന്നാതാടീ.. അന്നേ.. പറഞ്ഞോ "
"അതേയ്.. അപ്പാ.. എന്റെ
കൂട്ടുകാരികളില്ലേ...??
സീമ, സുമ, രജനി.. അവരൊക്കെ മൂക്ക് കുത്തി..!!ഇന്നലെ.."
"അതിന്..?? "
"അപ്പാ.. "അന്നക്കുട്ടി ചിണുങ്ങി..
"എനിക്കും മൂക്ക് കുത്തണം. "
അപ്പൻ ആലോചനയോടെ ചാരുകസേരയിൽ നിവർന്നിരുന്നു..
"നീ തൊഴുത്തിൽ പോയി അമ്മിണിപ്പശുവിന്റെ മൂക്കുകയർ അഴിച്ചോണ്ട് വാ.. "
"എന്നാത്തിനാ അപ്പാ.. "
"നിനക്ക് മൂക്ക് കയർ ഇടാം.. അതാണ് നല്ലത്. "
"അപ്പാ.."
"എടീ..നിന്റെ കൂട്ടുകാരികൾ നായര് പിള്ളേര്..
നീ നസ്രാണി..നസ്രാണികൾ മൂക്ക് കുത്താൻ പാടില്ല..!! "
വേണേൽ.. വല്യമ്മച്ചി ഔട്ട്‌ ഓഫ്‌ ഫാഷൻ എന്ന് പറഞ്ഞു കുണുക്ക് അഴിച്ചു അലമാരയിൽ വച്ചിട്ടുണ്ട്.. അതെടുത്തു കാതിൽ ഇട്ടോ.. നല്ല ഭംഗിയായിരിക്കും.. "
അന്നക്കുട്ടിക്ക് ദേഷ്യം വന്നു..
"അപ്പാ.. അപ്പനൊരു കമ്മ്യൂണിസ്റ്റ്‌ അല്ലെ..? !
അപ്പോൾ ജാതി, മതം പറയാൻ പാടുണ്ടോ.?? കമ്മ്യൂണിസ്റ്റ്‌റ്റിനു ദൈവം ഇല്ലല്ലോ.. "
"ആര് പറഞ്ഞു..? എന്നാലെ എനിക്ക് മാത്രമേ ഇതൊക്കെ ഇല്ലാതുള്ളൂ.. എന്റെ മക്കൾക്കും, മറ്റെല്ലാവർക്കും ദൈവവും മതവും ഉണ്ട്..
ഹ..വിരൽ പിടിച്ചു തിരിക്കാതെടീ.. "
"അപ്പാ.. അപ്പനൊരു ബൂർഷയാണ് .. "
"ഫ്ഭ......മോളെ.. എടീ സാറാ.. ആ കാപ്പിക്കമ്പ് ഇങ്ങെടുക്കെടീ.. "
അന്നക്കുട്ടി ജീവനും കൊണ്ട് താഴെ പറമ്പിലേക്കോടി..
വൈകുന്നേരം അന്നയുടെ കൂട്ടുകാരികളായ സീമയുടെയും, രജനിയുടെയും അച്ഛൻമാരായ ഗോപാലൻനായരും, കരുണാകരൻനായരും, അന്നയ്ക്ക് വേണ്ടിയുള്ള "മൂക്കുത്തി ശുപാർശ"യുമായി വീട്ടിലെത്തി.
"ഹ!എന്റെ അന്തോണിച്ചാ.. അവളുടെ വലിയ ആശയല്ലേ.. അങ്ങ് കുത്തിക്കൊടുക്കൂ.. ഇപ്പോഴത്തെ പിള്ളേരല്ലേ.. പാവം.. "
അന്നക്കുട്ടി കൊടുത്ത ചായ കുടിച്ചു കൊണ്ട് ഗോപാലൻ നായർ പറഞ്ഞു.
"എന്റെ നായരെ, ഒന്നും നടക്കത്തില്ല.. അവൾക്ക് കല്യാണാലോചന വരുമ്പോൾ,
പെണ്ണിന്റെ മൂക്ക് തുളച്ചതാണെന്ന് പറഞ്ഞു,
ആലോചനകൾ അലസും..
ഈ മരംകേറിയെ കെട്ടുന്നവൻ തീരുമാനിക്കട്ടെ.. മൂക്ക് തുളയ്ക്കണോ,വേണ്ടയോഎന്ന്. ഹും"
അപ്പൻ രൂക്ഷമായി അന്നക്കുട്ടിയെ നോക്കി..
അവൾ സങ്കടത്തോടെ അടുക്കളയിലേക്ക് നടന്നു.
**********************************
ആദ്യരാത്രിയുടെ, ആലസ്യത്തിൽ മയങ്ങുന്ന ഭർത്താവിന്റെ വിരിമാറിൽ മുഖം ചേർത്ത്, നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കൊണ്ട്, കാതരമായ ശബ്ദത്തോടെ അന്നകുട്ടി വിളിച്ചു..
"അച്ചായാ.. "
മയക്കത്തിൽ നിന്നും, ഗാഢനിദ്രയിലേക്ക്.. വഴുതി തുടങ്ങിയെങ്കിലും അലക്സി വിളി കേട്ടു.
"എന്നതാ. അന്നൂ.. "
"അച്ചായാ.. എനിക്ക് മൂക്ക് കുത്തി തരുമോ..? !"
അലക്സി പതുക്കെ കൈനീട്ടി മേശപ്പുറത്തിരുന്ന
മൊബൈൽ ഫോൺ എടുത്തു സമയം നോക്കി..
സമയം രാത്രി 2. 30...
"ഇപ്പോഴോ.. അന്നൂ.. നാളെയാവട്ടെ.. "
അന്നക്കുട്ടി വർദ്ധിച്ച സന്തോഷത്തോടെ അലക്‌സിയെ കെട്ടിപ്പുണർന്നു കിടന്നു.
രാവിലെ കുളിച്ചൊരുങ്ങി, കാപ്പി കുടി കഴിഞ്ഞു.. അന്നക്കുട്ടി അലക്‌സിയുടെ മുന്നിലെത്തി.
"അച്ചായാ..ഞാൻ റെഡി.. പോകാം "
"എങ്ങോട്ടേക്കാ.. അന്നൂ? "
"മറന്നോ.. ഇന്ന് മൂക്ക് കുത്തി തരാമെന്ന് പറഞ്ഞില്ലാരുന്നോ..?"
"ഓ.. അത്.. എന്റെ പൊന്ന് അന്നൂ.. ഇവിടെ അമ്മച്ചിക്ക് അമ്മാതിരി പരിഷ്‌കാരങ്ങൾ ഒന്നും ഇഷ്ടമല്ല.. എനിക്കും.. നമ്മൾ നസ്രാണികൾ അല്ലെ..?
ഇന്നലെ ഉറക്കപ്പിച്ചിൽ അറിയാതെ പറഞ്ഞു പോയതാ.. "
അന്നക്കുട്ടി, സങ്കടത്തോടെ, പിണക്കത്തോടെ കിടപ്പുമുറിയിലേക്ക് നടന്നു.
*************************************
"ഹേയ് മനുഷ്യാ.. "
"എന്നാതാടീ "
"എനിക്ക് മൂക്ക് കുത്തണം "
"എന്നാത്തിനാ..? !ഇപ്പൊൾ മൂക്ക് തുളയ്ക്കുന്നത്?
കല്യാണം കഴിഞ്ഞു ഒൻപതു വർഷമായിട്ടും നീയിതു തന്നെ പറയുന്നു.. നിനക്ക് മടുപ്പില്ലേ..? !"
അന്നക്കുട്ടി കണ്ഠശുദ്ധി വരുത്തി കൊണ്ട് പറഞ്ഞു..
"എനിക്കറിയാം.. മനുഷ്യാ.. സ്ത്രീ എന്നും അടിമയാണ്, ആദ്യം.. അപ്പന്റ..
പിന്നെ ഭർത്താവിന്റെ, അതുകഴിയുമ്പോൾ മകന്റെ..
ഒരിക്കലും മാറ്റം വരാത്ത ദുരവസ്ഥ...
സ്ത്രീ ഹവ്വയുടെ കാലം മുതലേ പുറന്തള്ളപ്പെട്ടവൾ..
ഒരു പാമ്പ് കാരണം അവളുടെ തീരുമാനങ്ങൾ തെറ്റാണെന്നു പുരുഷവർഗം.. !!
"ന: സ്ത്രീ സ്വാതന്ത്ര്യമർഹതീ"
എന്നാണ്‌ മനുസ്മൃതി പറയുന്നത്.. എല്ലായിടത്തും ബൂർഷ്വാകൾ.. !!"
അന്നക്കുട്ടിയുടെ ഘോരഘോരമായ പ്രസംഗം കേട്ടു കൊച്ചുമക്കൾക്ക് വേദോപദേശം പഠിപ്പിച്ചു കൊണ്ടിരുന്ന അമ്മച്ചി മുറിക്ക് പുറത്തിറങ്ങി.. അലക്‌സിയെ വിളിച്ചു, സ്വകാര്യമായി എന്തോ പറഞ്ഞു..
"എടീ.. അന്നാമ്മോ, വേഗം ഒരുങ്ങിക്കോ.. നമുക്കൊരിടം വരെ പോകാം "
വൈകുന്നേരം.. ഏഷ്യാനെറ്റിൽ "തൂവാനത്തുമ്പികൾ "കണ്ടു കൊണ്ടിരുന്ന അന്നക്കുട്ടിയോട് അലക്സി പറഞ്ഞു.
"എങ്ങോട്ടാ.. മക്കളെ ഒരുക്കണ്ടായോ?."
"നമ്മൾ ഒറ്റയ്ക്ക്.. ചുമ്മാ ബീച്ചിൽ പോയി വരാം.. "
അലക്സിയുടെ ബുള്ളറ്റ്.. ഇരച്ചു നിന്നത് ഒരു ജൂവലറിയുടെ മുന്നിലാണ്.
"എവിടെയാണ്.. മൂക്കുത്തിയുടെ സെക്ഷൻ?"
അലക്സി സെയിൽസ് മാനോട് ചോദിച്ചു..
"തേർഡ് ഫ്ലോർ "
അന്നക്കുട്ടി തെല്ലമ്പരപ്പോടെ അലക്സിയെ നോക്കി.
"ഒരു ഡയമണ്ട്‌ മൂക്കുത്തി വേണം.. പിന്നെ ഈ ആളുടെ മൂക്ക് കുത്തണം "
അന്നക്കുട്ടിയെ ചൂണ്ടി കാണിച്ചു
കൊണ്ട്, അലക്സി സെയിൽസ്മാനോട് പറഞ്ഞു.
"അച്ചായാ ഞാൻ ചുമ്മാ തമാശയ്ക്ക് പറയുന്നതാ..
എനിക്ക് മൂക്ക് കുത്തേണ്ട.. എനിക്ക് പേടിയാണ്.. സത്യമായിട്ടും.. "
"ഒന്നും പറയേണ്ട ഇന്നത്തോടെ ഈ മൂക്കുത്തി പുരാണം അവസാനിപ്പിക്കണം.. "
ഗൺഷോട്ടിലൂടെ മൂക്കിൽ തുളച്ചു കയറിയ മൂക്കുത്തി അന്നക്കുട്ടിയുടെ കണ്ണിനു ചുറ്റും വേദനയുടെ നക്ഷത്രങ്ങൾ തിളക്കി..
വേദനയ്‌ക്കൊടുവിൽ..
ജൂവലറിയിലെ കണ്ണാടിയിൽ.. തിരിഞ്ഞും, മറിഞ്ഞും.. മൂക്കുത്തിയുടെ സൌന്ദര്യം നോക്കി അവൾ സന്തോഷവതിയായി.
കടൽത്തീരത്ത് അസ്തമയ സൂര്യന്റെ പൊൻവെളിച്ചത്തിൽ അവർ നടന്നു.
ദീർഘകാലത്തെ മോഹം സഫലമായതിന്റെ നിർവൃതി അന്നക്കുട്ടിയുടെ കണ്ണുകളിൽ തിളങ്ങി..
പ്രണയാതുരമായ മാനസത്തോടെ..
അലക്സിയുടെ ഷേവ് ചെയ്തു,ചെയ്തു.. പച്ചനിറം വ്യാപിച്ച മുഖത്തേക്ക്.. അവൾ നോക്കി..
മടക്കയാത്രയിൽ അവൾ ബുള്ളറ്റിൽ അലക്സിയെ ചേർന്നിരുന്നു.
പെട്ടെന്ന് പെയ്ത മഴ അവരെ നനയിച്ചു.
വണ്ടി ഒതുക്കാൻ സമ്മതിക്കാതെ, മഴ ആസ്വദിച്ചു കൊണ്ടവൾ ബുള്ളറ്റിന്റെ പിന്നിൽ ആകെ നനഞ്ഞു കുതിർന്നിരുന്നു.
തൂവാനതുമ്പിയിലെ ക്ലാരയെപ്പോലെ, പ്രണയാതുരയായി,
തന്റെ നനഞ്ഞ ചുണ്ടുകൾ കൊണ്ട് അലക്സിയുടെ പിൻകഴുത്തിൽ ചുംബിച്ചു.
"ഹ.. ഇക്കിളിയാക്കതെടീ.. വണ്ടി പാളും.. "
ജയകൃഷ്ണൻ അലക്സി, ക്ലാരയോട് ദേഷ്യപ്പെട്ടു.
വണ്ടി, വീടിന്റെ ഗേറ്റ് കടന്നതും അന്നക്കുട്ടി തന്റെ ആദ്യത്തെ തുമ്മൽ ആരംഭിച്ചു.
പിന്നെ.. ആ തുമ്മൽ പത്തു മിനിട്ടിട വേളയിൽ നിന്നും ഓരോ മിനുട്ടിൽ ഒന്ന് വീതമായി.
പാതിരാത്രി ആയിട്ടും, ഉറങ്ങാൻ ആവാതെ.. ഹാളിലെ.. സെറ്റിയിൽ പുതച്ചിരുന്ന് വർദ്ധിച്ച ആവേശത്തോടെ തുമ്മുന്ന തൂവാനത്തുമ്പി, ക്ലാരയുടെ നിറുകയിൽ അമ്മച്ചി സഹതാപത്തോടെ രാസ്നാദിപ്പൊടി തിരുമ്മി കൊടുത്തു.
തുമ്മലിന്റെ ശല്യവും, മൂക്കുത്തി നൽകുന്ന അസ്വസ്ഥത.. കൊണ്ട് ചാമ്പങ്ങ പോലെ ചുവന്നു തുടുത്ത മൂക്ക് നൽകുന്ന വേദനയും, സഹിക്കാനാവാതെ അവൾ കരയാൻ തുടങ്ങി
"അച്ചായോ.. എനിക്ക് മൂക്കുത്തി വേണ്ട..
ഊരിത്തായോ..
അയ്യോ കർത്താവെ രക്ഷിക്കണേ.. "
തന്റെ ഫോണിലെ വാട്സപ്പ് നോട്ടിഫിക്കേഷൻ ടോൺ കേട്ടു തുമ്മൽ പിടിച്ചു നിർത്തി,
ഫോൺ എടുത്തു, വാട്സപ്പ് മെസ്സേജ് നോക്കിയ, അവളുടെ കണ്ണുകൾ നിറഞ്ഞു.
"സ്ത്രീ സ്വാതന്ത്ര്യമർഹതി.. "
(അലക്സി ജോൺ സ്മൃതി..)
ദീപ. കെ
***************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo