നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#Sandram Part 25 (അവസാനിച്ചു...)


Part 25
സ്നേഹവീട്
മൂന്നു മാസങ്ങൾക്കു ശേഷം...
സൂസി മോളുടെ അഞ്ചാം ജന്മദിനമായിരുന്നു അന്ന്. എന്നാൽ യാതൊരു ആഘോഷത്തിലും പങ്കു കൊള്ളാതെ അവൾ ബെഡിൽ തന്നെ കഴിച്ചു കൂട്ടി.
നീനയെ ഒന്നു കാണണമെന്ന് അവൾക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ആ കിടപ്പു കാണാൻ അവൾക്ക് സാധിക്കില്ല. വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ആ പാവം ഓരോ ദിവസവും കഴിച്ചുകൂട്ടുകയാണ്.എങ്കിലും, ഒരിക്കൽ നീനാന്റി എഴുന്നേല്ക്കുമെന്നവൾക്കുറപ്പാണ്. അമ്മ അതിനു വേണ്ടി എന്തും ചെയ്യുമെന്നവൾക്കറിയാം.
അന്ന്...
നേരം പുലർന്നപ്പോഴേക്കും റോബി സ്നേഹവീട്ടിലെത്തി.
ജോസച്ചനാണ് വാതിൽ തുറന്നു കൊടുത്തത്.
“എന്താ റോബി ?” പരുഷമായിരുന്നു അച്ചന്റെ സ്വരം.
“ഞാൻ...എന്റെ കേസ് നടക്കുന്നു...”
“അതിന് ?”
“എനിക്ക് സൂസി മോളെ ഒന്നു കാണണം.”
“എന്തിന് ?”
“വക്കീൽ പറയുന്നു...സൂസി മോൾക്ക് എന്റെ കൂടെ വരാൻ പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ പ്രൊസീഡ് ചെയ്തിട്ടു കാര്യമുള്ളൂ എന്നാണ്.”
“ഓഹോ... അവളെ ഇവിടുന്നു കൊണ്ടു പോകാനാ ?”
“എന്റെ മോളല്ലേ ? ” അവൻ കിതച്ചു.
“നിന്റെ മോളായതുകൊണ്ടാണോ അവളെ നീ ഈ മുറ്റത്തു കൊണ്ടെ വലിച്ചെറിഞ്ഞിട്ടിട്ടു പോയത് ?“
റോബി ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളൂ.
”സൂസി മോൾക്ക് ഒരു നല്ല കുടുംബം ഉണ്ടാകുന്നത്രയും സന്തോഷം എനിക്ക് വേറൊന്നുമില്ല റോബി.പക്ഷേ ടെക്ക്നിക്കാലിറ്റി കൊണ്ട് ഉണ്ടാകുന്ന ഒരപ്പനല്ല അവൾക്കു വേണ്ടത്. നിന്റെ ഡി എൻ ഏ മാച്ച് ആണെന്നു വെച്ച് അവൾ നിന്റെ മോളാകില്ല. ഒരപ്പൻ ഒരിക്കലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കില്ല റോബി.“
”അന്നു ഞാൻ പിന്നെ എന്തു ചെയ്യുമായിരുന്നു ? അച്ചൻ പറ. ഞാൻ അവളെ എന്റെ കൂടെ വീട്ടിലേക്കു കൊണ്ടു പോയിരുന്നെങ്കിൽ, റെജി പണ്ടേ അവളെ വകവരുത്തിയേനേ. ഒരു തരത്തിൽ പറഞ്ഞാൽ അവളുടെ ജീവൻ രക്ഷിക്കുകയാണു ഞാൻ ചെയ്തത്.“
”ഹൊ! വല്ലാത്തൊരു പുണ്യ പ്രവർത്തി ആയിപ്പോയി! ഈ കഥയായിരിക്കും നീ കോടതിയിൽ പറഞ്ഞിരിക്കുക. അല്ലേ ?“
”അച്ചനറിഞ്ഞോ എന്നറിയില്ല, രണ്ട് മാസം മുൻപ് ഞാൻ എന്റെ വക്കീൽ പറഞ്ഞ പ്രകാരം, സ്റ്റേഷനിൽ പോയി കുറ്റ സമ്മതം നടത്തിയിരുന്നു. കുഞ്ഞിനെ കിട്ടാൻ ഒരേ ഒരു വഴി അതേയുള്ളൂ എന്നു പറഞ്ഞു അയാൾ. ഉണ്ടായതെല്ലാം വിവരിച്ച് എന്റെ കുഞ്ഞ് മിസ്സിങ്ങ് ആണെന്നു കാണിച്ച് ഞാൻ പരാതി കൊടുത്തു. സ്വഭാവികമായിട്ടും, പോലീസ് എന്നെ അറസ്റ്റു ചെയ്തു. എന്റെ ആത്മാർത്ഥ സ്നേഹിതൻ, മാത്യൂസ് തന്നെ എന്റെ കയ്യിൽ വിലങ്ങിട്ടു. ഇപ്പൊ കേസ് നടക്കുന്നു. ഉടനെ തന്നെ കുഞ്ഞിനെ കോടതിയിലേക്കു വിളിപ്പിക്കും. ചൈൽഡ് സർവീസസ് ഇടപെടും. കുഞ്ഞിനെ നിയമപ്രകാരം എനിക്കു വിട്ടു കിട്ടും. പക്ഷേ, അതിന് സൂസിമോൾക്ക് സമ്മതമായിരിക്കണം. അതാണ് മജിസ്ട്രേറ്റ് പറഞ്ഞത്.“
അച്ചനിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.
”അവൾക്ക് നിന്റെ മുഖം കാണുന്നതു പോലും ഇഷ്ടമല്ല. പിന്നെ, ഈ ഒരവസ്ഥയിൽ നീ ഇപ്പൊ അവൾടെ അടുത്തേക്കു പോയാൽ ആ പട്ടി ചിലപ്പൊ നിന്നെ കടിച്ചു കീറും. കാരണം, ഈയിടെയായി മോൾ വല്ലാതെ അപ്സെറ്റ് ആണ്. ബ്രൂട്ട്സ് അതുകൊണ്ട് വളരെ വിജിലന്റ് ആയിട്ടാണ് അവൾക്കൊപ്പം നടക്കുന്നത്. നീ വിശ്വസിക്കുമോ എന്നറിയില്ല, പക്ഷേ, പട്ടിയെ ജോലിയേല്പ്പിച്ചിരിക്കുകയാണൊരാൾ. എന്തു വിലകൊടുത്തും അവൻ അവളെ പ്രൊട്ടക്റ്റ് ചെയ്യും. പിന്നെ, നീന എഴുന്നേല്ക്കാതെ ഞാൻ അവളെ നിനക്കൊപ്പം വിടുന്ന പ്രശ്നവും ഉദിക്കുന്നില്ല.“
”അതേ... നീന എഴുന്നേറ്റിട്ടേ അവളെ കൊണ്ടു പോകാനൊക്കൂ. നീനക്കും സമ്മതമാണെന്ന് എഴുതി കൊടുക്കണം. സൂസി മോൾക്ക് നീനയേയും ഇഷ്ടമാണെന്ന് കോടതിക്ക് ബോധ്യപ്പെടണം. പക്ഷേ, അതിൽ എനിക്ക് സംശയമില്ല. അവർക്കു രണ്ടു പേർക്കും ജീവനാണ് പരസ്പരം.“
”ഉം...“ അച്ചൻ ചിന്തയോടെ തലയാട്ടി. ”നീനമോൾക്കിപ്പോ എങ്ങനുണ്ട് ?“
”മാറ്റമൊന്നുമില്ലച്ചോ...“ റോബിയുടെ തൊണ്ടയിടറി. ”ഇനി എനിക്ക് ആകെ രണ്ട് ലക്ഷ്യങ്ങളേയുള്ളൂ. നീനയെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരണം. പിന്നെ... സൂസി മോളേ നീനയെ ഏല്പ്പിക്കണം.“
”അപ്പോ നിനക്കു വേണ്ടേ നിന്റെ മോളെ ?“
”കേസിന്റെ വിധി വന്നാൽ, ഏറ്റവും ചുരുങ്ങിയത് ആറു വർഷം ഞാൻ ജയിലിലാകും അച്ചോ.“
അച്ചൻ ഞെട്ടലോടെ അവന്റെ മുഖത്തേക്കു നോക്കി. രണ്ടു പേരും പിന്നൊന്നും സംസാരിച്ചില്ല കുറേ നേരം. ഒടുവിൽ...
”നീ അകത്തേക്ക് പൊയ്ക്കോളൂ. ഒരിക്കലും അവളെ സങ്കടപ്പെടുത്തരുത്. ഒന്നു പിടിച്ചു മാറ്റാൻ പോലും ആർക്കുമാകില്ല. നേരേ കഴുത്തിലാണ് ബ്രൂട്ട്സ് ചാടി പിടിക്കുക. മറക്കരുത്.“
”ബ്രൂട്ട്സ് എന്നെ ഉപദ്രവിക്കുമോ അച്ചോ. ഞാനല്ലേ അവനെ വളർത്തിയത് ? 2 മാസം പ്രായം മുതൽ എന്റെ കൂടെ ഉണ്ടും ഉറങ്ങിയും വളർന്നതാ അവൻ.“
”സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ അനാഥാലത്തിൽ കൊണ്ടെ കളഞ്ഞിട്ട്, പകരം ഒരു പട്ടിയെ വളർത്തി. അല്ലേ ?“ അച്ചന്റെ ആ ചോദ്യം അവന്റെ ഹൃദയം തുളച്ചു കയറി.
ഒന്നും മിണ്ടാതെ അവൻ അകത്തേക്കു നടന്നു.
സൂസി മോൾ അവനെ പ്രതീക്ഷിച്ചെന്നവണ്ണം ബെഡിൽ എഴുന്നേറ്റിരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തു തന്നെ ബ്രൂട്ട്സുമുണ്ട്.
പഴയ യജമാനനെ ആ മൃഗം കണ്ട ഭാവം പോലും നടിച്ചില്ല.
റോബി സാവധാനം അവൾക്കരികെ ബെഡിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ ബ്രൂട്ട്സ് ഒന്നു മുരണ്ടു.
“സൂസി മോളേ...” തൊണ്ടയിടറിക്കൊണ്ടാണ് റോബി വിളിച്ചത്.
“ബ്രൂട്ട്സ്...” അവൾ പട്ടിയെ ഒന്നു തലോടി ശാന്തനാക്കി.
“എന്നെ മനസ്സിലായോ മോൾക്ക് ?”
അവൾ ഒന്നും മിണ്ടാതെ അവന്റെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു.
“നിന്റെ പപ്പയാ ഞാൻ സൂസിക്കുട്ടി...എന്റെ സ്വന്തം മോളാ നീ.”
“സൂസൻ!” അവൾ മന്ത്രിച്ചു.
“എന്താ മോളൂ ?” റോബിക്ക് മനസ്സിലായില്ല.
“സൂസൻ എന്നു വിളിച്ചാ മതി എന്നെ!!” ഒരു അഞ്ചു വയസ്സുകാരിയുടെ സംസാരമായിരുന്നില്ല അത്. “എന്നെ ഒത്തിരി ഇഷ്ടമുള്ളവരു മാത്രം എന്നെ സൂസിക്കുട്ടി ന്നൊക്കെ വിളിച്ചാ മതി.”
റോബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ഞാൻ നിന്നെ കൊണ്ടു പോകാൻ വന്നതാ മോളൂ. ഇനി ഒരിക്കലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല. ഇനി എന്റെ മോൾ എന്റേം നീനാന്റീടെം കൂടെ ഒരുമിച്ചു ജീവിക്കും. അതിനാ ഞാൻ വന്നെ.”
നീനയുടെ പേരു കേട്ടതും കുഞ്ഞിക്കണ്ണുകൾ വിടർന്നു.
“ആന്റിക്ക് മോളെ എത്ര ഇഷ്ടാന്നറിയുവോ ? മോൾക്കു വേണ്ടി എന്തും ചെയ്യാൻ റെഡിയാ അന്റി.”
“അതിന്...” അവളുടെ സ്വരം വിറച്ചു. “ ആന്റിയേം കൊന്നില്ലേ നിങ്ങള്! ”
“മോളേ!” റോബി നടുങ്ങിപ്പോയി. “ആന്റി തിരിച്ചു വരും മോളൂ.... എനിക്കുറപ്പാ. അതിനു വേണ്ടിയാ ഞാൻ ഇതെല്ലാം ചെയ്യുന്നെ. മോളൊന്നു വിളിച്ചാ ആന്റി തിരിച്ചു വരും.”
അവളൊന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
“മോൾക്കെന്തു വേണെങ്കിലും ചോദിച്ചോ. ഞാൻ തരും. എന്റെ കൂടെ വരില്ലെന്നു മാത്രം പറയരുത്.”
അവൾ സാവധാനം അവനഭിമുഖമായി തിരിഞ്ഞു.
“എന്തു ചോദിച്ചാലും ?”
“അതേ മോളൂ. എന്തു ചോദിച്ചാലും ഞാൻ തരും!” റോബി നെഞ്ചിൽ കൈ വെച്ചാണതു പറഞ്ഞത്.
“എങ്കി...” അവൾ മുഖം അവന്റെ മുഖത്തോടടുപ്പിച്ചു. “എനിക്കെന്റെ അമ്മയെ വേണം!! തരുവോ ? ”
മുഖമടച്ച് ഒരടി കിട്ടിയതു പോലെ റോബി പുളഞ്ഞു പോയി.
“തരുവോ എനിക്ക് ?” അവൾ വീണ്ടും ചോദിച്ചു.
റോബി എഴുന്നേറ്റു. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു അവന്. നിശബ്ദനായി അവൻ പുറത്തേക്കു നടക്കാനാഞ്ഞപ്പോൾ അവളുടെ പതിഞ്ഞ സ്വരം പുറകിൽ കേട്ടു.
“ഞാൻ വരാം.”
“മോളേ!” അവൻ ഞെട്ടി തിരിഞ്ഞു നോക്കി. “എന്താ പറഞ്ഞേ ?”
“എനിക്ക് നീനാന്റിയെ വേണം.” അവൾ ബെഡിൽ നിന്ന് ഊർന്നിറങ്ങി . “ആന്റിയായിട്ടല്ല, എന്റെ അമ്മയായിട്ട് ! അതിനു വേണ്ടീട്ടാ എന്റമ്മ ഇപ്പൊ കഷ്ടപ്പെട്ടോണ്ടിരിക്കുന്നത്. എന്റമ്മയുണ്ട് നീനാന്റീടെ കൂടെ. അറിയ്വോ ? അമ്മ കൊണ്ടു വരും നീനാന്റിയെ. അതു കഴിഞ്ഞാ ഞാൻ വരാം.“
സൂസി മോളെ ഒന്നു കെട്ടിപ്പിടിക്കാനായി ആഞ്ഞതാണ് റോബി. ബ്രൂട്ട്സ് കുരച്ചു കൊണ്ട് ഒരൊറ്റ ചാട്ടം!
”അതൊന്നും വേണ്ടാ...“ അവളുടെ മുഖത്ത് അവജ്ഞയായിരുന്നു. ”നിങ്ങളോടുള്ള ഇഷ്ടം കൊണ്ടല്ല. നീനാന്റിയെ ഓർത്തു മാത്രം! അതുകൊണ്ടാ ഞാൻ വരാന്നു പറഞ്ഞെ. എന്നെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനുമൊന്നും വരണ്ട! എന്റമ്മക്ക് നിങ്ങളെ ഇഷ്ടല്ലെങ്കി, എനിക്കും ഇഷ്ടല്ല!“
റോബി അവളുടെ കണ്ണുകളിലേക്കു നോക്കാനാവാതെ മുഖം തിരിച്ചു.തീർച്ചയായിട്ടും, ഒരു അഞ്ചു വയസ്സുകാരിയുടെ സംസാരമല്ല ഇത്. ഒരു കുഞ്ഞ് ഇങ്ങനെയൊക്കെ സംസാരിക്കണമെങ്കിൽ...
അയാൾ പതുക്കെ തിരിഞ്ഞു പുറത്തേക്കു നടന്നു.
“എന്തായി ? സൂസി എന്തു പറഞ്ഞു ?” വാതില്ക്കലെത്തിയപ്പോൾ അച്ചൻ ചോദിച്ചു.
“അവൾ വരും... കോടതിയിൽ നിന്നും ഒരു ഡേറ്റ് കിട്ടിയാൽ ഞാൻ അച്ചനെ വിളിക്കാം. അവൾ കൂടെ വരാൻ തയ്യാറാണെന്നു സമ്മതിച്ചു. എനിക്കു വേണ്ടിയല്ല, നീനക്കു വേണ്ടി.” വീണ്ടും റോബിയുടെ തൊണ്ടയിടറി.
“വിഷമിക്കാതെ റോബി...” അച്ചന് സഹതാപം തോന്നിത്തുടങ്ങിയിരുന്നു . “നീന ഉടനെ എഴുന്നേല്ക്കും. എത്രയോ പേർ അവൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ”
റോബി ഒന്നും പറയാതെ തലയാട്ടുക മാത്രം ചെയ്തു.
“ബിസിനസ്സുകളെല്ലാം നിർത്തിയോ നീ ?”
“ഉം.” അവന്റെ സ്വരം താഴ്ന്നിരുന്നു. “എന്റെ ബാങ്ക് അക്കൌണ്ടുകളെല്ലാം കോടതി മരവിപ്പിച്ചു. ഒന്നുമില്ല എനിക്കിനി. നീനയെ ചികിൽസിക്കാനായി അവളുടെ പേരിലുള്ള കുറച്ചു പ്രോപ്പർട്ടി വില്ക്കാൻ പോവുകയാണ്. അതിനും ഒത്തിരി കോമ്പ്ലിക്കേഷൻസ്. അമ്മ ഇഷ്ടദാനം തന്നതായത് കൊണ്ട് വില്ക്കണമെങ്കിൽ നീനയുടെ സമ്മതം വേണം... എന്താ ചെയ്യണ്ടേന്നൊരു പിടിയും കിട്ടുന്നില്ലച്ചാ. ഹോസ്പിറ്റൽ ബിൽ ലക്ഷങ്ങളായി ഇപ്പൊ തന്നെ. അത്യാവശ്യങ്ങൾക്കു പോലും എന്റെ കയ്യിൽ പൈസയില്ലാത്ത അവസ്ഥയാ.”
“എത്ര കോടികൾ ബാങ്കിൽ ഉണ്ടെന്നു പറഞ്ഞാലും കാര്യമില്ല. അല്ലേ മോനേ ?” അച്ചന്റെ ചോദ്യത്തിൽ ചെറിയൊരു പരിഹാസമുണ്ടായിരുന്നു.
റോബി തിരിച്ചൊന്നും പറഞ്ഞില്ല. അവനാകെ തകർന്നു പോയിരിക്കുന്നു എന്ന് അച്ചനു മനസ്സിലായി.
“മിസ്സിസ് അന്നമ്മ - നീനയുടെ അമ്മ ഇതൊന്നും അറിഞ്ഞില്ലേ ?”
“ഇല്ല... അമ്മയാകെ തകർന്നിരിക്കുവാ. ഞാൻ ഈ കേസും അറസ്റ്റും കോടതീമൊന്നും അമ്മയോട് പറയാൻ പോയില്ല. എന്തിനാ വെറുതേ ഇനി അതും കൂടി പറഞ്ഞ് അവരെ വിഷമിപ്പിക്കുന്നേ.”
“ഒക്കെ ശരിയാവും മോനേ.” അച്ചൻ അവന്റെ തോളിൽ കൈ വെച്ചു. “മിസ്സിസ് അന്നമ്മയുടെ പേരിൽ ഒരു പ്രോപ്പർട്ടിയുണ്ട്. ഒരു പക്ഷേ നിനക്കറിയില്ലായിരിക്കും. അവർ അത് സ്നേഹവീടിനായി മാറ്റിവെച്ചിരുന്നതാ. നീ സമ്മതിച്ചില്ല. പക്ഷേ അവർ ആ സ്ഥലം ഇപ്പോഴും അവരുടെ പേരിൽ തന്നെ നിർത്തിയിരിക്കുവാ. എന്നെങ്കിലും നീ സമ്മതിക്കുമെന്ന പ്രതീക്ഷയിൽ. ടൗണിൽ 35 സെന്റ് എന്നു വെച്ചാൽ നിസ്സാര കാര്യമല്ല. നീ അത് കാണിച്ച് ബാങ്കിൽ നിന്നും ഒരു ലോണെടുക്കൂ. എല്ലാം ശരിയാകും.”
റോബിയുടെ കണ്ണുകൾ വിടർന്നു.
“ഇതു ശരിയാണെങ്കിൽ... ഒരു പക്ഷേ എനിക്ക് നീനയെ പുറത്തെവിടെയെങ്കിലും കൊണ്ടു പോയി...”
“അതുകൊണ്ടൊന്നും കാര്യമില്ല മോനേ. ” അച്ചൻ ദീർഘമായി ശ്വസിച്ചു കൊണ്ട് തുടർന്നു. “ ഡോ. തിമോത്തിയേക്കാൾ നല്ലൊരു ഡോക്ടറെ നീ ഏത് രാജ്യത്തു ചെന്നാലും കിട്ടാനില്ല. ഉറപ്പാ!”
***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****
വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ - നീനയുടെ മുറി - ഏതാണ്ട് മൂന്നു വർഷങ്ങൾക്കു ശേഷം.
ബെഡിൽ അനക്കമറ്റു കിടക്കുന്ന തന്റെ ശരീരത്തിനടുത്ത് നിർന്നിമേഷയായി നില്ക്കുകയാണ് നീന. തൊട്ടു പുറകിൽ തന്നെ സാന്ദ്രയും നിന്നിരുന്നു.
തന്റെ ശരീരത്തെ ജീവനുള്ളതായി അഭിനയിപ്പിക്കുന്ന പല തരം ഉപകരണങ്ങളിലൂടെ അവൾ കണ്ണോടിച്ചു. എല്ലാറ്റിനും പുറകിലായി വളരെ സുരക്ഷിതമായി ഒരു ഗ്ലാസ്സ് ബോക്സിനുള്ളിൽ വലിയ ഒരു പവർ സ്വിച്ച് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആരെങ്കിലും അതൊന്ന് ഓഫ് ചെയ്തിരുന്നെങ്കിൽ, താനിപ്പൊ ഇവിടെ നില്ക്കുമായിരുന്നില്ല.
അവൾ നടന്ന് ആ ബെഡിന്റെ മറുവശത്തെത്തി.
നീനയുടെ നിവർത്തി വെച്ച വലം കയ്യിൽ മുഖം ചേർത്ത് കുനിഞ്ഞു കിടക്കുകയാണ് റോബി.
അയാളാകെ ക്ഷീണിതനായിരുന്നു.മെലിഞ്ഞ് എല്ലും തോലുമായിരിക്കുന്നു. ഷേവു ചെയ്തിട്ട് വർഷങ്ങളായിട്ടുണ്ട്.
നീനക്കു സംശയമായി... എത്ര കാലമായി താനീ കിടപ്പു തുടങ്ങിയിട്ട് ? അവൾ തിരിഞ്ഞ് സാന്ദ്രയെ നോക്കി.
“സമയമായി നീന... ” അവൾ മന്ത്രിച്ചു.
“ഞാൻ പോകാം...പക്ഷേ അതിനു മുൻപ്...” അവൾ സാന്ദ്രക്കഭിമുഖമായി തിരിഞ്ഞു. “എത്ര കാലമായി ഞാൻ ഈ കോമയിലായിട്ട് ?”
“കൃത്യമായി അറിയില്ല നീനാ...” സാന്ദ്രയുടെ സ്വരം താഴ്ന്നിരുന്നു. “ മരണാനന്തരം അനേകം തലങ്ങളുണ്ട്. പതിയെ പതിയെ നമ്മൾ ആ ടണലിനുള്ളിൽ... ആ വെളിച്ചത്തിലേക്കെത്തുകയാണ് ചെയ്യുന്നത്. നമ്മൾ എത്ര ആഴത്തിലേക്കു പോകുന്നോ, തിരിച്ചു വരാൻ അത്രയും ബുദ്ധിമുട്ടായിരിക്കും. അവിടെ നമ്മൾ ഏതാനും നിമിഷങ്ങൾ ചിലവഴിക്കുമ്പോൾ, ഈ ലോകത്തിൽ ദിവസങ്ങൾ കടന്നു പോകും.“
നീന നടുങ്ങിപ്പോയി. ”അപ്പോ ... ഇനി ഞാൻ തിരിച്ചു ചെന്നാലും, എന്റെ ശരീരം എന്നെ സ്വീകരിക്കുമോ ? ഒരു പക്ഷേ, ജീവനുള്ള ഒരു ജഢമായി മാറുമോ ഞാൻ ? ചിലപ്പോ ശരീരം മുഴുവൻ തളർന്ന് അനങ്ങാനാവാതെ കിടപ്പിലായിപ്പോയാലോ ഞാൻ ?“
” ഒരിക്കലുമില്ല നീന. എന്നെ വിശ്വസിക്കാം നിനക്ക്. ഞാൻ ഒരു നേഴ്സായിരുന്നു... നീ ഒന്നു കൊണ്ടും ഭയപ്പെടണ്ട. നീ തിരിച്ചു ചെന്നാൽ, കുറേ കാലത്തേക്ക് ശരിയാണ്, നിനക്ക് ഒരു നോർമ്മൽ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ സാധിച്ചെന്നു വരില്ല. പക്ഷേ... പതിയെ പതിയെ ക്ഷമയോടെ തെറാപ്പികളിലൂടെ നമുക്ക് ആ പഴയ നീനയെ വീണ്ടെടുക്കാം. ഞാനുമുണ്ടാകും നിന്റെ കൂടെ. നീ പൂർണ്ണ ആരോഗ്യവതിയാകാതെ ഞാൻ ഒരിക്കലും നിന്നെ വിട്ടു പോകില്ല.“
” പിന്നെ... ആ ഇരിക്കുന്ന മനുഷ്യനെ കണ്ടോ സാന്ദ്ര ? “നീന റോബിയെ ചൂണ്ടിക്കാട്ടി. “എന്റെ ഹസ്ബൻഡാണ്. റോബി.” അവൾ വിതുംബി. “ എത്ര വലിയൊരു ചതിയനാണയാൾ എന്നറിയുമോ നിനക്ക് ? എനിക്കു മുൻപ് ഒരു പാവം പെൺകുട്ടിയെ വഞ്ചിച്ച് നശിപ്പിച്ച് ഒടുവിൽ അവളെ കൊല്ലാൻ വരെ കൂട്ടു നിന്ന ഒരു മൃഗം! അവളിൽ അയാൾക്കൊരു കുഞ്ഞുമുണ്ടായി... അതിനേയും അയാൾ വലിച്ചെറിഞ്ഞു കളഞ്ഞു. എന്നിട്ട് കുറേ കാലം കഴിഞ്ഞപ്പോൾ ഒന്നും സംഭവിക്കാത്തതു പോലെ എന്റെ ലൈഫിലേക്കു വന്ന്...” അവൾക്കു പൂർത്തിയാക്കാനായില്ല.
സാന്ദ്ര ഞെട്ടലോടെ അവളെ നോക്കി. നീനക്കിതെല്ലാം അറിയാമായിരുന്നെന്ന് അവൾ കരുതിയതേയില്ലായിരുന്നു.
“അപ്പോ, എനിക്കറിയേണ്ടത് ഒന്നു മാത്രമേയുള്ളൂ സാന്ദ്ര...” നീനയുടെ സ്വരം ഉറച്ചിരുന്നു. “... ഞാൻ തിരിച്ചു പോകേണ്ടത് മാസങ്ങൾ നീളുന്ന കഷ്ടപ്പാടുകളിലേക്കാണ്... ഇതു പോലുള്ള ചതിയന്മാർക്കിടയിലേക്കാണ്. എന്തിന് ?? എന്തിനാ നീയെന്നെ നിർബന്ധിക്കുന്നത് ? ആ നശിച്ച ലോകത്തിൽ എന്താ എന്നെ കാത്തിരിക്കുന്നത് ?”
“എന്റെ മോൾ!” സാന്ദ്ര വിങ്ങിപ്പൊട്ടിപ്പോയി. “നിന്നെ കാത്തിരിക്കുന്നത് എന്റെ മോളാ നീന... എന്റെ സൂസി മോൾ!”
ഞെട്ടിത്തരിച്ചു പോയി നീന.
“സ്നേഹ വീട്ടിലെ സൂസി മോൾ ??” അവളുടെ സ്വരം വിറച്ചു.
“ഉം...” സാന്ദ്രയുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നു.
“അപ്പോ സാന്ദ്ര ... നീ...” ആ ഒരൊറ്റ നിമിഷത്തിൽ നീനക്കെല്ലാം മനസ്സിലായി.
“ഇതു വരെ നീ എന്നോട് പറഞ്ഞില്ലല്ലോ സാന്ദ്ര...” നീനക്ക് സഹിക്കാനായില്ല.
“സോറി നീനാ... “വാവിട്ടു നിലവിളിച്ചു പോയി സാന്ദ്ര “ റോബിയുടെ പഴയ കഥകൾ നിനക്കറിയാം എന്നെനിക്കറിയില്ലായിരുന്നു. അയാളുടെ മുൻ കാമുകിയാണെന്നു പറഞ്ഞ് ഞാൻ വന്നാൽ നീ എന്നെ വിശ്വസിച്ചില്ലെങ്കിലോ എന്നു ഞാൻ ഭയന്നു. നീ തിരിച്ചു പോയി എന്റെ മോളെ സ്വീകരിച്ച് അവൾക്കൊരമ്മയായി ജീവിക്കണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ...ചെലപ്പോ ഒരമ്മയുടെ സ്വാർത്ഥതയായിരിക്കും. എന്നോട് ക്ഷമിക്കൂ നീനാ. അക്ഷരാർത്ഥത്തിൽ ഹൃദയം തകർന്ന ഒരമ്മയാ ഞാൻ...”
കുറേ സമയത്തേക്ക് നിശബ്ദതയായിരുന്നു പിന്നീട്. ഒടുവിൽ...
“സാന്ദ്ര...” നീനക്കു സങ്കടം സഹിക്കാനാകുന്നില്ല. “ഒത്തിരി വേദനിച്ചല്ലേ നീ ? റെജിയല്ലേ നിന്നെ...”
“അവനെ ഓർത്ത് നീ ഇനി ഒരിക്കലും പേടിക്കണ്ട. നമുക്കു രണ്ടു പേർക്കും വേണ്ടി ഞാൻ അവനെ ഇല്ലാതാക്കി കഴിഞ്ഞു.അവനിനി ഒരിക്കലും നിന്നെയോ സൂസിമോളെയോ തേടി വരില്ല. ”
“റെജിയെ കൊന്നു കളഞ്ഞോ ?” അവൾ ഉദ്വേഗത്തോടെ ചോദിച്ചു.
സാന്ദ്ര നിക്ഷേധാർത്ഥത്തിൽ തലയാട്ടി. “കൊല്ലില്ല ഞാനവനെ... നീ ചെല്ലുമ്പോൾ കാണാം. അവനെ ഞാൻ നശിപ്പിച്ചു കളഞ്ഞു. ഇനി ഒരിക്കലും അവൻ എണീക്കില്ല... ശരീരം അനക്കാൻ പോലുമാകില്ല അവന്. സംസാരിക്കാനുമാകില്ല. നിസ്സഹായതയുടെ പരമാവധി എന്താണെന്ന് നിനക്കു കാണാം.”
നീന തിരിഞ്ഞു തന്റെ ശരീരത്തിലേക്കു നോക്കി.
താൻ കരഞ്ഞ കണ്ണു നീരെല്ലാം ഉതിരുന്നത് ബെഡിൽ കിടക്കുന്ന തന്റെ ശരീരത്തിലാണ്. റോബി ഒരു ടവ്വലെടുത്ത് കണ്ണുകൾ ഒപ്പുന്നുണ്ട്.
“റോബി ആകെ മാറിയിരിക്കുന്നു നീന. ” സാന്ദ്ര നടന്ന് റോബിയുടെ സമീപം ചെന്നു നിന്നു. “കഴിഞ്ഞ എത്രയോ വർഷങ്ങളായി, അവൻ ഈ മുറിയിൽ നിന്നും വെളിയിലിറങ്ങിയിട്ടില്ല. നിന്നെ ശുശ്രൂഷിച്ച് സകല കാര്യങ്ങളും അന്വേഷിച്ച് പ്രാർത്ഥനയും കണ്ണുനീരുമായി ഇവിടെ തന്നെയുണ്ട്. ആത്മാർത്ഥമായ പശ്ചാത്താപത്തേക്കാൾ വലിയ എന്തു ശിക്ഷയാണിനി അവനു കിട്ടേണ്ടത് ?”
നീന നിക്ഷേധാർത്ഥത്തിൽ തലയാട്ടി.
“അയാളോട് ക്ഷമിക്കാൻ എനിക്കാവില്ല. ഒരിക്കലും. ഞാൻ തിരിച്ചു പോകുന്നെങ്കിൽ... അതു എന്റെ സൂസിക്കുട്ടിക്കു വേണ്ടി മാത്രമാണ്. റോബി ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല.”
“പക്ഷേ... അവളെ കിട്ടണമെങ്കിൽ, അവളുടെ അപ്പനായ റോബി ഇല്ലാതെ പറ്റില. നിയമ നടപടികൾ തീരുന്ന വരെയെങ്കിലും, നമ്മൾ അവനെ കൂടെ നിർത്തിയേ പറ്റൂ. പിന്നെ എന്റെ കൊലക്കേസിൽ വിധി വന്നാൽ, തീർച്ചയായും അയാൾ ജയിലിലാകും. അതങ്ങനെ തന്നെ നടക്കട്ടെ. പല പ്രാവശ്യം അവനെ കൊല്ലാനായി ഞാൻ മുതിർന്നതാണ്... പക്ഷേ എന്റെ കുഞ്ഞിനെ ഓർത്തു മാത്രം ഞാൻ അവനെ വെറുതേ വിട്ടു.”
“ഇനി നമ്മൾ ഒരിക്കലും കാണില്ല... അല്ലേ സാന്ദ്ര ?” നീനക്കു വീണ്ടും സങ്കടം വന്നു തുടങ്ങിയിരുന്നു.
“കാണും! എപ്പൊ വേണമെങ്കിലും നിനക്കെന്നെ കാണാം. എന്നോട് സംസാരിക്കാം. ഞാൻ സദാ സമയവും എന്റെ മോളോടും അവൾടെയീ പുതിയ അമ്മയോടുമൊപ്പമുണ്ടാകും. കാരണം നീന...അന്ന് ആ സർജ്ജറിയിൽ, നിന്റെ ഡോക്ടർക്ക് ആ ബുള്ളറ്റ് നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിപ്പോഴും നിന്റെ തലക്കുള്ളിലുണ്ട്.“
”അതുകൊണ്ട് ?“ നീനക്കു മനസ്സിലായില്ല.
”അതുകൊണ്ട് ... നിനക്ക് അത്ഭുതകരമായ ഒരു കഴിവുണ്ടാകും. “ സാന്ദ്ര പുഞ്ചിരിച്ചു ” ആർക്കും കാണാൻ കഴിയാത്ത, കേൾക്കാൻ കഴിയാത്ത പലതും കാണാനാകും. ഡോക്ടേഴ്സ് ഇതിനെ, വിഷ്വൽ - ഓഡിറ്ററി ഹലൂസിനേഷൻസ് എന്നൊക്കെ പറയും. ബ്രെയിൻ ഡാമേജായവർക്ക് സംഭവിക്കുന്ന ചില പ്രശ്നങ്ങൾ. പക്ഷേ, നിന്നെ സംബന്ധിച്ചിടത്തോളം, നീ കാണുന്നത് എന്നെയായിരിക്കും. കേൾക്കുന്നത്, ഞാൻ ശരിക്കും പറയുന്ന കാര്യങ്ങളായിരിക്കും. കഴിയുന്നതും മറ്റുള്ളവരുടെ മുന്നിൽ വെച്ച് സംസാരിക്കാതിരിക്കാൻ ശ്രമിച്ചാൽ മതി. അല്ലെങ്കിൽ അവർ കരുതും...“
”എനിക്ക് ഭ്രാന്തായെന്ന്... അല്ലേ ?“ നീനയുടെ മുഖത്തും പുഞ്ചിരി വിടർന്നു.
നീന തയ്യാറായിക്കഴിഞ്ഞു. അവൾ ആ പുഞ്ചിരി മായാതെ തന്നെ തന്റെ ബെഡിലേക്കു ചേർന്നു നിന്നു.
”അപ്പുറത്തു വെച്ചു കാണാം നീന...“ സാന്ദ്ര മന്ത്രിച്ചു.
”യെസ്... സീ യൂ ഓൺ ദ അദർ സൈഡ്!“ സാന്ദ്രയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ... ആ ആത്മാവ്... അന്തരീക്ഷത്തിലേക്കലിഞ്ഞു ചേർന്നു.
***** ***** ***** ***** ***** ***** ***** ***** ***** ***** ***** *****
സ്നേഹവീട്ടിൽ - അതേ സമയം
”പോകാം ?“ സൂസി മോൾ എഴുന്നേറ്റു.
”എവിടെക്കാ മോളേ ?“ കൂടെയിരുന്ന സിസ്റ്റർ അമ്പരന്നു.
“നീനാന്റി... ആന്റി എണീക്കുമ്പോ എനിക്കവടെയുണ്ടാകണം.”
ആ സിസ്റ്റർ തർക്കിക്കാനോ മറുപടി പറയാനോ നില്ക്കാതെ ജോസച്ചനെ വിളിക്കാനോടി.
“ബ്രൂട്ട്സ്...” അവൾ തന്റെ കൂട്ടുകാരനെ ഇറുക്കെ കെട്ടിപ്പിടിച്ചു. “ഇത്രേം കാലം എവടെ പോയാലും നീയെന്റെ കൂടെ ണ്ടാരുന്നു. പക്ഷേ, ഇന്നൊരു ദിവസം... ഞാൻ നിന്നെ കൂട്ടാതെ പൂവാ. എനിക്കെന്റെ അമ്മയെ കാണണം. നിന്നെ അവർ അകത്തു കേറ്റില്ല.”
അവളതു പറഞ്ഞു തീർന്ന നിമിഷം, എല്ലാം മനസ്സിലായ മട്ടിൽ ആ മൃഗം പുറകോട്ടു മാറി നിന്നു.
അവളുടെ കണ്ണു നിറഞ്ഞു വന്നു. എങ്കിലും, ബ്രൂട്ട്സ് അവൾക്കടുത്തേക്കു വന്നില്ല.
തന്റെ ജോലി ഭംഗിയായി തീർത്ത ആ ഉത്തമ കാവല്ക്കാരൻ, സമയമായപ്പോൾ അവളെ തനിച്ചു വിടാൻ തയ്യാറായി.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
അച്ചനും സൂസി മോളും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ തന്നെ അച്ചൻ മാത്യൂസിനെ വിളിച്ച് വിവരമറിയിച്ചു.
ഡോ. തിമോത്തി ഇപ്പോൾ അവിടെയല്ല പ്രാക്റ്റീസ് ചെയ്യുന്നത്. അദ്ദേഹം സ്വന്തമായി ഒരു ന്യൂറോ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങി അങ്ങോട്ടു മാറിയിരുന്നു. എങ്കിലും, അച്ചന്റെ കോൾ കിട്ടിയ നിമിഷം, സകല തിരക്കുകളും മാറ്റി വെച്ച് അദ്ദേഹവും അങ്ങോട്ട് പുറപ്പെട്ടു.
സൂസി മോളെ സ്വന്തമാക്കാനായി റോബി നടത്തിയിരുന്ന നിയമ യുദ്ധം അതിന്റെ അവസാന ഘട്ടത്തോടടുത്തിരുന്നു. ഇനി വേണ്ടത് റോബിയുടെ ഭാര്യ - നീന - യുടെ സമ്മത പത്രവും, സൂസി മോൾ റോബിയോടൊപ്പം പോകാൻ തയ്യാറാണെന്ന മൊഴിയും മാത്രം. കേസിൽ വിധി വരാനായി ദിവസങ്ങൾ മാത്രം ബാക്കിയായിരിക്കുന്ന ഒരു നിർണ്ണായക സമയമാണിപ്പോൾ.
സാന്ദ്ര- കൊലപാതക കേസിൽ, നടന്ന ഗൂഢാലോചനയിലെ റോബിയുടെ പങ്ക് പ്രോസിക്ക്യൂഷന് തെളിയിക്കാനാകില്ലെങ്കിലും, അയാൾ സ്വയം നടത്തിയ കുറ്റ സമ്മതം സ്വീകരിച്ച കോടതി, ഏറ്റവും കുറഞ്ഞത് ആറു വർഷത്തെ ശിക്ഷയെങ്കിലും വിധിക്കുമെന്നാണ് വക്കീൽ അറിയിച്ചിരിക്കുന്നത്. എങ്കിലും, നല്ല നടപ്പാണെങ്കിൽ, നാലു നാലര വർഷത്തിനുള്ളിൽ പുറത്തു വരാനാകും.
അന്ന്.
എല്ലാവരും പ്രാർത്ഥനയോടെ നീനയുടെ കട്ടിലിനു ചുറ്റും നിലകൊണ്ടു. സൂസി മോൾ തന്റെ ഒരു കൈ നീനയുടെ കവിളിൽ ചേർത്തു വെച്ച് അവളുടെ മാറിൽ തല ചായ്ച്ച് നിശബ്ദമായി കരഞ്ഞുകൊണ്ടിരുന്നു.
അപ്പോൾ അങ്ങോട്ട് കടന്നു വന്ന ഡ്യൂട്ടി ഡോക്ടർ അമ്പരന്നു.
“എന്താ എല്ലാരും കൂടെ ? ദെയർ ഈസ് നോ സൈൻ ഓഫ് എനി ഇമ്പ്രൂവ്മെന്റ്. ഞങ്ങൾ ഇന്നു രാവിലേം കൂടെ ചെക്ക് ചെയ്തതാ.” പെട്ടെന്ന് ഡോക്ടർ തിമോത്തിയെ കണ്ട അയാൾ ശാന്തനായി.
“ദെയർ ആർ സൈൻസ് ഓഫ് ഇമ്പ്രൂവ്മെന്റ്സ്...” ഡോക്ടർ തിമോത്തി സൂസിമോളെ ചൂണ്ടി പറഞ്ഞു. “താൻ നോക്കിക്കോ...നീന തിരിച്ചു വരാൻ പോകുകയാണ്.”
ആ ഡോക്ടർക്കൊന്നും മനസ്സിലായില്ല.
“മോൾ ഒന്നു വിളിച്ചു നോക്ക്യേ ആന്റീനെ.” ഡോക്ടർ തിമോത്തി സൂസി മോൾക്കരികിൽ കുനിഞ്ഞു.
പിടഞ്ഞെണീറ്റ അവൾ പതിയെ നീനയുടെ കവിളിൽ തലോടി.
“നീനാന്റീ...” കാറ്റു പോലെയായിരുന്നു ആ വിളിയൊച്ച. “നീനാന്റീ... ഞാൻ സൂസി മോളാ... ആന്റിക്കു കേൾക്കാമോ ? ” അവളുടെ തൊണ്ടയിടറി.
“എനിക്കൊന്നും മനസ്സിലാകുന്നില്ല.” ഡ്യൂട്ടി ഡോക്ടർ മുറി തുറന്ന് വെളിയിലേക്കിറങ്ങി. “ ഇന്നെന്താ ഒരു പുതുമ ? എല്ലാരും കൂടി ചുറ്റും നിന്ന് വെറുതേ ആ പേഷ്യന്റിനെ ബുദ്ധിമുട്ടിക്കാൻ.” അയാൾ പിറുപിറുത്തു.
അതു കേട്ടതും സൂസി മോൾക്കു നിയന്ത്രണം വിട്ടു പോയി.
“അമ്മേ!!” അവൾ പൊട്ടിക്കരഞ്ഞു. “എണീറ്റു വാ അമ്മേ! അമ്മേടെ സൂസി മോളാ വിളിക്കുന്നെ. വാ അമ്മേ!”
ആ നിമിഷം!
ആ ഒരൊറ്റ വിളിയിൽ നീന കണ്ണു തുറന്നു!
“ന്റെ...മോ...ൾ ... ” നീനയുടെ ചുണ്ടുകൾ മന്ത്രിച്ചു. ശബ്ദം വെളിയിലേക്കു വരുന്നില്ല. കൈകൾ അനക്കാൻ ശ്രമിക്കുന്നുണ്ടെന്നു വ്യക്തം. പക്ഷേ വർഷങ്ങളായുള്ള കിടപ്പിൽ പേശികളെല്ലാം മരവിച്ചു പോയിരിക്കുന്നു. ഇനി എല്ലാം പതിയെ ഉണർത്തിയെടുക്കണം.
“മതി!! ഇത്രേം മതിയെനിക്ക്!” ഡോ. തിമോത്തി പറഞ്ഞു. “ ഓക്കേ... ഇനി അങ്ങോട്ട് കുറച്ചു കാലം നീനയെ എനിക്കു വേണം. ഈ ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല ഫിസിയോ തെറാപ്പി തന്നെ ഞാൻ തരും നീനക്ക്. മിടുക്കിയായി തിരിച്ചു വരും എന്റെ നീന.” ഡോക്ടർ അവളുടെ മുടിയിൽ തലോടി.
സന്തോഷം സഹിക്കാനാവാതെ ഒരു ഭ്രാന്തനെപ്പോലെ ആയിപ്പോയിരുന്നു റോബി. എന്തൊക്കെയോ പറയാനും പ്രകടിപ്പിക്കാനും അവൻ വെമ്പുന്നുണ്ട്. പക്ഷേ ആകെ സ്തംഭിച്ച അവസ്ഥയിലാണ്.
സൂസിമോളാകട്ടെ നീനയുടെ മാറിലേക്കു പറ്റിച്ചേർന്നു കിടക്കുകയാണ്. നീനയുടെ വിരലുകൾ അവളെ ഒന്നു തഴുകാനായി തരിക്കുന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല.
ഒടുവിൽ റോബിക്ക് ചലനശേഷി തിരിച്ചു കിട്ടി. അയാൾ പതിയെ വേച്ചു വേച്ചു ചെന്ന് നീനയുടെ കവിളിൽ തൊട്ടു.
“നീനാ... മോളൂ...” അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവുകയാണ്.
“ഡു നോട്ട് ടച്ച് മീ !! ” നീനയുടെ ചുണ്ടുകൾ ചലിച്ചു.പക്ഷേ ശബ്ദം വെളിയിൽ വന്നില്ല.
“എന്താ നീനാ ?ഞാൻ കേട്ടില്ല. എന്താ പറഞ്ഞേ ? “ റോബി അവളുടെ ചുണ്ടുകൾക്കരികിലേക്ക് തന്റെ ചെവി അടുപ്പിച്ചു.
“എന്നെ തൊടരുത് നിങ്ങൾ!!” അവളുടെ ശബ്ദം നേർത്തതെങ്കിലും വളരെ വ്യക്തമായി റോബിക്കു മനസ്സിലായി. ഒരു ഞെട്ടലോടെ അയാൾ കൈ വലിച്ചു.
“ലെറ്റ്സ് ഗോ റോബി.” മാത്യൂസ് അവന്റെ തോളിൽ തൊട്ടു. “ഇനി നിന്റെ ആവശ്യമില്ല ഇവിടെ. നേരേ കോടതിയിലേക്കു വന്നാൽ മതി.”
“പക്ഷേ...” റോബി എന്തോ പറയാനാഞ്ഞു.
“ഒരു പക്ഷേയുമില്ല. ഈ മുറിയിൽ ഇപ്പൊ ഇരിക്കുന്ന എല്ലാവർക്കുമറിയാം നീ ചെയ്തതെന്താണെന്ന്. നിനക്കു കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിത്തരിക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. സൂസി മോളെ നീനയുടെ കയ്യിൽ ഏല്പ്പിക്കാനായിരുന്നല്ലോ നിന്റെ ഉദ്ദേശം ? അതു നടന്നാൽ, പിന്നെ, നിന്നെ നിയമത്തിന്റെ കയ്യിലേല്പ്പിക്കാനായിരുന്നു എന്റെ ഉദ്ദേശം... സോ...ലെറ്റ്സ് സീ എഗെയ്ൻ ഇൻ കോർട്ട്. ഇപ്പൊ പോകാം.”
“മത്തായീ..” വേദനയോടെ റോബി വിളിച്ചു.
“നോ...ഞാൻ മുൻപു പറഞ്ഞിരുന്നു നിന്നോട്. മത്തായി അല്ല. സബ് ഇൻസ്പെക്ടർ മാത്യൂസ്.”
മാത്യൂസ് യാതൊരു ദാക്ഷിണ്യവും കാണിക്കാതെ റോബിയെ തള്ളി പുറത്തേക്കിറക്കി വാതിലടച്ചു.
“ഇതെന്തു കിടപ്പാ അമ്മേം മോളും കൂടെ ഈ കിടക്കുന്നേ ?” പരിചിതമായ ആ ശബ്ദം കേട്ടതും നീനയുടെ കണ്ണുകൾ മുറിയിലാകെ പരതി.
അവിടെ അവൾക്ക് വലതു വശത്തായി ബെഡിനോട് ചേർന്ന് പതിയെ പതിയെ തെളിഞ്ഞു വന്നു...
ഒരു ദാവണിക്കാരി.
സാന്ദ്ര!!
“ഞാൻ പറഞ്ഞില്ലേ നിന്നെ വിട്ടു ഞാൻ പോവില്ലാന്ന് ?” അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരിയുണ്ടായിരുന്നു. “അമ്മക്കും മോൾക്കും കൂട്ടായിട്ട് എന്നുമുണ്ടാകും ഞാൻ കൂടെ.”
(അവസാനിച്ചു...)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot