മിഥ്യാധാരണകൾ
----------------------------
"ഈ പണ്ടാരം വിറക് കത്തുന്നും ഇല്ലല്ലോ..."
----------------------------
"ഈ പണ്ടാരം വിറക് കത്തുന്നും ഇല്ലല്ലോ..."
അടുപ്പിലിരുന്നു പുകയുന്ന വിറകിനെ പ്രാകിക്കൊണ്ട് സീമന്തിനി അടുപ്പിലേക്ക് കുഴലെടുത്ത് ഊതിക്കൊണ്ടേ ഇരുന്നു. അതിരാവിലെ തുടങ്ങിയ യുദ്ധമാണ് അടുക്കളയിൽ. തനിക്കും മക്കൾക്കും ഉച്ചക്കലേക്ക് ഉള്ള ഭക്ഷണം തയ്യാറാക്കുക എന്നത് സീമന്തിനിക്ക് എന്നും ഒരു കടമ്പ തന്നെയാ. ഭർത്താവ് പ്രവാസി ആയതിനാൽ കുടുംബഭാരം മുഴുവൻ ചുമന്ന് അവൾ തളർന്നിരിക്കുന്നു.
ഒരു വിധത്തിൽ അടുപ്പിലെ തീയിനെ തന്റെ വഴിക്ക് വരുത്തി അവൾ ചൂലുമെടുത്തു അകത്തേക്ക് കടന്നു. ടിവി യുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ടതേ അവൾക്ക് കലിയിളകി. തികട്ടി വന്ന ദേഷ്യത്തിൽ തള്ളിയ വാക്കുകളെ മൗനം കൊണ്ട് പൊതിഞ്ഞെടുത്ത് അവൾ മുന്നോട്ട് വന്നു ടിവി ഓഫ് ചെയ്തു. തിരിഞ്ഞ് നിന്ന് രണ്ടു വഴക്ക് പറയാം എന്ന് കരുതുമ്പോഴേക്കും ഇളയ പുത്രൻ അമ്മയുടെ കോപത്തിന് പാത്രമാകാതെ കടന്നുകളഞ്ഞിരുന്നു. ഇനി അടുത്ത എന്തെങ്കിലും കുരുത്തക്കേടും ഒപ്പിച്ചേ അവനെ കാണാൻ കിട്ടൂ.
ഒരു വിധത്തിൽ അടിച്ചുവാരി എത്തിച്ചപ്പോൾ പിന്നാമ്പുറത്തെ മുറ്റത്ത് നിന്ന് മണ്ണ് പുരണ്ട കാലുമായി കൗമാരക്കാരൻ മൂത്ത പുത്രൻ എഴുന്നള്ളി. യാതൊരു ദാക്ഷിണ്യവും കൂടാതെ അവൻ അമ്മ അടിച്ചിട്ട അകത്തുകൂടി അടുക്കളയിലേക്ക് കടന്നു. കലി കയറിയ സീമന്തിനി അവനെ രൂക്ഷമായി നോക്കി. ഇളയവൻ രക്ഷപെട്ടതിന്റെ ദേഷ്യം കൂടി ഇവന് മേൽ തീർക്കാം എന്ന് കരുതി നോക്കിയപ്പോൾ കക്ഷി കാര്യമായി എന്തോ തിരയുകയാണ്. സീമന്തിനി ജാഗരൂകയായി.
"എന്താടാ ഈ തിരയുന്നെ..?"
"ചുവന്നുള്ളി ആണമ്മേ..."
"എന്തിനാ നിനക്കിപ്പോ ചുവന്നുള്ളി...? നീ സാമ്പാർ വക്കാൻ പോവാണോ...?"
തറുതലക്ക് മേൽ വെട്ടാതെ കൊണ്ടുനടക്കുന്ന മുടിയും അതിന്റെ അഹങ്കാരവും കൊണ്ടുനടക്കുന്ന പുത്രൻ സീമന്തിനിയെ തിരിഞ്ഞ് നോക്കിയില്ല.
"നിന്നോടാ ചോദിച്ചേ..."
"എനിക്ക് തലയിൽ തേക്കാൻ ആണമ്മേ.."
കണ്ണ് വെളിയിൽ വന്ന പോലെ അവൾ മകനെ നോക്കി.
"തലയിൽ താരൻ പോകാൻ ചുവന്നുള്ളി മുറിച്ച് തേച്ചാൽ മതി അമ്മെ..."
ഉള്ളിയുമായി പുറത്തേക്ക് പോകുന്ന മകനെ നോക്കി അവൾ അന്ധാളിച്ച് നിന്നു. കാടുപിടിച്ച തലക്കുള്ളിൽ താരൻ എവിടെ കണ്ടുപിടിക്കും എന്നായി അവളുടെ സംശയം.
"വീട്ടിലെ ഉള്ളി മുഴുവൻ നീ ഈ പേട്ട് തലയിൽ തേക്കാൻ എടുക്കുവാണല്ലേ... ഉള്ളിക്കൊക്കെ ഇപ്പൊ എന്താ വില എന്നറിയാമോ നിനക്ക്...?"
"പിന്നെ... സ്വർണ്ണത്തിനേക്കാൾ വിലയല്ലേ ഉള്ളിക്ക്..."
മകന്റെ പുച്ഛഭാവം കണ്ടപ്പോൾ സീമന്തിനി ദേഷ്യം കൊണ്ട് പുകഞ്ഞു.
"നിനക്കൊക്കെ ഒന്നിനും വിലയില്ല. കാശിന്റെ വിലയെന്താണെന്നു മക്കൾ അറിയാൻ ഇരിക്കുന്നെ ഉള്ളു. അച്ഛനാണേൽ നാട്ടിൽ ഇല്ല. കുടുംബം നോക്കേണ്ട ചെക്കനാ... വല്ല ഉത്തരവാദിത്വം ഉണ്ടോന്നു നോക്കിക്കേ... ഏതുനേരവും തലമുടി സംരക്ഷിക്കലാ അവന്റെ പണി. കളിമണ്ണ് മാത്രമുള്ള ഒരു തലയും അതിന്റെ മുകളിൽ കാട്ടുപുല്ലു പോലത്തെ കുറെ മുടിയും. അതിനുള്ളിൽ പാമ്പോ പഴുതാരയോ ഉണ്ടോ എന്ന് പോലും അറിയില്ല. എന്നിട്ടാ അവൻ താരനെ കണ്ടുപിടിക്കാൻ പൊന്നും വില കൊടുത്ത് വാങ്ങിയ ഉള്ളി ഇട്ടുരക്കുന്നേ..."
"എന്ത് പറഞ്ഞാലും അതെ എന്റെ മുടിയെപ്പറ്റി മാത്രേ അമ്മക്ക് പറയാനുള്ളു. ഞാൻ എന്തൊക്കെ ചെയ്താലും അമ്മക്ക് ഒരു വിലയുമില്ല. ഞാൻ എന്റെ മുടി സംരക്ഷിക്കുന്നതിന് അമ്മക്കെന്താ... എന്ത് പറഞ്ഞാലും എന്റെ തല... എന്റെ മുടി... എന്റെ തല... എന്റെ മുടി... മടുത്തു ഞാൻ..."
"അതേടാ... ഞാൻ പറയും. ഞാൻ രൂപ കൊടുത്ത് വാങ്ങിക്കുന്ന സാധനങ്ങളാ നീ തലയിൽ കമഴ്ത്തുന്നെ... ഓരോ കിലോ വെളിച്ചെണ്ണ വേണം അവനു ഒരു നേരം. എന്നിട്ട് അതൊരു തുള്ളി തലയിൽ നിൽക്കാതെ ഷാമ്പൂ ഇട്ട് കളയും. അതിനും കാശ് ഞാൻ മുടക്കണം. നിനക്കൊക്കെ വേണ്ടി കഷ്ടപ്പെട്ട് എന്റെ ജീവൻ പോകാറായി."
തുടർന്നങ്ങോട്ട് അമ്മയും മകനും തമ്മിൽ പൊരിഞ്ഞ യുദ്ധം ആയിരുന്നു. വാക്കുകൾ പരസ്പരം കൂട്ടി മുട്ടി തീ പാറുന്നുണ്ടായിരുന്നു. അതിന്റെ തീപ്പൊരികൾ ശരീരത്തിൽ ഏൽക്കാതിരിക്കാൻ ചെറിയവൻ ഇടക്കിക്കിടെ റിയാലിറ്റി ഷോയിലെപ്പോലെ നൃത്തച്ചുവടുകൾ വച്ചു.
ഒടുവിൽ തളർന്നുപോയതുകൊണ്ട് തൽക്കാലം രണ്ടുപേരും ഒരു ഷോർട്ട് ബ്രെക്ക് പറഞ്ഞ് സ്വന്തം ജോലിയിലേക്ക് തിരിഞ്ഞു. ഇതിവിടെ പതിവാണ്. അതുകൊണ്ട് നാട്ടുകാർക്കും അയൽവാസികൾക്കും അതൊരു വിഷയമേ അല്ലാതെ ആയിരിക്കുന്നു.
പതിവിൽ കൂടുതൽ ഗൗരവം വാരി മുഖത്ത് തേച്ച് പതിവ് പോലെ വൈകിയാണ് സീമന്തിനി ഓഫീസിൽ ചെന്ന് കയറിയത്. ചെന്നപാടെ അവൾ ജോലിഭാരം എടുത്ത് തലയിൽ വച്ചു. ചെക്കുകളും ടാലിയാവാത്ത ബാലൻസ് ഷീറ്റുകളും ചേർന്ന് അവളെ പുകച്ചു. എമൗണ്ടുകൾ അവൾക്ക് മുന്നിൽ കോക്കിരി കാട്ടിക്കൊണ്ടിരുന്നു.
ഉച്ചക്ക് ലഞ്ച് ബ്രെക്ക് നേരത്ത് സ്ത്രീകൾ അവരുടെ കുലത്തൊഴിൽ പോലെ ഏറ്റെടുത്ത പരദൂഷണകമ്മറ്റി തുടങ്ങി. സീമന്തിനിയും തന്റെ കുറവ് കാണിക്കാത്ത വിധത്തിൽ സഹകരിച്ചു.
അതിനിടയിലാണ് സഹപ്രവർത്തക സുഷമ സഹതാപവർഷത്തോടെ ആ വാർത്ത എടുത്തിട്ടത്.
"എന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിയെ കാണാനില്ല ചേച്ചി..."
എല്ലാവരും സംഘം ചേർന്ന് ആ സഹതാപകൂട്ടായ്മയിൽ പങ്ക് ചേർന്നു.
"ആണോ... എവിടെ പോയി..?എന്തോരം പ്രായം ഉണ്ട്? പെണ്കുട്ടിയാണോ..?"
"അല്ല ചേച്ചി... ആൺകുട്ടിയാ... പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളു...നാട് വിട്ടു പോയതാ... ഒരു കത്തും എഴുതി വച്ചിട്ടാ പോയത്."
"കഷ്ടം ഈ പിള്ളേർക്കൊക്കെ എന്തിന്റെ കേടാ...?"
"അതെന്നെ ചേച്ചി... ആ കൊച്ചിന്റെ അമ്മേടെ കരച്ചിൽ കാണണം. മുടിവെട്ടാൻ പറഞ്ഞിട്ട് കൂട്ടാക്കാത്തതിന് വഴക്ക് പറഞ്ഞതിനാണത്രെ... ആ ചേച്ചി എണ്ണി പെറുക്കി കരയുന്ന കേട്ടപ്പോ എനിക്ക് കണ്ണ് നിറഞ്ഞു പോയി..."
സീമന്തിനിക്ക് വായിൽ വച്ച ഉരുള ഇറക്കാനോ തുപ്പാനോ പറ്റാതെ ശിവന്റെ കാളകൂടം പോലെ ആയി. രാവിലത്തെ സംഭവങ്ങളും മകന്റെ മുഖവും കൃത്യമായി എഡിറ്റ് ചെയ്ത സിനിമ പോലെ മുന്നിൽ മാറി മാറി തെളിഞ്ഞു. രാവിലെ അവനോട് അത്രേം ചൂടാകേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.
വല്ലാത്ത ഹൃദയ ഭാരത്തോടെ ആണ് സീമന്തിനി ബാക്കി നേരം കഴിച്ചു കൂട്ടിയത്. കുട്ടികളുടെ മനസ്സ് വഴിതെറ്റുന്ന സമയമാണ്. താൻ ദേഷ്യപെടുമ്പോൾ അവന്റെ മനസ്സിൽ വാശി കയറും. എന്തെങ്കിലും കടുംകൈ ചെയ്തു പോയാൽ... അവൾക്ക് ഉള്ളാകെ പുകഞ്ഞു.
വൈകീട്ട് ചെന്നതേ അവൾ മക്കൾക്ക് വേണ്ടി ഇഷ്ടപെട്ട പലഹാരങ്ങളും കറികളും തയ്യാറാക്കി. സാധാരണ ജോലി കഴിഞ്ഞ ക്ഷീണത്തിൽ വല്ല പരിപ്പ് കറിയോ ചമ്മന്തിയോ മാത്രമേ ഉണ്ടാകാറുള്ളൂ. പതിവ് വിട്ട് കൂടുതൽ ഐറ്റംസ് കണ്ട മക്കൾ രണ്ടു പേരും അത്ഭുതത്തിൽ പരസ്പരം നോക്കി. ചിരിച്ച മുഖത്തോടെ സീമന്തിനി രണ്ടു പേർക്കും വിളമ്പി.
"കഴിക്ക്..."
രണ്ടുപേരും നിറഞ്ഞ ഉത്സാഹത്തോടെ അതിലേറെ ആർത്തിയോടെ കഴിച്ചുകൊണ്ടിരുന്നു.
"രാവിലെ അമ്മക്ക് നല്ല ദേഷ്യം വന്നു. അതുകൊണ്ടാ അമ്മ അങ്ങനൊക്കെ പറഞ്ഞത്."
ഒരു മുഖവുരയെന്നോണം അവൾ പറഞ്ഞു തുടങ്ങി. ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നതുകൊണ്ട് മറുപടിയൊന്നും വന്നില്ല.
"അച്ഛനും കൂടെ ഇല്ലാത്തോണ്ടുള്ള ടെൻഷൻ ആണ് അമ്മക്ക്. അമ്മ എന്തെങ്കിലും പറഞ്ഞാൽ മക്കൾ അത് മനസ്സിൽ വക്കണ്ട കേട്ടോ. മോൻ മുടിവളർത്തുന്നതിൽ ഒന്നും അമ്മക്ക് ഒരു ദേഷ്യവുമില്ല."
മകൻ അമ്മയെനോക്കി വിശാലമായി പുഞ്ചിരിച്ചു. വായിലിരിക്കുന്ന ഉരുള താഴെ പോകാതിരിക്കാൻ അവൻ വല്ലാതെ ശ്രദ്ധ പുലർത്തുന്നുണ്ടായിരുന്നു.
"ഓഫീസിലെ സുഷമാന്റിയുടെ വീടിനടുത്ത് ഒരു ചെക്കൻ മുടിവെട്ടാത്തതിന് 'അമ്മ വഴക്ക് പറഞ്ഞതിന് നാട് വിട്ടു പോയത്രേ... എന്റെ മോൻ അങ്ങനെ ഒരു അബദ്ധവും കാണിക്കരുത് കേട്ടോ. അമ്മ ദേഷ്യം വരുമ്പോ എന്തെങ്കിലും പറഞ്ഞാലും ഇത്തിരി കഴിയുമ്പോ അത് മാറിക്കോളും. ബുദ്ധിമോശം ഒന്നും കാണിക്കരുത്ട്ടോ..."
ശരി എന്ന ഭാവത്തിൽ തലയാട്ടിയതല്ലാതെ അവൻ മുഖമുയർത്തിയില്ല.
"അത് കേട്ടപ്പോ മുതൽ വല്ലാത്ത ടെൻഷൻ ആയിരുന്നു എനിക്ക്. നീ അങ്ങനൊന്നും ചെയ്യില്ലാന്നറിയാം എന്നാലും..."
"പിന്നെ... എനിക്ക് വട്ടല്ലേ... ചോദിക്കുമ്പോ കാശും ഫുൾ ടൈം ഇന്റർനെറ്റും മൂന്നുനേരം ഭക്ഷണവും... ഇതൊക്കെ കളഞ്ഞിട്ട് ഞാൻ എവിടെ പോകാൻ... എനിക്ക് പണിയെടുത്ത് തിന്നാൻ ഒന്നും വയ്യ. 'അമ്മ ധൈര്യായിട്ട് ഇരുന്നോ. ഞാൻ ഓടിപ്പോവുകയൊന്നും ഇല്ല. ആ സാമ്പാർ കുറച്ചിങ്ങോട്ട് ഒഴിച്ചേ അമ്മെ. ഒരു മീൻ വറുത്തതും കൂടി..."
മകനെ വാത്സല്യത്തോടെ നോക്കിയിരുന്ന സീമന്തിനിയുടെ കണ്ണുകൾ ഈ വാക്കുകൾ കേട്ടതോടെ പുറത്തേക്ക് ഉന്തി വന്നു. തന്റെ വഴക്ക് പറച്ചിലിൽ മനം നൊന്ത മകനെ ആശ്വസിപ്പിക്കാൻ ചെന്ന സീമന്തിനി ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി. ഇവന് പണിയെടുക്കാനുള്ള ഉദ്ദേശ്യം എന്തായാലും ഇല്ല. ഉരുട്ടിയ ഉരുള വായിലേക്ക് കയറ്റി വച്ച് ബാക്കിയുള്ള സാമ്പാർ തന്റെ പാത്രത്തിലേക്ക് കമഴ്ത്തി അവൾ ആത്മനിർവൃതിയടഞ്ഞു.
-ശാമിനി ഗിരീഷ്-
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക