നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹ സമ്മാനം

വിവാഹ സമ്മാനം
-------------------------------
വൃശ്ചിക കാറ്റ് സുഖശീതളമായ ഒരു അനുഭൂതി ഉളവാക്കി വീശുന്നുണ്ടായിരുന്നു. നല്ല തെളിഞ്ഞ ആകാശം പ്രസന്നമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ആ തണുത്ത കാറ്റിനുപോലും അദ്ദേഹത്തിന്റെ മനസ്സിനെ കുളിർപ്പിക്കാനായില്ല. ഉള്ളിലെ തീയിൽ ഉരുണ്ടുകൂടുന്ന വിയർപ്പുതുള്ളികളെക്കാൾ വേഗത്തിൽ കണ്ണിൽ നീർതുള്ളികൾ ഉരുണ്ടുകൂടി. അനുനിമിഷം അവ കനം വച്ച് പുറത്തേക്കൊഴുകി. വിറയ്ക്കുന്ന കൈകൾ കൊണ്ട് അദ്ദേഹം തന്റെ മകളുടെ പേരിനു മേൽ വിരലുകളോടിച്ചു.
രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ നോട്ടീസ് ബോർഡിൽ നോക്കി കണ്ണീർ തൂവി നിൽക്കുകയാണ് അദ്ദേഹം. തന്റെ മകൾ വിവാഹിതയാകാൻ പോകുന്നു. തന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ അവൾ സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായിരിക്കുന്നു. നെഞ്ചിനു താഴെ വല്ലാതെ ഭാരം പോലെ തോന്നിച്ചു. അനുസരണയില്ലാത്ത പുറത്തേക്കൊഴുകികൊണ്ടിരുന്ന കണ്ണുനീരിനെ അമർത്തി തുടച്ചുകൊണ്ട് അയാൾ പുറത്തേക്ക് നടന്നു.
വീടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ തളർന്ന മട്ടിൽ അയാൾ കിടന്നു. ഒന്നും മിണ്ടാനാവുന്നില്ല. മകളുടെ മുഖത്ത് പോലും നോക്കാൻ കഴിയുന്നില്ല. തന്റെ പൊന്നോമനയായി വളർത്തിയവൾ ഇപ്പോൾ മികച്ച നടിയെ പോലെ അഭിനയിക്കുകയാണ്. ആ പിതൃ ഹൃദയം വല്ലാതെ വിങ്ങി.
ചുമരിൽ തൂക്കിയിരുന്ന ഭാര്യയുടെ മാല ചാർത്തിയ ഫോട്ടോയിലേക്ക് അയാൾ കണ്ണുകൾ പായിച്ചു.
'നമ്മുടെ മോൾ വളർന്ന് കഴിഞ്ഞിരിക്കുന്നു ശാലിനി. അവളിപ്പോൾ തനിയെ തീരുമാനങ്ങൾ എടുത്തു തുടങ്ങിയിരിക്കുന്നു. വിവാഹത്തിന് പോലും മാതാപിതാക്കളെ ആശ്രയിക്കാതെ അവൾ സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു.
അവളെ വളർത്തിയതിയതിൽ എനിക്ക് തെറ്റ് പറ്റിയോ? നീ ഉണ്ടായിരുന്നെങ്കിൽ അവൾ ഇങ്ങനെ ചെയ്യില്ലായിരിക്കും അല്ലെ... ഞാൻ പൊന്നുപോലെ നോക്കിയിട്ടും എന്നോടൊരു വാക്കുപറയാൻ, ഒരു സൂചന തരാൻ പോലും അവൾക്ക് തോന്നിയില്ലല്ലോ... ഞാൻ തോറ്റ് പോയിരിക്കുന്നു. വിഡ്ഢിയായ അച്ഛനാണന് ഞാൻ... വിഡ്ഢിയായ അച്ഛൻ...'
അദ്ദേഹം ആ വാക്കുകൾ മൗനമായി ആവർത്തിച്ച് കൊണ്ടിരിന്നു.
നോട്ടീസിന്റെ മുപ്പതുനാൾ കാലാവധി കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അവൾ കള്ളം പറഞ്ഞ് വീട്ടിൽ നിന്നും പുറപ്പെട്ടു. നുണയാണെന്നറിഞ്ഞും അദ്ദേഹം മൗനമായി എല്ലാം അനുവദിച്ചു. അവൾ പടിയിറങ്ങിപ്പോകുമ്പോൾ ആ ചാരുകസേരയിൽ അദ്ദേഹം നിർവികാരനായി കിടന്നു.
അച്ഛനെ വിഡ്ഢിയാക്കിയതിൽ സന്തോഷിച്ച് മകൾ രജിസ്റ്റർ ഓഫീസിലേക്ക് യാത്ര തിരിക്കുമ്പോൾ മകൾക്ക് പുറകിൽ ആ അച്ഛനുമുണ്ടായിരുന്നു, അവൾക്ക് അദൃശ്യനായി. വിവാഹം കഴിഞ്ഞ് കഴുത്തിൽ വരണമാല്യവുമായി ഇറങ്ങിവരുന്ന മകളെ തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ ആ മനസ്സ് കൊതിച്ചു. എങ്കിലും അദ്ദേഹം അവൾക്ക് കണ്മുന്നിൽ വെളിപ്പെട്ടില്ല.
സൽക്കാരവും ആഘോഷവും കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ വീട്ടിലേക്ക് മടങ്ങി. അച്ഛനെ വിഡ്ഢിയാക്കിയ സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങിവരുന്ന മകൾക്കായി അച്ഛൻ ആ ചാരുകസേരയിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം ആ മകൾക്കുള്ള വിവാഹസമ്മാനമായിരുന്നു.
-ശാമിനി ഗിരീഷ്-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot