Slider

മക്കൾ അറിയാൻ...

0
മക്കൾ അറിയാൻ....
കഥ
അച്ഛന്റെ അണ്ടു ബലി കഴിഞ്ഞ് മൂന്ന് മക്കളും ഭാര്യമാരും അവരുടെ കുട്ടികളും തിരികെപ്പോകാൻ ഒരുങ്ങുമ്പോഴായിരുന്നു
അമ്മ അക്കാര്യം പറഞ്ഞത് ....
" മക്കളേ.... അച്ഛൻ പോയിട്ട് ഇന്നത്തേക്ക്
ഒരാണ്ട് ... ഞാനിവിടെ തനിച്ച് താമസിക്കാൻ
തൊടങ്ങീട്ടും.... ഒരാണ്ട് .... ഇനി ഇപ്പോ വീടും
പറമ്പും ഓഹരി വെച്ച് എടുത്തിട്ട് നിങ്ങൾ
എന്നെ വല്ല വൃദ്ധസദനത്തിലും കൊണ്ടുവിടുമായിരിക്കും അല്ലേ .... "?
ഓർക്കാപ്പുറത്ത് അമ്മ പറഞ്ഞത് കേട്ട്
മക്കൾ മൂന്നു പേരും മുഖത്ത് അടി കൊണ്ടതു പോലെ പരുങ്ങി നിന്നു...
''അച്ഛന്റെതാണ് ഈ വീട്... നിങ്ങൾക്ക്
വേണ്ടി അച്ഛൻ അത്യദ്ധ്വാനം ചെയ്ത് ഉണ്ടാക്കിയത്... മൂന്നു പേരും മത്സരിക്കാതെ
വഴക്കിടാതെ വീതിച്ചെടുക്കണം....
എനിക്ക് ഇതൊന്നും വേണ്ട.... ഞാനായിട്ട്
ആരെയും ബുദ്ധിമുട്ടിക്കില്ല കേട്ടോ... "
അമ്മയുടെ ഗൗരവം നിറഞ്ഞ സംസാരം കേട്ട്
മക്കൾ മൂന്നു പേരും പരസ്പരം നോക്കി...
അവരുടെ ഭാര്യമാർ അവിശ്വസനീയതയോടെ
മൂക്കത്ത് വിരൽ വെച്ചു ..
എഴുപത് കഴിഞ്ഞ അമ്മായിയമ്മ എന്താണ്
പറയുന്നത് എന്നവർക്ക് മനസ്സിലാകാത്തതുപോലെ മുഖത്തോട്
മുഖം നോക്കി പുരികമുയർത്തി ചോദിച്ചു.....
"എന്തായിത്... എന്തു പറ്റി... അമ്മായിയമ്മ
യ്ക്ക് എന്തു വെളിപാടാണ് കിട്ടിയത്..."
അമ്മ അകത്തേക്ക് ചെന്ന് അച്ഛന്റെ
പഴയ ഒരു ഇരുമ്പ് പെട്ടിയുമായി ഉമ്മറത്തേക്ക് വന്നു...
പെട്ടി വളരെ ശ്രദ്ധയോടെ തുറന്ന് പറമ്പിന്റെ
പഴയ ആധാരം എടുത്ത് മൂത്ത മകന്റെ നേർക്ക്നീട്ടി...
'' ഇതാ, ഈ പറമ്പിന്റെ നാലതിര് ശരിക്കും
അറിയാത്തവരല്ലേ എന്റെ മക്കൾ എല്ലാം
മനസ്സിലാക്കി വെക്കണം ...
അയൽക്കാരോട് വഴക്കിടാൻ നിക്കണ്ട.... "
"അമ്മ ഇതെന്തിന്റെ പുറപ്പാടാണ് ....
ഞങ്ങൾ മക്കൾ പറഞ്ഞോ വീടും പറമ്പും
ഓഹരി വയ്ക്കാൻ .... അമ്മയെ വൃദ്ധ
സദനത്തിൽ കൊണ്ടുവിടാൻ തീരുമാനിച്ചി
ട്ടുണ്ടോ? എന്ത് വിചാരിച്ചാ അമ്മ ഇതൊക്കെ
കാട്ടിക്കൂട്ടുന്നത്? അച്ഛൻ മരിച്ചുന്ന് വെച്ച്
അമ്മയ്ക്ക് ഞങ്ങളില്ലേ ... "
മൂത്ത മകൻ വളരെ വികാരപൂർവ്വം അമ്മ
യോട് പരിഭവിച്ചു.മറ്റു രണ്ടു പേരും അതേറ്റു
പിടിച്ചു...
" അമ്മയെ ഞങ്ങൾ തനിച്ചു വിടില്ല ...
അമ്മ ഞങ്ങൾക്കൊപ്പം മാറി
മാറി താമസിച്ചാൽ തീർന്നില്ലേ കാര്യം..."
പക്ഷേ, അമ്മ അതിന് തീരെ താല്പര്യം കാട്ടി
യില്ല ... അച്ഛനില്ലാത്ത ഒരു വർഷം അമ്മ
ഈ വീട്ടിൽ തനിച്ചായിരുന്നു ,മക്കൾ
കുടുംബസമേതം ജോലിസ്ഥലങ്ങളിലേക്ക്
പോയപ്പോൾ ആ വീട്ടിൽ കഴിഞ്ഞത് അച്ഛനെ ഓർത്ത് കൊണ്ട് ... അദ്ദേഹം പകർന്നു തന്ന ധൈര്യവുമായി ...... അച്ഛന്റെ ഓർമ്മകളുമായി ഉറക്കമില്ലാത്ത
രാത്രികളിൽ അമ്മ എന്തെല്ലാമോ തീരു
മാനിച്ചുറച്ചിരുന്നു...
ആ തീരുമാനമായിരുന്നു അച്ഛന്റെ ആണ്ടു
ദിവസം അമ്മ മക്കളെ അറിയിച്ചത്...
അച്ഛൻ മരിച്ചതിനു ശേഷം മക്കളാരും
അമ്മയെ കൂടെ കൊണ്ടുപോകാൻ ഒരുക്ക
മില്ലായിരുന്നു ... ഓരോരോ ഒഴിവു കഴിവുകൾ നിരത്തി അവർ അമ്മയുടെ
സംരക്ഷണത്തെക്കുറിച്ച് പറയാതെ
പറഞ്ഞ് ഒഴിയുകയായിരുന്നു ...
" അമ്മയ്ക്ക് തല്ക്കാലം ഒരു കൂട്ട് വേണം ...
അതിന് ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട് ."
ഇളയ മകൻ അവസാനം അമ്മയെ സമാധാ
നിപ്പിച്ചു...
'' അമ്മയെ ഞാൻ കൊണ്ടു പോകാം.
രണ്ട് മാസം കഴിഞ്ഞിട്ട് പുതിയ വീട് പണി
തീർന്നാൽ ... അതു വരെ അമ്മ ഇവിടെ
കഴിയണം..."
അമ്മ അതു കേട്ട്' ചിരിച്ചു...
''എന്തിനാ ഉണ്ണീ നീ ഇങ്ങനെ വെഷമിക്കണേ...
അമ്മ ആർക്കും ശല്യമാകില്ല ...
അച്ഛൻ പോയപ്പോഴാണ് ഞാൻ ഈ വീടിന്റെ
അകത്തെ ശൂന്യത തിരിച്ചറിഞ്ഞത്...
ഇനി ഇപ്പോ ആർക്ക് വേണ്ടിയാ ഈ അമ്മ
അടുക്കളയിലേക്ക് നടക്കേണ്ടത്..
മൺകലത്തില് അരി വേവിക്കണ്ടത് ....
പുളിശേരിം,തോരനും അവിയലുമൊക്കെ ഒരുക്കേണ്ടത്...."?
അമ്മ എന്തോ തീരുമാനിച്ചുറച്ചതുപോലെ
വീണ്ടും അകത്തേക്ക് പോയി...
കുറച്ചു നേരം കഴിഞ്ഞാണ് തിരികെ വന്നത്...
അപ്പോഴും മക്കളെല്ലാവരും ഉമ്മറത്തോരോ
കോണിൽ വല്ലാത്തൊരു ഭാവത്തിൽ ഇരി
ക്കുകയാണ്....
അമ്മ ഒരു പഴയ തോൾസഞ്ചിയും ചുമലി
ലിട്ടാണ് ഇത്തവണ പറത്തേക്ക് വന്നത്....
" അനന്താ ... ദിനേശാ.... ഉണ്ണീ .... നിങ്ങള്
സന്തോഷത്തോടെ തിരികെ പ്പൊയ്ക്കോളൂട്ടോ.... അമ്മയ്ക്ക് ഒരിടം
വരെ പോണം.. അങ്ങ് ഗുരുവായൂർക്ക് ....
പിന്നെ, ചോറ്റാനിക്കര... അമ്പലപ്പുഴ ...
പിന്നേം പറ്റുമെങ്കിൽ ... ശ്രീ പദ്മനാഭന്റടുത്തു കൂടി പോണം..."
അമ്മയുടെ ഉറച്ച ശബ്ദം മൂന്നു മക്കളെയും
ഞെട്ടിച്ചു.
മൂന്നുപേരും വിറയ്ക്കുന്ന ശബ്ദത്തോടെ
അമ്മയെ വിളിച്ചു...
''അമ്മേ... അമ്മ എന്താണീപ്പറയുന്നേ...'?
അമ്മ സെറ്റുമുണ്ടും നേരെയിട്ട് നരച്ചമുടി
കോതി ഒതുക്കി ഉമ്മറത്തിന്റെ പടിക്കലേക്ക് നടന്നു....
''ആരേലുംചോദിച്ചാഅമ്മഅമ്മേടെതറവാട്ടിലാണ് താമസംന്ന് പറഞ്ഞാ മതി.... അവിടെ കാവില് വെളക്ക് വയ്ക്കലാ..
അമ്മയ്ക്ക് ന്ന്.... ഒരു നുണ പറയാലോ ...
എന്തായാലും അമ്മേ നടക്കിരുത്താൻ
നിങ്ങൾക്ക് തോന്നാതിരുന്നത് ഭാഗ്യം..
അല്ലേൽ ഞാൻ വല്ലാതെ വിഷമിച്ച് അവിടെ
കഴിയേണ്ടി വന്നേനെ ... ഇനി കണ്ണനെ കൺ
നിറയെ കാണാലോ പ്രയാസപ്പെടാതെ...
അമ്മേ കരുതി നിങ്ങള് വെഷമിക്കണ്ട ട്ടോ ..."
അമ്മ യാതൊരു ഭാവമാറ്റവുമില്ലാതെ
സന്തോഷവതിയായി തന്നെ പടികളിറങ്ങി
പ്പോയി...
മക്കൾ മൂന്നു പേരും കൊച്ചു കുട്ടികളെപ്പോലെ കരയാൻ തുടങ്ങി...
ശുഭം. ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo